ഗിരീഷ് എ ഡിയുടെ ഒരു നിവിന്‍ പോളി ചിത്രം എഡിറ്റ് ചെയ്യാനുള്ള അവസരം ആകാശ് ജോസഫ് വര്‍ഗീസിനെ സംബന്ധിച്ച് അമൂല്യമായ ഒന്നാണാ്. അതിന് കാരണങ്ങളുമുണ്ട്. ഓണത്തിന് തിയറ്ററുകള്‍ നിറച്ചുകൊണ്ടിരിക്കുന്ന ചിത്രത്തിന്‍റെ എഡിറ്ററുമായി അഭിമുഖം
2026 ഓഗസ്റ്റ് 21. അന്നേദിവസം മലയാളികൾ ഒന്നടങ്കം കാത്തിരുന്നൊരു സിനിമ റിലീസ് ചെയ്യുകയാണ്. നിവിൻ പോളി നായകനായി എത്തിയ ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’. ലിസ്റ്റിൻ സ്റ്റീഫന്റെ പുതിയ തിയറ്ററിൽ സിനിമയുടെ ആദ്യ ഷോ നടക്കുകയാണ്. തിയറ്ററിന് പുറത്ത് സിനിമയുടെ റിസൾട്ട് എന്താകും എന്ന ആശങ്കയോടെ ടെൻഷനടിച്ച് ഒരാൾ നിൽക്കുന്നുണ്ട്. പേര് ആകാശ് ജോസഫ് വർഗീസ്. ബെത്‌ലഹേം കുടുംബ യൂണിറ്റിന്റെ എഡിറ്റർ. സിനിമ റിലീസ് ചെയ്ത് മൂന്ന് ദിവസങ്ങൾക്കിപ്പുറം താൻ എഡിറ്റ് ചെയ്ത സിനിമ ആദ്യമായി കാണാൻ കുടുംബവുമൊത്ത് ആകാശ് പോകുമ്പോൾ ആ മനസിൽ ടെൻഷനില്ല. പകരം നിർവൃതി മാത്രം. താൻ ചെയ്തുവെച്ച വർക്ക് സിനിമാസ്വാദകർ ഏറ്റെടുത്തുവെന്നതിന്റെ നിർവൃതി. തദവസരത്തിൽ ബെത്‌ലഹേം കുടുംബ യൂണിറ്റിനൊപ്പമുള്ള തന്റെ യാത്രയെക്കുറിച്ച് ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനുമായി സംസാരിക്കുകയാണ് ആകാശ് ജോസഫ് വർഗീസ്. പ്രേമലു, സൂപ്പർ ശരണ്യ, എ ആം കാതലൻ തുടങ്ങി ഗിരീഷ് എ.ഡി സിനിമകളുടെ എല്ലാം എഡിറ്റർ കൂടിയാണ് ആകാശ്.
ഭയങ്കര സന്തോഷം
ഞാൻ വളരെ എക്സൈറ്റഡ് ആണ്. ഭയങ്കര സന്തോഷം. എനിക്ക് ആദ്യ ഷോ കാണാൻ പറ്റിയിരുന്നില്ല. ഫസ്റ്റ് ഷോ നടക്കുമ്പോൾ തിയറ്ററിന് പുറത്തായിരുന്നു ഞാൻ. ടെൻഷനൊക്കെ ആയിട്ട് എനിക്ക് തിയറ്ററിൽ കയറാൻ പറ്റുന്നുണ്ടായില്ല. എല്ലാവരും വിളിച്ച് തിയറ്റർ പ്രതികരണങ്ങളൊക്കെ അറിയിച്ചപ്പോൾ ഒത്തിരി സന്തോഷമായി. നമ്മൾ ചെയ്ത വർക്കിന് ഇത്രയും പോസിറ്റീവ് ആയൊരു പ്രതികരണം ലഭിക്കുന്നല്ലോയെന്നോര്‍ത്ത് സന്തോഷം.
സിനിമയുടെ ഷൂട്ടിംഗ് തുടങ്ങുന്നതിന് മുൻപ് എല്ലാ ടെക്നീഷ്യൻമാരും പങ്കെടുക്കുന്ന സ്ക്രിപ്റ്റ് റീഡിംഗ് സെക്ഷൻ ഉണ്ടാവാറുണ്ട്. അതിലൂടെ സിനിമ പക്കയാണെന്ന് മനസിലാവും. പ്രേമലു 2 ന്റെ സ്ക്രിപ്റ്റ് സെക്ഷനിലും അങ്ങനെ തന്നെ തോന്നി. ഒന്നാം ഭാഗത്തേക്കാൾ അടിപൊളി ആയിരുന്നു അത്. അഭിനേതാക്കളുടെ പ്രകടനവും കൂടി കിട്ടിയാൽ ബെത്‌ലഹേം കുടുംബ യൂണിറ്റ് പൊളിക്കും എന്ന് തോന്നി. അത് ഫസ്റ്റ് ഷോ കഴിഞ്ഞപ്പോൾ തന്നെ ഉറപ്പുമായി.

ടെൻഷനടിച്ച് തിയറ്ററിന് പുറത്ത്
ഷൂട്ടിംഗ് തുടങ്ങുന്നത് മുതൽ സിനിമയുടെ എഡിറ്റിംഗ് പ്രോസസ് സ്റ്റാർട്ട് ചെയ്യുകയാണ്. മറ്റ് ഏത് ഡിപ്പാർട്മെന്റിനേക്കാളും നമ്മളാണ് ആ സിനിമയെ കൊണ്ടു നടക്കുന്നത്. സിനിമയുടെ എല്ലാ സ്റ്റേജസും നമുക്ക് വിസിബിളാണ്. ഒടുവിൽ അതിനെ ജനങ്ങളിലേക്ക് വിടുകയാണ്. അതെങ്ങനെ അവർ എടുക്കും എന്നൊരു ടെൻഷൻ നമുക്ക് എപ്പോഴും ഉണ്ടാവും. അതുകൊണ്ട് ഫസ്റ്റ് ഷോ എനിക്ക് കാണാൻ പറ്റാറില്ല. പ്രേമലുവും ഫസ്റ്റ് ഷോ കണ്ടില്ല. ബെത്‌ലഹേം കുടുംബ യൂണിറ്റും കണ്ടില്ല. ഞാൻ തിയറ്ററിന് പുറത്ത് തന്നെ ഉണ്ടായിരുന്നു. ലിസ്റ്റിൻ സ്റ്റീഫൻ ചേട്ടന്റെ കാക്കനാടുള്ള പുതിയ തിയറ്ററിന് മുന്നിലുണ്ടായിരുന്നു ഞാൻ.
ഗിരീഷ് എ.ഡി- ആകാശ് കൂട്ടുകെട്ട്
തണ്ണീർ മത്തൻ ദിനങ്ങൾക്ക് മുൻപുള്ള പരിചയമാണ് ഞാനും ഗിരീഷ് എ.ഡിയും തമ്മിൽ. അദ്ദേഹത്തിന്റെ മൂക്കൂത്തി എന്നൊരു ഷോർട് ഫിലിം ഞാനാണ് എഡിറ്റ് ചെയ്തത്. അന്ന് ഞങ്ങൾക്കൊരു കൂട്ടുകെട്ടുണ്ട്. അവരുടെ എല്ലാ ഷോർട് ഫിലിംസും എഡിറ്റ് ചെയ്തിരുന്നത് ഞാനാണ്. ആ സമയം മുതലുള്ള പരിചയമാണ് ഗിരീഷുമായി. പുള്ളി ഭയങ്കര അടിപൊളി മനുഷ്യനാണ്. തണ്ണീർ മത്തൻ ദിനങ്ങൾ, സൂപ്പർ ശരണ്യ, പ്രേമലു ഒക്കെ ഹിറ്റ് പടങ്ങളായിട്ടും ഗിരീഷ് ഇപ്പഴും ഡൗൺ ടു എർത്തായിട്ടുള്ള മനുഷ്യനാണ്. അതെന്നെ വല്ലാതെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. വേറെ ഏതെങ്കിലും സംവിധായകർ ആണെങ്കിൽ ഒരുപക്ഷേ ഇങ്ങനെയൊന്നും ആയിരിക്കില്ലെന്ന് തോന്നുന്നു.
‘പ്രേമലു’വിന്റെ റൺ ടൈമുമായി ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’
2 മണിക്കൂർ 36 മിനിറ്റാണ് ‘ബെത്‌ലഹേം കുടുംബ യൂണിറ്റി’ന്റെ ദൈർഘ്യം. പ്രേമലുവിന്റെ സെയിം റൺ ടൈം ആണ്. 3 മണിക്കൂർ 2 മിനിറ്റ് ആയിരുന്നു ഫസ്റ്റ് കട്ട്. കണ്ടന്റ് 2 മണിക്കൂർ 34 മിനിറ്റേ ഉള്ളൂ ഫൈനല്‍ കോപ്പി. പിന്നെ സെൻസറിങ്ങും സ്പെഷ്യൽ താങ്ക്സും എല്ലാം കയറിയപ്പോഴാണ് 2 മണിക്കൂർ 36 മിനിറ്റ് ആയത്. ഗിരീഷും കിരണും എഴുതിയ സ്ക്രിപ്റ്റിൽ തന്നെ പല മൈന്യൂട്ട് കാര്യങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. അത് കറക്ട് മീറ്ററിൽ തന്നെ അഭിനേതാക്കളെ കൊണ്ട് ഗിരീഷ് ചെയ്യിച്ചിട്ടുമുണ്ട്. അത് പെർഫോം ചെയ്യാൻ പറ്റിയ ആളുകളെ ആണ് കാസ്റ്റും ചെയ്തിരിക്കുന്നത്. എഡിറ്റിൽ എത്തിയപ്പോൾ അതിനെ എൻഹാൻസ് ചെയ്യുകയാണ് ചെയ്തത്. ഗിരീഷിന്റെ പ്രധാന സ്ട്രോംഗ് പോയിന്‍റ് ഹ്യൂമറാണ്. അദ്ദേഹത്തോടൊപ്പം വർക്ക് ചെയ്ത്, ചെയ്ത ഞാനും അതിൽ ഒരു എക്സ്പേർട്ട് പോലെ ആയി. ഒരാളൊരു കൗണ്ടർ പറയുമ്പോൾ ഇപ്പുറത്തൊരാളുടെ റിയാക്ഷൻ ഉണ്ടാവുമെന്ന് നമുക്ക് അറിയാം. അതുകൊണ്ട് അത്ര ടഫ് അല്ലാതെ കാര്യങ്ങൾ ചെയ്യാൻ പറ്റിയിട്ടുണ്ട്.

ഓണം റിലീസായി എത്തിക്കണമെന്ന ആഗ്രഹം
എന്റെ ഓർമ ശരിയാണെങ്കിൽ 104 ദിവസം കൊണ്ടാണ് സിനിമ ഷൂട്ട് ചെയ്തിരിക്കുന്നത്. ജനുവരിയിലാണ് തുടങ്ങിയത്. 2025 നവംബറിൽ ഷൂട്ടിംഗ് പ്ലാൻ ചെയ്തതായിരുന്നു. പക്ഷേ ഡേറ്റ് ഇഷ്യൂ കാരണം നീണ്ടു പോയി. ഷൂട്ട് കഴിഞ്ഞ് രണ്ട് ദിവസം ആകുമ്പോഴേക്കും ഫൂട്ടേജ് കിട്ടും. അതുകൊണ്ട് എഡിറ്റിംഗ് പാരലലി നടന്നുപോകുന്നുണ്ടായിരുന്നു. ഏപ്രിൽ അവസാനം ആയപ്പോഴും സിനിമ ഡബ്ബിങ്ങിന് കയറ്റി. ജൂൺ, ജൂലൈ രണ്ട് മാസത്തെ പോസ്റ്റ് പ്രൊഡക്ഷനും ഒടുവിൽ ഓഗസ്റ്റിൽ റിലീസും. ഞങ്ങൾക്ക് ഓണം റിലീസായി തന്നെ സിനിമ ഇറക്കണമെന്നുണ്ടായിരുന്നു. ആ സമയത്ത് എനിക്ക് വേറെ രണ്ട് പടങ്ങളുടെ എഡിറ്റ് ഉണ്ടായിരുന്നുവെങ്കിലും കറക്ടായി ചാർട്ട് ചെയ്ത് കൂളായിട്ട് തന്നെ കൈകാര്യം ചെയ്തു.
ഗിരീഷിന്റെ പടങ്ങളിൽ സ്ക്രിപ്റ്റിംഗ് മുതൽ ഞാൻ ഭാഗമാണ്. കഥയും സീനുകളുമൊക്കെ എന്നോട് പറയാറുണ്ട്. സ്ക്രിപ്റ്റിംഗ് ഫേസിൽ നമ്മളെ ഉൾപ്പെടുത്തുന്നത് വലിയൊരു ഗുണമായിട്ടും തോന്നിയിട്ടുണ്ട്. ഞാനും എന്റെ അഭിപ്രായങ്ങൾ പറയാറുണ്ട്. ആവശ്യമുള്ളത് അവർ എടുക്കാറുമുണ്ട്. പ്രേമലുവിനെ പോലെ ബെത്‌ലഹേം കുടുംബ യൂണിറ്റിന്റെ സീനുകൾ അധികം കട്ട് ചെയ്തിട്ടില്ല. പ്രേമലുവിൽ കുറച്ച് സീനുകൾ കളയേണ്ടി വന്നിട്ടുണ്ട്. 3 മണിക്കൂർ 16 മിനിറ്റ് ആയിരുന്നു പ്രേമലുവിന്റെ ഫസ്റ്റ് കട്ട്. ബെത്‌ലഹേം കുടുംബ യൂണിറ്റിൽ വരുമ്പോൾ കൃത്യമായി അളന്ന് മുറിച്ചാണ് തിരക്കഥ എഴുതിയിരിക്കുന്നത്.
ഭാവനാ സ്റ്റുഡിയോസ് പക്ക പ്രൊഫഷണൽ
ഭാവനാ സ്റ്റുഡിയോസിനൊപ്പമുള്ള എന്റെ രണ്ടാമത്തെ പടമാണ് ബെത്‌ലഹേം കുടുംബ യൂണിറ്റ്. ആദ്യത്തേത് പ്രേമലു. അവർ പക്ക പ്രൊഫഷണലാണ്. എഡിറ്റ് ചെയ്യുന്നതിന് ഇനി കാശൊന്നും തന്നില്ലെങ്കില്‍പ്പോലും അവർക്കൊപ്പം വർക്ക് ചെയ്യാൻ ഭയങ്കര രസമാണ്. എന്തൊക്കെ ഏതൊക്കെ സമയത്ത് ചെയ്യണമെന്ന് അവർക്ക് കൃത്യമായി അറിയാം. നമുക്കെല്ലാം ഫുൾ സപ്പോർട്ട് നൽകും. അവരും ക്രിയേറ്റ് ആൾക്കാരായത് കൊണ്ടാകും അതെന്നാണ് തോന്നുന്നത്. എഫെർട്ട്ലെസ് ആയിട്ട് ജോലി ചെയ്യാം. വേറെ പ്രൊഡക്ഷൻ ഹൗസ് അങ്ങനെ ചെയ്യുമോന്ന് അറിയില്ല, അത്രയും നന്നായിട്ടാണ് നമ്മളെ അവർ ടേക്ക് കെയർ ചെയ്യുന്നത്. എഡിറ്റിംഗിലൊന്നും ഇടപെടില്ല. എല്ലാം കഴിഞ്ഞ ശേഷം അവർ കാണും. നമ്മളിൽ അവർക്ക് അത്രയും വിശ്വാസമാണ്. ഗിരീഷിലും അദ്ദേഹം കൊണ്ടുവന്ന ടെക്നീഷ്യൻമാരിലും അവർക്ക് വിശ്വാസമുണ്ട്.
സൂപ്പർ സീനിയറായ നിവിൻ ചേട്ടൻ
നിവിൻ ചേട്ടൻ കോളേജിൽ എന്റെ സൂപ്പർ സീനിയർ ആയിരുന്നു. ഞാൻ കോളേജിൽ പഠിക്കുമ്പോഴാണ് തട്ടത്തിൻ മറയത്ത് റിലീസ് ചെയ്യുന്നത്. പ്രേമമൊക്കെ ഇറങ്ങുന്ന സമയത്ത് നിവിൻ ചേട്ടന്റെ പടത്തിൽ ഭാഗമാകണമെന്ന് ആഗ്രഹിച്ചിട്ടുണ്ട്. എഡിറ്റ് ചെയ്യണമെന്ന് സ്വപ്നത്തിൽ പോലും ആഗ്രഹിച്ചിട്ടില്ല. ഗിരീഷിന്റെ പടത്തിലൂടെ ചേട്ടന്റെ പടം എഡിറ്റ് ചെയ്യുക എന്ന് പറയുമ്പോൾ വളരെ വലിയൊരു കാര്യമാണ്. സിനിമയുടെ പ്രിവ്യൂ കഴിഞ്ഞപ്പോൾ ചേട്ടൻ വന്ന് കെട്ടിപ്പിടിക്കുകയൊക്കെ ചെയ്തു. പുള്ളി ഭയങ്കര ഹാപ്പി ആണ്. നമുക്കും സന്തോഷം.

ഗിരീഷ് എ. ഡി എന്ന സംവിധായകൻ
ഭയങ്കര ഒബ്സെർവേഷൻ ഉള്ളൊരു സംവിധായകനാണ് ഗിരീഷ്. നമ്മൾ പലപ്പോഴും മൈന്റ് ചെയ്യാതിരിക്കുന്ന കാര്യങ്ങൾ വരെ പുള്ളി നിരീക്ഷിക്കും. ചില മാനറിസങ്ങളടക്കം. അതുകൊണ്ടാണ് അവ സ്ക്രീനിൽ കാണുമ്പോൾ നമുക്ക് റിലേറ്റ് ചെയ്യാൻ പറ്റുന്നത്. ജീനിയസ് ലെവലിലുള്ള ഒബ്സെർവേഷൻ ആണ്. അത് സ്ക്രിപ്റ്റിൽ കറക്ട് മീറ്ററിൽ വന്ന് വീഴുകയും ചെയ്യും. ഒരു നൂൽ ചരടിലുള്ള കാര്യങ്ങളാണ് അത്. ഒന്ന് അങ്ങോട്ടോ ഇങ്ങോട്ടോ മാറി കഴിഞ്ഞാൽ ഫുൾ ക്രിഞ്ചോ ഡിസാസ്റ്ററോ ആകും. അത് കറക്ട് മീറ്ററിൽ വരുന്നുണ്ടെങ്കിൽ ആ ഒബ്സെർവേഷൻ കാരണമാണ്. അതൊക്കെ ഞാൻ അത്ഭുതത്തോടെ കണ്ടിരുന്നിട്ടുണ്ട്. അതാണ് എനിക്ക് ഗിരീഷ് എ ഡി എന്ന സംവിധായകനിൽ ഏറെ ഇഷ്ടപ്പെട്ടതും.
10 വർഷം മുൻപേ മനസിൽ പേറിയ 'ബെത്‌ലഹേം കുടുംബ യൂണിറ്റ്'
പ്രേമലു ഉൾപ്പടെയുള്ള സിനിമകളേക്കാളും എനിക്ക് ഏറ്റവും ഇഷ്ടമുള്ള സിനിമ ബെത്‌ലഹേം കുടുംബ യൂണിറ്റ് ആണ്. ഗിരീഷിന്റെ ആദ്യ പടമായിട്ട് വരേണ്ടതായിരുന്നു ഇത്. ഷോർട്ട് ഫിലിം ചെയ്യുന്ന സമയത്ത് ബെത്‌ലഹേം കുടുംബ യൂണിറ്റ് എന്ന പേരും ആഷ്ലി എന്ന പേരും മറ്റ് കഥാപാത്രങ്ങളുമെല്ലാം ഗിരീഷിന്റെ മനസിൽ ഉണ്ടായിരുന്നു. പത്ത് പതിനൊന്ന് വർഷം മുൻപേ. ഞാൻ എഡിറ്റ് ചെയ്താലും ഇല്ലെങ്കിലും എനിക്ക് സ്ക്രീനിൽ കാണണമെന്ന് ആഗ്രഹമുള്ളൊരു ഗിരീഷ് എ ഡി പടമായിരുന്നു ഇത്. പ്രേമലു 2 ഉണ്ടാവില്ലെന്ന തീരുമാനം വന്നപ്പോഴാണ് ബെത്‌ലഹേം കുടുംബ യൂണിറ്റിലേക്ക് നമ്മൾ തിരിയുന്നത്. അടുത്ത പടം ബെത്‌ലഹേം കുടുംബ യൂണിറ്റ് ആണെന്ന് പറഞ്ഞപ്പോൾ തന്നെ വല്ലാത്തൊരു സന്തോഷം ആയിരുന്നു.
എഡിറ്റിംഗ് പഠിച്ചിട്ടല്ല സിനിമയിൽ എത്തിയത്
കോളേജ് കാലഘട്ടം മുതലാണ് എഡിറ്റിംഗിനോട് എനിക്ക് താല്പര്യം തോന്നുന്നത്. ഒരു ഹാന്‍ഡിക്യാമില്‍ കോളേജ് പരിപാടികൾ ഷൂട്ട് ചെയ്യുകയും അത് എഡിറ്റ് ചെയ്ത് ഡി.വി.ഡിയിൽ ആക്കി കൊടുക്കുകയും ചെയ്ത സമയങ്ങൾ. അവിടെ നിന്നാണ് എഡിറ്റിംഗിന്‍റെ ആരംഭം. കോളേജിൽ നിന്നും ഇറങ്ങിയ ശേഷം പത്തു നാല്‍പതോളം ഷോർട് ഫിലിമുകൾ എഡിറ്റ് ചെയ്തിട്ടുണ്ട്. പക്ഷേ സിനിമയിൽ വരുമെന്ന് ഒരിക്കൽ പോലും പ്രതീക്ഷിച്ചിരുന്നില്ല. സിനിമയിലുള്ളവരെ പരിചയമില്ല, എഡിറ്റിംഗ് പഠിക്കാനും പോയിട്ടില്ല. പിന്നെ എങ്ങനെ സിനിമയിൽ വരും. എഡിറ്റ് ചെയ്തും സിനിമകൾ കണ്ടുമാണ് പഠിച്ചത്. ഷോർട് ഫിലിംസ് എഡിറ്റ് ചെയ്താണ് എക്സ്പീരിയൻസ് നേടിയത്.
സിനിമയിൽ വരുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. പക്ഷേ ഇപ്പോൾ തിരിഞ്ഞ് നോക്കുമ്പോൾ ഭയങ്കരമായൊരു സന്തോഷവും ഭാഗ്യവുമൊക്കെയായി തോന്നുന്നു. ഭയങ്കര ഹാപ്പിയാണ് ഞാൻ. എഡിറ്റിംഗ് നമ്മുടെ ജീവിതത്തിന്റെ വലിയൊരു ഭാഗമായിക്കഴിഞ്ഞു. ഈ യാത്ര അത്ര ഈസി ആയിരുന്നില്ല. എൻജിനീയറിംഗ് കഴിഞ്ഞിട്ട് എഡിറ്റിംഗിലേക്ക് പോകുമ്പോൾ വീട്ടിൽനിന്നും എതിർപ്പുണ്ടായിരുന്നു. പത്ത് വർഷത്തോളം ഭയങ്കരമായി സ്ട്രഗിൾ ചെയ്തു. എനിക്കൊപ്പം ഉണ്ടായിരുന്ന പലരും വേറെ ഫീൽഡിൽ ജോലി തേടി പോയപ്പോഴും ഞാൻ ഇതിൽ ഉറച്ചുനിന്നു. ആ പാഷൻ തന്നെ പിന്തുടർന്നു. അതാണ് ഇവിടെ വരെ എന്നെ എത്തിച്ചത്.
എഡിറ്റർമാർ തിരിച്ചറിയപ്പെടാതെ പോകുന്നതിൽ വിഷമം
എഡിറ്റർമാർ തിരിച്ചറിയപ്പെടാതെ പോകുന്നതിൽ എനിക്ക് വിഷമം തോന്നിയിട്ടുണ്ട്. ഒരുപടത്തിന്റെ തുടക്കം മുതൽ അത് തിയറ്ററിൽ റിലീസ് ചെയ്യുന്നത് വരെ, റിലീസിന് ശേഷം ഒടിടിയിൽ വരുന്നത് വരെയും അതിന്റെ പുറകിൽ വർക്ക് ചെയ്യുന്നവരാണ് എഡിറ്റർമാർ. അവർ അറിയപ്പെടണമെന്ന് എനിക്ക് ആഗ്രഹമുണ്ട്. എഡിറ്റർ ആകുന്നതിന് മുൻപേ ഞാൻ ആഗ്രഹിക്കുന്നൊരു കാര്യമാണത്. വ്യക്തിപരമായി പറയുകയാണെങ്കിൽ, ആകാശ് ജോസഫ് എന്ന എന്ന എഡിറ്ററെ ആഘോഷിക്കപ്പെടണമെന്ന് ഞാൻ ഒരിക്കലും പറയില്ല. കുറച്ച് പ്രൈവസി ആഗ്രഹിക്കുന്ന ആളാണ് ഞാൻ. പക്ഷേ സാധാരണ ജനങ്ങൾ തിരിച്ചറിഞ്ഞില്ലെങ്കിലും ഇൻസ്ട്രിയിലെ അപ്കമിംഗ് സംവിധായകർ നമ്മുടെ സ്കിൽ തിരിച്ചറിഞ്ഞ്, അവർക്കൊപ്പം വർക്ക് ചെയ്യണമെന്ന് ആഗ്രഹമുണ്ട്.

പുതിയ പടങ്ങൾ
ബിജു മേനോന്റെ അവറാച്ചൻ ആൻഡ് സൺസ് റിലീസിന് ഒരുങ്ങുന്നുണ്ട്. മെറി ബോയ്സ്, പ്രേംപാറ്റ തുടങ്ങിയ സിനിമകളുടെ വർക്ക് നടക്കുന്നുണ്ട്. പിന്നെ അനൗൺസ് ചെയ്യാത്ത ചില സിനിമകളുണ്ട്. ഗിരീഷേട്ടൻ ഒരു പരിപാടി സെറ്റാക്കുന്നുണ്ട്. അത് അദ്ദേഹം തന്നെ പറയട്ടെ. അടുത്തൊരു എക്സൈറ്റിംഗ് പ്രോജക്ട് ആണത്. പിന്നെ നമുക്ക് പറ്റിയൊരു സബ്ജക്ട് വരികയാണെങ്കിൽ ഭാവിയിൽ സിനിമ സംവിധാനവും ചെയ്തേക്കാം. കോളേജിൽ വച്ചെഴുതിയ കുറേ തിരക്കഥകള്‍ ഇരിപ്പുണ്ട്.



