നാരായണീന്റെ മൂന്നാണ്മക്കൾ: ജോജു ജോർജും സുരാജും തിരക്കഥയിൽ വിശ്വസിച്ചു
'നാരായണീന്റെ മൂന്നാണ്മക്കൾ' ഫെബ്രുവരി ഏഴിന് തീയേറ്ററുകളിൽ എത്തും.

ശരൺ വേണുഗോപാൽ ആദ്യമായി എഴുതി സംവിധാനം ചെയ്യുന്ന 'നാരായണീന്റെ മൂന്നാണ്മക്കൾ' ഫെബ്രുവരി ഏഴിന് തീയേറ്ററുകളിൽ എത്തും. കൊൽക്കത്തയിലെ വിഖ്യാതമായ സത്യജിത് റേ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിച്ച ശരൺ, നോൺഫീച്ചർ വിഭാഗത്തിൽ ദേശീയ ചലച്ചിത്ര അവാർഡ് നേടിയിട്ടുണ്ട്. ആദ്യ സംവിധാന സംരംഭത്തിൽ ജോജു ജോർജ്, സുരാജ് വെഞ്ഞാറമൂട്, അലൻസിയർ എന്നിങ്ങനെ ശ്രദ്ധേയമായ താരങ്ങളുമുണ്ട്. ഗുഡ് വിൽ എന്റർടെയ്ൻമെന്റ്സിനായി ജോബി ജോർജ് തടത്തിൽ നിർമ്മിക്കുന്ന സിനിമയെക്കുറിച്ച് ശരൺ പറയുന്നു, ഒപ്പം സിനിമാജീവിതത്തിലെ ഇതുവരെയുള്ള യാത്രയെക്കുറിച്ചും.
'നാരായണീന്റെ മൂന്നാണ്മക്കൾ' ഫെബ്രുവരി ഏഴിന് തീയേറ്ററുകളിൽ എത്തുകയാണ്. ശരണിന്റെ ആദ്യ സിനിമ. എന്താണ് ഇപ്പോൾ മനസ്സിൽ തോന്നുന്നത്?
ആകാംഷയുണ്ട്. ആദ്യ സിനിമയായത് കൊണ്ട് ഇത് ആദ്യമായാണല്ലോ ഇങ്ങനെ ഒരു അനുഭവം. ആളുകൾക്ക് മുൻപിലേക്ക് ആദ്യ സിനിമ ഇറക്കുന്നതിന്റെ ക്യൂരിയോസിറ്റിയുണ്ട്. ചെറുതായി ഉൽക്കണ്ഠയുണ്ട്. എങ്ങനെയാകും സിനിമ ആളുകൾ സ്വീകരിക്കുക എന്ന സമ്മർദ്ദമുണ്ട്.
ട്രെയിലർ നന്നായി ശ്രദ്ധിക്കപ്പെട്ടു, അല്ലേ? എന്തുതരം പ്രതികരണങ്ങളാണ് കിട്ടിയത്?
അതെ, ട്രെയിലർ വന്നതിന് ശേഷം വലിയതോതിലുള്ള പ്രതികരണം ഉണ്ടായി. പേഴ്സണലി വിളിച്ച് ഒരുപാടുപേർ ട്രെയിലർ ഇഷ്ടപ്പെട്ടു, സിനിമ കാണാൻ തോന്നിക്കുന്ന ട്രെയിലറാണ് എന്നു പറഞ്ഞു.
ശരൺ സിനിമ ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിച്ചയാളാണ്. അതും എൻജിനീയറിങ് പൂർത്തിയാക്കിയ ശേഷം. എങ്ങനെയാണ് ആ തീരുമാനത്തിൽ എത്തിയത്?
ഞാൻ മെക്കാനിക്കൽ എൻജിനീയറിങ് ആണ് പഠിച്ചത്, തിരുവനനന്തപുരത്ത്. ആ സമയത്ത് അക്കാദമിക്കലി മാത്രമേ ചിന്തിച്ചിരുന്നുള്ളൂ. മെഡിസിൻ അല്ലെങ്കിൽ എൻജിനീയറിങ്, മറ്റുള്ള ഓപ്ഷനുകളെക്കുറിച്ച് അറിയില്ലായിരുന്നു. നാട് കോഴിക്കോട് ആണ്. അവിടെ നിന്നും പഠിക്കാൻ തിരുവനന്തപുരത്ത് വരുമ്പോഴാണ് സിനിമ കൂടുതൽ അടുത്തറിയുന്നത്. തിരുവനന്തപുരം വ്യത്യസ്തമായ സിനിമാ സംസ്കാരമുള്ള നഗരമാണ്. ആ സമയത്ത് തന്നെ ഷോർട്ട്ഫിലിമുകൾ ചെയ്തു തുടങ്ങി. സിനിമയുടെ ഭാഷ പഠിച്ചതും അതിലൂടെ കമ്മ്യൂണിക്കേറ്റ് ചെയ്യാൻ പറ്റുമെന്നും തിരിച്ചറിഞ്ഞതും അവിടെവച്ചാണ്. സംവിധാനം പഠിക്കാൻ പിന്നെ എസ്.ആർ.എഫ്.ടി.ഐയിൽ ചേർന്നു. അത് പോസ്റ്റ് ഗ്രാജുവേറ്റ് കോഴ്സ് ആയിരുന്നു. അതിന് ഡിഗ്രി വേണമായിരുന്നു. അങ്ങനെയാണ് എൻജിനീയറിങ് പൂർത്തിയാക്കിത് പോലും.
സാഹിത്യത്തിൽ പൊതുവെ പറയാറുണ്ട്, ആദ്യ സൃഷ്ടി ആത്മകഥാംശം ഉള്ളതായിരിക്കുമെന്ന്. 'നാരായണീന്റെ മക്കൾ' കോഴിക്കോടാണ് പരിസരം. ഇതിൽ ആത്മകഥാംശമുണ്ടോ?
ഇത് ആത്മകഥയല്ല. പിന്നെ ഏത് കലാരൂപം ആയാലും പരിചിതമല്ലാത്ത ഒരു ഇടം സൃഷ്ടിക്കാൻ ഏതാണ്ട് അസാധ്യമാണെന്ന് വിശ്വസിക്കുന്നയാളാണ് ഞാൻ. 'നാരായണീന്റെ മൂന്നാണ്മക്കളി'ൽ എനിക്ക് അറിയുന്ന പരിസരമാണ്. മൂന്നു വയസ്സുവരെ എന്റെ വീട്ടുകാർ കൊയിലാണ്ടിയിലാണ് താമസിച്ചിരുന്നത്. പിന്നീട് കോഴിക്കോടേക്ക് മാറി. കൊയിലാണ്ടി എന്റെ മനസ്സിൽ വളരെ പ്രത്യേകതയുള്ള ഒരു സ്ഥലമാണ്. അവിടുത്തെ മനുഷ്യർ വ്യത്യസ്തരാണ്, ഇടം വ്യത്യസ്തമാണ്, പ്രകൃതി വ്യത്യസ്തമാണ്. എന്റെ ഒരു ആഗ്രഹം തന്നെയായിരുന്നു സിനിമ അവിടെ വേണമെന്ന്. പിന്നീട് ആ സ്പേസിലേക്ക് കഥാപാത്രങ്ങൾ വന്നു, കഥപറച്ചിൽ ഉണ്ടായി, തികച്ചും സ്വാഭാവികമായി സംഭവിച്ചതാണ്. ഞാൻ കണ്ട ഒരുപാട് കഥാപാത്രങ്ങൾ ഇതിലുണ്ട്, പക്ഷേ, ഇത് ആത്മകഥയല്ല.
ശരൺ മുൻപ് കൊടുത്ത അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട് ചെറുപ്പത്തിൽ അധികം സിനിമകൾ കണ്ടിരുന്നില്ല എന്ന്...
ചെറുപ്പത്തിൽ പഠിത്തത്തിന് പ്രാധാന്യം കൊടുക്കുന്ന കുടുംബമായിരുന്നു. വർഷത്തിൽ ചിലപ്പോൾ ഒരിക്കലേ തീയേറ്ററിൽ പോയി സിനിമ കണ്ടിരുന്നുള്ളൂ. ഇപ്പോൾ എന്റെ അച്ഛനും അമ്മയും ഫിലിം ഫെസ്റ്റിവലുകളിൽ ഒക്കെ പോകും. എന്റെ ചെറുപ്പത്തിൽ സിനിമ കാണാൻ തീയേറ്ററിൽ പോകുന്നത് ഒരു സ്പെഷ്യൽ നിമിഷമാണ്. ഞാൻ മുൻപും ഇത് പറഞ്ഞിട്ടുണ്ട്, ഇപ്പോഴും ആ പഴയ സിനിമാ തീയേറ്ററിന്റെ മണംപോലും എനിക്ക് ഓർത്തെടുക്കാനാകും.
ആദ്യം കണ്ട സിനിമ ഓർമ്മയുണ്ടോ?
മൈഡിയർ കുട്ടിച്ചാത്തൻ.
മലയാളത്തിൽ ഏറ്റവും സ്വാധീനിച്ച സിനിമ ഏതാണ്?
ഇഷ്ടപ്പെട്ട ഒരുപാട് സിനിമകളുണ്ട്. 'സന്ദേശം' ഇഷ്ടമാണ്. ഞാൻ ഇടയ്ക്ക് അത് കാണും. പിന്നെ, 'എലിപ്പത്തായം' വളരെ ഇഷ്ടമാണ്. ഒരുപാടുണ്ട് അങ്ങനെ.
ഇഷ്ടപ്പെട്ട അഞ്ച് മലയാള സിനിമകൾ പറയൂ...
ഇത് ഭയങ്കര ബുദ്ധിമുട്ടുള്ള ചോദ്യം ആണ്... കുറച്ചു സമയം തരുമോ, വേറെ ചോദ്യം ഉണ്ടെങ്കിൽ അത് കഴിഞ്ഞ് നമുക്ക് തിരിച്ചുവരാം.
ശരി, 'നാരായണീന്റെ മൂന്നാണ്മക്കൾ' ആദ്യ സിനിമയാണ്. അതിൽ തന്നെ ജോജു ജോർജ്, സുരാജ് വെഞ്ഞാറമൂട്, അലൻസിയർ. മൂന്നു പേരും മലയാളത്തിലെ വളരെ മേന്മയുള്ള സ്വഭാവവേഷങ്ങൾ ചെയ്യുന്നവർ. ആദ്യ സംവിധായകൻ എന്ന നിലയിൽ ഇവരെയെല്ലാം കൈകാര്യം ചെയ്യുന്നത് എത്രമാത്രം എളുപ്പമായിരുന്നു?
കൃത്യമായ ആശയവിനിമയം നടത്തുന്നതാണ് ഒരു സംവിധായകന്റെ ആദ്യത്തെ കർമ്മം. അത് അഭിനേതാക്കളോട് മാത്രമല്ല, ടെക്നീഷ്യന്മാരോടും അങ്ങനെ തന്നെയാണ്. ഇത് സത്യമായും ഒരു സ്വപ്നം തന്നെയാണ്, ഇത്രയും മികച്ച അഭിനേതാക്കൾ. തിരക്കഥയിൽ അവർക്ക് ആത്മവിശ്വാസം ഉണ്ടായിരുന്നു എന്നത് തന്നെയാണ് ഏറ്റവും വലിയ കാര്യം. പിന്നെ തിരക്കഥ വിവരണത്തിൽ അവരുടെ സംശയങ്ങൾ എല്ലാം തീർത്തു. പിന്നീട് സെറ്റിൽ വന്നാലും ടേക്കിന് മുൻപ് സംസാരവും ബ്രെയിൻസ്റ്റോമിങ്ങും ഉണ്ടാകും. സംവിധായകൻ എന്ന നിലയിൽ നമ്മൾ എത്രമാത്രം കൺവിൻസ്ഡ് ആണ് എന്നതാണ് അഭിനേതാക്കൾക്കും ആത്മവിശ്വാസം നൽകുന്നത്.
സാധാരണ സംവിധാനത്തിലേക്കുള്ള വഴി അസി. ഡയറക്ടർ ആകുകയാണ്. ശരൺ പക്ഷേ, സംവിധാനത്തിലേക്ക് തന്നെ കടന്നു.
ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ഇറങ്ങുമ്പോൾ തന്നെ സിനിമ ചെയ്യണം എന്നത് തന്നെയായിരുന്നു ആഗ്രഹം. കാരണം അപ്പോൾ തന്നെ ഞാൻ എഴുതുന്നുണ്ടായിരുന്നു. ഇടയ്ക്ക് ഞാനൊരു പ്രോജക്റ്റിൽ ചേരാൻ തീരുമാനിച്ചിരുന്നു. അപ്പോഴേക്കും ഈ സിനിമയ്ക്ക് നിർമ്മാതാവിനെ ലഭിച്ചു.
ശരൺ, ഇനി ചോദ്യങ്ങളില്ല. ഇഷ്ടപ്പെട്ട അഞ്ച് സിനിമകൾ പറയൂ.
സന്ദേശം.
മണിച്ചിത്രത്താഴ്.
എലിപ്പത്തായം.
കുമ്മാട്ടി.
തൊണ്ടിമുതലും ദൃക്സാക്ഷിയും.
