ലിജോ ജോസ് പെല്ലിശ്ശേരി എന്ന സംവിധായകനെ ഇഷ്ടപ്പെടുന്നവര്‍ വലിയ കാത്തിരിപ്പോടെ ഉറ്റുനോക്കുന്ന സിനിമയാണ് 'ജല്ലിക്കട്ട്'. ഒക്ടോബര്‍ 4ന് തീയേറ്റര്‍ റിലീസ് പ്രഖ്യാപിച്ച സിനിമ ഫെസ്റ്റിവല്‍ സര്‍ക്യൂട്ടുകളിലെ പ്രദര്‍ശനം ആരംഭിച്ചുകഴിഞ്ഞു. പ്രധാന ചലച്ചിത്രോത്സവങ്ങളിലൊന്നായ ടൊറോന്റോ ഫെസ്റ്റിവലിലായിരുന്നു സിനിമയുടെ പ്രീമിയര്‍. വലിയ കൈയ്യടികളോടെയാണ് ടൊറോന്റോയില്‍ പ്രേക്ഷകര്‍ ചിത്രത്തെ സ്വീകരിച്ചത്. പ്രീമിയര്‍ പ്രദര്‍ശനത്തിന് ശേഷം പ്രേക്ഷകരെ അഭിസംബോധന ചെയ്യവെ ലിജോ പറഞ്ഞ പലകാര്യങ്ങളില്‍ ഒന്ന് സിനിമയില്‍ അഭിനേതാക്കളെ കൈകാര്യം ചെയ്തതിനെക്കുറിച്ചായിരുന്നു. ചില രംഗങ്ങളില്‍ മൃഗങ്ങളെപ്പോലെ പെരുമാറാന്‍ അഭിനേതാക്കളോട് ആവശ്യപ്പെട്ടുവെന്നാണ് അദ്ദേഹം പറഞ്ഞത്. എന്തായിരുന്നു 'ജല്ലിക്കട്ടി'ന്റെ ചിത്രീകരണാനുഭവം? എന്താണ് ആ സിനിമ? ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന സാബുമോന്‍ അബ്ദുസമദ് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് സംസാരിക്കുന്നു.

ബിഗ് ബോസ് മലയാളം സീസണ്‍ ഒന്ന് ഗ്രാന്റ് ഫിനാലെയില്‍ വിജയിയായി ദിവസങ്ങള്‍ക്കുള്ളില്‍ താന്‍ ലിജോയുടെ സെറ്റില്‍ ജോയിന്‍ ചെയ്തുവെന്ന് പറയുന്നു സാബു. 'ബിഗ് ബോസ് കഴിഞ്ഞിട്ട് നേരെപോയി ജോയിന്‍ ചെയ്ത സിനിമയാണ് ജല്ലിക്കട്ട്. ഷൂട്ടിംഗിന് മുന്‍പേ കുറേദിവസം അവിടെപ്പോയി നിന്നിരുന്നു, ലിജോ പറഞ്ഞതനുസരിച്ച്. ഭയങ്കര ഒറിജിനലായിട്ടാണ് ചെയ്തിരിക്കുന്നത്. ശാരീരികമായി കുറേ പരിക്കുകളൊക്കെ പറ്റി. എനിക്കും ആന്റണിക്കും പിന്നെ വേറൊരു പയ്യനുണ്ടായിരുന്നു. അവന്റെ തോള് സ്ഥാനം തെറ്റി. അങ്ങനെ അപകടങ്ങളുടെ ഒരു പരമ്പര തന്നെയുണ്ടായി ചിത്രീകരണത്തിനിടെ. പ്രതീക്ഷിക്കുന്ന ഔട്ട് കിട്ടുന്നതുവരെ ലിജോ ചെയ്യിച്ചുകൊണ്ടിരിക്കും. അതിനി എത്ര എക്‌സ്ട്രീം ആയിട്ടുള്ള കാര്യമാണെങ്കിലും ചെയ്യാന്‍ പറയും. ആന്റണിയൊക്കെ കഥാപാത്രത്തിനുവേണ്ടി കുറേ നാളെടുത്ത് ശാരീരികമായ തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നു. എന്റേത് അത്തരമൊരു കഥാപാത്രമല്ലാത്തതിനാല്‍ അതിന്റെ ആവശ്യം വന്നില്ല. കഥാപാത്രത്തെയും അയാളുടെ പശ്ചാത്തലത്തെയും കുറിച്ച് പടം തുടങ്ങുന്നതിന് മുന്‍പ് ലിജോ കൃത്യമായി പറഞ്ഞിരുന്നു. പിന്നെ കുറേപ്രാവശ്യം വായിച്ചു. പിന്നെ, സിനിമയില്‍ ഞാന്‍ അധികസമയമൊന്നും ഇല്ല. എന്നാല്‍ പ്രാധാന്യമുള്ള ഒരു കഥാപാത്രവുമാണ്', സാബുമോന്‍ പറയുന്നു.

മൂവായിരത്തോളം ആളുകള്‍ പങ്കെടുത്ത രംഗങ്ങള്‍ ചിത്രത്തില്‍ ഉണ്ടെന്നും ഏറെ പ്രത്യേകതകളുള്ളതായിരുന്നു ചിത്രീകരണമെന്നും സാബുമോന്‍ പറയുന്നു. '2000-3000 പേരൊക്കെ ചില ദിവസങ്ങളിലെ ചിത്രീകരണത്തിന് ഉണ്ടായിരുന്നു. പിന്നെ രാത്രി, കാടിനുള്ളിലെ ചിത്രീകരണം. അതും ഡിസംബര്‍ മാസത്തിലെ കൊടുംതണുപ്പില്‍. തണുപ്പില്‍ പ്രത്യേകം ധരിക്കുന്ന വസ്ത്രങ്ങളൊന്നുമില്ലാതെ വനാന്തരത്തില്‍... സാധാരണ ലുങ്കി ഒക്കെത്തന്നെയായിരുന്നു ആ രംഗങ്ങളിലും വേഷം. വലിയ കോസ്റ്റ് ആയ സിനിമയാണ്. ടെക്‌നിക്കലി കിടിലമാണ്. ഒറ്റ ഷെഡ്യൂളിലായിരുന്നു ചിത്രീകരണം. വിചാരിച്ചതിലും നേരത്തെ തീര്‍ന്നു. അറുപത് ദിവസം പ്ലാന്‍ ചെയ്തിരുന്നത് നാല്‍പത് ദിവസത്തിനുള്ളില്‍ തീര്‍ന്നു.'

എസ് ഹരീഷിന്റെ 'മാവോയിസ്റ്റ്' എന്ന കഥ അതേപടി സിനിമയാക്കുകയായിരുന്നില്ല ലിജോയെന്നും കഥയിലെ ഒരു ഘടകം സിനിമയ്ക്കുവേണ്ടി വിടര്‍ത്തുകയായിരുന്നുവെന്നും സാബു പറയുന്നു. 'ആത്യന്തികമായി മനുഷ്യനും ഒരു മൃഗമാണ്. സിവിലൈസ്ഡ് ആയതുകൊണ്ട് ഇങ്ങനെ പോകുന്നുവെന്നേയുള്ളൂ. അല്ലെങ്കില്‍ എല്ലായെണ്ണവും കടുംവെട്ടായിരിക്കും. എന്നാലും ഓരോ സമയങ്ങളില്‍ അത് പുറത്തുവരാറുണ്ട്. സിവിലൈസേഷന്‍ എന്ന എലമെന്റ് എടുത്തുകളഞ്ഞാല്‍ ഈ ജീവി ഭയങ്കര അപകടകാരിയാണ്. പിന്നെ, കൂട്ടംചേരുമ്പോള്‍ മനുഷ്യന്റെ ആക്രമണോത്സുകത കൂടും. അതൊക്കെയാണ് ആത്യന്തികമായി ഈ സിനിമയുടെ അന്തര്‍ധാര. സിനിമയെപ്പറ്റി അധികമൊന്നും പറയാന്‍ പറ്റില്ല. അത് ലിജോ തന്നെ പറയട്ടെ.'

സിനിമയുടെ സവിശേഷസ്വഭാവത്തിനാല്‍ ലൊക്കേഷന്‍ സ്റ്റില്ലുകളൊന്നും അനൗദ്യോഗികമായി പുറത്തുവരരുതെന്ന് ലിജോയ്ക്ക് നിര്‍ബന്ധമുണ്ടായിരുന്നുവെന്നും സാബു പറയുന്നു. 'ലൊക്കേഷനില്‍ ഫോട്ടോ എടുക്കാനൊന്നും അനുവാദമുണ്ടായിരുന്നില്ല. എന്റെ ലുക്ക്, ചിത്രം ടൊറോന്റോയില്‍ എത്തുന്നതുവരെ അതിന്റെ ക്രൂ മാത്രമേ കണ്ടിരുന്നുള്ളൂ. ഇതിന്റെ ലുക്ക്‌സ് ആദ്യമായി പുറത്തുവന്നതുതന്നെ ടൊറോന്റോ ഫെസ്റ്റിവല്‍ വഴിയാണ്. അവരാണ് ചില സ്റ്റില്ലുകള്‍ പുറത്തുവിട്ടത്. എന്നാലും സിനിമയിലെ എന്റെ ലുക്കൊന്നും ആ ചിത്രങ്ങള്‍ കണ്ടാല്‍ മനസിലാക്കാനാവില്ല.'

സിനിമയിലെത്തുന്നതിന് മുന്‍പേ ലിജോയുമായുള്ള സൗഹൃദത്തെക്കുറിച്ചും സാബു പറയുന്നു. 'ഞങ്ങള്‍ പഴയ സുഹൃത്തുക്കളാണ്. സിനിമയില്‍ വരുന്നതിന് മുന്‍പേ. ഞാന്‍ സൂര്യയില്‍ വര്‍ക്ക് ചെയ്യുമ്പോഴാണ് ലിജോയെ ആദ്യമായി പരിചയപ്പെടുന്നത്. സി എസ് മനോജ് എന്ന ഒരു പൊതുസുഹൃത്ത് വഴിയാണ് പരിചയപ്പെടുന്നത്. ലിജോയ്ക്ക് ഏറെ ഇഷ്ടപ്പെട്ട എഡിറ്ററായിരുന്നു മനോജ്. അതിന്റെയൊരു സ്വാതന്ത്ര്യം ലിജോയ്‌ക്കൊപ്പം വര്‍ക്ക് ചെയ്യുമ്പോഴുണ്ട്.'

ലിജോ എന്ന സംവിധായകനോടുള്ള ഒരു അഭിനേതാവിന്റെ മതിപ്പുണ്ട് അദ്ദേഹത്തെക്കുറിച്ചുള്ള സാബുവിന്റെ വാക്കുകളില്‍. 'ലിജോ പറയുന്ന ഒരു കാര്യമുണ്ട്. നമ്മളൊരെണ്ണം ചെയ്താല്‍ പിന്നെ അത് പെട്ടെന്ന് വേറൊരാള്‍ക്ക് ചെയ്യാന്‍ തോന്നരുത്. ചെയ്യാന്‍ പറ്റരുത് എന്ന്. അങ്ങനെയുള്ള ഒരു മേക്കര്‍ ആണ് ലിജോ. ലിജോ വലിയ ഫാന്‍ ഫോളോവിംഗ് ഉള്ള സംവിധായകനാണല്ലോ. ആക്ടേഴ്‌സിനെക്കാളും പ്രേക്ഷകരെ കൂട്ടാന്‍ കഴിവുള്ള സംവിധായകനാണ്. അഭിനയിച്ചത് ആരാണെന്നത് പരിഗണിക്കാതെ ലിജോയുടെ സിനിമയ്ക്ക് പോകുന്ന ഒരുവിഭാഗം ആളുകളുണ്ട്', സാബുമോന്‍ അബ്ദുസമദ് പറഞ്ഞുനിര്‍ത്തുന്നു.

ജല്ലിക്കട്ടിന് ശേഷവും ഒട്ടേറെ സിനിമകള്‍ സാബുവിന്റേതായി പുറത്തുവരാനുണ്ട്. ജയസൂര്യ നായകനാവുന്ന തൃശൂര്‍ പൂരം, സച്ചി സംവിധാനം ചെയ്യുന്ന അയ്യപ്പനും കോശിയും, ഒമര്‍ ലുലുവിന്റെ ധമാക്ക, സൈജു നായകനാവുന്ന ഉപചാരപൂര്‍വ്വം ഗുണ്ട ജയന്‍ എന്നിവയാണ് അവയില്‍ ചിലത്.