തുടരുവിലെ ഷൺമുഖനെയും ലളിതയേയും ഒരുക്കി ക്യാമറയ്ക്ക് മുന്നിൽ എത്തിച്ച കോസ്റ്റ്യൂം ഡിസൈനര്‍ സമീറ സനീഷ് അവരെ ബിഗ്‌സ്‌ക്രീനിൽ കാണാനുള്ള ആകാംഷയിലാണ്. തുടരുവിൽ വർക്ക് ചെയ്ത വിശേഷങ്ങൾ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് സംസാരിക്കുന്നു. 

തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രം തുടരും ഏപ്രിൽ 25ന് തിയേറ്ററുകളിലെത്തുകയാണ്. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ടീസറും ട്രെയിലറും ഗാനവും കാണുമ്പോൾ പഴയ മോഹൻലാലിനെ തിരിച്ചു കിട്ടിയെന്ന് സന്തോഷത്തിലാണ് അദ്ദേഹത്തിന്റെ ആരാധകർ. എന്നാൽ, വിന്റജ് ലാലേട്ടനല്ല, പകരം മറ്റൊരു ലാലേട്ടനെ തുടരുവിൽ കാണാൻ കഴിയുമെന്നാണ് തുടരുവിന്റെ തിരക്കഥാകൃത്ത് കെ ആർ സുനിൽ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞത്. ഭൂമിയിൽ ചവിട്ടി നിൽക്കുന്ന മോഹൻലാലിനെ തരുൺ മൂർത്തി അവതരിപ്പിക്കുമ്പോൾ ധരിക്കുന്ന വസ്ത്രത്തിനും ഏറെ പ്രാധാന്യമുണ്ട്. തുടരുവിലെ ഷൺമുഖനെയും ലളിതയേയും ഒരുക്കി ക്യാമറയ്ക്ക് മുന്നിൽ എത്തിച്ച കോസ്റ്റ്യൂം ഡിസൈനര്‍ സമീറ സനീഷ് അവരെ ബിഗ്‌സ്‌ക്രീനിൽ കാണാനുള്ള ആകാംഷയിലാണ്. തുടരുവിൽ വർക്ക് ചെയ്ത വിശേഷങ്ങൾ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് സംസാരിക്കുന്നു. 

ഷൺമുഖന്റെ വസ്ത്രങ്ങൾ ഒരുക്കിയതിനെക്കുറിച്ച് ?

 അബ്രഹാം ഖുറേഷിയ്‌ക്ക് ശേഷമാണ് ലാലേട്ടൻ ഷൺമുഖനായി എത്തുന്നത്. മണ്ണിലിറങ്ങി നിൽക്കുന്ന ഒരു സാധാരണ മനുഷ്യനാണ് ഷൺമുഖൻ. ഒരു ചെറിയ ഗ്രാമ പ്രദേശത്തിൽ ജീവിക്കുന്ന മനുഷ്യൻ. അവിടെയുള്ളവർ എത്തരത്തിലുള്ള വസ്ത്രം ധരിക്കും, അത് തന്നെയായിരിക്കും ആ മനുഷ്യനും ധരിക്കുക. പഴയ ലാലേട്ടനെ സ്‌ക്രീനിൽ കൊണ്ടുവരണം എന്നായിരുന്നു ടീമിന്റെ ആവശ്യം, പ്രാക്ടിക്കലി അതിന് എത്രത്തോളം സാധ്യതകൾ ഉണ്ടെന്നൊന്നും അറിയില്ലായിരുന്നു. കഥാപാത്രത്തിനോട് ചേർന്ന് നിൽക്കുന്ന തരത്തിലുള്ള വസ്ത്രങ്ങളായിരിക്കണം. പുറത്തുവന്ന ഷൺമുഖന്റെ ലുക്കിൽ കാർ കഴുകുന്നതിലെല്ലാം ധരിച്ചിരിക്കുന്നത് ലിപ്റ്റന്റെ ഫ്രീ കിട്ടുന്ന ടി ഷർട്ടാണ്. ട്രയൽ ദിവസത്തിന്റെ തലേന്ന് തന്നെ ലാലേട്ടൻ വിളിച്ച് എന്തായിരിക്കും കോസ്റ്റും എന്നും കളറെന്നും ചോദിച്ചിരുന്നു. കോഫീ ബ്രൗൺ ഷർട്ട് ആണെന്ന് അറിഞ്ഞ് ഉള്ളിൽ കറുത്ത ഇന്നർ ബനിയൻ ഇട്ടായിരുന്നു ലാലേട്ടൻ വന്നത്. തുടരുവിലെ ഷൺമുഖന്റെ ഏറ്റവും ഇഷ്ടപ്പെട്ട ഡ്രസ്സ് അതാണ്. അത് ചിത്രത്തിൽ കുറച്ചധികം സീനുകളിലും ഒരു പാട്ട് സീനിലുമുണ്ട്. ലാലേട്ടന് പ്രത്യേക നിർബന്ധമൊന്നുമില്ലാത്ത ഒരാളാണ്. ഫിറ്റായിരിക്കണം വസ്ത്രങ്ങൾ എന്ന് മാത്രമേയുള്ളു. ഇതിന് മുൻപ് പ്രണയം, സ്പിരിറ്റ് ,വെളിപാടിന്റെ പുസ്തകം തുടങ്ങിയ ചിത്രങ്ങളിലെല്ലാം നേരത്തെ വർക്ക് ചെയ്തിട്ടുണ്ട്. 

ലളിതയെ അവതരിപ്പിച്ചതിനെ കുറിച്ച് ?

'തിര'യിൽ ശോഭന മാമിനൊപ്പം നേരത്തെ വർക്ക് ചെയ്തിട്ടുള്ളത് കൊണ്ട് എന്തൊക്കെയാണ് ഇഷ്ടങ്ങളെന്നും കംഫോർട്ട് എന്നും മനസിലാക്കാൻ കഴിഞ്ഞിട്ടുണ്ട്. എങ്കിലും, തുടരുവിലേക്ക് വരുമ്പോഴും ആദ്യ സിനിമയിൽ ഒരുമിച്ച് വർക്ക് ചെയ്ത അതെ എക്സ്സൈറ്റ്‍മെനറ് ഉണ്ടായിരുന്നു. ശോഭന മാം ആയതു കൊണ്ട് തന്നെ ഒരു മെയ്ഡ് അപ്പ് ലുക്ക് വരരുതെന്നും, ആ നാട്ടിലെ സ്ത്രീകളെ പോലെ തന്നെയായിരിക്കണം ലളിതയും. ഉപയോഗിച്ച വസ്ത്രമായിരിക്കും ലളിതയും ധരിക്കുക. ചെറിയ പ്രായത്തിലെല്ലാം മണിച്ചിത്രത്താഴിലെല്ലാം സാരിയെല്ലാം കണ്ട് മിഴിച്ചു നിന്നിട്ടുണ്ട്. മാമിന്റെ സാരി ഉടുക്കുന്ന രീതി സാധാരണയിൽ നിന്ന് വ്യത്യസ്തമാണ്. അലസമായ രീതിയിൽ ഉടുക്കുന്ന സാരി, പക്ഷേ അതിനൊരു പ്രത്യേക ഭംഗിയാണ്. വെറും രണ്ടു മിനിറ്റുകൊണ്ട് മാം സാരി ഉടുക്കും. മെറ്റിരിയൽ സോഫ്റ്റ് ആയിരിക്കണം, കംഫോർട്ടായിരിക്കണം എന്നത് മാത്രമാണ് മാമിന് നിർബന്ധമുള്ള കാര്യം. അങ്ങനെ കൊടുത്താൽ ഹാപ്പിയാവും. മാമിന് കംഫോർട്ടബിളായിരിക്കണം എന്നാൽ ലളിതയിൽ നിന്ന് മാറി നിൽക്കാനും പാടില്ലെന്നത് മാത്രമാണ് ശ്രദ്ധിച്ചത്. 

തരുൺ മൂർത്തിയുടെ കൂടെയുള്ള വർക്കിങ് അനുഭവം ?

തരുൺ മൂർത്തിയുടെ കൂടെയുള്ള വർക്കിങ് പാറ്റേൺ വളരെ പോസ്റ്റീവാണ്. ഇതിന് മുൻപ് വർക്ക് ചെയ്‍ത് സെറ്റുകളിൽ നിന്ന് തികച്ചും വ്യത്യസ്തമായ നല്ലൊരു അനുഭവമായിരുന്നു തുടരുവിലേത്. പത്തു ദിവസം കൂടുമ്പോൾ തരുൺ ഞങ്ങളുടെ ടീമിലെ എല്ലാവരെയും കണ്ട്, വർക്ക് നല്ലരീതിയിൽ പോകുന്നുവെന്ന് പറയുമായിരുന്നു. അത് ടീമിലെ എല്ലാവരുടെയും വർക്ക് ഫ്‌ളോയെ പോസിറ്റീവായി ബാധിച്ചിരുന്നു. ജനാധിപത്യപരമായ സെറ്റാണ് തരുണിന്റേത്. ഷൂട്ട് തുടങ്ങുന്നതിന് ഒരു പത്ത് ദിവസം മുൻപേയാണ് ഞങ്ങളുടെ ജോലി തുടങ്ങുന്നത്. സ്ക്രിപ്റ്റ് കേട്ടതിന് ശേഷം, സിനിമോട്ടോഗ്രഫർ ഷാജി സാറും തരുണും പ്രൊഡക്ഷൻ കൺട്രോളർ ഗോകുൽ ദാസും ചേർന്ന് ഇരുന്ന് ഏത് കളർ പാറ്റേൺ വേണമെന്നെല്ലാം ചർച്ച ചെയ്‍തിരുന്നു.

ലാലേട്ടന് ഞങ്ങളോടുള്ള സ്നേഹത്തിന്റെ തുടക്കം ഈ കഥയിൽ നിന്നായിരുന്നു- കെ ആർ സുനിൽ | Part 2 | KR Sunil

തുടരും എത്രത്തോളം പ്രതീക്ഷ നൽകുന്നു ?

നല്ല സിനിമകളുടെ ഭാഗമാവുമ്പോൾ എപ്പോഴും സന്തോഷം കിട്ടാറുണ്ട്. അതെ ഒരു സന്തോഷം തുടരുവിന്റെ ഭാഗമായപ്പോഴും കിട്ടി. നല്ല സ്ക്രിപ്റ്റാണ്. പിന്നെ, നമ്മൾ മലയാളികളുടെ നൊസ്റ്റാൾജിയാണ് ശോഭന -മോഹൻലാൽ ജോഡി. അത് ബിഗ് സ്‌ക്രീനിൽ കാണാൻ എല്ലാവരെയും പോലെ ഞാനും എക്സ് സൈറ്റഡാണ്. വളരെ റിയലിസ്റ്റിക്കായ ഒരു കുടുംബ ചിത്രമാണ് തുടരും.ഇത് ഹിറ്റാകുമെന്ന് അത്രയും ആത്മവിശ്വാസമുണ്ട്. ആദ്യ സീൻ ലാലേട്ടനും ശോഭന മാമും സാരി വലിക്കുന്ന ഒരു സീനായിരുന്നു. അത് കണ്ടപ്പോൾ തന്നെ സന്തോഷം തോന്നി. എല്ലാവരെയും പോലെ ഞാനും വെയ്റ്റിംങ്ങാണ്.