വനിതാ ദിനത്തോടനുബന്ധിച്ച് 'ജിമിക്കി കമ്മല്‍' എന്ന പരിപാടിയില്‍ സംരംഭകയും ഫാഷന്‍ ഡിസൈനറും മിഴി ബുട്ടീക്കിന്‍റെ സ്ഥാപകയും കൂടിയായ സോനയുമായുള്ള അഭിമുഖം വായിക്കാം.  

കണ്ണൂർ ജില്ലയിലെ ചെറുപുഴ എന്ന ചെറുഗ്രാമത്തിലെ ആദ്യ ബുട്ടീക്കായിരുന്നു മിഴി. ഒരു കുഞ്ഞിനെ നോക്കുന്ന പോലെയാണ് താന്‍ തന്‍റെ സ്വപ്നമായിരുന്ന മിഴി ഡിസൈനർ ബുട്ടീക് വളർത്തിയെടുത്തതെന്ന് പറയുകയാണ് സോന. 'ജിമിക്കി കമ്മല്‍' എന്ന പരിപാടിയില്‍ വനിതാ ദിനത്തോടനുബന്ധിച്ച് സംസാരിക്കുകയായിരുന്നു സംരംഭകയും ഫാഷന്‍ ഡിസൈനറും മിഴി ബുട്ടീക്കിന്‍റെ സ്ഥാപകയും കൂടിയായ സോന. പയ്യന്നൂർ മാളിൽ സോനാസ് ബ്രൈഡൽ ഡെസ്റ്റിനേഷൻ എന്ന ബ്രൈഡൽ ബുട്ടീക്കും സോനയ്ക്കുണ്ട്. 

മിഴിയുടെ തുടക്കം 

പഠിച്ചത് ഇംഗ്ലിഷ് സാഹിത്യവും വിവാഹശേഷം 10 വർഷത്തോളം ചെയ്തത് കമേഴ്സ്യൽ ഓഫിസർ ജോലിയുമായിരുന്നു. മകന്‍ ആരവ് പിറന്നതോടെ കുഞ്ഞിനെ ഒറ്റയ്ക്കാക്കി ജോലിക്കു പോകാനാകാത്ത അവസ്ഥ വന്നതോടെ നാട്ടിൽ വരണമെന്നും സ്വന്തമായി ഒരു ബിസിനസ് തുടങ്ങണമെന്നും ചിന്ത വന്നു. അങ്ങനെ കോയമ്പത്തൂരിലെ തെരുവുകളിൽ അലഞ്ഞ് തുണി വാങ്ങിയ പരിമിതമായ അറിവും ഡിസൈനിങ്ങിനോടുള്ള താല്‍പര്യവും കൊണ്ട് ഈ മേഖലയിലെത്തി. എന്നെങ്കിലുമൊരു പെൺകുഞ്ഞു പിറന്നാൽ അവൾക്കിടാൻ കരുതിവച്ച പേരായിരുന്നു മിഴി. പേഴ്സണൽ ലോണെടുത്ത അ‍ഞ്ച് ലക്ഷം രൂപ കൊണ്ടാണ് മിഴി തുടങ്ങിയത്. ചെറുപുഴയിൽ ഷോപ് തുടങ്ങിയെങ്കിലും കടയിലെ വരുമാനം കൊണ്ടുമാത്രം വാടകയും ലോൺ അടയ്ക്കാന്‍ ബുദ്ധിമുട്ട് വന്നപ്പോള്‍ വീണ്ടും ജോലിക്ക് കയറി. 

ഓണ്‍ലൈന്‍ വഴിയിലേയ്ക്ക്

ഞാന്‍ ഇല്ലാതെ ഷോപ്പിലെ കാര്യങ്ങള്‍ നടക്കാത്തതു കൊണ്ട് ഓണ്‍ലൈന്‍ വഴിയിലേയ്ക്ക് തിരിയുകയായിരുന്നു. അങ്ങനെ മിഴിയുടെ പേരില്‍ ഫേസ്ബുക്ക് പേജും വെബ്സൈറ്റും തുടങ്ങി. സ്വന്തമായി പുതിയ ഡിസൈനുകൾ ചെയ്ത് പേജിൽ അപ്‌ലോഡ് ചെയ്തുതുടങ്ങിയതോടെ കൂടുതൽ ആവശ്യക്കാരെത്തി. അങ്ങനെയാണ് ജോലി രാജിവച്ച് മുഴുവൻ സമയവും ‘മിഴി’ക്ക് വേണ്ടി മാറ്റിവയ്ക്കാന്‍ തീരുമാനിച്ചത്. 2023 ജനുവരിയിൽ പയ്യന്നൂർ മാളിൽ ‘സോനാസ് ബ്രൈഡൽ ഡെസ്റ്റിനേഷൻ’ തുറന്നു.

സോനയുമായുള്ള അഭിമുഖം കാണാം:

youtubevideo