പാഷൻ ഫ്രൂട്ട് ഇഷ്ടമല്ലാത്തവർ ചുരുക്കമായിരിക്കും. നന്നായി പഴുത്ത പാഷൻ ഫ്രൂട്ടിൽ അൽപ്പം പഞ്ചസാര കൂടി ചേർത്താൽ സ്വാദ് ഇരട്ടിയാണ്. പ്രമേഹ ചികിത്സ, സന്ധിവാതവും എന്തിനേറെ ക്യാൻസറും തടയാൻ പോലും സഹായിക്കുന്ന പഴമാണ് പാഷൻ ഫ്രൂട്ട് . ഗ്ലൈസെമിക് ഇൻഡക്സ് കുറവായതിനാലും നാരുകൾ ധാരാളം അടങ്ങിയതിനാലും പ്രമേഹരോഗികൾക്ക് മികച്ച പഴമാണിത്. കൂടാതെ കാലറി കൂട്ടാതെതന്നെ വയർ നിറഞ്ഞതായി തോന്നിക്കുന്ന പെക്റ്റിൻ എന്നയിനം നാരും ഇതിലുണ്ട്.  കൊളസ്ട്രോൾ കുറയ്ക്കാനും ഇൻസുലിന്റെ പ്രവർത്തനം മെച്ചപ്പെടുത്താനും ഈ പഴം സഹായിക്കും.

ക്യാൻസറിനു കാരണമാകുന്ന ഫ്രീ റാഡിക്കലുകളോട് പൊരുതുന്നു എന്നതാണ് പാഷൻ ഫ്രൂട്ടിന്റെ ഗുണം. കാൻസർ തടയാൻ ഇത് സഹായിക്കുന്നു. ജീവകം എ ഫ്ലേവനോയ്ഡുകളും മറ്റ് ഫിനോളിക് സംയുക്തങ്ങളും ഇതിലുണ്ട്. അത്തരമൊരു സംയുക്തമാണ് ക്രൈസിൻ (Chrysin). മലാശയ അർബുദ കോശങ്ങളെ നശിപ്പിക്കുന്ന Piceatannol എന്ന സംയുക്തവും പാഷൻഫ്രൂട്ടിൽ ഉണ്ട്. ജീവകം സിയും ഇതിൽ ധാരാളമുണ്ട്.

പൊട്ടാസ്യം അടങ്ങിയതിനാൽ രക്തസമ്മർദം നിയന്ത്രിക്കാനും പാഷൻ ഫ്രൂട്ട്  സഹായിക്കുന്നു. രക്തക്കുഴലുകളെ വിശ്രാന്തമാക്കി രക്തപ്രവാഹം വർധിപ്പിക്കുന്നു. ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു. പാഷൻഫ്രൂട്ടിന്റെ തൊലിയുടെ സത്ത് രക്താതിമർദത്തിനുള്ള പരിഹാരമായി ഉപയോഗിക്കാം എന്ന് അമേരിക്കൻ പഠനം തെളിയിക്കുന്നു. പാഷൻഫ്രൂട്ടിലടങ്ങിയ ഫോളേറ്റ് ഗർഭസ്ഥശിശുവിന്റെ വളർച്ചയെയും വികാസത്തെയും സഹായിക്കുന്നു. ശിശുക്കളിലെ ന്യൂറൽ ട്യൂബ് ഡിഫെക്ടുകൾ തടയുന്നു. ഗർഭകാലത്ത് രോഗപ്രതിരോധ ശക്തിയും എല്ലുകളുടെ ആരോഗ്യവും മെച്ചപ്പെടുത്താനും പാഷൻഫ്രൂട്ട് സഹായിക്കുന്നു.