ചുരുങ്ങിയ കാലം കൊണ്ട് വ്യത്യസ്ത വേഷങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ നടനാണ് ഹരീഷ് പേരടി. പരുക്കന്‍ വില്ലന്‍ റോളുകളിലൂടെയും സ്വഭാവ വേഷങ്ങളിലൂടെയും ശ്രദ്ധേയനാവുന്ന താരത്തിന് മലയാളം, തമിഴ്  ഭാഷകളിലടക്കം നിരവധി സിനിമകളാണുള്ളത്. തിയാനം എന്ന നാടകം സംവിധാനം ചെയ്യുകയും  ഇരുനൂറോളം ടെലിവിഷന്‍ പരമ്പരകളില്‍ അഭിനയിക്കുകയും ചെയ്ത ഹരീഷ് പേരടി സാമൂഹ്യ-രാഷ്ട്രീയ വിഷയങ്ങളില്‍ എടുക്കുന്ന നിലപാടുകള്‍ കൊണ്ടും ശ്രദ്ധേയനാണ്. നാടക മേഖലയില്‍ നിന്ന് സിനിമയിലേക്ക് എത്തിയ താരം കഥാപാത്രങ്ങളിലെ വൈവിധ്യം കൊണ്ട് തന്നെയാണ് പ്രേക്ഷകമനസ്സുകളില്‍ ചേക്കേറിയത്. ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് എന്ന സിനിമയിലെ കൈതേരി സഹദേവനും ലൈഫ് ഓഫ് ജോസൂട്ടിയിലെ ജോസഫ് ചേട്ടനും മികച്ച അഭിനയ മുഹൂര്‍ത്തങ്ങള്‍ കൊണ്ട് ഈ നടന്‍ ശ്രദ്ധേയമാക്കി. തന്റെ  പുതിയ ചിത്രമായ മനോഹരത്തെപ്പറ്റിയും സിനിമാജീവിതത്തെക്കുറിച്ചും ഹരീഷ് പേരടി ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് സംസാരിക്കുന്നു. മനു വര്‍ഗീസ് നടത്തിയ അഭിമുഖം.


'മനോഹരം'- പേരുപോലെ മനോഹരമായ ചിത്രം

നാട്ടിന്‍പുറത്തെ കഥാപാത്രങ്ങളുടെ ഇടയിലൂടെ വളരുന്ന കൊച്ചു ചിത്രമാണ് മനോഹരം. ഈ ചെറിയ കഥാ സന്ദര്‍ഭങ്ങളാണ് ചിത്രത്തെ കൂടുതല്‍ മനോഹരമാക്കുന്നത്. ഏറ്റവും മനോഹരമായ രീതിയില്‍ തന്നെയാണ് സംവിധായകന്‍ അന്‍വര്‍ സാദിഖ് ചിത്രത്തെ ഒരുക്കിയിട്ടുള്ളത്. വിനീത് ശ്രീനിവാസനാണ് ചിത്രത്തില്‍ നായകനായി എത്തുന്നത്. ഞാന്‍ അതില്‍ വിനീതിന്റെ അമ്മാവനായാണ് അഭിനയിക്കുന്നത്. അടുത്ത കാലത്ത് ചെയ്തതില്‍ വച്ച് ഏറ്റവും രസകരമായ കഥാപാത്രമാണ് ചിത്രത്തിലുള്ളത്. പതിവ് കഥാപാത്രങ്ങളില്‍ നിന്ന് മാറി സഞ്ചരിക്കുന്ന ഒരു കഥാപാത്രം തന്നെയാണ് ചിത്രത്തില്‍. ഇന്ദ്രന്‍സ്, കലാരഞ്ജിനി, ജൂഡ് ആന്തണി ജോസഫ്, ബേസില്‍ ജോസഫ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. വളരെ പ്രതീക്ഷയോടെയാണ് ഞാന്‍ ഈ ചിത്രത്തെയും ഇതിലെ കഥാപാത്രങ്ങളെയും കാത്തിരിക്കുന്നത്.

നാടകത്തില്‍ നിന്ന് സിനിമയിലേക്ക്

ചെറുപ്പത്തില്‍ തന്നെ നാടകത്തിലൂടെയാണ് ഞാന്‍ അഭിനയ രംഗത്തെത്തിയത്. ജയപ്രകാശ് കുളൂറിന്റെ കീഴിലാണ് നാടകം പഠിച്ചത്. അതുമായി ബദ്ധപ്പെട്ട് ലോകം മുഴുവന്‍ സഞ്ചരിക്കാന്‍ സാധിച്ചു. അവിടുന്ന് പിന്നെ ടെലിവിഷന്‍ പരമ്പരകളിലൂടെ സിനിമയിലേക്ക് എത്തി. നാടകരംഗത്തുനിന്ന് സിനിമയിലേക്ക് എത്തിയതു കാരണം അതിന്റെ എല്ലാ ഗുണങ്ങളും എന്റെ അനുഭവത്തില്‍ ഉണ്ടാകാറുണ്ട്. ഒരു കഥാപാത്രത്തെ എങ്ങനെ രൂപപ്പെടുത്തണം എന്ന കാര്യത്തില്‍ വലിയ ഒരു അറിവാണ് നാടകം സമ്മാനിക്കുന്നത്. അത് എനിക്ക് ഒരുപാട് സഹായകരമായിട്ടുണ്ട്.

ലെഫ്റ്റ് റൈറ്റ് ലെഫ്റ്റിലെ കൈതേരി സഹദേവന്‍

കൈതേരി സഹദേവന്‍ എന്ന കഥാപാത്രമാണ് എന്നെ സിനിമകളില്‍ കൂടുതല്‍ സജീവമാക്കിയത്. തമിഴ് സിനിമകളിലേക്ക് എനിക്ക് ഒരു വഴി തുറന്നതും ഈ കഥാപാത്രമാണ്. എന്റെ  കഥാപാത്രങ്ങളില്‍ പ്രിയപ്പെട്ടത് തന്നെയാണ് കൈതേരി സഹദേവന്‍. പിന്നെ ലൈഫ് ഓഫ് ജോസൂട്ടിയിലെ ജോസഫ് ചേട്ടനും തമിഴ് സിനിമകളിലെ കഥാപാത്രങ്ങളും എല്ലാം പ്രിയപ്പെട്ടവയാണ്. ഞാന്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്നത് മനോഹരത്തിലെ എന്റെ കഥാപാത്രത്തെ തന്നെയാണ്. പിന്നെ പ്രിയദര്‍ശന്‍ സാറിന്റെ മരയ്ക്കാറിലും നല്ല ഒരു വേഷമാണ് ചെയ്തിരിക്കുന്നത്. എല്ലാ കഥാപാത്രങ്ങളെയും പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്.

അഭിപ്രായങ്ങള്‍ വൃക്തിപരമല്ല

ഭരണഘടനയ്ക്ക് വളരെയധികം സാധ്യത കല്പ്പിക്കുന്ന നാട്ടിലാണ് നമ്മള്‍ ജീവിക്കുന്നത്. അതില്‍ നമ്മള്‍ നമ്മുടെതായ അഭിപ്രായം പറയുന്നു. അത് ഒരിക്കലും ഒരാളെ വ്യക്തിപരമായി പറയുന്നതല്ല. അതിനാല്‍ തന്നെ എനിക്ക് ശത്രുക്കളില്ലെന്നാണ് വിശ്വാസം. ഇനി ശത്രുക്കള്‍ ഉണ്ടെങ്കില്‍ പോലും അത് അവരുടെ കഷ്ടകാലം എന്നതല്ലാതെ എന്ത് പറയാനാണ്. അതിനെപ്പറ്റി ആലോചിച്ച് നമ്മള്‍ നമ്മുടെ സമയം കളയേണ്ട ആവശ്യമില്ല. ജനങ്ങളുടെ കണ്ണില്‍ നോക്കിയാണ് നാടകം കളിക്കുന്നത്. നാടത്തില്‍ നിന്ന് വന്നതുകൊണ്ടാവും  എനിക്ക് ഇത്തരത്തിലുള്ള ഒരു പ്രതികരണമനോഭാവം ലഭിച്ചത്. അഭിപ്രായം പറയേണ്ടതാണ് എന്ന് തോന്നുന്ന കാര്യത്തില്‍ ഞാന്‍ എന്റെ അഭിപ്രായം പറയും.

സിനിമകളിലെ രാഷ്ട്രിയം

നമ്മുടെ സിനിമകള്‍ ഇനിയും രാഷ്ട്രീയം പറയണമെന്നാണ് എന്റെ അഭിപ്രായം. ജാതീയമായും മതപരമായും വേര്‍തിരിവുകള്‍ നടക്കുന്ന കാലത്താണ് നമ്മള്‍ ജീവിക്കുന്നത്. നമ്മള്‍ പുറമെ കാണുന്നത് പോലെയല്ല ഓരോ മനുഷ്യന്റെയുള്ളിലെയും ജാതീയതയും വര്‍ഗീയതയുമെന്ന് തിരിച്ചറിയുന്ന കാലമാണിത്. നമ്മുടെ സിനിമ കാലത്തിനൊപ്പം സഞ്ചരിക്കണം. ആ കാലത്തിന്റെ രാഷ്ടീയം സിനിമ സംസാരിക്കണം എന്നുതന്നെയാണ് ശക്തമായി ഞാന്‍ വിശ്വസിക്കുന്നത്.

പ്രേക്ഷകരുടെ കാഴ്ച്ചപ്പാടുകള്‍ മാറേണ്ടതുണ്ടോ?

ഒരു സമൂഹത്തിന്റെ മുന്നില്‍ നടക്കേണ്ട ആളാണ് കലാകാരന്‍. ഒരു സമൂഹത്തെ നയിക്കുക എന്ന രാഷ്ട്രീയപരമായ ഉത്തരവാദിത്തവും കലാകാരനുണ്ട്. അതുകൊണ്ട് പ്രേക്ഷകന്‍ സ്വയം മാറുകയല്ല, പ്രേക്ഷകനെ പുതിയ മാറ്റങ്ങളിലേക്ക് കൂട്ടികൊണ്ടുപോവേണ്ടത് കലാകാരന്‍മാരാണ്. ആ ഉത്തരവാദിത്വം കലാകാരന്‍ ശക്തമായി നിര്‍വഹിക്കണം. പ്രേക്ഷകന്‍ അത് ഏറ്റെടുക്കാനും തയ്യാറാണ്. നല്ല നല്ല കാര്യങ്ങള്‍ ഏറ്റെടുക്കാന്‍ പ്രേക്ഷകന് ഒരു മടിയും ഇല്ല. അതുകൊണ്ട് പ്രേക്ഷകനെ നമ്മള്‍ നന്നാക്കേണ്ട ആവശ്യമില്ല. പ്രേക്ഷകനെ നമ്മള്‍ക്ക് കൂട്ടികൊണ്ട് പോവേണ്ട സ്ഥലത്തേക്ക് നയിക്കുകയാണ് വേണ്ടത്.

തമിഴ് സിനിമകളിലെ സാന്നിധ്യം

തമിഴ് സിനിമകളില്‍ അഭിനയിക്കാനായത് ഭാഗ്യമായിത്തന്നെ കാണുന്നു. വിജയ്, കാര്‍ത്തി, വിശാല്‍, ജയം രവി തുടങ്ങിയ താരങ്ങള്‍ക്കൊപ്പം അഭിനയിക്കാനായി എന്നത് വലിയ കാര്യമായാണ് കാണുന്നത്. അവിടെ ലഭിക്കുന്നത് എല്ലാം നല്ല കഥാപാത്രങ്ങളാണ്. ഈ അടുത്ത് രാക്ഷസി എന്ന ചിത്രത്തില്‍ ജോതികയോടൊപ്പം നല്ല ഒരു വേഷം ചെയ്യാന്‍ സാധിച്ചു. വരാനിരിക്കുന്ന  കുംകി 2  എന്ന ചിത്രത്തില്‍  ശക്തമായ ഒരു പൊലീസ് ഓഫീസറായാണ് എത്തുന്നത്. തമിഴിലേക്കുള്ള ഒരു മാറ്റം അഭിനയത്തിന് കൂടുതല്‍ സാധ്യതകളാണ് നല്‍കുന്നത്. തുടര്‍ന്നും അന്യഭാഷകളില്‍ അഭിനയിക്കണം എന്നാണ് എന്റെ ആഗ്രഹം.

പുതിയ ചിത്രങ്ങള്‍

കുഞ്ഞാലി മരയ്ക്കാര്‍ എന്ന ബ്രഹ്മാണ്ഡ ചിത്രമാണ് വരാനിരിക്കുന്ന സിനിമകളില്‍ പ്രധാനപ്പെട്ടത്. പിന്നെ ഞാന്‍ തന്നെ കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നുകൊണ്ടിരിക്കുകയാണ്. ചിത്രത്തിന് പേരിട്ടിട്ടില്ല. വ്യത്യസ്തമായ ഒരു ട്രാക്കിലുള്ള കഥാപാത്രമാണ് ചിത്രത്തിലേത്. തമിഴില്‍ പതിനഞ്ചോളം സിനിമകള്‍ റിലീസാകാനിരിക്കുകയാണ്. ചില പടങ്ങളുടെ ഷൂട്ടിംഗ് നടക്കാനിരിക്കുന്നു. ജിത്തു ജോസഫ് കാര്‍ത്തിയെ നായകനാക്കി ഒരുക്കുന്ന ചിത്രത്തിന്റെ ഡബ്ബിംഗ് പൂര്‍ത്തിയായി.