സുഡാനി ഫ്രം നൈജീരിയയ്ക്ക് ശേഷം സക്കറിയ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഹലാല്‍ ലവ് സ്റ്റോറി. ഒടിടി റിലീസായി ആമസോൺ പ്രൈമിലൂടെ ചിത്രം നാളെ പ്രേക്ഷകർക്ക് മുന്നിലെത്തും. ഇന്ദ്രജിത്ത് സുകുമാരൻ, ജോജു ജോർജ്, ഗ്രേസ് ആന്‍റണി, ഷറഫുദ്ദീൻ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ഹലാല്‍ ലവ് സ്റ്റോറിയില്‍ മറ്റു കഥാപാത്രങ്ങളായി പാർവതി തിരുവോത്ത്, സൗബിൻ ഷാഹിർ എന്നിവരും എത്തുന്നു. സിനിമയ്ക്കുള്ളിലെ സിനിമയുടെ കഥപറയുന്ന ചിത്രമാണ് ഹലാല്‍ ലവ് സ്റ്റോറി. 

അതേസമയം, ഹലാല്‍ ലവ് സ്റ്റോറിക്ക് ശേഷം മമ്മൂട്ടിയെ നായകനാക്കിയുള്ള സിനിമ ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് സക്കറിയ. ദി ഹിന്ദുവിന് നൽകിയ അഭിമുഖത്തിലായിരുന്നു സക്കറിയയുടെ വെളിപ്പെടുത്തൽ. ചിത്രത്തിന്‍റെ പേര് തീരുമാനിച്ചില്ലെന്നും കൊവിഡ് പ്രതിസന്ധി തീരുന്നതോടെ മാത്രമേ ചിത്രീകരണം അടക്കമുള്ള കാര്യങ്ങളില്‍ വ്യക്തത വരൂവെന്നും സക്കറിയ പറഞ്ഞു. 

പുതിയ പ്രോജക്ടിനെ കുറിച്ചും ഹലാൽ ലൗ സ്റ്റോറിയെ പറ്റിയും സക്കറിയ ദി ഹിന്ദുവിന് നൽകിയ അഭിമുഖത്തില്‍ നിന്ന്.

പ്രതീക്ഷകൾ ഭാരമല്ല

ഒരിക്കലുമല്ല. എന്റെ ആദ്യ സിനിമ റിലീസ് ചെയ്യുന്നതിന് മുമ്പ് ഞങ്ങൾ അനുഭവിച്ച അതേ ആവേശമാണ് ഇപ്പോഴും ഉള്ളത്. ടീമിനെ സംബന്ധിച്ചിടത്തോളം, ഞങ്ങൾ കാഴ്‍ചക്കാർക്ക് നൽകുന്ന ഒരു പുതിയ ചിത്രമാണിത്. അതുകൊണ്ട് തന്നെ പ്രേക്ഷകർ ഈ സിനിമ സ്വീകരിക്കുന്നുണ്ടോ എന്നറിയാൻ ആകാംക്ഷയിലാണ്. ചലച്ചിത്ര പ്രവർത്തകരെന്ന നിലയിൽ, ഒരു സിനിമയെക്കുറിച്ചുള്ള ജനങ്ങളുടെ സ്വീകാര്യത ഞങ്ങൾക്ക് പ്രധാനമാണ്.

സിനിമയ്‍ക്കുള്ളിലെ സിനിമ

സുഡാനിയിൽ ഒരു പുതിയ തീം ഉണ്ടായിരുന്നു, ഹലാൽ ലവ് സ്റ്റോറി സിനിമയ്ക്കുള്ളിലെ സിനിമയാണ്, പല സിനിമകളിലും ഈ തീം കണ്ടിട്ടുണ്ട്.  ഹലാല്‍ ലവ് സ്റ്റോറി  പുതിയ കാഴ്‍ചപ്പാടാണ്, പുതിയൊരു ടേക്ക്. സിനിമയ്ക്കുള്ളിൽ ഒരു സിനിമയുടെ കഥയുണ്ട്. എന്നാൽ കഥ പറയുന്ന സന്ദർഭവും വിവരണവും ഉള്ളടക്കവും വ്യത്യസ്‍തവും പുതിയതുമാണ്.

അഭിനേതാക്കള്‍ കാട്ടിയ അര്‍പ്പണബോധം

ഞാൻ എപ്പോഴും പ്രവർത്തിക്കാൻ ആഗ്രഹിക്കുന്ന അഭിനേതാക്കളാണ് ഇന്ദ്രജിത്ത്, ജോജു, ഗ്രേസ് ആന്റണി, പാർവതി, ഷറഫ് യു ധീൻ, സൗബിൻ തുടങ്ങിയവര്‍‌. അവരെല്ലാം കഴിവുകളുടെ കലവറകളാണ്. മിക്ക സംവിധായകരും നല്ല അഭിനേതാക്കൾക്കൊപ്പം പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നു. ഹലാൽ ലവ് സ്റ്റോറിയിലെ അഭിനേതാക്കൾ അവരുടെ കഥാപാത്രങ്ങളിലും കഥയിലും കാണിച്ച അർപ്പണബോധം അതിശയകരമായിരുന്നു.

ഒടിടി റിലീസ്

ഒരുപാട് ആശയക്കുഴപ്പമുണ്ട്. നമ്മുടേതുൾപ്പെടെ നിരവധി ചിത്രങ്ങൾ പൂർത്തിയായി റിലീസിന് കാത്തിരിക്കുകയാണ്. പക്ഷേ, ഇപ്പോൾ തീയേറ്ററുകൾ എപ്പോൾ തുറക്കുമെന്ന് നമ്മളിൽ ആർക്കും അറിയില്ല. സർക്കാർ ഉദ്യോഗസ്ഥർ ഉൾപ്പെടെ നാമെല്ലാവരും കാര്യങ്ങൾ പരിഹരിക്കപ്പെടുമെന്ന പ്രതീക്ഷയിലാണ്. പക്ഷേ, ഞങ്ങളെ സംബന്ധിച്ചിടത്തോളം, ഒരു ക്രിയേറ്റീവ് ടീം എന്ന നിലയിൽ, കൂടുതൽ സിനിമകൾ ചെയ്യാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. നിലവിൽ കാഴ്‍ചക്കാരിലേക്ക് എത്തിച്ചേരാനുള്ള ഒരു മാധ്യമമാണ് ഒടിടി പ്ലാറ്റ്‍ഫോമുകൾ.

പുതിയ സിനിമ മമ്മൂട്ടിക്കൊപ്പം

മമ്മൂക്കയുമായി (മമ്മൂട്ടി) ഒരു പ്രോജക്റ്റിന്റെ ചർച്ചയിലാണ്. ചിത്രത്തിന്‍റെ പേര് തീരുമാനിച്ചിട്ടില്ല. കൊവിഡ് പ്രതിസന്ധി തീരുന്നതോടെ മാത്രമേ ചിത്രീകരണം അടക്കമുള്ള കാര്യങ്ങളില്‍ വ്യക്തത വരൂ.

courtesy The Hindu