22-ാമത് ഷാങ്ഹായ് രാജ്യാന്തര ചലച്ചിത്രമേളയിൽ ഔട്ട് സ്റ്റാൻഡിങ് ആർട്ടിസ്റ്റിക് അച്ചീവ്മെന്‍റ് പുരസ്ക്കാരം നേടിയ ചിത്രമാണ് ഡോ.ബിജു ഒരുക്കിയ വെയിൽ മരങ്ങൾ. ചിത്രത്തിലെ നായിക ആവാൻ കഴിഞ്ഞതിന്‍റെ സന്തോഷത്തിലാണ് കണ്ണൂര്‍ സ്വദേശിനി  സരിത കുക്കു. ഷാങ്ഹായ് മേളയില്‍ പുരസ്‌കാരം നേടിയ ആദ്യ ഇന്ത്യന്‍ ചിത്രത്തില്‍  ഡോ.ബിജു നായികയായി തെരഞ്ഞെടുത്തത്  സ്റ്റേജ്‌ ആർട്ടിസ്റ്റായ സരിതയെയാണ്. സരിത കുക്കു എന്ന വ്യക്തിയെ പ്രേക്ഷകര്‍ക്ക് കൂടുതല്‍ പരിചയം മറ്റൊരു പേരിലായിരിക്കും. ഇയ്യോബിന്റെ പുസ്തകത്തിലെ ചീരുവായിട്ട്. വിനായകന്‍റെ ഭാര്യയായി  തകർത്തഭിനയിച്ച സരിത പാപ്പിലിയോ ബുദ്ധ എന്ന ചിത്രത്തിലൂടെയാണ് സിനിമാ ലോകത്തേയ്ക്ക് എത്തുന്നത്. സിനിമ ജീവിതത്തെ പറ്റി സരിത കുക്കു ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് സംസാരിക്കുന്നു.മനു വര്‍ഗീസ് നടത്തിയ അഭിമുഖം.

വെയിൽ മരങ്ങൾ അഭിനയ ജീവിതത്തിലെ മികച്ച സിനിമ

നിര്‍മാതാവും നടനുമായ  പ്രകാശ് ബാരെ വഴിയാണ് ഡോ.ബിജു ഒരുക്കിയ വെയിൽ മരങ്ങളിലേക്ക് എത്തുന്നത്. എപ്പോഴും വെയിലത്ത് നില്‍ക്കാന്‍ വിധിക്കപ്പെട്ട ചില മനുഷ്യരുടെ അതിജീവനത്തിന്റെയും പലായനത്തിന്റെയും കഥയാണ് ചിത്രം പറയുന്നത്. അതില്‍ ഒരു രാഷ്‍ട്രീയമുണ്ട്. അത് മനോഹരമായി സംവിധായകൻ അവതരിപ്പിച്ചിട്ടുണ്ട്. നിരവധി ഷെഡ്യൂളുകളിലായി വിവിധ കാലാവസ്ഥകളില്‍ ചിത്രീകരിച്ച സിനിമ ഒരു വര്‍ഷംകൊണ്ടാണ് പൂര്‍ത്തിയാക്കിയത്. നാല് ഋതുക്കളിലൂടെ പറയുന്ന കഥയുടെ മൂന്നു കാലങ്ങള്‍ ഹിമാചലിലും മഴക്കാലം കേരളത്തിലുമാണ് ചിത്രീകരിച്ചത്. ശരിക്കും മികച്ച അനുഭവമാണ് ചിത്രം സമ്മാനിച്ചത്.

ഡോ.ബിജു എന്ന സംവിധായകൻ?

ഡോ. ബിജു എന്ന സംവിധായകൻ തന്നെയാണ് ചിത്രത്തിന്‍റെ കരുത്ത്. എല്ലാവരെയും ഒരു പോലെ കാണുവാൻ കഴിയുക എന്നതാണ് അദ്ദേഹത്തിന്‍റെ ഏറ്റവും വലിയ പ്രത്യേകത. സാധാരണ സിനിമാ സെറ്റുകളില്‍ സൂപ്പര്‍ താരങ്ങൾക്ക് ഒരു ഭക്ഷണം, സഹനടി- നടൻമാര്‍ക്ക് മറ്റൊരു ഭക്ഷണം  എന്ന രീതിയാണ്. എന്നാല്‍ ഡോ.ബിജു ലൈറ്റ് ബോയ് മുതല്‍ ചിത്രത്തിലെ താരങ്ങളെ വരെ ഒരുപോലെയാണ്കാണുന്നത്. അവിടെ വലിയവനെന്നോ, ചെറിയവനെന്നോ വേര്‍തിരിവില്ല. എല്ലാവരെയും  ഒരു പോലെ കാണുന്നു എന്നതുതന്നെയാണ് അദ്ദേഹത്തിലെ പ്രത്യേകത.


നായകനായി ഇന്ദ്രൻസ് ?
ഇന്ദ്രൻസ് ഏട്ടനൊപ്പം അഭിനയിക്കാൻ കഴിഞ്ഞത് ഭാഗ്യമായി തന്നെ കാണുന്നു. മികച്ച ഒരു നടനാണ് അദ്ദേഹം. നമ്മൾ ഇതുവരെ കണ്ട ഇന്ദ്രൻസിന്‍റെ വേഷങ്ങളില്‍ നിന്ന് വ്യത്യസ്‍തമായ വേഷമാണ് ചിത്രത്തില്‍. പലപ്പോഴും അദ്ദേഹത്തിന്‍റെ അഭിനയം കണ്ടു നിന്നുപോയിട്ടുണ്ട്. നടനുമപ്പുറം നല്ല ഒരു വ്യക്തികൂടിയാണ് അദ്ദേഹം. എന്‍റെ കരിയറില്‍ ഞാൻ കണ്ട ഏറ്റവും മികച്ച നടനാണ് ഇന്ദ്രൻസ്.

ഷൂട്ടിംഗ് അനുഭവം?

ഷൂട്ടിംഗ് മറക്കാനാവാത്ത അനുഭവമാണ് നല്‍കിയത്. നാല് ഋതുക്കളിലൂടെയാണ് ചിത്രത്തിന്‍റെ കഥ പറയുന്നത്. അതുകൊണ്ട് തന്നെ പലകാലാവസ്ഥയിലൂടെയും സഞ്ചരിക്കാൻ പറ്റി. മണാലി, മണ്‍ട്രോ തുരുത്ത്, തുടങ്ങിയ സ്ഥലങ്ങളിലെ ഷൂട്ടിംഗ് അനുഭവം മറക്കാൻ കഴിയാത്ത ഓര്‍മകളാണ് സമ്മാനിച്ചത്. ഭീകരമായ തണുപ്പിലായിരുന്നു ആദ്യ ഷൂട്ടിംഗ്. തണുത്ത് ഐസാവുന്ന അവസ്ഥയായിരുന്നു പലപ്പോഴും. എന്നാല്‍ അണിയറപ്രവര്‍ത്തകരുടെ സഹകരണം എടുത്ത് പറയേണ്ട കാര്യമാണ്. സിങ്ക് സൗണ്ട് ആണ് ചിത്രത്തിന് ഉപയോഗിച്ചിരിക്കുന്നത്. തണുപ്പ് കാരണം പലപ്പോഴും ശ്വാസതടസമുണ്ടായി. ഇതിന്‍റെ ഷൂട്ടിംഗ് സമയത്ത് തന്നെയാണ് വരത്തൻ ചിത്രത്തില്‍ അഭിനയിക്കാൻ അമല്‍ നീരദ് വിളിക്കുന്നത്. എന്നാല്‍ ഡെയ്റ്റ് പ്രശ്‍നം കാരണം അതില്‍ അഭിനയിക്കാൻ സാധിച്ചില്ല.


സ്റ്റേജ്‌ ആർട്ടിസ്റ്റില്‍ നിന്ന് സിനിമയിലേക്ക്?

2012ലാണ് ജയൻ കെ ചെറിയാൻ ഒരുക്കിയ പാപ്പിലിയോ ബുദ്ധയിലൂടെ ‌ഞാൻ സിനിമയിലേക്ക് എത്തുന്നത്. ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള പ്രത്യേക പരാമർശം എനിക്ക് ലഭിച്ചു. പിന്നെ ഇയ്യോബിന്റെ പുസ്‍തകത്തിലെ ചീരു എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. റാണി പദ്‍മിനിയില്‍ അഭിനയിച്ചു. 2017-ൽ  അരുൺ കുമാർ അരവിന്ദ്‌ സംവിധാനം ചെയ്‍ത 'കാറ്റ്‌' എന്ന ചിത്രത്തിൽ  ശ്രദ്ധേയമായ കഥാപാത്രത്തെ ചെയ്യാൻ പറ്റി. വെളുത്ത രാത്രി, വൃത്താകൃതിയിലുള്ള ചതുരം,  ശംഭു പുരുഷോത്തമൻ സംവിധാനം ചെയ്യുന്ന 'പാപം ചെയ്യാത്തവർ കല്ലെറിയട്ടെ' എന്നീ ചിത്രങ്ങളിലും അഭിനയിച്ചു.