ഇരുപത്തിനാലാമത് കേരള രാജ്യാന്തര ചലച്ചിത്രോത്സവമേളയ്ക്ക് അടുത്ത ഡിസംബർ ആറിന് തിരുവനന്തപുരത്ത് തിരി തെളിയുകയാണ്. ഏഴ് ദിവസങ്ങൾ കേരളം അന്താരാഷ്ട്ര സിനിമകൾക്ക്  ആതിഥ്യമരുളും. ദേശീയ അന്തർദ്ദേശീയ സിനിമകളെ അടുത്തറിയാൻ മലയാളികൾക്ക് ലഭിക്കുന്ന അസുലഭാവസരം കൂടിയാണിത്. എന്നാൽ പെരുമ കൊണ്ട് മാത്രമല്ല വിവാദങ്ങള്‍ കൊണ്ടും ഫിലിം ഫെസ്റ്റിവലുകൾ ചര്‍ച്ച ചെയ്യപ്പെടാറുണ്ട്. മലയാള സിനിമ ടുഡേ എന്ന വിഭാഗത്തില്‍ ഏഴ് സിനിമകളാണ് ഇത്തവണ എത്തിയത്. എന്നാല്‍ ഇവയിലൊന്നുപോലും മേളയിലില്ല.മാത്രമല്ല, ഇവ കാണാതെയാണ് തഴയപ്പെട്ടത് എന്ന് ചിത്രങ്ങളുടെ സംവിധായകര്‍ ആരോപിക്കുന്നു

ഒഴിവാക്കിയ സിനിമകളിലൊന്നായ തടിയനും മുടിയനും സംവിധായിക കൃഷ്ണവേണി ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് സംസാരിക്കുന്നു ''ഏഴ് സംവിധായകർ അവരുടെ സിനിമകൾ സബ്മിറ്റ് ചെയ്തിട്ട് അതിൽ രണ്ടെണ്ണം മാത്രം കണ്ട് ബാക്കിയൊന്നും കാണുക പോലും ചെയ്യാതെ പാടെ ഒഴിവാക്കിയത് സങ്കടമുളള കാര്യമാണ്. കണ്ടിട്ടാണ് ഒഴിവാക്കിയതെങ്കിൽ അങ്ങനെയെങ്കിലു ന്യായീകരണമുണ്ട്. സിനിമ നല്ലതെന്നോ ചീത്തയെന്നോ പറയാം. അവർ മനപൂർവ്വമാണോ അതൊഴിവാക്കിയതെന്ന് എനിക്കറിയില്ല. സബ്മിറ്റ് ചെയ്ത ഏഴ് ചിത്രങ്ങളിൽ രണ്ടെണ്ണം മാത്രമേ അവർ കണ്ടിട്ടുള്ളൂ. വിമിയോ ലിങ്ക് പരിശോധിച്ചപ്പോഴാണ് ഞങ്ങൾക്ക് ഇത് മനസ്സിലായത്. സ്ത്രീ സംവരണം എന്നൊന്നുമല്ല ഉദ്ദേശിക്കുന്നത്. സിനിമ ആരുടെയാണെങ്കിലും അത് കാണണ്ടേ?'' കൃഷ്ണവേണി ചോദിക്കുന്നു. കെ. ആർ നാരായണൻ നാഷണൽ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ സിനിമാറ്റോ​ഗ്രഫി വിദ്യാർത്ഥിനിയാണ് കൃഷ്ണവേണി ഉണ്ണി. 

''ഞാനാദ്യമായി ചെയ്ത സിനിമയാണിത്. എന്റെ സി‍നിമയ്ക്ക് പ്രേക്ഷകരുണ്ടാകണം എന്നെനിക്ക് അതിയായ ആ​ഗ്രഹമുണ്ട്. അതുകൊണ്ട് കുറച്ച് സെലക്റ്റഡ് ​ഗസ്റ്റുകൾക്ക് വേണ്ടി ഡിസംബർ എട്ടാം തീയതി സിനിമ പ്രദർശിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതൊരു പ്രതിഷേധമൊന്നുമല്ല. നമ്മുടെ തൊട്ടുമുമ്പിൽ ഒരു ഫിലിം ഫെസ്റ്റിവൽ നടന്നിട്ട് നമ്മുടെ സിനിമ ഇല്ല എന്ന് പറയുന്നത് കഷ്ടമല്ലേ?  നമ്മുടെ സിനിമ പ്രേക്ഷകരിലേക്ക്, പുറത്തേയ്ക്ക് എത്തിക്കാനുള്ള ഏകമാർ​​ഗ്ഗമാണ് ഐഎഫ്എഫ്കെ പോലെയുള്ള  പ്ലാറ്റ്ഫോമുകൾ. സ്വതന്ത്രമായി കുറഞ്ഞ ബജറ്റിൽ സിനിമകൾ ചെയ്യുമ്പോൾ അത് പ്രദർശിപ്പിക്കാനുള്ള ഇടം കൂടി കിട്ടണം.  ഇത്തരം ഇടങ്ങൾ സൃഷ്ടിക്കുന്നതിന് വേണ്ടിക്കൂടിയാണല്ലോ ഐഎഫ്എഫ്കെ പോലെയുള്ള ഫെസ്റ്റിവലുകൾ.''

തടിയനും മുടിയനും 

ചിത്രത്തിന്‍റെ  തിരക്കഥ തയ്യാറാക്കിയിരിക്കുന്നത് കൃഷ്ണവേണിയുടെ അച്ഛനായ ബിനുലാൽ ഉണ്ണിയാണ്. ''വർഷങ്ങൾക്ക് മുമ്പ് എഴുതി വച്ചിരുന്ന ഒരു ഡ്രാമയായിരുന്നു അത്. അദ്ദേഹം പണ്ട് എഴുതി വച്ചിരുന്നതെല്ലാം പൊടി തട്ടി എടുത്തപ്പോൾ കിട്ടിയതാണ്. ഈ സ്ക്രിപ്റ്റ് എന്ത് ചെയ്യാം എന്ന് ആലോചിച്ചപ്പോൾ മനസ്സിൽ വന്നത് സിനിമയാണ്. അത് സിനിമയാക്കാൻ വേണ്ടി പീന്നീട് റീവർക്ക് ചെയ്തു. ചെറിയ ബഡ്ജറ്റിൽ പ്രൊഡ്യൂസ് ചെയ്യാൻ ഒരു സുഹൃത്തിനെയും ലഭിച്ചു. ഫുൾ ഡയലോ​ഗ് ഓറിയന്റഡ് ആയ സ്ക്രിപ്റ്റാണ് അത്.'' കൃഷ്ണവേണി തുടരുന്നു. ‍

''ഡ്രാമയ്ക്ക് വേണ്ടി തയ്യാറാക്കിയെന്ന് പറഞ്ഞല്ലോ. പിന്നീടത് സിനിമയാക്കിയപ്പോൾ അതിന്റേതായ രീതിയിൽ മാറ്റങ്ങൾ വരുത്തി. എന്നാൽ ആ സിനിമ കൈകാര്യം ചെയ്യുന്ന വിഷയം കാലികപ്രസക്തിയുള്ളതാണ്. സറ്റയറിക്കലായിട്ടാണ് സിനിമ തയ്യാറാക്കിയിരിക്കുന്നത്. രസമുള്ള രണ്ട് കഥാപാത്രങ്ങളിലുടെ പൊളിറ്റിക്സും ഫിലോസഫിയുമൊക്കെ സിനിമയിൽ കടന്നു വരുന്നുണ്ട്. പരിമിതികളുണ്ടെങ്കിലും അതിനെ അതിജീവിക്കാൻ സിനിമയ്ക്ക് കഴിയുന്നുണ്ട് എന്നാണ് എന്റെ വിശ്വാസം.അതുപോലെ വളരെ ചെറിയ ബജറ്റിലാണ് ഈ സിനിമ ഒരുക്കിയിരിക്കുന്നത്. കെപിഎസിയിൽ പ്രവർത്തിച്ചിരുന്ന ഹരിദാസ്, രാജേഷ് അരീക്കോട്, രവിശങ്കർ എന്നിവരാണ് സിനിമയിൽ കഥാപാത്രങ്ങളായി എത്തിയിരിക്കുന്നത്.'' സിനിമ വന്ന വഴിയെക്കുറിച്ച് സംവിധായിക വിശദീകരിക്കുന്നു.

ഒഴിവാക്കപ്പെട്ട നാല് സിനിമകളാണ് പ്രേക്ഷകരിലേക്കെത്തിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ''സുധാ രാധികയുടെ പക്ഷികൾക്ക് പറയാനുള്ളത്., ആശാപ്രഭയുടെ 'സിദ്ധാർത്ഥ എന്ന ഞാൻ' പിന്നെ 'തടിയനും മുടിയനും', ഒരെണ്ണം കൂടിയുണ്ട്, അത് ഉറപ്പായിട്ടില്ല. സിനിമയെ സ്നേഹിക്കുന്ന, സിനിമയിൽ തന്നെ തുടരാൻ ആ​ഗ്രഹിക്കുന്ന ഒരാളാണ് ഞാൻ. അതുകൊണ്ട് തന്നെ തുടക്കക്കാരി എന്ന നിലയിൽ എന്റെ സിനിമ ഒന്നു കാണുക പോലും ചെയ്യാതെ അവ​ഗണിക്കപ്പെടുന്നത് വളരെ സങ്കടകരമാണ്. എന്റെ സിനിമയെ അതിർവരമ്പിട്ട് നിശ്ചയിക്കാൻ ഞാൻ തയ്യാറല്ല. എന്റെ മനസ്സിൽ സിനിമയുണ്ട്, സിനിമയേയുള്ളൂ. അതെനിക്ക് പ്രേക്ഷകരെ കാണിക്കണം. അത് ഫെസ്റ്റിവലിലൂടെയായാലും തിയേറ്ററിലൂടെയായാലും.'' തന്‍റെ സിനിമ പ്രേക്ഷകരിലേക്കെത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് ഈ കലാകാരി.