"കണ്ടവരെല്ലാം സിനിമയെ കുറിച്ച് മികച്ച അഭിപ്രായം പറയുന്നുണ്ട് പക്ഷേ സാധാരണ തിയറ്ററുകളിൽ എത്തുന്ന എണ്ണം ആളുകള്‍ എത്തുന്നില്ല എന്നതിൽ ചെറിയ ആശങ്കയുണ്ട്"
തിയറ്റര്‍ എക്സ്പീരിയന്‍സ് എന്നത് ലൗഡ് ആയ സിനിമകള്‍ക്ക് പറഞ്ഞിട്ടുള്ളതാണെന്ന് കരുതുന്ന ഒരു വിഭാഗം പ്രേക്ഷകര്‍ ഉള്ള കാലത്ത് അത് അങ്ങനെയല്ലെന്ന് പറയുകയാണ് ഒരു യുവസംവിധായകന്‍. പൂര്‍ണ്ണമായും തിയറ്റര്‍ കാഴ്ചയ്ക്കുവേണ്ടി എത്രത്തോളം എഫര്‍ട്ട് എടുത്താണ് സൌണ്ട് ഡിസൈന്‍ തങ്ങള്‍ നിര്‍വ്വഹിച്ചിട്ടുള്ളതെന്ന് പറയുന്നു ഔസേപ്പിന്‍റെ ഔസ്യത്ത് സംവിധായകന്‍ ശരത് ചന്ദ്രന്‍ ആര്‍ ജെ. കണ്ടവര്‍ മികച്ച അഭിപ്രായം പറയുമ്പോഴും ചിത്രം വേണ്ടത്ര പ്രേക്ഷകരിലേക്ക് എത്തുന്നുണ്ടോ എന്ന ആശങ്കയും അദ്ദേഹത്തിനുണ്ട്. അരങ്ങേറ്റ ചിത്രവുമൊത്തുള്ള യാത്രയെക്കുറിച്ച് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറയുകയാണ് സംവിധായകന്‍.
ചിത്രത്തിന്‍റെ കാസ്റ്റിംഗ് കൗതുകകരമാണ്. വിജയരാഘവന്‍, ദിലീഷ് പോത്തന്‍, ഷാജോണ്‍ കോമ്പിനേഷന്‍ തന്നെ ഒരു രസമുണ്ടാക്കുന്നുണ്ട്. എങ്ങനെയാണ് അവരിലേക്ക് എത്തിയത്?
എഴുത്തിൽ തന്നെ തീരുമാനമായ ഒന്നായിരുന്നു ഔസേപ്പായി കുട്ടേട്ടൻ വേണമെന്നത്. പൂക്കാലം കണ്ടതിന് ശേഷമാണ് കുട്ടേട്ടനെ കാസ്റ്റ് ചെയ്യാമെന്ന് തീരുമാനിക്കുന്നത്. അത്രമാത്രം ഇമോഷൻസിലൂടെ കഥ പറയുന്ന ഒരു ചിത്രത്തിൽ അത്രയും പ്രകടനം കാഴ്ചവയ്ക്കുന്നവർ തന്നെ വേണമായിരിരുന്നു. സംവിധായകൻ എന്ന നിലയിൽ എനിക്ക് എന്ത് വേണം അത് കൃത്യമായി അവരെല്ലാം തന്നു. ദൃശ്യത്തിലെ സഹദേവൻ എന്ന കഥാപാത്രം എനിക്ക് ഒരുപാട് ഇഷ്ടമുള്ള കഥാപാത്രമായിരുന്നു. അതുകൊണ്ട് തന്നെ സ്ക്രിപ്റ്റ് തുടങ്ങിയ സമയത്ത് ഷാജോൺ ചേട്ടനോട് പറഞ്ഞിരുന്നു. കഥ കേട്ടപ്പോൾ ഷാജോൺ ചേട്ടന് ഇഷ്ടപ്പെട്ടിരുന്നു. എനിക്ക് വേണ്ടത് പൊലീസുകാരനെ അല്ലായിരുന്നു. അതിനകത്തെ ഒരു മനുഷ്യനെയായിരുന്നു വേണ്ടത്. അത് ഷാജോൺ ചേട്ടന് നന്നായി ചെയ്യാൻ കഴിയുമെന്ന ബോധ്യം ഉണ്ടായിരുന്നു. അതുകൊണ്ടാണ് ജോർജ് ഷാജോൺ ചേട്ടനിലേക്ക് എത്തിയത്. അതുപോലെ മൈക്കിൾ ദിലീഷ് ഏട്ടനിലേക്ക് എത്തിയത് ഇതിനകത്തെ ഒരു ഇമോഷണൻ ആർക്ക് ചോരാതെ, കഥയോട് ചേർന്ന്, മൈക്കിളിനോട് നീതി പുലർത്തുമെന്ന് ഉറപ്പുണ്ടായിരുന്നതുകൊണ്ടാണ്. ഔസേപ്പിന്റെ ചെറിയ മകൻ റോയ് മിതത്വമുള്ള, എല്ലാവർക്കും ഇഷ്ടമുള്ള ഒരാളാവണമെന്നുണ്ടായിരുന്നു. ഹേമന്തിനാണെങ്കിൽ അങ്ങനെ ഒരു ഫേസുണ്ട്. കുറച്ചു കാലമായി ഹേമന്തിന് അത്ര വിസിബിലിറ്റി കിട്ടുന്ന കഥാപാത്രങ്ങളിൽ കാണാത്തത് കൊണ്ട് റോയിയെ എല്ലാവർക്കും ഇഷ്ടപ്പെടുമെന്ന് ഉറപ്പായിരുന്നു. അങ്ങനെയാണ് റോയ് ഹേമന്തിലേക്ക് എത്തിയത്.
സിനിമ ഇറങ്ങിയതിന് ശേഷമുള്ള പ്രതികരണം എത്തരത്തിലുള്ളതാണ്?
സിനിമ റിലീസ് ചെയ്ത സമയം വളരെ നിർണായകമാണ്. കുട്ടികളുടെ പരീക്ഷ സമയം, നോമ്പ് സമയം. ഇത് സിനിമ കാണാൻ തിയേറ്ററുകളിൽ പ്രേക്ഷകരെ എത്തിക്കുന്നതിൽ കുറവ് വരുത്തിയിട്ടുണ്ടെന്ന് തോന്നിയിട്ടുണ്ട്. കണ്ടവരെല്ലാം സിനിമയെ കുറിച്ച് മികച്ച അഭിപ്രായം പറയുന്നുണ്ട് പക്ഷേ സാധാരണ തിയറ്ററുകളിൽ എത്തുന്ന എണ്ണം ആളുകള്‍ എത്തുന്നില്ല എന്നതിൽ ചെറിയ ആശങ്കയുണ്ട്. കോവിഡിന് ശേഷം ഒ ടി ടി സംസ്‍കാരം വന്നതോടെ തിയേറ്ററിൽ എത്തുന്ന സിനിമകളോട് പ്രേക്ഷകർ മുൻധാരണയോടെ കണ്ട് ജഡ്ജ് ചെയ്യുന്ന സ്വഭാവം വന്നിട്ടുണ്ട്. ലൗഡ് ആയ സിനിമകൾ മാത്രം തിയറ്ററിൽ പോയി കാണുക മറ്റുള്ളവ ഒ ടി ടി യിലേക്ക് മാറ്റിവയ്ക്കാം എന്ന രീതിയിൽ. പക്ഷേ അതൊരു തെറ്റായ പ്രവണതയായി തോന്നുന്നുണ്ട്. വലിയ സിനിമകളിൽ മാത്രമല്ല ചെറിയ സിനിമകളിലും സൗണ്ട് ഡിസൈൻ ചെയ്യുമ്പോഴാണ് ആ സിനിമ പൂർണതയിൽ എത്തിക്കുന്നത്. ഈ സിനിമ തിയേറ്ററിൽ നിന്ന് തന്നെ കാണണമെന്നേ ഞാൻ പറയുകയുള്ളൂ. ഇതിന്റെ ലാൻഡ്‌സ്‌കേപ്പ് മുഴുവനായി നമുക്ക് ആ ശബ്ദത്തിൽ നിന്ന് കിട്ടും. അതൊരു അറ്റ്മോസ് തിയേറ്ററിൽ ഇരുന്നു കാണുമ്പോൾ നമ്മൾ ഭൂപ്രദേശത്ത് എത്തിയ ഫീൽ കിട്ടും. അതുപോലെ ഇതിൽ കടന്നു പോകുന്ന മനുഷ്യരുടെ ഇമോഷൻ ഓരോ ശബ്ദം വച്ച് കുറച്ചുകൂടെ കൺവിൻസ് ചെയ്യാൻ ശ്രമിച്ചിട്ടുണ്ട്. ഓരോ കഥാപത്രത്തിന്റെയും മാനസികാവസ്ഥയ്ക്കനുസരിച്ചായിരുന്നു അവർ കേൾക്കുന്ന ഓരോ ശബ്ദവും. ശബ്ദം സബ്ജെക്റ്റീവ് ആയിത്തന്നെ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. ഒരു ഇൻസൈറ്റ് ഇൻസിഡന്റിന് മുൻപ് മൈക്കൾ കേൾക്കുന്ന ശബ്‍ദം, ജോർജ് കേൾക്കുന്ന ശബ്‍ദം. പിന്നീട് അവരുടെ മാനസികാവസ്ഥ പ്രതിഫലിക്കുന്ന രീതിയിലാണ് ശബ്‍ദം ഡിസൈൻ ചെയ്തിരിക്കുന്നത്. അതുകൊണ്ട് തന്നെ മൊബൈലിലോ ലാപ്‌ടോപിലോ കാണുമ്പോൾ ആ ഒരു സിനിമാറ്റിക് എക്സ്പീരിയൻസ് അതെ ഫീലോടെ എന്ജോയ് ചെയ്യാൻ കഴിയുമോയെന്ന് സംശയമാണ്.
എല്ലാവരും മികച്ച അഭിനേതാക്കളാണ്. ചിത്രീകരണത്തിന് മുമ്പ് എന്തെങ്കിലും തയ്യാറെടുപ്പുകള്‍?
ഔസേപ്പിന്റെ ഒസ്യത്തിൽ അവരുടെ ജീവിതത്തിന്റെ ഒരു ഭാഗം മാത്രമേയുള്ളൂ. അവരുടെ ജീവിതം എന്തായിരുന്നു, അവർ വളർന്നുവന്ന സാഹചര്യം എന്തായിരുന്നുവെന്നൊക്കെ കൃത്യമായി പറഞ്ഞു കൊടുത്തിരുന്നു. അതിന് ശേഷം ഒരു റിഹേഴ്‌സൽ സെഷനും കൂടി ഉണ്ടായിരുന്നു. അത് കഴിഞ്ഞതോടെ എല്ലാവർക്കും കഥയെ കുറിച്ച് കൃത്യമായ ഐഡിയ ഉണ്ടായിരുന്നു.
കനി കുസൃതിയുടെ കഥാപാത്രത്തിന് റഫറൻസ് എടുത്തിരുന്നോ?
സിനിമയിലെ കേസ് ഒരു ഹൈ പ്രൊഫൈൽ കേസ് അല്ലാത്തത് കൊണ്ട് കനിയിലേക്ക് വളരെ സാധാരണമായി എത്തുന്നതാണ്. വീടും ജോലിയും മാനേജ് ചെയ്തു കൊണ്ടുപോകാൻ ബുദ്ധിമുട്ടുന്ന പോലീസ് ഓഫീസേഴ്‌സിനെ ഞാൻ ജീവിതത്തിൽ കണ്ടിട്ടുണ്ട്. കനി ചെയ്ത ധന്യ എന്ന പോലീസ് വേഷത്തിന് 'ദ് സൈലൻസ് ഓഫ് ദ് ലാംബ്സ്' എന്ന സിനിമയിലെ ക്ലാരിസ് എന്ന കഥാപാത്രത്തെയാണ് റെഫറൻസ് ആക്കിയെടുത്തത്.
അടുത്ത സിനിമ?
ഫാമിലി സസ്പെൻസ് ത്രില്ലറാണ് അടുത്ത സ്ക്രിപ്റ്റിംഗിലുള്ളത്. എഴുത്ത് മുഴുവനായിട്ടുണ്ട് പക്ഷേ പ്രൊഡക്ഷനൊന്നും ഇതുവരെയും റെഡിയായിട്ടില്ല. അതിന്റെ പണിപ്പുരയിലാണ്.
സിനിമയിലേക്ക് എത്തിയത്?
തിരുവനന്തപുരമാണ് സ്വദേശം. ആർട്സ് കോളേജിൽ ബി എഫ് എ ചെയ്തു. പിന്നീട് കോമേഴ്‌സിൽ ഫോട്ടോഗ്രഫി, സിനിമറ്റോഗ്രഫി ചെയ്തു. പരസ്യ മേഖലയിൽ ജോലി ചെയ്തു. പിന്നീട് സിനിമയിലേക്ക് എത്തുകയായിരുന്നു.
ALSO READ : ഹരീഷ് പേരടി നിര്‍മ്മാണം; 'ദാസേട്ടന്‍റെ സൈക്കിൾ' തിയറ്ററുകളിലേക്ക്
