ലക്നൗ: വെറും ഒൻപത് മിനിറ്റിന്റെ വ്യത്യാസത്തിലാണ് മാൻസിയും മാന്യയും ചേച്ചിയും അനിയത്തിയുമായത്. 2003 മാർച്ച് മൂന്നിന് ജനിച്ച ഇവരെ ഒറ്റനോട്ടടത്തിൽ തിരിച്ചറിയാനും സാധിക്കില്ല. ഒരേ മുഖം, ഒരേ ചിരി താത്പര്യങ്ങളും ആഹാരശീലങ്ങളുമെല്ലാം ഒരേപോലെ തന്നെ. എന്നാൽ പരീക്ഷയിലും ഞങ്ങൾ ഒരേപോലെയാണ് എന്ന് തെളിയിച്ചിരിക്കുകയാണ് നോയിഡയിൽ നിന്നുള്ള മാൻസിയും മാന്യയും. ഇത്തവണത്തെ പ്ലസ് ടൂ പരീക്ഷാ ഫലത്തിൽ ഒരേ മാർക്ക് വാങ്ങി എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ് ഈ പെൺകുട്ടികൾ. 

കഴിഞ്ഞ ദിവസം പുറത്ത് വന്ന സിബിഎസ്ഇ പ്ലസ് ടു പരീക്ഷയില്‍ മാന്‍സിക്കും മാന്യയ്ക്കും ഒരേ മാര്‍ക്കാണ് ലഭിച്ചത്. 95.8 ശതമാനമാണ് സയന്‍സ് ഗ്രൂപ്പ് വിദ്യാര്‍ഥികളായ ഇവര്‍ക്ക് ലഭിച്ചത്. മാർക്ക് കണ്ട് ഞെട്ടിയിരിക്കുകയാണ് മാതാപിതാക്കളായ സുചേതന്‍ രാജ് സിങ്ങും വിജയ സിങ്ങും. പരീക്ഷയിൽ എല്ലാ വിഷയത്തിനും കൂടി ഒരേ മാർക്ക് ലഭിച്ചിതിൽ വളരെയധികം സന്തോഷമുണ്ട്. എന്നേക്കാൾ നന്നായി മാന്യ പരിശ്രമിക്കുകയും ഉയർന്ന മാർക്ക് പ്രതീക്ഷിക്കുകയും ചെയ്തിരുന്നു. എന്നാൽ ഞങ്ങളുടെ രണ്ടുപേരുടെയും മാർക്ക് ഒരുപോലയായി. എല്ലായ്പ്പോഴും ഒരുമിച്ചിരുന്നാണ് ഞങ്ങൾ പഠിച്ചിരുന്നത്. പരസ്പരം സംശയങ്ങൾ പരിഹരിച്ച് സഹായിച്ചായിരുന്നു പഠനം. ഫിസിക്സിൽ എന്നേക്കാൾ മിടുക്കിയാണ് മാന്യ. എന്നാൽ കെമിസ്ട്രിയിൽ എനിക്കാണ് കൂടുതൽ മാർക്ക്. മാൻസി പറഞ്ഞു. ​ഗ്രേറ്റർ നോയിഡയിലെ ആസ്റ്റർ പബ്ലിക് സ്കൂളിലാണ് ഇരുവരും പഠിച്ചത്. 

എല്ലാ വിഷയത്തിനും ഒപ്പത്തിനൊപ്പമാണ് ഇവർ മാർക്ക് നേടിയിരുന്നത്. ബാഡ്മിന്റണ്‍ ഗെയിമിനോടാണ് ഇരുവർക്കും താത്പര്യം. ഇവരെ തമ്മിൽ പലപ്പോഴും തിരിച്ചറിയാൻ സാധിക്കാറില്ലെന്നായിരുന്നു അധ്യാപകരുടെയും പ്രിൻസിപ്പലിന്റെയും സാക്ഷ്യപ്പെടുത്തൽ. ഇവരും മാൻസിയുടെയും മാന്യയുടെയും മാർക്ക് കണ്ട് അത്ഭുതപ്പെട്ടിരിക്കുകയാണ്. ഇംഗ്ലീഷിനും കംപ്യൂട്ടര്‍ സയന്‍സിനും 98 വീതം നേടിയ ഇരട്ടകള്‍ ഫിസിക്‌സ്, കെമിസ്ട്രി, ഫിസിക്കല്‍ എജ്യുക്കേഷന്‍ എന്നീ വിഷയങ്ങളില്‍ 95 മാര്‍ക്ക് വീതം നേടി. 

എന്‍ജിനീയറിങ്ങില്‍ ഉപരിപഠനത്തിന് പോകാന്‍ ആഗ്രഹിക്കുന്ന ഇരട്ടകള്‍ ജെഇഇ പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പിലാണ്. മക്കളുടെ ഈ മാര്‍ക്കിലെ ഐക്യം മാതാപിതാക്കളായ സുചേതന്‍ രാജ് സിങ്ങിനെയും വിജയ സിങ്ങിനെയും ഞെട്ടിച്ചു. നന്നായി പഠിക്കുമെങ്കിലും മുന്‍പൊരിക്കലും ഒരേ പോലെ ഇവര്‍ക്ക് മാര്‍ക്ക് വന്നിട്ടില്ലെന്നും ഈ മാതാപിതാക്കള്‍ പറയുന്നു. എന്‍ജിനീയറിങ് പ്രവേശന പരീക്ഷയ്ക്കും ഇരുവര്‍ക്കും ഒരേ റാങ്ക് കിട്ടണമെന്ന പ്രാർഥനയിലാണ് അമ്മ വിജയ സിങ്. സൈനികനായിരുന്നു ഇവരുടെ പിതാവ് സുചേതൻസിം​ഗ്.