സാമ്പത്തിക പരിമിതികൾക്കിടയിലും പ്രിയയ്ക്ക് സാധ്യമായ ഏറ്റവും മികച്ച വിദ്യാഭ്യാസം ലഭിക്കുന്നുണ്ടെന്ന് അവളുടെ മാതാപിതാക്കൾ ഉറപ്പുവരുത്തി. മികച്ച വിദ്യാഭ്യാസം നേടുന്നതിനായി പ്രിയയെ മുത്തച്ഛൻ പട്നയിലേക്ക് കൊണ്ടുപോയി.
ബീഹാറിലെ ഒരു ചെറിയ ഗ്രാമത്തിൽ നിന്നുള്ള പ്രിയ റാണി എന്ന പെൺകുട്ടിക്ക് സിവിൽ സർവീസ് ഒരു പരീക്ഷ മാത്രമായിരുന്നില്ല, മറിച്ച് അവളുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാനുള്ള അവസരമായിരുന്നു. ഐഎഎസ് നേടുമെന്ന് അച്ഛന് കൊടുത്ത വാക്ക് പാലിക്കാൻ വേണ്ടി രാവും പകലും പ്രിയ റാണി അക്ഷീണം പരിശ്രമിച്ചു. ഒടുവിൽ സ്വപ്നം കൈപ്പിടിയിലൊതുക്കി.
ബീഹാറിലെ ഫുൽവാരി ഷെരീഫിലെ കുർക്കുരി ഗ്രാമമാണ് പ്രിയ റാണിയുടെ സ്വദേശം. മധ്യവർഗ കുടുംബത്തിൽ ജനിച്ച പ്രിയയുടെ അച്ഛൻ കർഷകനാണ്, അമ്മ വീട്ടമ്മയും. സാമ്പത്തിക പരിമിതികൾക്കിടയിലും പ്രിയയ്ക്ക് സാധ്യമായ ഏറ്റവും മികച്ച വിദ്യാഭ്യാസം ലഭിക്കുന്നുണ്ടെന്ന് അവളുടെ മാതാപിതാക്കൾ ഉറപ്പുവരുത്തി. മികച്ച വിദ്യാഭ്യാസം നേടുന്നതിനായി പ്രിയയെ മുത്തച്ഛൻ പട്നയിലേക്ക് കൊണ്ടുപോയി. ഗ്രാമത്തിൽ പെൺകുട്ടികൾ വിദ്യാഭ്യാസം നേടുന്നതിൽ വലിയ എതിർപ്പുണ്ടായിരുന്ന കാലമായിരുന്നു അത്. പക്ഷേ മുത്തച്ഛനും അച്ഛനും പ്രിയയുടെ ആഗ്രഹത്തിനൊപ്പം നിന്നു. പട്നയിലെ ഒരു വാടക വീട്ടിൽ താമസിച്ചാണ് പ്രിയ പഠനം പൂർത്തിയാക്കിയത്.
ചെറുപ്പം മുതൽ മിടുക്കിയായ വിദ്യാർത്ഥിനിയായിരുന്ന പ്രിയ ഇലക്ട്രിക്കൽ എഞ്ചിനീയറിംഗിൽ ബിടെക് പൂർത്തിയാക്കി ബെംഗളൂരുവിലെ ഒരു സ്വകാര്യ കമ്പനിയിൽ ഉയർന്ന ശമ്പളമുള്ള ജോലി നേടി. എന്നാൽ സിവിൽ സർവ്വീസ് നേടണമെന്നായിരുന്നു പ്രിയയുടെ ആഗ്രഹം. ജോലി ഉപേക്ഷിച്ച് യുപിഎസ്‍സി പരീക്ഷയ്ക്ക് തയ്യാറെടുക്കാനായിരുന്നു പ്രിയയുടെ തീരുമാനം. അവളുടെ ആഗ്രഹത്തെ പിന്തുണച്ച് അച്ഛൻ കൂടെ നിന്നു. ഒരു ദിവസം ഐഎഎസ് ഓഫീസറാകുമെന്ന് അവൾ അച്ഛന് വാക്കു കൊടുത്തു. രാവും പകലുമില്ലാതെ പഠിച്ച്, പരീക്ഷയ്ക്കായി അക്ഷീണം പരിശ്രമിച്ചു. എല്ലാ ദിവസവും പുലർച്ചെ 4 മണിക്ക് എഴുന്നേറ്റ് പഠനം തുടങ്ങും. വിദ്യാഭ്യാസമാണ് ജീവിതത്തിലെ ഏറ്റവും വലിയ ആസ്തിയെന്നാണ് പ്രിയ വിശ്വസിച്ചത്.
പിന്നീട് സിവിൽ സർവീസ് തയ്യാറെടുപ്പിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ പ്രിയ ഡൽഹിയിലേക്ക് താമസം മാറി, ആദ്യമായി പരീക്ഷയെഴുതി. അവളുടെ കഠിനാധ്വാനം ഫലം കണ്ടു. 2021 ൽ യുപിഎസ്‍സി സിഎസ്ഇയിൽ അഖിലേന്ത്യ തലത്തിൽ 284ാം റാങ്ക് നേടി, ഇന്ത്യൻ ഡിഫൻസ് എസ്റ്റേറ്റ്സ് സർവീസിലേക്ക് (ഐഡിഇഎസ്) തിരഞ്ഞെടുക്കപ്പെട്ടു. എന്നാൽ ആദ്യ വിജയത്തിനുശേഷവും അച്ഛന് നൽകിയ വാക്ക് പാലിക്കുന്നതിനായി പ്രിയ വീണ്ടും പരീക്ഷ എഴുതാൻ തീരുമാനിച്ചു. കഠിനാധ്വാനം ചെയ്ത് 2023 ൽ വീണ്ടും പരീക്ഷ എഴുതി. അഖിലേന്ത്യ തലത്തിൽ 69ാം റാങ്കോടെ ഐഎഎസ് കേഡറിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
യുവാക്കളോട് അവരുടെ ലക്ഷ്യത്തിനായി സമർപ്പണത്തോടെ കഠിനാധ്വാനം ചെയ്യാനാണ് പ്രിയ ഉപദേശിക്കുന്നത്. ഒരു വ്യക്തിയെ അവരുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കുന്നതിൽ നിന്ന് തടയാൻ യാതൊന്നിനും കഴിയില്ല എന്നതിന് പ്രിയയുടെ കഥ എല്ലാവർക്കും പ്രചോദനമാണ്. പെൺകുട്ടികൾക്കും ഒരുപാട് കാര്യങ്ങൾ ചെയ്യാൻ കഴിയുമെന്നും അവരുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ അവരെ പ്രോത്സാഹിപ്പിക്കണമെന്നും പ്രിയറാണി പറയുന്നു. പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നേടുകയും സമൂഹത്തിൽ പുരോഗതി നേടുകയും ചെയ്യേണ്ടത് വളരെ പ്രധാനമാണെന്നും പ്രിയ റാണി ഐഎഎസ് പറയുന്നു. 2024 മുതൽ ഹിമാചൽ പ്രദേശിൽ ജോലി ചെയ്യുകയാണ് പ്രിയറാണി.



