Asianet News Malayalam

'കോള്‍ഡ് കേസി'ല്‍ അനില്‍ നെടുമങ്ങാടിന് വേണ്ടി സംസാരിച്ച മഹേഷ് കുഞ്ഞുമോന്‍ ഇതാ ഇവിടെ

ചിത്രത്തിന്‍റെ ഡബ്ബിംഗ് പൂര്‍ത്തിയാകുന്നതിന് മുന്‍പായിരുന്നു അനിലിന്‍റെ മരണം.

artist mahesh kunjumon dubs anil nedumangad for cold case
Author
Kochi, First Published Jul 8, 2021, 1:25 PM IST
  • Facebook
  • Twitter
  • Whatsapp

പൃഥ്വിരാജ് നായകനായി തനു ബാലക് സംവിധാനം ചെയ്‍ത കോള്‍ഡ് കേസ് എന്ന ചിത്രം ഒടിടിയിൽ റിലീസ് ചെയ്‍തത് കഴിഞ്ഞ ആഴ്‍ചയായിരുന്നു. മിസ്റ്ററിയും റിയാലിറ്റിലും കലർന്ന ചിത്രം സമ്മിശ്ര പ്രതികരണവുമായി പ്രദർശനം തുടരുകയാണ്. അകാലത്തിൽ പൊലിഞ്ഞ അനിൽ നെടുമങ്ങാട് എന്ന കലാകാരനും ചിത്രത്തിൽ മികച്ചൊരു വേഷം കൈകാര്യം ചെയ്‍തിരുന്നു. ചിത്രത്തിന്‍റെ ഡബ്ബിംഗ് പൂര്‍ത്തിയാകുന്നതിന് മുന്‍പായിരുന്നു അനിലിന്‍റെ മരണം. എന്നാൽ ചിത്രം പുറത്തിറങ്ങിയപ്പോൾ പ്രേക്ഷകർ ഒന്നടങ്കം അതിശയിച്ചു. ആരാണ് അനിലിന് ശബ്‍ദം നൽകിയതെന്നായിരുന്നു എല്ലാവരുടെയും ചോദ്യം. അനുകരണ കലയിലൂടെ താരമായ മഹേഷ് കുഞ്ഞുമോന്‍ ആണ് അനിലിന് ശബ്ദം നൽകിയത്. ഇപ്പോഴിതാ തൻ കോൾഡ് കേസിൽ എത്തിയതിനെ കുറിച്ചും ഭാവി പരിപാടികളെ കുറിച്ചും ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് മനസ്സ് തുറക്കുകയാണ് മഹേഷ്. നിത്യ ജി റോബിന്‍സണ്‍ നടത്തിയ അഭിമുഖം. 

അനിൽ നെടുമങ്ങാടിന്റെ ശബ്‍ദത്തിലേക്ക്

ഡബ്ബിങ്ങിലേക്ക് വരുമെന്ന പ്രതീക്ഷ എനിക്ക് ഉണ്ടായിരുന്നില്ല. അതും സിനിമയിൽ. കാരണം ഞാനൊരു സ്റ്റേജ് ആർട്ടിസ്റ്റ് ആണ്. അനിലേട്ടൻ കോൾഡ് കേസിൽ ഡബ്ബ് ചെയ്‍തിട്ടുണ്ടായിരുന്നില്ല. ആ സമയത്തായിരുന്നു അദ്ദേഹത്തിന്റെ മരണം. ചിത്രത്തിലെ അണിയറ പ്രവർത്തകരാണ് കോമഡി ഉത്സവത്തിന്റെ ഗ്രൂമറായ ഷിബു കൊഞ്ചിറയെ വിളിച്ച്, അനിലേട്ടനെ അനുകരിക്കുന്ന ആരെങ്കിലും ഉണ്ടോന്ന് ചോദിക്കുന്നത്.

ഷിബു ചേട്ടൻ എന്നെ കോൺടാക്ട് ചെയ്യുകയും കോള്‍ഡ് കേസ് തിരകഥാകൃത്ത് ശ്രീനാഥ് വി നാഥിന് എന്റെ നമ്പർ കൊടുക്കുകയും ചെയ്തു. അവരെന്നെ വിളിച്ചു. അനിലേട്ടന്റെ ഏതെങ്കിലും സിനിമയിലെ ഡയലോഗ് ഡബ്ബ് ചെയ്‍ത് അയച്ച് കൊടുക്കാനായിരുന്നു പറഞ്ഞത്. ഞാനത് അയച്ച് കൊടുക്കുകയും അതവർക്ക് ഇഷ്‍ടപ്പെടുകയും ഡബ്ബിംഗിന് വിളിക്കുകയുമായിരുന്നു.

ഡബ്ബിംഗ് ബുദ്ധിമുട്ടായിരുന്നോ ?

അത്യാവശ്യം നല്ല ബുദ്ധിമുട്ടുണ്ടായിരുന്നു. കാരണം എന്റെ സ്വന്തം ശബ്‍ദത്തിലല്ലോ ചെയ്യുന്നത്. അനുകരിക്കുമ്പോഴുള്ള പ്രശ്‍നങ്ങൾ ഉണ്ടായിരുന്നു. തുടരെ ഇങ്ങനെ അനുകരിക്കുമ്പോൾ ശബ്‍ദത്തിന് ചെറിയ പ്രശ്നങ്ങളും ഉണ്ടായി. അത്യാവശ്യം നല്ല സമയമെടുത്ത് തന്നെയാണ് ഡബ്ബിംഗ് പൂർത്തിയാക്കിയത്. അധികം സീനുകളൊന്നും ഇല്ലാത്തത് കൊണ്ട് ഒരു ദിവസം കൊണ്ടാണ് ഡബ്ബിംഗ് പൂർത്തിയാക്കിയത്.

അനിലേട്ടന്റെ ശബ്ദം അനുകരിക്കാനായതിൽ സന്തോഷം

അദ്ദേഹത്തെ ഞാൻ കണ്ടിട്ടില്ല. ആഗ്രഹം ഉണ്ടായിരുന്നു. അയ്യപ്പനും കോശിയിലേയും ഒരു രംഗം ഞാൻ അനുകരിച്ച് ഫേസ്ബുക്കിൽ പങ്കുവച്ചിരുന്നു. നല്ല രീതിയിൽ ആ വീഡിയോയ്ക്ക് ഷെയറിംഗ് ഉണ്ടാവുകയും അനിലേട്ടൻ അത് കാണുകയും ചെയ്‍തു. അദ്ദേഹം എന്നെ വിളിച്ചിരുന്നു. 'ഒത്തിരി പേരുടെ ശബ്ദം അനുകരിക്കുന്നതിന്റെ കൂട്ടത്തിൽ എന്നെയും അനുകരിച്ചതിൽ സന്തോഷം. എന്റെ ശബ്‍ദം മറ്റൊരാൾ ചെയ്യുന്നത് ആദ്യമായാണ് കാണുന്നത്. ഒത്തിരി നന്ദിയുണ്ട്', എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.  

നമ്മൾ അനുകരിക്കുന്ന ആർട്ടിസ്റ്റുകളെ കാണുക അല്ലെങ്കിൽ സംസാരിക്കുക എന്നത് ഞങ്ങളെ പോലെയുള്ള കലാകാരന്മാർക്ക് കിട്ടുന്ന വലിയൊരു അംഗീകാരമാണ്. അദ്ദേഹത്തിന് ഇങ്ങനെ സംഭവിക്കുമെന്ന് ഒരിക്കലും ചിന്തിച്ചില്ല. കോൾഡ് കേസിൽ അദ്ദേഹത്തിന്റെ ശബ്‍ദമായി മാറാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ട്.

ജനങ്ങൾ എങ്ങനെ എടുക്കുമെന്ന ടെൻഷൻ

അനിലേട്ടന്റെ ശബ്‍ദം എങ്ങനെ ആളുകൾ സ്വീകരിക്കുമെന്ന കാര്യത്തിൽ എനിക്ക് നല്ല ടെൻഷൻ ഉണ്ടായിരുന്നു. അദ്ദേഹം നല്ലൊരു നടനാണ്. ആ നടനെ ഡബ്ബ് ചെയ്‍ത് മോശമാക്കിയെന്ന് ആളുകൾ എടുക്കുമെന്ന് കരുതി. ഫേസ്ബുക്കിൽ ഞാൻ പോസ്റ്റ് ഇട്ടതിന് ശേഷമാണ് അനിലേട്ടന് ശബ്‍ദം നൽകിയത് ഞാനാണെന്ന് എല്ലാവരും അറിയുന്നത്. അത് കണ്ട് പലരും എന്നെ വിളിച്ച് അഭിനന്ദനം അറിയിച്ചു. അപ്പോഴാണ് ശരിക്കും സന്തോഷമായത്. വീട്ടുകാർക്കും സുഹൃത്തുക്കൾക്കും അഭിമാനിക്കാൻ സാധിക്കുന്ന ഒന്നായി മാറി എന്നതാണ്. സിനിമയിൽ നിന്നുള്ളവരെക്കാൾ എന്നെ കൂടുതൽ വിളിച്ചത് സാധാരണക്കാരാണ്. വല്ലാത്തൊരു ഫീലായിരുന്നു അത്.

ആദ്യ ഡബ്ബിംഗ് വിജയ് സേതുപതിക്ക് വേണ്ടി

കോൾഡ് കേസിന് മുമ്പ് മാസ്റ്ററിന്റെ മലയാളം വെർഷനിൽ ഞാൻ ശബ്ദം നൽകിയിട്ടുണ്ടായിരുന്നു. നടൻ വിജയ് സേതുപതിക്ക് വേണ്ടി ആയിരുന്നു അത്. മിഥില്‍ രാജ് സാറ് വഴിയാണ് അതിലേക്ക് എത്തിപ്പെടുന്നത്. സേതുപതിയുടെ ശബ്‍ദം അനുകരിക്കുന്ന അരെങ്കിലും ഉണ്ടോന്ന് അദ്ദേഹത്തെ വിളിച്ച് ഡബ്ബിംഗ് ചെയ്യുന്നവർ തിരക്കുക ആയിരുന്നു.

അനിലേട്ടൻ ഡബ്ബിംഗ് ചെയ്യാത്ത രണ്ട് മൂന്ന് സിനിമകളിലേക്ക് വിളിച്ചിട്ടുണ്ട്. പീസ്, അനുരാധ തുടങ്ങിയവയാണ് ആ സിനിമകൾ. വീണ്ടും അനിലേട്ടനെ അനുകരിക്കാൻ സാധിക്കുന്നുവെന്നതിൽ സന്തോഷമുണ്ട്.

അറിയപ്പെടുന്ന മിമിക്രി ആർട്ടിസ്റ്റാകണം

മിമിക്രി എനിക്ക് ഭയങ്കര ഇഷ്‍ടമാണ്. ഡബ്ബിംഗും താല്പര്യമാണ്. പക്ഷേ മിമിക്രിയിൽ കൂടുതൽ അറിയപ്പെടുന്ന കലാകാരനാകണം എന്നാണ് ആഗ്രഹം. വിനായകൻ, പിണറായി വിജയൻ, നരേന്ദ്ര മോദി, കുഞ്ചാക്കോ ബോബൻ, സൈജു കുറുപ്പ്, ഫഹദ് ഫാസിൽ, ബാബുരാജ്, മണികുട്ടൻ, കിഡിലൻ ഫിറോസ്, നോബി തുടങ്ങിയവര്‍,  ജീത്തു ജോസഫ്, ജിനു ജോസഫ്, ഷൈന്‍ ടോം ചാക്കോ, രഞ്‍ജി പണിക്കര്‍, സുരേഷ് ഗോപി , സന്തോഷ് ജോര്‍ജ്ജ് കുളങ്ങര എന്നിവരെയൊക്കെ അനുകരിക്കാന്‍ ഇഷ്‍ടപ്പെടുന്നുണ്ട്.

ഞാൻ ഒരേസമയം ഒരുപാട് പേരെ അനുകരിക്കാൻ ശ്രമിക്കാറുണ്ട്. അവരുടെ ഡയലോഗ് കേട്ടുകൊണ്ടേയിരിക്കും. അഞ്ചാം പാതിര ഇറങ്ങിയ സമയത്ത് ജിനു ജോസഫിന്റെ ശബ്‍ദം ഒത്തിരി ഇഷ്ടപ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ ശബ്‍ദം അനുകരിച്ചത് വൈറലാകുകയും ചെയ്‍തു. ജിനു അത് കാണുകയും സ്റ്റാറ്റസ് ഇടുകയും ചെയ്‍തിരുന്നു. അദ്ദേഹം വേയ്സ് മെസേജ് ഇട്ടത് വലിയൊരു സന്തോഷമായിരുന്നു.

മിമിക്രി ഫീൽഡിലെ വിനീത് ശ്രീനിവാസൻ

ചിത്രരചനയിലായിരുന്നു ആദ്യം താല്‍പര്യം. ഏഴാം ക്ലാസ് മുതലാണ് മിമിക്രി ചെയ്യാന്‍ തുടങ്ങിയത്. എന്‍റെ ചേട്ടന്‍ അജേഷ് മിമിക്രി ചെയ്യാറുണ്ടായിരുന്നു. വീട്ടില്‍ ചേട്ടന്‍ പ്രാക്ടീസ് ചെയ്യുന്നതുകണ്ടാണ് മിമിക്രിയില്‍ താല്‍പര്യം തോന്നുന്നത്. പിന്നീട് അതെന്‍റെ ഭാഗമായി. എം എസ് തൃപ്പുണ്ണിത്തുറയുടെ ശബ്ദമായിരുന്നു അന്ന് അനുകരിച്ചുകൊണ്ടിരുന്നത്. ആദ്യമായി പങ്കെടുത്ത മിമിക്രി മത്സരത്തില്‍ തന്നെ എനിക്ക് സമ്മാനവും കിട്ടി. പിന്നീടിങ്ങോട്ട് മിമിക്രി എന്റെ ഭാഗമായി.

ഞാന്‍ ആദ്യം അനുകരിക്കുന്നത് വിനീത് ശ്രീനിവാസനെയാണ്. എന്‍റെ ബോഡി ലാംഗ്വേജും പിന്നെ അദ്ദേഹത്തെ പോലെയുണ്ടെന്നാണ് എല്ലാവരും പറയുന്നത്. മിമിക്രി ഫീൽഡിലെ വിനീത് ശ്രീനിവാസനെന്നാണ് ഞാനിപ്പോൾ അറിയപ്പെടുന്നത്.

എറണാകുളം ജില്ലയില്‍ പുത്തന്‍ കുരിശിനടുത്ത് കുറിഞ്ഞിയിലാണ് താമസം. അച്ഛന്‍ കുഞ്ഞുമോന്‍, അമ്മ തങ്കമ്മ, സഹോദരന്‍ അജേഷ് എന്നിവരടങ്ങിയ കൊച്ചു കുടുംബമാണ് എന്റേത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios