മലയാള സിനിമയിലെ കണ്ടു ശീലിച്ച കഥാസന്ദര്‍ഭങ്ങളെ ആക്ഷേപ ഹാസ്യത്തിന്റെ പശ്ചാത്തലത്തിൽ ഒരുക്കി ആദ്യത്തെ സ്‍പൂഫ് സിനിമയെന്ന വിശേഷണവുമായി എത്തിയ ചിത്രമായിരുന്നു സന്തോഷ് വിശ്വനാഥന്‍ ഒരുക്കിയ ചിറകൊടിഞ്ഞ കിനാക്കൾ. അന്നുവരെ ആരും  പരീക്ഷിക്കാത്തൊരു ആവിഷ്‍കാര രീതി ഉപയോഗിച്ച ചിത്രം ഏറെ പ്രേക്ഷക പ്രശംസ ഏറ്റുവാങ്ങിയിരുന്നു. ചിത്രം ഇറങ്ങി അഞ്ച് വർഷങ്ങൾക്കിപ്പുറം മമ്മൂട്ടിയെ നായകനാക്കി വൺ എന്ന പൊളി‌റ്റിക്കൽ ത്രില്ലർ ചിത്രവുമായി എത്തുകയാണ് സന്തോഷ് വിശ്വനാഥന്‍. കടയ്ക്കൽ ചന്ദ്രൻ എന്ന രാഷ്‍ട്രീയക്കാരനായാണ് മമ്മൂട്ടി ചിത്രത്തിലെത്തുന്നത്. മലയാള സിനിമയിൽ മുഖ്യമന്ത്രിയാകും മുൻപ് തന്നെ തമിഴിലും തെലുങ്കിലും മമ്മൂട്ടി മുഖ്യമന്ത്രിയായി വേഷമിട്ടിട്ടുണ്ട് .1995ൽ പുറത്തിറങ്ങിയ മക്കൾ ആട്ച്ചി എന്ന ആർ.കെ സെൽവമണി ചിത്രത്തിലൂടെയാണ് മമ്മൂട്ടി ആദ്യം മുഖ്യമന്ത്രിയായത്. വൈഎസ്ആറിന്റെ ജീവിതം പറഞ്ഞ യാത്ര എന്ന സിനിമയിലൂടെ ആന്ധ്രയുടെ ഹൃദയം കവർന്ന മുഖ്യനായും മമ്മൂട്ടി മാറി.

ആദ്യ ചിത്രത്തിൽ  തന്നെ സിനിമകളിലെ സകല ക്ളീഷേകളെയും വിമര്‍ശിച്ച സംവിധായകന്റെ രണ്ടാമത്തെ ചിത്രം വരുമ്പോൾ എത്ര മാത്രമാണ് പ്രതീക്ഷകൾ, ചിത്രത്തിന്‍റെ വിശേഷങ്ങൾ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പങ്കുവെക്കുകയാണ് സംവിധായകൻ സന്തോഷ് വിശ്വനാഥന്‍. മനു വർഗീസ് നടത്തിയ അഭിമുഖം.

സിനിമകളിൽ നമ്മുടെ കൈയൊപ്പ് വേണം

വെറുതെ വന്ന് ഒരു സിനിമയെടുത്തു പോകുന്ന സംവിധായകന്‍ എന്നതിന് അപ്പുറത്തേക്ക് നമ്മുടെ കയ്യൊപ്പുള്ള സിനിമകൾ സൃഷ്ടിക്കണം എന്ന് ആഗ്രഹിക്കുന്ന വൃക്തിയാണ് ഞാൻ. അഴകിയ രാവണനിലെ എന്‍ പി അംബുജാക്ഷന്റെ നോവല്‍ സിനിമയാക്കാവുന്നതിലെ സാധ്യത പറഞ്ഞത് സുഹൃത്തായ പ്രവീണാണ്.  ബോബി-സഞ്ജയിലെ സഞ്ജയാണ് പ്രവീണിനെ പരിചയപ്പെടുത്തിയത്. മികച്ച ഒരു  സ്‍പൂഫ് സിനിമയ്ക്കുള്ള എല്ലാ സാധ്യതയും അതിലുണ്ടായിരുന്നു. അങ്ങനെയാണ് പ്രവീൺ അതിന് തിരക്കഥ ഒരുക്കുന്നത്. സിനിമകളിലെ ക്ളീഷേകളെ പറ്റി തന്നെ ആദ്യ ചിത്രത്തിൽ പറഞ്ഞപ്പോൾ തന്നെ സിനിമാ മേഖലയിലെ പലരും എന്നെ വിളിച്ചിരുന്നു. 'നമ്മുടെ പടത്തെയെല്ലാം കളിയാക്കിയിട്ടുണ്ടല്ലേ, പുതിയ പടവുമായി സന്തോഷ് വരുമല്ലോ, എന്നിങ്ങനെ പലരും പറഞ്ഞിരുന്നു. ആരെയും വ്യക്തിപരമായി കളിയാക്കാൻ ചിറകൊടിഞ്ഞ കിനാക്കളിലൂടെ ശ്രമിച്ചിട്ടില്ലാ. 'വൺ ' സിനിമയിൽ സംവിധായകൻ രജ്ഞിത്ത് സാറും അഭിനയിക്കുന്നുണ്ട്. എന്നെ കണ്ടപ്പോൾ അദ്ദേഹം ആദ്യം പറഞ്ഞത് എന്റെ ഒരുപാട് സിനിമകളെ കളിയാക്കിയിട്ടുണ്ടല്ലെ എന്നാണ്. ക്ലീഷേ എല്ലാ കാര്യങ്ങളിലും ഉണ്ട്. നമ്മുടെ നിത്യജീവിതത്തിലും ഉണ്ട്. അത് എങ്ങനെ വ്യത്യസ്ഥമാക്കി പറയാൻ പറ്റും എന്നാണ് ചിന്തിച്ചത്.

'മമ്മൂക്ക' കേരളത്തിന്റെ മുഖ്യമന്ത്രി

മമ്മൂക്കയെ മുന്നിൽ കണ്ട് തന്നെയാണ് ഇത്തരത്തിലുള്ള ഒരു ചിത്രം പ്ലാൻ ചെയ്‍തത്. അദ്ദേഹം നോ പറഞ്ഞിരുന്നെങ്കിൽ ഒരിക്കലും ഈ ചിത്രം സംഭവിക്കില്ലാ. മക്കൾ ആട്ച്ചി എന്ന ആർ കെ സെൽവമണി ചിത്രത്തിലും വൈഎസ്ആറിന്റെ ജീവിതം പറഞ്ഞ യാത്ര എന്ന ചിത്രത്തിലും മമ്മൂക്ക ഇതിന് മുൻപ് മുഖ്യമന്ത്രിയായി അഭിനയിച്ചിട്ടുണ്ട്. എന്നാൽ അതിൽ നിന്നെല്ലാം തീർത്തും വ്യത്യസ്‍തമായ കഥാപാത്രമാണ് കടയ്ക്കൽ ചന്ദ്രൻ എന്ന മുഖ്യമന്ത്രി. മമ്മൂക്കയുടെ അടുത്ത് സിനിമയുടെ വൺ ലൈൻ പറഞ്ഞ് അദ്ദേഹം സമ്മതം മൂളിയപ്പോഴാണ് ഇതിന്റെ തിരക്കഥ രചനയിലേയ്ക്ക് കടന്നത്. ആ സമയത്താണ് യാത്ര എന്ന ചിത്രം വരുന്നത്. അത് കാണണമെന്നും അതുമായി സാമ്യം വരരുതെന്നും മമ്മൂക്ക പറഞ്ഞു. അതുപോലെ തന്നെ നമുക്ക് ചുറ്റുമുള്ള രാഷ്ട്രിയക്കാരുമായി സാമ്യം കാണരുതെന്ന് നിർബദ്ധം ഉണ്ടായിരുന്നു. അങ്ങനെയാണ് കടയ്ക്കൽ ചന്ദ്രൻ എന്ന രാഷ്ട്രീയക്കാരനിലൂടെ കഥ പറയുന്ന വൺ എന്ന ചിത്രം ഒരുങ്ങിയത്.

അഞ്ച് വർഷത്തെ ഇടവേള

ഞാൻ 2015ലാണ് ചിറകൊടിഞ്ഞ കിനാക്കൾ ചെയ്യുന്നത്. അത് കഴിഞ്ഞ് അഞ്ച് വർഷം ആകുമ്പോഴാണ് അടുത്ത ചിത്രവുമായി എത്തുന്നത്. ചിറകൊടിഞ്ഞ കിനാക്കൾ കഴിഞ്ഞപ്പോൾ നിവിൻ പോളിയെ നായകനാക്കി ഒരു സിനിമ പ്ലാൻ ചെയ്‍തു. പക്ഷെ അതിന്റെ തിരക്കഥ പ്രതീക്ഷിച്ചത് പോലെ വന്നില്ലാ, അങ്ങനെയിരിക്കുമ്പോഴാണ്  സഞ്ജയ് ഇത്തരത്തിലുള്ള ഒരു പൊളി‌റ്റിക്കൽ കഥയെ പറ്റി പറഞ്ഞത്. അത് എനിക്ക് ഇഷ്‍ടപ്പെട്ടു. പിന്നെ കുറെ റിസേർച്ച് ചെയ്‍തു, പൊളി‌റ്റിക്കൽ സിനിമകൾ കണ്ടു, വ്യത്യസ്തമായി കഥ പറയണം എന്ന് തന്നെയായിരുന്നു ബോബി - സഞ്ജയുടെയും എന്റെയും തീരുമാനം. അങ്ങനെ ഏറെ പുതുമ നിറഞ്ഞ രീതിയിലാണ് ഞങ്ങൾ ഈ സിനിമ ചെയ്‍തിരിക്കുന്നത് ഇനി എല്ലാം കണ്ട് വിലയിരുത്തേണ്ടത് പ്രേക്ഷകരാണ്.

രണ്ട് ദിവസത്തെ ഷൂട്ടിംഗ് ബാക്കി

രണ്ട് ദിവസത്തെ ചിത്രീകരണം ബാക്കിയുണ്ട്. ഷൂട്ടിംഗ് പ്ലാൻ ചെയ്‍ത സമയത്താണ് ലോക് ഡൌണും മറ്റും വരുന്നത്. ഇപ്പോഴത്തെ സാഹചര്യത്തിലും ചിത്രീകരണം സാധ്യമല്ല. വലിയ ആൾക്കൂട്ടം വേണ്ട രംഗമാണ്. ടെയ്ൽ എൻഡ് ആണ്. ഇനി സാഹചര്യം അനുകൂലമാവുന്നത് അനുസരിച്ച് ഷൂട്ട് ചെയ്യാമെന്ന് കരുതുന്നു. വൺ ചിത്രീകരണം കഴിഞ്ഞിരുന്നുവെങ്കിൽ പോലും ഒടിടി റീലീസ് ഉണ്ടാവില്ലാ. നമ്മുടെ നിർമാതാവും തീയേറ്റർ റിലീസേ ഉള്ളൂ എന്നതിന് പൂർണ പിന്തുണയാണ് തന്നത്. ഒടിടി പ്ലാറ്റ് ഫോമിന് വേണ്ടി ഒരു പടം ചെയ്യുന്നത് പോലെയല്ലാ ഈ ചിത്രം എടുത്തിരിക്കുന്നത്. ഓരോ ഷോട്ടും ബിഗ് സ്ക്രീൻ മനസിൽ കണ്ടാണ് ചെയ്‍തിരിക്കുന്നത്. ഈ ചിത്രം തീയേറ്ററിൽ കണ്ടാൽ മാത്രമെ പൂർണ്ണമായും ആസ്വദിക്കാൻ സാധിക്കു.

ബോബി - സഞ്ജയുടെ തിരക്കഥ

ബോബി - സഞ്ജയ് ടീമിന്റെ തിരക്കഥ തന്നെയാണ് ചിത്രത്തിന്റെ പ്രധാന സവിശേഷത. ഞങ്ങൾ പത്തിരുപതു വർഷത്തെ പരിചയമുണ്ട്. എനിക്ക് വേണ്ടി പല പ്രൊജക്ടും അവർ ഉണ്ടാക്കിയിട്ടുണ്ട്. പക്ഷെ ചില കാരണം കൊണ്ട് അത് നടന്നില്ലാ. പിന്നീടാണ്  'വൺ ' എന്ന ചിത്രത്തിലേയ്ക്ക് എത്തുന്നത്. മമ്മൂട്ടിയ്ക്ക് പുറമേ ജോജു ജോർജ്, മുരളി ഗോപി, നിമിഷ സജയൻ, ഗായത്രി അരുൺ തുടങ്ങിയ താരനിരയും ചിത്രത്തിനായി അണിനിരക്കുന്നുണ്ട്. മാത്യു തോമസ് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.