തമിഴ്നാട് ടീച്ചേഴ്സ് റിക്രൂട്ട്മെന്റ് ബോർഡ് (TN TRB) സംസ്ഥാനത്തെ സർക്കാർ കോളേജുകളിലേക്ക് 2,708 അസിസ്റ്റന്റ് പ്രൊഫസർമാരെ നിയമിക്കുന്നു. നവംബർ 10 വരെ അപേക്ഷിക്കാം.
ചെന്നൈ: തമിഴ്നാട് സർക്കാർ കോളേജുകളിൽ അസിസ്റ്റന്റ് പ്രൊഫസർ ആകാൻ അവസരം. തമിഴ്നാട് ടീച്ചേഴ്സ് റിക്രൂട്ട്മെന്റ് ബോർഡ് (TN TRB) സംസ്ഥാനത്തെ സർക്കാർ ആർട്സ് ആൻഡ് സയൻസ് കോളേജുകളിലും ടീച്ചർ എഡ്യൂക്കേഷൻ കോളേജുകളിലും അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 2,708 ഒഴിവുകളിലേക്ക് നേരിട്ടുള്ള നിയമനമാണ് നടക്കുന്നത്. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി നവംബർ 10 ആണ്. എല്ലാ സംസ്ഥാനങ്ങളിൽ നിന്നുമുള്ള ഉദ്യോഗാർത്ഥികൾക്കും അപേക്ഷിക്കാം. ആകെ 61 വിഷയങ്ങളിൽ അസിസ്റ്റന്റ് പ്രൊഫസർമാർക്കുള്ള അവസരമുണ്ട്. ഒഴിവുകൾ ഇങ്ങനെ -
- ഇംഗ്ലീഷ് - 406
- തമിഴ് - 309
- മാത്തമാറ്റിക്സ് - 205
- കെമിസ്ട്രി -187
- കംപ്യൂട്ടർ സയൻസ് - 182
- കൊമേഴ്സ് -163
- ഫിസിക്സ് -152
- ഇക്കണോമിക്സ് - 103
- സുവോളജി - 96
- ബോട്ടണി - 93
- ഹിസ്റ്ററി - 72
- ജ്യോഗ്രഫി -70
- മറ്റു വിഷയങ്ങൾ - 668
വിദ്യാഭ്യാസ യോഗ്യത
- അംഗീകൃത ഇന്ത്യൻ സർവകലാശാലകളിൽ നിന്നുള്ള പ്രസക്തമായ/ ബന്ധപ്പെട്ട/ അനുബന്ധ വിഷയത്തിൽ 55% മാർക്ക് അല്ലെങ്കിൽ തത്തുല്യ ഗ്രേഡോടു കൂടിയുള്ള പിജി ബിരുദം
- പിന്നോക്ക/പട്ടികജാതി/ഭിന്നശേഷി വിഭാഗക്കാർക്ക് 50% മാർക്ക് മതിയാകും.
- അക്രഡിറ്റഡ് വിദേശ സർവകലാശാലകളിൽ നിന്ന് തത്തുല്യ ബിരുദം നേടിയവർക്കും അപേക്ഷിക്കാൻ അർഹതയുണ്ട്.
- യു.ജി.സി./സി.എസ്.ഐ.ആർ നെറ്റ്/എസ്എൽഇടി/സെറ്റ് എന്നിവയിൽ ഏതെങ്കിലും ഒന്നിൽ യോഗ്യത
- യുജിസി മാനദണ്ഡമനുസരിച്ച് പിഎച്ച്ഡി. ബിരുദമുള്ളവർക്കും, ഇത്തരം യോഗ്യതാ പരീക്ഷകൾ നടത്താറില്ലാത്ത വിഷയങ്ങളിൽ പിജി ബിരുദമുള്ളവർക്കും യോഗ്യത പരീക്ഷ ബാധകമല്ല.
പ്രായപരിധി
- 2025 ജൂലൈ 1-ന് 57 വയസ്സ് കവിയരുത്.
തിരഞ്ഞെടുപ്പ് രീതി
- എഴുത്തുപരീക്ഷ, അഭിമുഖം, എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. അധ്യാപക പരിചയം കണക്കിലെടുക്കും.
എഴുത്തുപരീക്ഷ
- തീയതി : ഡിസംബർ 20 (താൽക്കാലികം)
പരീക്ഷയ്ക്ക് രണ്ട് പേപ്പറുകൾ ഉണ്ടാകും.
- പേപ്പർ ഒന്ന് രാവിലെ നടക്കും. മൾട്ടിപ്പിൾ ചോയ്സ് മാതൃക. സമയം 3 മണിക്കൂർ
- പാർട്ട് എ - 50 മാർക്ക് - തമിഴ് ചോദ്യങ്ങൾ. (40% മാർക്ക് ലഭിച്ചാൽ മതി)
- പാർട്ട് ബി - 150 മാർക്ക് - അപേക്ഷകർ തിരഞ്ഞെടുത്ത വിഷയം - 1.5 മാർക്ക് വീതമുള്ള 100 ചോദ്യങ്ങൾ.
2. പേപ്പർ രണ്ട് അന്നേ ദിവസം തന്നെ ഉച്ചക്ക് ശേഷം നടക്കും.
- പൊതുവിഷയങ്ങളെ അടിസ്ഥാനമാക്കിയുള്ള 5 ചോദ്യങ്ങളിൽ ഒന്നിന് 300 വാക്കുകളിൽ കവിയാതെ ഉപന്യാസം എഴുതണം.
- സമയം ഒരു മണിക്കൂർ. ആധുനിക ഇന്ത്യാ ചരിത്രം / ഇന്ത്യൻ ഭരണഘടന / തമിഴ്നാടിന്റെ ചരിത്രം, സാമ്പത്തിക രംഗം / പരിസ്ഥിതി / ശാസ്ത്രവും സാങ്കേതികവിദ്യയും / സമകാലിക സംഭവങ്ങൾ എന്നിവയിൽ നിന്നായിരിക്കും ചോദ്യങ്ങൾ.
അപേക്ഷ ക്ഷണിച്ച 61 വിഷയങ്ങളെ എഴുത്തുപരീക്ഷയ്ക്കായി 48 അനുബന്ധ വിഷയങ്ങളായി ക്രമീകരിച്ചിട്ടുണ്ട് (ഉദാഹരണത്തിന്: കമ്പ്യൂട്ടർ സയൻസിനും കമ്പ്യൂട്ടർ ആപ്ലിക്കേഷനും ഒരു പരീക്ഷ).
ഇന്റർവ്യൂ
- എഴുത്തു പരീക്ഷയിലെ പ്രകടനം, പ്രവർത്തിപരിചയം എന്നിവ പരിഗണിച്ചാണ് ഇന്റർവ്യൂവിന് വിളിക്കുക.
- അഭിമുഖം - 15 മാർക്ക് - എഴുത്തുപരീക്ഷയിലെ പ്രകടനം.
- പ്രവർത്തി പരിചയം - 15 മാർക്ക് - സർക്കാർ/എയ്ഡഡ്/സ്വകാര്യ കോളേജുകളിലെ (യുജിസി യോഗ്യതയോടെ) അധ്യാപന പരിചയത്തിന് ഒരു വർഷത്തിന് 2 മാർക്ക് എന്ന നിരക്കിൽ പരമാവധി 15 മാർക്ക് വരെ ലഭിക്കും.
- എഴുത്തുപരീക്ഷ, അധ്യാപക പരിചയം, ഇന്റർവ്യൂ എന്നിവയുടെ ആകെ മാർക്കിന്റെ അടിസ്ഥാനത്തിലായിരിക്കും അന്തിമ തിരഞ്ഞെടുപ്പ്.
ശമ്പള സ്കെയിലും മറ്റ് വ്യവസ്ഥകളും
- ശമ്പള സ്കെയിൽ: 57,700 - 1,82,100 രൂപ, കൂടാതെ മറ്റ് അലവൻസുകളും ലഭിക്കും.
- സംവരണം: നിലവിലുള്ള സംവരണ മാനദണ്ഡങ്ങൾ പാലിക്കും. ഒഴിവുകളിൽ വനിതകൾക്ക് 30% പ്രത്യേക പ്രാതിനിധ്യം ലഭിക്കും.
- തമിഴ് ഭാഷാ യോഗ്യത: മറ്റു സംസ്ഥാനങ്ങളിൽ നിന്ന് നിയമനം ലഭിക്കുന്നവർ രണ്ട് വർഷത്തിനകം തമിഴ് ലാംഗ്വേജ് എലിജിബിലിറ്റി ടെസ്റ്റ് പാസ്സാകണം.
അപേക്ഷാ ഫീസ്
- പൊതുവിഭാഗം: 600 രൂപ
- പട്ടികജാതി/ഭിന്നശേഷി വിഭാഗക്കാർക്ക്: 300 രൂപ.
അപേക്ഷയിൽ നവംബർ 11-13 തീയതികളിൽ തിരുത്തൽ വരുത്താം.
വിവരങ്ങൾക്ക്: www.trb.tn.gov.in.


