മലയാള സിനിമയിലെ മികച്ച കുറ്റാന്വേഷണ പരമ്പര ഏതാണെന്ന് ചോദിച്ചാല്‍ ഏതൊരു മലയാളിയും നിസ്സംശയം പറയുന്ന പേര്, സേതുരാമയ്യര്‍ സിബി ഐ എന്നാണ്. സൂക്ഷ്‍മബുദ്ധിയും അന്വേഷണമികവും കൊണ്ട് കൊലപാതകങ്ങള്‍ തെളിയിക്കുന്ന സിബിഐ ഉദ്യോഗസ്ഥനായ സേതുരാമയ്യര്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട കഥാപാത്രമാണ്. കുറ്റകൃത്യങ്ങളുടെ കുരുക്കഴിക്കാൻ  മമ്മൂട്ടിയുടെ സേതുരാമയ്യര്‍ വീണ്ടും വരുവാൻ ഒരുങ്ങുകയാണ്. സിബിഐ പരമ്പരയിലെ പുതിയ ചിത്രം അണിയറയിൽ ഒരുങ്ങുമ്പോൾ ഒരേ നായകൻ, സംവിധായകൻ, തിരക്കഥാകൃത്ത് എന്നീ കൂട്ടുകെട്ട് ചരിത്രം സൃഷ്‍ടിക്കുകയാണ്. മമ്മൂട്ടി സിബിഐ ഉദ്യോഗസ്ഥനായ സേതുരാമയ്യരായി ആദ്യം എത്തിയത് കെ മധു ഒരുക്കിയ ഒരു സിബിഐ ഡയറിക്കുറിപ്പിലൂടെ1988ലാണ്. ജാഗ്രത (1989), സേതുരാമയ്യർ സിബിഐ (2004),  നേരറിയാൻ സിബിഐ (2005) തുടങ്ങിയവയാണ് തുടർചിത്രങ്ങളായി എത്തിയത്. 15 വർഷങ്ങൾക്ക് ശേഷം സിബിഐ സീരീസിലെ അഞ്ചാമത്തെ ചിത്രം അണിയറയില്‍ ഒരുങ്ങുമ്പോൾ ചിത്രത്തിന്റെ വിശേഷങ്ങൾ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പങ്കുവെക്കുകയാണ്  തിരക്കഥാകൃത്ത് എസ് എൻ സ്വാമി. മനു വർഗീസ് നടത്തിയ അഭിമുഖം.

ത്രില്ലർ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രം

പൂർണമായും ത്രില്ലർ പശ്ചാത്തലത്തിൽ തന്നെയാണ് സിബിഐ സീരീസിലെ അഞ്ചാമത്തെ ചിത്രവും. കാലത്തിന്‍റെ മാറ്റവും പ്രേക്ഷകരുടെ ചിന്താഗതികളുടെ മാറ്റങ്ങളും ഉൾക്കൊണ്ടാണ് ചിത്രം ഒരുക്കുന്നത്. ഇതുവരെ കണ്ടിട്ടില്ലാത്ത കൊലപാതക രീതികളാകും സിനിമയിലേത്. പ്രേക്ഷകർ എന്താണ് സിബിഐ സീരീസിൽ നിന്ന് പ്രതീക്ഷിക്കുന്നത് അത്ചിത്രത്തിലുണ്ടാവും.  സസ്പെൻസും നിഗൂഢതകളെല്ലാം നിറഞ്ഞ ചിത്രമാണ് ഇത്. പലരും ബാസ്ക്കറ്റ് കില്ലിങ്ങിലൂടെയാണ് ചിത്രത്തിന്റെ കഥാവികാസം എന്നൊക്കെ പറയുന്നു, അത് എന്താണ് സിനിമ ഇറങ്ങികഴിയുമ്പോൾ മനസിലാകും. ഇപ്പോൾ അതിനെ പറ്റി പറയുവാൻ സാധിക്കില്ല.

ഒരു കാര്യം എനിക്ക് ഉറപ്പിച്ച് പറയുവാൻ സാധിക്കും മലയാളത്തിൽ ഇന്ന് വരെ ഇറങ്ങിയതിൽ ഏറ്റവും മികച്ച ത്രില്ലറാകും  ചിത്രം. സേതുരാമയ്യർ സിബിഐയും സംഘവും തന്നെയാണ്  ചിത്രത്തിന്റെയും ഹൈലയ്റ്റ്.

ചിത്രത്തിലെ താരങ്ങൾ

സായ്‍കുമാർ, മുകേഷ്, രണ്‍ജി പണിക്കർ അടക്കമുള്ള താരങ്ങൾ ചിത്രത്തിലുമുണ്ടാവും. കരുത്തുറ്റ തിരക്കഥ തന്നെയാണ് ചിത്രത്തിനായി ഒരുക്കിയിരിക്കുന്നത്. ഷൂട്ടിംഗിന്റെ  കാര്യം പൂർണമായും തുടങ്ങിയാല്‍ മാത്രമെ ബാക്കി താരങ്ങളെ വെളിപ്പെടുത്താൻ സാധിക്കൂ. ജഗതി ശ്രീകുമാറിന് പകരം മറ്റാരെലും കാണുമോ എന്നെല്ലാം സംശയമാണ് ആളുകൾക്ക്. അതെല്ലാം കാത്തിരുന്ന് കാണാം.  കൊവിഡ് കാലം സൃഷ്‍ടിച്ച പ്രതിസന്ധി കഴിഞ്ഞാല്‍ ചിത്രം ചിത്രീകരണം ആരംഭിക്കും. ശരിക്കും കൊവിഡ് ആണ് ചിത്രം വൈകുവാൻ കാരണം.  സ്വർഗചിത്ര അപ്പച്ചനാണ് ചിത്രം നിർമ്മിക്കുന്നത്. ഇത് കഴിഞ്ഞതിന് ശേഷം മാത്രമെ പുതിയ ചിത്രത്തിന്റെ പണിപ്പുരയിലേയ്ക്ക് ഞാൻ കടക്കുകയുള്ളു.

തീം മ്യൂസിക് ഒരുക്കുന്നത് പുതിയ ആൾ

കഴിഞ്ഞ നാല് ഭാഗങ്ങളുടേയും വിജയത്തില്‍ നിര്‍ണ്ണായക സ്വാധീനം ചെലുത്തിയ ഒന്നാണ് ചിത്രത്തിന്റെ  തീം മ്യൂസിക്.  സംഗീത സംവിധായകന്‍ ശ്യാം ആണ് അവ ചെയ്‍തത്. എന്നാൽ പുതിയ ഭാഗത്തിന് സംഗീതം ഒരുക്കുന്നത് അദ്ദേഹമല്ല. പുതിയ ഒരാളായിരിക്കും മ്യൂസിക് ചെയ്യുന്നത്. അത് ആരാണെന്ന് ഇപ്പോൾ എനിക്ക് വെളിപ്പെടുത്താൻ സാധിക്കില്ല. പ്രായത്തിന്റെ വിഷമതകൾ കാരണമാണ് ശ്യാമിന് വർക്ക് ചെയ്യുവാൻ സാധിക്കാത്തത്.  വേറിട്ട കഥാപശ്ചാത്തലമാണ് ചിത്രത്തിന്. അതനുസരിച്ചുള്ള മാറ്റങ്ങളും ഉണ്ടാവും.

സ്വർണകടത്ത് ചർച്ചയാകുമ്പോൾ ഇരുപതാം നൂറ്റാണ്ട് വീണ്ടും ഓർക്കുന്നു

രസകരമായ ട്രോളുകളാണ് കഴിഞ്ഞ ദിവസങ്ങളിലെല്ലാം ഞാൻ കണ്ടത്. വെറും യാദൃച്‍ഛികത മാത്രമാണ് ആ സിനിമയും  ഇപ്പോഴത്തെ കേസും തമ്മില്‍  പറയുന്ന സാമ്യത. മുഖ്യമന്ത്രിയുടെ മകൻ ശേഖരൻ കുട്ടിയുമായി ചേർന്ന് കള്ളക്കടത്തുകാരൻ സാഗർ ഏലിയാസ് ജാക്കിയുമായി ചേർന്ന് ഓപ്പറേഷനുകൾ നടത്തുകയും പിന്നീട് ഇവർ ശത്രുക്കളാകുന്നതുമാണ് ഇരുപതാം നൂറ്റാണ്ട് പറയുന്നത്. ഇപ്പോഴത്തെ വിവാദങ്ങളുമായി അതിനെ കൂട്ടിയിണക്കേണ്ട കാര്യമില്ല.