മെഗാസ്റ്റാര്‍ പദവിയിലേക്ക് മമ്മൂട്ടിയെ ഉയർത്തുന്നതിൽ നിർണായക പങ്ക് വഹിച്ച ചിത്രമായിരുന്നു ഡെന്നിസ് ജോസഫിന്റെ തിരക്കഥയിൽ ജോഷി സംവിധാനം ചെയ്‍ത ന്യൂഡെൽഹി. ഒരേ പോലെ നാല് ഭാഷയിലേക്ക് റീമെയ്ക്ക് ചെയ്‍ത ചിത്രം തമിഴ്‍നാട്ടിലും 100 ദിവസം ഓടി ചരിത്രം സൃഷ്‍ടിച്ചിരുന്നു.  തുടര്‍ പരാജയങ്ങൾ കാരണം  മമ്മൂട്ടിയുടെ കാലം കഴിഞ്ഞെന്ന്  എഴുതിത്തള്ളിയ വിമര്‍ശകര്‍ക്കുള്ള മറുപടി കൂടിയായിരുന്നു ചിത്രം. നേരിനെ നേരായി പറയാൻ ശ്രമിച്ചതിന്റെ പേരിൽ ജീവിതം കൈവിട്ടുപോകുന്ന മാധ്യമപ്രവർത്തകനായ ജികെയുടെ പ്രതികാരകഥയിൽ മമ്മൂട്ടി എന്ന നടന്‍ തന്‍റെ താരമൂല്യത്തെ പടുത്തുനിര്‍ത്തി. തളര്‍ന്ന ശരീരവും കയ്യിലേന്തിയ തൂലികയുമായി ജി കൃഷ്‍ണമൂർത്തിയെന്ന കഥാപാത്രം മമ്മൂട്ടിയെന്ന നടനെയും താരത്തെയും ബോക്‌സ് ഓഫീസില്‍ തിരികെയെത്തിച്ചു.  സുമലത, ഉര്‍വശി, ത്യാഗരാജന്‍, സിദ്ദിഖ്, വിജയരാഘവന്‍, മോഹന്‍ ജോസ്, ദേവന്‍, സുരേഷ് ഗോപി, പ്രതാപ് ചന്ദ്രന്‍ തുടങ്ങി വമ്പന്‍ താരനിര അണിനിരന്ന ചിത്രം മലയാളത്തിലെ ഏകാലത്തെയും വലിയ വിജയങ്ങളിലൊന്നായി നിലകൊള്ളുന്നു. ചിത്രം ഇറങ്ങി 33 വർഷങ്ങൾ പിന്നിടുമ്പോൾ ചിത്രത്തിന്റെ വിശേഷങ്ങൾ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പങ്കുവെക്കുകയാണ്  തിരക്കഥാകൃത്ത് ഡെന്നിസ് ജോസഫ്. മനു വർഗീസ് നടത്തിയ അഭിമുഖം.

എന്റെ സ്ഥാനം സിനിമയിൽ ഉറപ്പിച്ചത് ന്യൂഡെൽഹി

ന്യൂഡെൽഹി എന്ന സിനിമയെക്കുറിച്ച് ഏത് കാലത്ത് ചര്‍ച്ച വരുമ്പോഴും ആദ്യം പരാമര്‍ശിക്കുന്നത് മമ്മൂട്ടിക്ക് കരിയറില്‍ വമ്പന്‍ തിരിച്ചുവരവ് നല്‍കിയ സിനിമയെന്നതാണ്. അങ്ങനെ പറയുമ്പോൾ തന്നെ  ഞാൻ പറയുന്നത് എന്റെ സ്ഥാനം സിനിമയിൽ ഊട്ടിയുറപ്പിക്കാൻ കഴിഞ്ഞത് ന്യൂ ഡെൽഹി എന്ന സിനിമകൊണ്ടാണെന്നാണ് . ഒരു പക്ഷേ ന്യൂഡെൽഹി ഇല്ലെങ്കിലും മമ്മൂട്ടിയും ജോഷിയുമൊക്കെ  വലിയ വിജയങ്ങൾ സിനിമയില്‍ തീർക്കുമായിരുന്നു. തുടർച്ചയായ പരാജയങ്ങളുടെ നടുവിൽ എനിക്ക് വലിയ വിജയം നൽകുന്നത്  ന്യൂഡെൽഹിയാണ്. അതിന് ശേഷം വിജയ-പരാജയങ്ങൾ എന്നെ ബാധിക്കാറായി. ന്യൂഡെൽഹി ഇല്ലായിരുന്നെങ്കിലും മമ്മൂട്ടി നിലനിൽക്കുമായിരുന്നു. പക്ഷെ എന്റെ കാര്യത്തിൽ നിർണായകമായത് ന്യൂ ഡെൽഹി തന്നെയാണ്. മലയാള സിനിമയില്‍ തിരക്കഥാകൃത്ത് എന്ന നിലയില്‍  ഒരു സ്ഥാനം ഉറപ്പിക്കാൻ ന്യൂഡെൽഹി എന്ന ചിത്രത്തിലൂടെ എനിക്ക് കഴിഞ്ഞു.

ഹീറോയിസത്തിന്റെ പതിവ് രീതികൾ മാറ്റിയ ജി കൃഷ്‍ണമൂര്‍ത്തി

പാതി ചില്ല് തകര്‍ന്ന കണ്ണട, നൂല്‍ക്കമ്പിയിലുള്ള കണ്ണടക്കാല്‍ വച്ചിരിക്കുന്ന മമ്മൂട്ടി,  മമ്മൂട്ടിയുടെ ഇന്‍ട്രോ ഭാഗം സിനിമയില്‍ തുടങ്ങുന്നത് ഇങ്ങനെയാണ്. വലിയ ആക്ഷൻ രംഗമോ, ആരവങ്ങളോ ഒന്നും ഇല്ലാതെയായിരുന്നു ഞാൻ  മമ്മൂട്ടിയുടെ ജികെ എന്ന കഥാപാത്രത്തെ സൃഷ്‍ടിച്ചത്.  എല്ലാം തകർന്ന നായകനില്‍ നിന്നായിരുന്നു തുടക്കം. കഥയുടെ പശ്ചാത്തലം ഡൽഹിയായിരിക്കണം എന്ന് കഥ എഴുതി തുടങ്ങിയപ്പോൾ തന്നെ തീരുമാനിച്ചിരുന്നു. അതിന് ഒരു കാരണവും ഉണ്ട്. മലയാളത്തിലെ ഒരു പത്രാധിപരോ,  പത്രമുതലാളിയോ, സിനിമയിലെ പോലെ ഒരു കൊലപാതകം ആസൂത്രണം ചെയ്തെന്ന് പറഞ്ഞാല്‍ ആ സമയത്ത് പ്രേക്ഷകർ ഉൾകൊള്ളണമെന്നില്ല. അങ്ങനെയാണ് ഡൽഹി പശ്ചാത്തലമായത്. ആ കാലഘട്ടത്തില്‍ ഡല്‍ഹിയില്‍ ചിത്രീകരിച്ച ആദ്യ പടം എനിക്ക് തോന്നുന്നു ന്യൂഡെൽഹിയാണെന്ന്. ഇംഗീഷ് പത്രം, ഡൽഹി എന്നെല്ലാം പറയുമ്പോൾ ആ കാലത്ത് ഒരു ദുരൂഹത നിലനിൽക്കുന്നുണ്ടായിരുന്നു. അത് കൊണ്ട് തന്നെ ഒരു നുണക്കഥ ഡൽഹിയുടെ പശ്ചാത്തലത്തില്‍ വിശ്വസിക്കാൻ ആളുകൾ തയ്യാറാവും അത് നല്ല രീതില്‍ പ്രയോജനപ്പെടുത്താൻ ചിത്രത്തിനായി.

സിനിമയിലെ പഞ്ച് ഡയലോഗുകൾ

സീസറിനുള്ളത് സീസറിന് തന്നെ വരും, ഇവിടെ പലരുടെയും തലയിലെഴുതുന്നതും മായ്ക്കുന്നതും ഞാനാണ്, ഇങ്ങനെ നിരവധി പഞ്ച് ഡയലോഗുകൾ സിനിമയിലുണ്ട്. സീനുകളോട് ചേർന്ന് വരുന്ന കരുത്തുറ്റ സംഭാഷണമാണ് എല്ലാം. ഡല്‍ഹിക്ക് പുറപ്പെട്ടപ്പോൾ 13 സീനാണ് എന്റെ കൈയിലുണ്ടായിരുന്നത്. പിന്നെ പലപ്പോഴും വെട്ടിയും തിരുത്തിയുമാണ് തിരക്കഥ പൂർത്തിയാക്കിയത്. ഷൂട്ടിംഗിന്റെ ഇടയിലും എഴുത്ത് നടന്നിരുന്നു. 22 ദിവസം കൊണ്ടാണ് ജോഷി ന്യൂഡല്‍ഹി ചിത്രീകരിച്ചത്.

സുരേഷ് ഗോപി മുതല്‍ ത്യാഗരാജൻ വരെ

സുരേഷ് ഗോപി, പ്രതാപ് ചന്ദ്രന്‍, സിദ്ദിഖ്, വിജയരാഘവന്‍, മോഹന്‍ ജോസ്, ദേവന്‍, സുമലത,ഉര്‍വശി, ത്യാഗരാജന്‍ തുടങ്ങി ഒരു വൻ താരനിര തന്നെയുണ്ട് ചിത്രത്തില്‍. എല്ലാവരും അവരുടെതായ വേഷങ്ങൾ മികച്ചതാക്കി. ജൂബിലി ജോയിയാണ് ചിത്രം നിർമ്മിച്ചത്. ചിത്രത്തില്‍ ത്യാഗരാജന്‍ അവതരിപ്പിച്ച വിഷ്‍ണു എന്ന കഥാപാത്രത്തിനായി ആദ്യം സമീപിച്ചത് സത്യരാജിനെയാണ്. എന്നാല്‍ അദ്ദേഹത്തിന് ആ റോൾ സ്വീകരിക്കാൻ കഴിഞ്ഞില്ല. അങ്ങനെയാണ്ത്യാഗരാജനിലേക്ക് ആ റോള്‍ എത്തിയത്.

പുതിയ ചിത്രങ്ങൾ പണിപ്പുരയില്‍

ഹാപ്പി വെഡിങ്, ചങ്ക്‌സ്, ഒരു അടാർ ലവ്, ധമാക്ക എന്നീ ചിത്രങ്ങൾക്ക് ശേഷം ഒമർ ലുലു ഒരുക്കുന്ന പുതിയ ചിത്രത്തിന്റെ എഴുത്തിലാണ് ഞാൻ. ബാബു ആൻറണിയാണ് പ്രധാന വേഷത്തിലെത്തുന്നത്. അതല്ലാതെ പ്രമോദ് പപ്പന്റെ ഒരു ചിത്രമുണ്ട്. ഏകദേശം തൊണ്ണൂറ് ശതമാനത്തോളം ഞാൻ എഴുതി വച്ചിരിക്കുകയാണ് ആ ചിത്രം . ഇപ്പോഴത്തെ സാഹചര്യത്തില്‍ ഏത് പടമാണ് ആദ്യം വരുകയെന്ന് പറയാൻ സാധിക്കില്ല.