ആന്റിഓക്‌സിഡന്റുകളാലും ധാതുക്കളാലുമെല്ലാം  സമ്പന്നമായ ഫലവർഗമാണ് പപ്പായ. പപ്പായക്ക് ധാരാളം ആരോഗ്യഗുണങ്ങളുണ്ട്. ശരീരത്തിന്റെ സാധാരണഗതിയിലുള്ള പ്രവര്‍ത്തനങ്ങളെ ആക്കപ്പെടുത്താനാവശ്യമായ ഘടകങ്ങളാണ് ഇതിനെ മറ്റ് ഫലങ്ങളില്‍ നിന്ന് വ്യത്യസ്തമാക്കുന്നത്. രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ പപ്പായ കഴിക്കുന്നത് ഏറെ സഹായകമാണ്. വിറ്റാമിന്‍- സി, എ എന്നിവയാണ് ഇതിന് സഹായിക്കുന്നത്. ജലദോഷം, ചുമ, കഫക്കെട്ട് തുടങ്ങിയ അണുബാധകളെ നേരിടാനും പപ്പായയ്ക്ക് പ്രത്യേക കഴിവുണ്ട്.

ക്യാന്‍സറിനെ തടയാനും ഒരു പരിധി വരെ പപ്പായയ്ക്കാകുമെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. മലാശയം, പ്രോസ്‌റ്റേറ്റ് ഗ്രന്ഥി -എന്നിവയെ ബാധിക്കുന്ന അര്‍ബുദങ്ങള്‍ തടയാനാണ് പപ്പായയ്ക്ക് ശേഷിയുള്ളത്. ഇതിലടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകളും ഫ്‌ളേവനോയിഡുകളും ഫൈറ്റോന്യൂട്രിയന്റുകളുമാണ് ഇതിന് സഹായിക്കുന്നത്.  ദഹനപ്രശ്‌നങ്ങള്‍ നേരിടുന്നവര്‍ക്ക് സ്ഥിരമായി കഴിക്കാവുന്ന ഒരു ഫലമാണ് പപ്പായ. ദഹനവുമായി ബന്ധപ്പെട്ട ആന്തരീക പ്രവര്‍ത്തനങ്ങളെ ത്വരിതപ്പെടുത്തുന്ന 'എന്‍സൈമുകള്‍' പപ്പായയില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. അതിനാല്‍ തന്നെ മലബന്ധമുള്ളവര്‍ക്കും പപ്പായ നല്ലരീതിയില്‍ ഗുണം ചെയ്യും. അള്‍സറിനെതിരെ പോരാടാനും പപ്പായയ്ക്കാവും. 

വൈറ്റമിന്‍ സി മാത്രമല്ല എയും ധാരാളം ഉള്ളതാണ് പപ്പായ. ഇത് ചർമത്തിനു വളരെ നല്ലതാണ്. പപ്പായയിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റ് ചർമത്തിലെ ചുളിവുകളെയും പ്രായമാകുന്നതിന്റെ മറ്റ് ലക്ഷണങ്ങളെയും പ്രതിരോധിക്കും. കണ്ണിന്റെ കാഴ്ചയ്ക്കും പപ്പായ ഉത്തമം. പപ്പായ പഴത്തിന് മധുരമുണ്ടെങ്കിലും ഗ്ളൈസമിക് ഇൻഡക്സ്  നില മധ്യമമായിരിക്കും. അതിനാൽ, പ്രമേഹ രോഗികൾക്കു പോലും നിയന്ത്രിത അളവിൽ പപ്പായ കഴിക്കുന്നത് അനുവദനീയമാണ്.