ജയ്പൂരിൽ നിന്നുള്ള റിട്ടയേർഡ് ബാങ്ക് ഉദ്യോഗസ്ഥൻ താരാചന്ദ് അഗർവാൾ എന്ന 71കാരനെക്കുറിച്ചുള്ള വാർത്ത ഇതിന് ഉദാഹരണമാണ്. 71ാം വയസിൽ ചാർട്ടേഡ് അക്കൗണ്ടന്റ് പരീക്ഷയിൽ മികച്ച വിജയം നേടി പ്രചോദനമായിരിക്കുകയാണ് താരാചന്ദ്.
ദില്ലി: പ്രായം വെറും നമ്പറാണ് എന്നുളളത് പറഞ്ഞ് പറഞ്ഞ് പഴകിപ്പോയൊരു വാചകമാണ്. എന്നാൽ ചില വിജയങ്ങളെക്കുറിച്ച് അറിയുമ്പോൾ നമ്മളീ വാചകം വീണ്ടും ആവർത്തിക്കും. ജയ്പൂരിൽ നിന്നുള്ള റിട്ടയേർഡ് ബാങ്ക് ഉദ്യോഗസ്ഥൻ താരാചന്ദ് അഗർവാൾ എന്ന 71കാരനെക്കുറിച്ചുള്ള വാർത്ത ഇതിന് ഉദാഹരണമാണ്. 71ാം വയസിൽ ചാർട്ടേഡ് അക്കൗണ്ടന്റ് പരീക്ഷയിൽ മികച്ച വിജയം നേടി പ്രചോദനമായിരിക്കുകയാണ് താരാചന്ദ്.
ഹനുമാൻഗഡിലെ സാംഗ്രിയയിലെ ഒരു കർഷക കുടുംബത്തിൽ നിന്നുള്ള അഗർവാളിന് എട്ട് സഹോദരങ്ങളാണുള്ളത്. അവരിൽ നാലാമത്തെ ആളായിരുന്നു അദ്ദേഹം. ജയ്പൂരിൽ വിദ്യാഭ്യാസം പൂർത്തിയാക്കിയ അദ്ദേഹം 1976 ൽ ജയ്പൂരിലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ബിക്കാനീറിൽ (ഇപ്പോൾ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ) ക്ലാർക്കായി ജോലി ആരംഭിച്ചു. ജോലിയിൽ പ്രവേശിക്കുന്നതിനു മുമ്പുതന്നെ 1974 ൽ ദർശനയെ വിവാഹം ചെയ്തു. 38 വർഷത്തെ സേവനം പൂർത്തിയാക്കി 2014 ൽ അസിസ്റ്റന്റ് ജനറൽ മാനേജരായിട്ടാണ് താരാചന്ദ് ബാങ്കിൽ നിന്നും വിരമിച്ചത്.
2020ലാണ് താരാചന്ദിന്റെ ഭാര്യ മരിക്കുന്നത്. അതോടെ നേരിടേണ്ടി വന്ന കടുത്ത ഏകാന്തതയിൽ നിന്ന് രക്ഷ നേടാൻ വേണ്ടിയാണ് അദ്ദേഹം പുസ്തകങ്ങളെ കൂട്ടുപിടിച്ചത്. മക്കളും കൊച്ചുമക്കളും എപ്പോഴും ഒപ്പമുണ്ടായിരുന്നെങ്കിലും ഒന്നിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിഞ്ഞിരുന്നില്ലെന്ന് ഒരു അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കിയിരുന്നു.
തുടര്‍ന്ന് മക്കളുടെ നിർബന്ധത്തിന് വഴങ്ങി താരാചന്ദ് പുസ്തകങ്ങളുമായി കൂടുതൽ സമയം ചെലവഴിച്ചു. അങ്ങനെയാണ് പഠനത്തോടുള്ള താത്പര്യം വീണ്ടും തുടങ്ങുന്നത്. അങ്ങനെയിരിക്കേ ഒരിക്കൽ പിഎച്ച്ഡിക്ക് ശ്രമിച്ചാലോ എന്നൊരു ആലോചന താരാചന്ദ് മക്കളുമായി പങ്കിട്ടു. എന്നാൽ കൂടുതൽ മികച്ചതായി എന്തെങ്കിലും ചെയ്യാനായിരുന്നു മക്കളുടെ നിർദേശം.
അങ്ങനെയാണ് സിഎയ്ക്ക് പഠിക്കാമെന്ന് അദ്ദേഹം തീരുമാനിക്കുന്നത്. പഠിക്കാൻ ബുദ്ധിമുട്ടാണെങ്കിലും അതൊരു വലിയ നേട്ടമായിരിക്കുമെന്നാണ് താരാചന്ദിന്റെ ചെറുമകൾ അഭിപ്രായപ്പെട്ടത്. ഒപ്പം പഠനത്തിൽ സഹായിക്കാമെന്ന് മക്കളും കൊച്ചുമക്കളും ഉറപ്പ് നൽകുകയും ചെയ്തു. അങ്ങനെ 2021 ൽ താരാചന്ദ് സിഎയ്ക്ക് ജോയിൻ ചെയ്തു.
2022 മെയ് മാസത്തിൽ സിഎ ഫൗണ്ടേഷൻ കോഴ്സ് പാസ്സായി. 2023 ജനുവരിയിൽ ഇന്റർമീഡിയറ്റ് പരീക്ഷയും പാസായി. എന്നാൽ 2024 മേയിലെ ഫൈനൽ പരീക്ഷയിൽ ആദ്യശ്രമത്തിൽ പരാജയപ്പെട്ടു. പക്ഷേ അതേ വർഷം തന്നെ നടത്തിയ രണ്ടാം ശ്രമത്തിൽ വിജയം താരാചന്ദിനെ തേടിയെത്തി. കടുത്ത തോൾവേദനയോട് പോരാടി ദിവസവും 10 മണിക്കൂറാണ് താരാചന്ദ് പഠനത്തിനായി മാറ്റിവെച്ചത്. കോച്ചിംഗ് ക്ലാസുകളിലൊന്നും പങ്കെടുക്കാതെ പുസ്തകങ്ങളെയും യൂട്യൂബ് വീഡിയോകളെയും ആശ്രയിച്ചായിരുന്നു പഠനം. അങ്ങനെ 71ാം വയസിലെ താരാചന്ദിന്റെ ഈ നേട്ടം മറ്റുള്ളവർക്കും പ്രചോദനമാണ്.



