മലയാളത്തിലെ 2019 ലെ അപ്രതീക്ഷിത ഹിറ്റാവുകയാണ് 'തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍'. ഏറെ ചിരിയും സന്തോഷവും, പ്രണയവും ഒക്കെയായി കൗമാര പ്ലസ് ടു കാലത്തിന്റെ കഥയാണ് ചിത്രത്തിലൂടെ ഗിരീഷ് എ ഡി എന്ന പുതുമുഖ സംവിധായകന്‍ പറയുന്നത്. തിയറ്ററിലേക്ക് പ്രേക്ഷകനെ ആകര്‍ഷിക്കുന്ന വന്‍ താരനിരയൊന്നും ഇല്ലാതെ വിജയം നേടിയ  സിനിമയുടെ വിജയ ഫോര്‍മുലകള്‍ എന്തൊക്കെയാണ്?   മൂക്കുത്തി  അടക്കമുള്ള മികച്ച ഷോര്‍ട്ട് ഫിലിമുകളിലൂടെ ശ്രദ്ധേയനായ ഗിരീഷ് എ ഡി ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനുമായി സംസാരിക്കുന്നു. വിപിൻ പാണപ്പുഴ നടത്തിയ അഭിമുഖം.

ആദ്യം ഉണ്ടായിരുന്ന ആശങ്ക..

മലയാളത്തില്‍ അടുത്തിടെയായി തുടര്‍ച്ചയായി പ്ലസ് ടുവും അതിനെ ചുറ്റിപ്പറ്റിയുമുള്ള ചിത്രങ്ങള്‍ വരുകയും, പ്രഖ്യാപിക്കപ്പെടുകയും ചെയ്‍തപ്പോള്‍ ഞങ്ങളുടെ ചിത്രം സ്വീകരിക്കപ്പെടുമോ എന്ന ആശങ്കയുണ്ടായിരുന്നു. രണ്ട് കൊല്ലം മുന്‍പാണ്  കഥയുടെ ആലോചന നടക്കുന്നത്. ആ സമയത്ത്, സ്‍കൂള്‍ തീം ആക്കി മലയാളത്തില്‍ ചിത്രം ഇറങ്ങിയിട്ട് കുറേ നാളായി എന്ന തോന്നലാണ് ഇത്തരം ഒരു കഥയിലേക്ക് നീങ്ങിയത്. എന്നാല്‍ സ്ക്രിപ്റ്റ് പൂര്‍ത്തിയായ സമയത്ത് ഒരോന്നായി വരാന്‍ തുടങ്ങി. അപ്പോള്‍ ആശങ്കയായി. ഞങ്ങള്‍ക്കും ടെന്‍ഷന്‍ ഉണ്ടായിരുന്നു. മറ്റൊരു നിര്‍മാതാവിനോട് കഥപറഞ്ഞിരുന്നെങ്കില്‍, അയ്യോ..സ്കൂള്‍ പടമോ എന്ന് ചോദിച്ച് പിന്‍മാറുമായിരുന്നു. എന്നാല്‍ ഈ കഥയിലും സ്ക്രിപ്റ്റിലും വിശ്വസിച്ച്  ഞങ്ങളുടെ നിര്‍മ്മാതാക്കള്‍ അതൊന്നും പ്രശ്‍നമാക്കിയില്ല, അവര്‍ ഒപ്പം നിന്നു. അതുതന്നെയാണ് പടത്തിന്‍റെ വിജയങ്ങളില്‍ ഒന്ന്.

കാസ്റ്റിംഗിലെ മാജിക്ക്....

മാത്യുവിന്‍റെയും അനശ്വരയുടെയും കഥാപാത്രങ്ങളാണ് കഥ മുന്നോട്ട് കൊണ്ടുപോകുന്നത്. കീര്‍ത്തിയായി അനശ്വരയെ നേരത്തെ തീരുമാനിച്ചിരുന്നു. എന്നാല്‍ ജെയ്‍സണ്‍ എന്ന റോളിലേക്ക് ഒരാളെ ഞങ്ങള്‍ തിരഞ്ഞുകൊണ്ടിരുന്നു. എതാണ്ട് രണ്ട് വര്‍ഷത്തോളം അന്വേഷണം നടന്നു. ഒരു പതിനാറുവയസുകാരനെ തന്നെ വേണമായിരുന്നു. ആ സമയത്ത് ഞങ്ങള്‍ ഉദ്ദേശിച്ച ഗെറ്റപ്പില്‍ ഒരു കൗമാരതാരം ഇല്ലെന്ന് തോന്നി. ഒടുക്കം ഓഡിഷന്‍ വച്ച് ഒരു പുതുമുഖതാരത്തെ എടുക്കാം എന്ന തീരുമാനത്തില്‍ നില്‍ക്കുമ്പോഴാണ് കുമ്പളങ്ങി നൈറ്റ്സ് ഇറങ്ങുന്നത്. അതിലെ മാത്യുവിന്‍റെ റോള്‍ കണ്ടപ്പോള്‍ ഇതാണ് ജെയ്‍സണ്‍ എന്ന് തോന്നി. എന്നാല്‍ തണ്ണീര്‍ മത്തന്‍ ദിനത്തിലെ റോളും കുമ്പളങ്ങി നൈറ്റ്സിലെ റോളും തീര്‍ത്തും വ്യത്യസ്‍തമായിരുന്നു. മാത്രമല്ല ഒരു കൗമാരക്കാരന്‍റെ എല്ലാ സ്വഭാവവും കാണിക്കുന്ന ജെയ്‍സണ്‍ വളരെ പക്വതയാര്‍ന്ന കുമ്പളങ്ങിയിലെ കഥാപാത്രത്തില്‍ നിന്ന് വ്യത്യസ്‍തമായിരുന്നു. അതിനാല്‍ ഇവന്‍ ചെയ്യുമോ എന്ന് എനിക്ക് ഡൗട്ട് ഉണ്ടായിരുന്നു. എന്നാല്‍ ഒടുവില്‍ മാത്യുവിനെ കണ്ട് സംസാരിച്ചപ്പോള്‍ അശങ്ക മാറി. കുമ്പളങ്ങി നൈറ്റ്സിലെ കഥാപാത്രമല്ല, തണ്ണീര്‍ മത്തനിലെ കഥാപാത്രത്തോടാണ് മാത്യുവിന് കൂടുതല്‍ സാമ്യം എന്ന് ആ സംസാരത്തില്‍ മനസിലായി. അങ്ങനെ ജെയ്‍സണായി മാത്യു എത്തി.

രവി പത്മനാഭന്‍ എന്ന അദ്ധ്യാപക റോളിനെ ചുറ്റിപ്പറ്റിയാണ് ആദ്യം കഥ ആലോചിക്കുന്നത്. അതിനാല്‍ ഈ റോളിലേക്ക് ആര് വേണം എന്നത് ഞങ്ങള്‍ ഏറെ സമയം എടുത്താണ് തീരുമാനിച്ചത്. പടത്തില്‍ എല്ലാവരും റിയലാണെങ്കിലും, അതില്‍ അസ്വാഭാവികം എന്ന് തോന്നിക്കുന്ന ഒരു കഥാപാത്രമാകാനുള്ള അഭിനേതാവിനെ ആയിരുന്നു വേണ്ടിയിരുന്നത്. പടത്തിന്‍റെ നിര്‍മ്മാതാവ് ജോമോന്‍ ടി ജോണ്‍ ആണ് വിനീത് ആയാല്‍ എങ്ങനെയിരിക്കും എന്ന നിര്‍ദേശം വച്ചത്. പിന്നാലെ വിനീത് ശ്രീനിവാസനെ ചെന്നുകണ്ടു. കഥ പറഞ്ഞപ്പോള്‍ തന്നെ അഭിനയിക്കാം എന്ന് അദ്ദേഹം പറഞ്ഞു. ആ റോളിലേക്ക് മുന്‍പും പലരെയും ആലോചിച്ചെങ്കിലും വിനീത് ആ റോളിന് സെറ്റാണ് എന്നാണ് ഇപ്പോള്‍ തോന്നുന്നത്. അതുപോലെ തന്നെ സിനിമയിലെ മറ്റ് കുട്ടികളെ കണ്ടെത്തിയത് ഓഡിഷന്‍ നടത്തിയാണ്. മാര്‍ച്ച് മാസത്തിലാണ് ഓഡിഷന്‍ നടത്തിയത്, പരീക്ഷക്കാലമായതിനാല്‍ ആവശ്യത്തിന് കുട്ടികളെ ലഭിക്കുമോ എന്നത് ഒരു പ്രശ്‍നമായി തോന്നിയിരുന്നു. എന്നാല്‍ ഞങ്ങളെപ്പോലും അത്ഭുതപ്പെടുത്തിയാണ് കുട്ടികള്‍ എത്തിയത്. മികച്ച താരങ്ങളെ തന്നെ കാസ്റ്റ് ചെയ്യാന്‍ സാധിച്ചു.

ഷോര്‍ട്ട് ഫിലിമില്‍ നിന്നും സിനിമയിലേക്ക്

മുമ്പ് ചെയ്‍ത ഷോര്‍ട്ട് ഫിലിമുകള്‍ അത്യവശ്യം ശ്രദ്ധിക്കപ്പെട്ടവയാണ്. അതിനാല്‍ തന്നെ ഷോര്‍ട്ട് ഫിലിമില്‍ നിന്ന് സിനിമയിലേക്ക് എത്തുമ്പോള്‍ ചിത്രീകരണത്തിലോ സ്ക്രിപ്റ്റിംഗിലോ മറ്റോ വലിയ വെല്ലുവിളി ഉണ്ടായതായി തോന്നിയിട്ടില്ല. എന്നാല്‍ എനിക്ക് അറിയാത്ത കുറേ കാര്യങ്ങള്‍ സിനിമയില്‍ ഉണ്ട്. അത് ചെറിയ ബുദ്ധിമുട്ടും ആശങ്കയും ഉണ്ടാക്കിയിരുന്നു. അതായത് ഷെഡ്യൂള്‍ പാലിക്കേണ്ടതും, സമയത്തിന്‍റെ ഉപയോഗവും ഒന്നും പരിചിതമായിരുന്നില്ല. ഷോര്‍ട്ട് ഫിലിമുകള്‍ ചിത്രീകരിക്കുമ്പോള്‍ നമ്മുടെ സൗകര്യത്തിലും സമയത്തിലും നടന്ന കാര്യങ്ങള്‍ കുറച്ചുകൂടി പ്ലാന്‍ ചെയ്‍ത് ചെയ്യേണ്ട സ്ഥലമാണ് സിനിമ. എന്നാല്‍ പരിചയ സമ്പന്നരായ ക്രൂവും, സഹ സംവിധായകര്‍ സുഹൈലും, ഫിലിപ്പും ഒപ്പം നിന്നു. ഒപ്പം നിര്‍മ്മാതാക്കളെയും എടുത്തുപറയണം അവര്‍ പടത്തിന്‍റെ ഒരു ക്രിയേറ്റീവ് ഭാഗത്ത് ഒരു തരത്തിലും ഇടപെടാതെ ഞങ്ങളുടെ ഇഷ്‍ടത്തിന് സിനിമയെ വിട്ടുതന്നു. ഷോര്‍ട്ട് ഫിലിമില്‍ ഉണ്ടായിരുന്ന ചിലര്‍ ചിത്രത്തിലും എത്തിയത് വലിയ അഭിപ്രായ വ്യത്യാസങ്ങള്‍ ഒന്നും ഇല്ലാതെ സ്‍മൂത്തായി ജോലികള്‍ മുന്നോട്ടുകൊണ്ടു പോകാൻ സഹായകരമായി.

സ്ക്രിപ്റ്റിലെ വാശി...

എന്തെങ്കിലും ഒരു സിനിമ ചെയ്യണം എന്ന രീതിയില്‍ എഴുതിയ സിനിമയല്ല ഇത്. വേണമെങ്കില്‍ പല രീതിയില്‍ സിനിമ ചെയ്യാം. അതായത് ഒരു മണിക്കൂറിലെ ഒരു സംഭവം വേണമെങ്കില്‍ സിനിമ ചെയ്യാം, എന്നാല്‍ അതുവേണ്ട ഒരു കാലഘട്ടം സിനിമയാക്കാം എന്നാണ് ചിന്തിച്ചത്. അതിനായി തിരഞ്ഞെടുത്തത് സ്‍കൂള്‍ കാലമായിരുന്നു. നേരത്തെ പറഞ്ഞപോലെ സ്ക്രിപ്റ്റിംഗ് സമയത്ത് മലയാളത്തില്‍ അത്തരം ഒരു ചിത്രം ശ്രദ്ധിക്കപ്പെട്ടിട്ട് കുറച്ചുകാലമായി എന്ന് തോന്നിയതും ഒരു കാരണമാണ്. ആദ്യം രവി പത്മനാഭന്‍ എന്ന അദ്ധ്യാപക റോളാണ് ഉണ്ടാക്കിയത്. അതിനെ ചുറ്റിപ്പറ്റി പിന്നീട് കഥ വികസിപ്പിച്ചു. കഥയും കഥാപാത്രങ്ങളും വികസിപ്പിച്ച് ഒരു നാലുദിവസത്തില്‍ തന്നെ സ്ക്രിപ്റ്റ് എഴുതി തീര്‍ക്കാന്‍ സാധിക്കും. ഇപ്പോള്‍ ശ്രദ്ധിക്കപ്പെടുന്നതായി ആളുകള്‍ പറയുന്നത് തണ്ണീര്‍മത്തന്‍ ദിനങ്ങളിലെ സംഭാഷണങ്ങളാണ്. അത് വളരെ ശ്രദ്ധാപൂര്‍വ്വം നടത്തിയതാണ്. അതായത് ഒരു സാധാരണ മനുഷ്യന്‍ ജീവിതത്തില്‍ സംസാരിക്കാത്ത ഒരു കാര്യവും കഥാപാത്രങ്ങള്‍ സംസാരിക്കരുത് എന്ന് ഉറപ്പിച്ചിരുന്നു. വിദേശ സിനിമകളും മറ്റും കാണുമ്പോള്‍ ഞാന്‍ ശ്രദ്ധിക്കുന്ന കാര്യം അതിലെ സംഭാഷണങ്ങളാണ്. ചിലപ്പോള്‍ വിഷയത്തില്‍ ഊന്നിയല്ല, അതില്‍ നിന്നും മാറിയും അവര്‍ സംസാരിക്കും. ആ രീതി സ്വീകരിച്ചാണ് സംഭാഷണങ്ങള്‍ ഉണ്ടായത്. ഞാനും എന്‍റെ സഹരചിതാവും തമ്മില്‍ പലപ്പോഴും സംഭാഷണങ്ങള്‍ തമ്മില്‍ പറഞ്ഞ് നോക്കും, പിള്ളേര് ഒരിക്കലും വലിയവരെപ്പോലെ സംസാരിക്കില്ലല്ലോ എന്ന ചിന്ത തന്നെയാണ് പലപ്പോഴും എഴുതുമ്പോള്‍ എടുത്ത നയം. ഒപ്പം ഷൂട്ടിംഗ് സമയത്ത് പിള്ളേര് പലപ്പോഴും കയ്യില്‍ നിന്ന് ഇട്ട സംഭാഷണങ്ങളും ഏറെയാണ്.

പ്രതീക്ഷിക്കാത്ത...പ്രതികരണങ്ങള്‍

പ്രതീക്ഷിച്ചതിനപ്പുറമുള്ള പ്രതികരണങ്ങളാണ് പടം ഇറങ്ങിയതിന് ശേഷം ലഭിക്കുന്നത്.  ആദ്യത്തെ ഷോ കഴിഞ്ഞയുടന്‍ ആളുകള്‍ പറഞ്ഞ് അറിഞ്ഞാണ് പടത്തിന് വിജയം ലഭിച്ചത്. ഒരു ചെറിയ ചിത്രത്തിനും അതിന്‍റെതായ നേട്ടം കൊയ്യാന്‍ സാധിക്കും എന്നത് വലിയ കാര്യമാണ്. സൂപ്പര്‍താരങ്ങളോ, പ്രേക്ഷകനെ തിയറ്ററിലേക്ക് ആകര്‍ഷിക്കാവുന്ന കാര്യങ്ങളോ ചിത്രത്തിന് ഇല്ല. എങ്കിലും ഇപ്പോള്‍ ലഭിക്കുന്ന പ്രതികരണങ്ങള്‍ ചിത്രം ഞങ്ങള്‍ ഉദ്ദേശിച്ച പ്രേക്ഷകരില്‍ തന്നെ എത്തി എന്നത് വലിയ കാര്യമാണ്. വലിയ സന്തോഷമാണ് ഇത്.

'പാമ്പിനെ കൂട്ടില്‍ കയറ്റിയ' പാട്ട്....

പടത്തിന് പ്രേക്ഷകരെ തിയറ്ററിലേക്ക് ആകര്‍ഷിച്ചത് ചിത്രത്തിലെ ജാതിക്കതോട്ടം അടക്കമുള്ള ഗാനങ്ങളും മറ്റുമാണെന്ന് പറയുന്നുണ്ട്. അത് സംബന്ധിച്ച് എവിടെയോ വായിച്ച ഒരു കമന്‍റ്  പാമ്പാട്ടി മകുടി ഊതി പാമ്പിനെ കൂടില്‍ കയറ്റും പോലെയാണ് ഇതിന്‍റെ സംഗീതം പ്രേക്ഷകനെ തിയറ്ററില്‍ എത്തിച്ചത് എന്നാണ്. വളരെ ശരിയായ പ്രയോഗമാണ് അത്. പ്രമോഷന്‍ ചെയ്യാന്‍ ചില പരിമിതികള്‍ ഉള്ള ചിത്രത്തിന് ലഭിച്ച പ്ലസ് പോയിന്‍റ് തന്നെയാണ് ഇതിലെ സംഗീതം. ജസ്റ്റിന്‍ വര്‍ഗ്ഗീസാണ് ഇതിന്‍റെ സംഗീതം നിര്‍വഹിച്ചത്. അദ്ദേഹം വൈകിയാണ് ഈ സിനിമയുടെ ഭാഗമായത്. എന്നാല്‍ അധികം സമയം എടുക്കാതെയാണ് ഇതിലെ ഗാനങ്ങളും, സ്കോറിംഗും തീര്‍ത്തത്.  അത് മനോഹരമായി അദ്ദേഹം ചെയ്‍തിട്ടുണ്ട്. കറുകുറ്റിക്കാരന്‍ തന്നെയാണ് ജെസ്റ്റില്‍ എനിക്ക് നേരത്തെ തന്നെ അറിയാം. അതിനാല്‍ ഞങ്ങള്‍ക്കിടയിലെ കമ്യൂണിക്കേഷന്‍ സ്‍മൂത്തായിരുന്നു. അത് സിനിമയിലും വര്‍ക്ക് ഔട്ടായി എന്നാണ് തോന്നുന്നത്.