ഇതിന് മുൻപും സിനിമകളിൽ ലെസ്ബിയൻ പ്രണയം പറഞ്ഞിട്ടുണ്ടെങ്കിലും, സീ ഓഫ് ലവിൽ അതിൽ നിന്ന് വ്യത്യസ്തമായാണ് പ്രണയം പറഞ്ഞിരിക്കുന്നത്.
കഴിഞ്ഞ ദിവസം തിയേറ്ററുകളിലെത്തി സീ ഓഫ് ലൗ (കടലോളം സ്നേഹം ) എന്ന ചിത്രം മലയാള സിനിമയിൽ ഇന്നുവരെ പറയാത്ത ലെസ്ബിയൻ പ്രണയം പറഞ്ഞുവയ്ക്കുന്നുവെന്ന് സംവിധായിക സായി കൃഷ്‍ണ അഭിപ്രായപ്പെടുന്നു. അഭിനേത്രി കൂടിയായ സായി കൃഷ്‍ണ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് സീ ഓഫ് ലൗ. ബിഗ് ബോസ് താരം ദിൽഷ പ്രസന്നൻ , മീര നായർ എന്നിവർ പ്രധാന വേഷത്തിൽ എത്തിയ ചിത്രം നിരൂപക പ്രശംസ പിടിച്ചു പറ്റുന്നു. സീ ഓഫ് ലവിൽ പ്രണയം പറയുന്നു എന്നല്ലാതെ, ഇതൊരു വിവാദ സിനിമയാവുമോ എന്ന് ഭയക്കുന്നില്ലെന്ന് സായി കൃഷ്‍ണ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് പറഞ്ഞു.
ആരും പറയാത്ത ലെസ്ബിയൻ കഥ?
ഇതിന് മുൻപും സിനിമകളിൽ ലെസ്ബിയൻ പ്രണയം പറഞ്ഞിട്ടുണ്ടെങ്കിലും, സീ ഓഫ് ലവിൽ അതിൽ നിന്ന് വ്യത്യസ്തമായാണ് പ്രണയം പറഞ്ഞിരിക്കുന്നത്. വളരെ യാഥാസ്ഥികമായ ഒരു കുടുംബത്തിൽ നിന്നുള്ള സ്ത്രീകൾ പ്രണയത്തിലാവുന്നു. നാട്ടിൻപുറങ്ങളിൽ മുൻപും ഇത്തരത്തിലുള്ള പ്രണയങ്ങൾ ഉണ്ടായിരുന്നെങ്കിലും അവിടെ അവർ തിരിച്ചറിയാതെ പോവുകയാണ് ഉണ്ടാവുന്നത്. തിരിച്ചറിഞ്ഞാലും പലരും അത് തുറന്നു പറയാതെയിരുന്നിരുന്നു. ഒറ്റപ്പെട്ടു ജീവിക്കുന്ന രണ്ടു സ്ത്രീകൾ പരസ്പരം മനസിലാക്കപ്പെടുകയാണ് സീ ഓഫ് ലവിൽ. കാണുന്നവരുടെ ഹൃദയത്തിൽ തൊടുന്ന, ഇതുവരെ ലെസ്ബിയൻ ബന്ധങ്ങളോട് മറ്റുള്ളവർക്ക് തോന്നിയ മനോഭാവം പാടെ മാറിപ്പോകുന്ന ഒന്നാണ് സീ ഓഫ് ലവിലെ ലെസ്ബിയൻ പ്രണയം. ഇതൊരു മാറ്റത്തിന് കാരണമാവുമെന്ന് ഞങ്ങൾക്ക് ഉറപ്പാണ്.

ജുമൈനയിലേക്ക് എന്തുകൊണ്ട് ദിൽഷ?
ദിൽഷയുടെ ആദ്യ സിനിമ ഓ സിൻഡ്രല്ലയിൽ ഞാനൊരു ചെറിയ വേഷം ചെയ്തിട്ടുണ്ട്. അന്ന് മുതൽ ദിൽഷയെ അറിയാം. ക്യാമറയ്ക്ക് പിന്നിൽ ദിൽഷ മറ്റുളവരോട് പെരുമാറുന്ന രീതിയും, ഓരോ ചലനങ്ങളും ശ്രദ്ധിക്കുമായിരുന്നു. അന്നേ ജുമൈലയായി ദിൽഷയെ കാണാൻ കഴിഞ്ഞു. ദിൽഷയോട് അക്കാര്യം അവതരിപ്പിച്ചപ്പോള്‍ ഹാപ്പിയാവുകയും ചെയ്തു. ഇത്തരത്തിൽ ഒരു വിഷയം സംസാരിക്കുന്ന സിനിമയുടെ ഭാഗമാവുമ്പോൾ, കാണുന്ന ആർകെങ്കിലും മാറ്റം ഉണ്ടാവുകയാണെങ്കിൽ ഹാപ്പിയാണെന്ന് ദിൽഷയും പറഞ്ഞു. പിന്നെ ദിൽഷയെ മോഡേൺ വസ്ത്രങ്ങളിൽ മാത്രം കണ്ടിട്ടുള്ളത്. ജുമൈലയെ പോലെ നാട്ടിൻപുറത്തെ മുസ്ലിം പെൺകുട്ടിയുടെ വേഷത്തിലേക്കുള്ള വേഷപകർച്ച ദിൽഷ ഗംഭീരമായി നടത്തി. ലുക്കിൽ ആണെങ്കിലും മുടിയിലെ കളർ എല്ലാം ഞങ്ങൾ കറുപ്പാക്കി, പുരികം ത്രെഡ് ചെയ്യരുതെന്ന് നേരത്തെ പറഞ്ഞിരുന്നു. അതെല്ലാം ദിൽഷ ഫോളോ ചെയ്‍തു. എന്റെ നാട്ടിൽ മണ്ണാർക്കാട് കൊണ്ടുപോയി വളരെ യാഥാസ്ഥികമായി ജീവിക്കുന്ന മുസ്ലിം യുവതിയുമായി ഇടപെഴുകിപ്പിച്ചിരുന്നു ദിൽഷയെ. അതിലൂടെ അവരുടെ തട്ടം ഇടുന്ന രീതിയും മാനറിസവുമെല്ലാം ദിൽഷ നോക്കികണ്ടു അത് കഥാപാത്രം അവതരിപ്പിക്കുമ്പോൾ സഹായകമായിട്ടുണ്ട്. ബീഡി തെറുക്കുന്നതെല്ലാം ദിൽഷ വേഗം പഠിച്ചെടുത്തു. ജുമൈലയെ അവതരിപ്പിച്ചപ്പോൾ അത് സ്വാഭാവികമായി.
മറ്റു കഥാപാത്രങ്ങൾ ?
ജയന്തി എന്ന ജുമൈലയുടെ പ്രണയിനിയുടെ വേഷത്തിൽ മീര നായർ മികച്ചതാക്കി. ജുമൈലയോട് പ്രണയമുള്ള ഒരു ചെറുപ്പക്കാരന്റെ അമ്മയുടെ വേഷം. യൗവനത്തിൽ ഭർത്താവ് നഷ്ടപ്പെട്ട് ഒറ്റപ്പെട്ടു കഥയുടെയും കവിതയുടെയും ലോകത്ത് ജീവിതം ആസ്വദിക്കുന്ന ജയന്തി. ജുമൈലയ്ക്കും ജയന്തിയ്ക്കും കണക്ട് ആവാൻ വലിയ സമയം വേണ്ടി വരുന്നില്ല. കാരണം അവരുടെ ഒറ്റപ്പെടൽ, പരസ്‍പരം മനസിലാക്കാൻ കഴിയുന്ന നിമിഷം അത് മാത്രം മതിയായിരുന്നു. നാല്‍പതുകളിൽ ജീവിക്കുന്ന ജയന്തിയായി മീര നായർ ഗംഭീരമായ പ്രകടനമാണ് കാഴ്ചവച്ചത്. കോട്ടയം രമേഷേട്ടൻ ജുമൈലയുടെ ഉപ്പയുടെ വേഷം ചെയ്തത്. ഒരുപാട് ലയറുകളുള്ള കഥാപാത്രം അദ്ദേഹം ഗംഭീരമാക്കി അവതരിപ്പിച്ചു. ഉമ്മയുടെ വേഷം അവതരിപ്പിച്ച സീനത്ത് ചേച്ചിയും ഗംഭീരമായി ചെയ്തു വച്ചിട്ടുണ്ട്.

തീരുമാനത്തിന് വിമർശിച്ചവരുണ്ടോ ?
ഉണ്ടോയെന്നോ, അടുത്ത് നിൽക്കുന്ന ഒരുപാട് പേര്‍ ചോദിച്ചത് നിന്റെയടുത്ത് ഒരുപാട് കഥകൾ ഉണ്ടായിട്ടും എന്തിനാണ് ഇത്തരത്തിലുള്ള ഒരു വിഷയം സിനിമയായി തിരഞ്ഞെടുത്തത് എന്തിനാണ് എന്നായിരുന്നു എന്നായിരുന്നു. തങ്ങളുടെ പെൺ മക്കളെ ആൺകുട്ടികളുടെ കൂടെ വിടുന്നതിനേക്കാൾ പേടിയാണിപ്പോൾ പെൺകുട്ടികളുടെ കൂടെ വിടാനെന്നാണ് അവരൊക്കെ പറയുന്നത്. പ്രണയം കണക്ട് ആയാൽ മാത്രമേ തോന്നിപോകുമെന്നത് അവർക്ക് അറിയാതെ വരുന്നു, അവർ കരുതുന്നത് പിടിച്ചു നിർത്തിയും പുറകെ പോയുമൊക്കെയാണ് ലെസ്ബിയൻ പ്രണയങ്ങൾ നടക്കുന്നതെന്നാണ്. അത് വളരെ തെറ്റായ ചിന്തയാണ്. സീ ഓഫ് ലൗ കണ്ടു കഴിഞ്ഞാൽ അങ്ങനെയുള്ള പല തെറ്റുദ്ധാരണകളും മാറി പോകും.

