ആമിർ എന്ന കഥാപാത്രത്തെ ആസിഫ് അലി അല്ലാതെ മറ്റൊരാളെ ചിന്തിക്കാൻ കൂടി കഴിയില്ലെന്ന് താമർ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് പറഞ്ഞു.
തലവൻ, കിഷ്കിന്ധാകാണ്ഡം, ലെവൽ ക്രോസ്സ്, രേഖാചിത്രം തുടങ്ങി ഹാട്രിക് ഹിറ്റടിച്ച് നിൽക്കുന്ന ആസിഫ് അലിയുടേതായി ഏറ്റവും പുതിയതായി സർക്കീട്ട് തിയേറ്ററുകളിലേക്ക് എത്തുകയാണ്. മെയ് എട്ടിന് തിയേറ്ററുകളിലെത്തുന്ന ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്നത് ആയിരത്തൊന്ന് നുണകൾക്ക് ശേഷം താമറാണ്. ആമിർ എന്ന കഥാപാത്രത്തെ ആസിഫ് അലി അല്ലാതെ മറ്റൊരാളെ ചിന്തിക്കാൻ കൂടി കഴിയില്ലെന്ന് താമർ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് പറഞ്ഞു.
ആമിറിലേക്ക് ആസിഫ് അലി എത്തിയത്?
സോണി ലിവ്വിൽ എന്റെ ആദ്യ സംവിധാന ചിത്രം ആയിരത്തിയൊന്ന് നുണകൾ എന്ന ചിത്രം കണ്ട ആസിക്ക (ആസിഫ് അലി ) എന്നെ ഇങ്ങോട്ട് വിളിച്ച്, നമുക്ക് ഒരു സിനിമ ചെയ്യാമെന്ന് പറയുകയായിരുന്നു. സർക്കിട്ടിന്റെ കഥ പറഞ്ഞതും ആസിക്കയ്ക്ക് കണക്ട് ചെയ്തു. പിന്നീടുള്ള പ്രോസസ്സ് എല്ലാം പെട്ടന്നായിരുന്നു. മെച്ചപ്പെട്ട ജീവിതത്തിനായി ഗൾഫിലേക്ക് ചേക്കേറുകയും, എന്നാൽ വിസിറ്റിങ് വിസ തീരാറാവുമ്പോഴും ജോലിയൊന്നും കണ്ടെത്താൻ കഴിയാതെ തൊഴിലില്ലായ്മയുടെ ഏറ്റവും മോശം അവസ്ഥയിൽ നിൽക്കുമ്പോൾ, അവിചാരിതമായി അയാളുടെ ജീവിതത്തിലേക്ക് ജപ്പു എന്ന കുട്ടി കയറിവരുകയുമാണ്. പിന്നീട് ഇവരൊന്നിച്ചുള്ള യാത്രയാണ് സർക്കിട്ടിന്റെ പറഞ്ഞു വയ്ക്കുന്നത്. ഇതൊരു കുട്ടികളുടെ സിനിമ മാത്രമല്ല, വളരെ ഗൗരവമായ ഒരുപാട് തലങ്ങളിലേക്ക് സിനിമ കൊണ്ട് പോകും. കണ്ണും മനസ്സും നിറയ്ക്കുന്ന വൈകാരിക രംഗങ്ങൾ സിനിമയിലുണ്ട്. ആസിഫിക്കയ്ക്ക് മലയാളികൾക്ക് ഇടയിൽ അവരുടെ സ്വന്തം ഒരാളാണെന്ന് ഒരു ഇമേജുണ്ട്. അതുകൊണ്ട് തന്നെ അമീറായി പ്രേക്ഷകർക്ക് കൂടുതൽ കൺവീൻസ് ചെയ്യാനും സാധിക്കും.
ഇത് മലയാളത്തിലെ 'താരെ സമീർ പർ' ആണോ?
നമ്മൾ കാണാൻ ആഗ്രഹിക്കുന്ന പോലെയുള്ള സിനിമകൾ ചെയ്യാൻ ഭാഗ്യം ലഭിച്ച ഒരാളാണ് ഞാൻ, താരെ സമീർ പർ ഇഷ്ടപ്പെട്ട സിനിമയാണ്. ഇത് ജപ്പുവിന്റെയും അമീറിന്റെയും ജപ്പുവിന്റെ മാതാപിതാക്കളുടെയും കഥയാണ്. കറക്റ്റ് ടൈമിലാണ് ഇത് റിലീസിന് എത്തുന്നത്, കുട്ടികളുടെ വെക്കേഷൻ സമയം. എന്നാൽ, ഇത് കുട്ടികളുടെ മാത്രം സിനിമയല്ല. മാതാപിതാക്കളുടേത് കൂടിയാണ്. അവരും നിർബന്ധമായി ഇത് കണ്ടിരിക്കണം. ഒരു സിനിമ എന്നതിലുപരി ഇതിൽ പറഞ്ഞു വയ്ക്കുന്ന രാഷ്ട്രീയം ഒരുപാട്പേരിലേക്ക് എത്തണമെന്ന് ഞങ്ങളുടെ ടീമിനും നിർബന്ധമുണ്ട്.
പൂർണമായി യുഎയിലായിരുന്നോ ചിത്രീകരണം?
യെസ്, പൂർണമായും യു എ യിൽ ചിത്രീകരിച്ച സിനിമയാണിത്. ഫുജൈറ,റാസൽഖൈമ,ഷാർജ തുടങ്ങിയ സ്ഥലങ്ങളിലൊക്കെ ഷൂട്ട് ചെയ്തതു. യു എ യിൽ നടക്കുന്ന ഒരു കഥയാണ് സർക്കീട്ട്.
ഇതിന്റെ അണിയറയിൽ ?
കുറച്ചു വർഷങ്ങൾക്ക് ശേഷം ഗോവിന്ദ് വസന്ത മലയാളത്തിൽ ചെയ്യുന്ന പ്രോജക്ടാണ് സർക്കീട്ട്. അദ്ദേഹത്തിന്റെ ശ്രദ്ധിക്കപ്പെടുന്ന വർക്കായിരിക്കും സർക്കീട്ടിലേത് എന്ന് ഞങ്ങൾക്ക് ആത്മവിശ്വാസമുണ്ട്. കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിന് ശേഷം സംഗീത് പ്രതാപ് ആദ്യമായി എഡിറ്റ് ചെയ്ത സിനിമയാണ് സർക്കീട്ട്. കാനിൽ സ്വീകാര്യത കിട്ടിയ 'ആൾ വീ ഇമേജിൻ ആസ് ലൈറ്റ്' എന്ന ചിത്രത്തിന് ശേഷം ദിവ്യ പ്രഭ ആദ്യമായി അഭിനയിക്കുന്ന ചിത്രവും സർക്കിട്ടാണ്. ജപ്പുവിന്റെ അമ്മ വേഷമാണ് ദിവ്യ അവതരിപ്പിക്കുന്നത്. ദീപക്ക് പറമ്പോൽ ജപ്പുവിന്റെ അച്ഛൻ വേഷം ചെയ്യുന്നത്. ദീപക്കിന്റെതും കരിയർ ബെസ്റ്റ് പെർഫോമൻസ് ഇതിലേതാവുമെന്ന് ഞങ്ങളുടെ ടീമിന്റെ ആത്മവിശ്വാസമാണ്.
ആസിഫ് എന്ന ആർട്ടിസ്റ്റിനെ കുറിച്ച് ?
സർക്കീട്ട് യു എ യിൽ ഷൂട്ട് ചെയ്യുന്നത് നല്ല തണുപ്പുള്ള കാലാവസ്ഥയിലായിരുന്നു. സിനിമയിലെ മേജർ ഭാഗം പുറത്ത് ഔട്ട്ഡോറായിരുന്നു. ഏഴു ഡിഗ്രിയായിരിക്കും പുലർച്ചയൊക്കെ, എങ്കിലും ആസിക്ക ഒരു സൂപ്പർസ്റ്റാർ ആണെന്ന ഭാവമൊന്നുമില്ലാതെ ഒരു ദിവസം പോലും തടസം പറയാതെ സന്തോഷമായി വർക്ക് തീർക്കാൻ സഹകരിച്ച ഒരാളാണ്. കഥാപാത്രത്തിന് ഞാൻ പറയുന്നത്തിന് പുറമെ അതിന് മറ്റൊരു തലത്തിലേക്ക് എത്തിക്കാൻ അദ്ദേഹത്തിന്റെ കോൺട്രിബ്യുഷൻ പറയാതിരിക്കാൻ കഴിയില്ല.
ആസിഫ് അലിയ്ക്ക് നായികയില്ലേ ?
ആസിഫ് അലിയ്ക്ക് നായികയില്ല, നായകനെയുള്ളൂ. ജപ്പുവിന്റേയും ആമിറിന്റെയും പോയിന്റ് ഓഫ് വ്യൂയിലൂടെയാണ് കഥ മുന്നേറുന്നത്. ജപ്പുവായി വേഷമിടുന്നത് ഒർഹാനാണ്. മുൻപ് കുഞ്ഞു കുഞ്ഞു റോളുകളിൽ അഭിനയിച്ചിടുന്നുണ്ടെങ്കിലും ആദ്യമായാണ് മുഴുനീള ചിത്രത്തിൽ അഭിനയിക്കുന്നത്. അവനും ആസിക്കയും പെട്ടന്ന് കൂട്ടായി. അവനെ കംഫോർട്ടാക്കിയാണ് ഷൂട്ട് നടന്നത്, അവനെ ടീം അത്രത്തോളം ശ്രദ്ധിച്ചിരുന്നു.
സർക്കീട്ട് എന്ന ടൈറ്റിലേക്ക് വന്നത് ?
നാട്ടുമ്പുറങ്ങളിൽ സാധരണമായി ഉപയോഗിക്കുന്ന ഒരു വാക്കാണ് സർക്കീട്ട്. ഈ സിനിമയിലേക്ക് വരുമ്പോൾ അത് നമുക്ക് രണ്ടു തരത്തിൽ ഉപയോഗിക്കാം.ഒരുപാട് സ്വപ്‌നങ്ങൾ കണ്ട് വന്ന്, ജോലിയൊന്നും കിട്ടാതെയുള്ള ആമിറിന്റെ അലച്ചലിനെ വേണമെങ്കിൽ നമുക്ക് ഈ ടൈറ്റിലിനോട് ഉപമിച്ചു പറയാം. അല്ലാതെ സന്തോഷം തരുന്ന ഒരു കറങ്ങി നടക്കലിനെയും നമുക്ക് പറയാം. ജപ്പുവും ആമിറുമൊത്തുള്ള രസകരമായ ഒരു സർക്കീട്ട് എന്നും നമുക്ക് പറയാം.
ചെയ്ത സിനിമകളിലെല്ലാം വ്യക്തമായ രാഷ്ട്രീയം ഉണ്ടായിരുന്നു ?
വെറുതെ ഒരു സിനിമ ചെയ്തു വയ്ക്കുക എന്നതിലുപരി പറയുന്ന സിനിമകളിൽ കൃത്യമായ ഒരു കാര്യം സംസാരിക്കണമെന്ന് നിർബന്ധമുണ്ട്. ആദ്യ സിനിമയാണെങ്കിലും ക്രിട്ടിക്കലി ശ്രദ്ധേയമായ സിനിമയായിരുന്നു. അല്ലാത്ത കോമേഷ്യൽ കണ്ടൻറ് സിനിമകളും ചെയ്യും.
ഫെമിനിച്ചീ ഫാത്തിമയുടെ നിർമാതാവ് ?
ഫെമിനിച്ചിയുടെ ഫാത്തിമ എഴുതി സംവിധാനം ചെയ്ത ഫാസിൽ മുഹമ്മദ് എന്റെ ആയിരത്തിയൊന്ന് നുണകളുടെയും സർക്കിട്ടിന്റെയും സ്പോട്ട് എഡിറ്ററാണ്. ഫാസിൽ കഥ പറഞ്ഞപ്പോൾ തന്നെ ഇഷ്ടമായി.അതുകൊണ്ട് അവർക്ക് സപ്പോർട്ടായി പ്രൊഡ്യൂസറായി കൂടെ നിൽക്കുകയാണ് ചെയ്തത്. ഫെസ്റ്റിവൽ വേദികളിലെല്ലാം വലിയ സ്വീകാര്യത ലഭിച്ചപ്പോൾ സന്തോഷമായി. ജൂണിൽ ഫെമിനിച്ചീ ഫാത്തിമ തിയേറ്ററുകളിലേക്ക് എത്തിക്കാനാണ് ഞങ്ങളുടെ തീരുമാനം. അതുപോലെ ഡോൾബി ദിനേശൻ ഇനി ഷൂട്ടിംഗ് ആരംഭിക്കാൻ പോകുന്നു.


