Asianet News MalayalamAsianet News Malayalam

കേരള നോളജ് ഇക്കോണമി മിഷൻ വഴി 10,428 യുവാക്കൾക്ക് ജോലി കിട്ടി; 2026 ഓടെ 20 ലക്ഷം പേർക്ക് തൊഴിൽ ല​ക്ഷ്യം

തൊഴിലന്വേഷകരെയും തൊഴിൽ ദാതാക്കളെയും ബന്ധിപ്പിച്ച്  യുവാക്കൾക്ക് തൊഴിലവസരം ലഭ്യമാക്കുന്നതിനുള്ള സർക്കാർ ശ്രമത്തിന്റെ ഭാഗമായാണ് ഈ നേട്ടം. 2026 ഓടെ 20 ലക്ഷം തൊഴിലന്വേഷകർക്ക് തൊഴിൽ ലഭ്യമാക്കുകയെന്നതാണ് സർക്കാർ ലക്ഷ്യം.

many youth got job through kerala knowledge economy mission
Author
First Published Dec 5, 2022, 8:48 AM IST

തിരുവനന്തപുരം: സംസ്ഥാനത്തെ അഭ്യസ്തവിദ്യരായ തൊഴിലന്വേഷകർക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനായുള്ള കേരള ഡവലപ്മെന്റ് ഇന്നൊവേഷൻ സ്ട്രാറ്റജിക് കൗൺസിൽ (K- DISC) കേരള നോളജ് ഇക്കോണമി മിഷൻ വഴി തൊഴിൽ നൽകിയത് 10,428 യുവാക്കൾക്ക്. തൊഴിലന്വേഷകരെയും തൊഴിൽ ദാതാക്കളെയും ബന്ധിപ്പിച്ച്  യുവാക്കൾക്ക് തൊഴിലവസരം ലഭ്യമാക്കുന്നതിനുള്ള സർക്കാർ ശ്രമത്തിന്റെ ഭാഗമായാണ് ഈ നേട്ടം. 2026 ഓടെ 20 ലക്ഷം തൊഴിലന്വേഷകർക്ക് തൊഴിൽ ലഭ്യമാക്കുകയെന്നതാണ് സർക്കാർ ലക്ഷ്യം.

സംസ്ഥാനത്തൊട്ടാകെ 11 ലക്ഷം തൊഴിലന്വേഷകരാണ് ഇതുവരെ കേരള നോളജ് ഇക്കോണമി മിഷൻ പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. തൊഴിൽ മേളകൾ, പ്രത്യേക അഭിമുഖങ്ങൾ എന്നിവ വഴി ഷോർട് ലിസ്റ്റ് ചെയ്ത 21349 പേരിൽ നിന്നാണ് 10,428 പേർക്ക് തൊഴിൽ നൽകിയതെന്ന് കെ- ഡിസ്‌ക് മെംബർ സെക്രട്ടറി ഡോ.പി.വി ഉണ്ണികൃഷ്ണൻ പറഞ്ഞു.

കേരളത്തിലെ മുഴുവൻ ജില്ലകളിലും ഇതിന്റെ ഭാഗമായി തൊഴിൽ മേളകൾ സംഘടിപ്പിച്ചിട്ടുണ്ട്. സ്ത്രീകൾക്ക് മാത്രമായി പ്രത്യേക മേളകളും സംഘടിപ്പിച്ചു. പുതിയ തൊഴിൽ അന്വേഷകർ രജിസ്റ്റർ ചെയ്യുന്നതിനനുസരിച്ച് യോഗ്യതയനുസരിച്ച് തൊഴിൽ ദാതാക്കളുമായി ബന്ധപ്പെടുകയും അഭിമുഖം സംഘടിപ്പിക്കുകയും ചെയ്താണ് തൊഴിൽ നൽകുന്നത്. ഇത്തരത്തിലുള്ള അഭിമുഖങ്ങൾ പതിവായി നടക്കുന്നു. യോഗ്യരായ ഉദ്യോഗാർഥികൾ കൂടുതലായി രജിസ്റ്റർ ചെയ്യുന്നതിനനുസരിച്ച് കൂടുതൽ പേർക്ക് തൊഴിൽ നൽകാനാകും.

തൊഴിലന്വേഷകർക്ക് തൊഴിൽ നൽകുന്നതിനായി ഇതിനോടകം 2,470 തൊഴിൽ ദാതാക്കളാണ് പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. സ്ഥാപനങ്ങളുടെ വിശ്വാസ്യത ഉറപ്പുവരുത്തിയ ശേഷമാണ് തൊഴിൽ ദാദാവായി പരിഗണിക്കുന്നത്. സർക്കാർ ഓഫിസുകളിലെ താത്കാലിക ഒഴിവുകൾ, സ്വകാര്യ സ്ഥാപനങ്ങളിലെ വിവിധ ഒഴിവുകൾ എന്നിവയിലേക്കാണ് നിയമനം നടത്തുന്നത്. ഇതുവരെ കേരള നോളജ് ഇക്കോണമി മിഷൻ പോർട്ടൽ വഴി 359572 തൊഴിലവസരങ്ങൾ രജിസ്റ്റർ ചെയ്തു. വിവിധയിടങ്ങളിലായി 8033 ഒഴിവുകൾ നിലവിലുണ്ട്.

കുടുംബശ്രീ പ്രവർത്തകരുടെ നേതൃത്വത്തിൽ കെ-ഡിസ്‌ക് സർവേ നടത്തി അഭ്യസ്ത വിദ്യരെ കണ്ടെത്തി രജിസ്റ്റർ ചെയ്തും അസാപുമായി  (ASAP) ചേർന്ന് 'കണക്ട് കരിയർ ടു ക്യാമ്പസ്' പദ്ധതി വഴി ക്യാമ്പസുകളിലെ വിദ്യാർഥികളിലെത്തിയും തൊഴിലന്വേഷകരെ കണ്ടെത്തുന്നുണ്ട്. കൂടാതെ തദ്ദേശ സ്ഥാപനങ്ങൾ വഴി നടത്തുന്ന തൊഴിൽ സഭകൾ വഴിയും തൊഴിൽ അന്വേഷകരെ കണ്ടെത്തുന്നുണ്ട്. ഓൺലൈൻ വഴി തൊഴിലന്വേഷകർക്ക് ഏത് സമയത്തും പോർട്ടലിൽ രജിസ്റ്റർ ചെയ്യാനാകും.

വെറും നാല് സെക്കന്‍റ് വൈകി; ഉദ്യോഗസ്ഥ വീഴ്ചയില്‍ നിഷയ്ക്ക് നഷ്ടമായത് ജോലിയെന്ന സ്വപ്നം
 

Follow Us:
Download App:
  • android
  • ios