അനിയന്ത്രിതമായ കോശവളര്‍ച്ചയും കലകള്‍ നശിക്കുകയും ചെയ്യുന്ന രോഗമാണ് ക്യാന്‍സര്‍. ജീവിത ശൈലിയാണ്​ ഒരു പരിധിവരെ ക്യാൻസർ വരാനുള്ള കാരണമായി വൈദ്യശാസ്​ത്രം പറയുന്നത്​. വ്യക്​തിയുടെ ജീൻ, ജീവിക്കുന്ന പരിസ്​ഥിതി എന്നിവയുമായി ബന്ധപ്പെട്ടാണ്​ ക്യാൻസർ വരാനുള്ള സാധ്യത. വയറിലെ ക്യാന്‍സര്‍ കുറച്ച് പ്രശ്നക്കാരന്‍ തന്നെയാണ്. പലപ്പോഴും ഇത് ക്യാന്‍സര്‍ ആണെന്ന് പോലും കണ്ടുപിടിക്കാന്‍ സാധിക്കാതെ വരുന്നത് രോഗത്തിന്‍റെ തീവ്രത വര്‍ധിപ്പിക്കുന്നു.  ചില സാഹചര്യങ്ങളില്‍  അള്‍സര്‍ വയറിലുണ്ടാകുന്ന ക്യാന്‍സറാണെന്ന് തോന്നാം. 

അള്‍സര്‍ എന്നാല്‍ വ്രണമാണ്. കുടലിലും ആമാശയത്തിലും ഉണ്ടാവുന്ന വ്രണം അല്ലെങ്കില്‍ മുറിവുകളെയാണ് അള്‍സര്‍ എന്ന് പറയുന്നത്.  പല കാരണങ്ങള്‍ മൂലം ആമാശയത്തിലും ഇത്തരം വ്രണങ്ങള്‍ ഉണ്ടാകാം. വസ്ത്രങ്ങളിലുണ്ടാവുന്ന ദ്വാരം പോലെയാണിവ. ചെറിയൊരു ദ്വാരമോ മുറിവോ ആയിരിക്കും ആദ്യഘട്ടത്തില്‍ ഉണ്ടാവുന്നത്. അത് അവഗണിക്കുമ്പോള്‍ ദ്വാരം വലുതായി വരും.

ഈ ലക്ഷണങ്ങള്‍ ശ്രദ്ധിക്കു

1. അള്‍സറിന്‍റെ ഏറ്റവും പ്രധാനപ്പെട്ട ലക്ഷണങ്ങളില്‍ ഒന്നാണു വയറുവേദന. വയറില്‍ കത്തുന്ന പോലെ വേദന വന്നാല്‍ ഒന്ന് സൂക്ഷിക്കുക.  

2. ഭക്ഷണശേഷം വയറ്റില്‍ അസ്വസ്ഥത. 

3. വയറു വീര്‍ക്കലും അസാധാരണമായ വേദനയും അള്‍സറിന്‍റെ ലക്ഷണമാണ്. ഇതു വയറ്റിലെ ക്യാന്‍സറിന്റെയും ലക്ഷണമാകാം. അതുകൊണ്ടുതന്നെ ഒരിക്കലും ഇത് അവഗണിക്കാതിരിക്കുക.

4. ദഹനം ശരിയല്ലാതെ നടക്കുന്നതും നിസാരമായി കാണരുത്.

5. ഉറങ്ങുന്ന സമയത്ത് വയറ്റില്‍ വേദന.

6. മനംപുരട്ടല്‍, ഛര്‍ദ്ദി, നെഞ്ചരിച്ചില്‍, തലചുറ്റല്‍, വിശപ്പില്ലായ്മ. 

7. മലബന്ധവും പെട്ടന്നുള്ള വയറു വേദനയും ശ്രദ്ധിക്കുക.

8. കൊഴുപ്പുള്ള ഭക്ഷണങ്ങള്‍ കഴിക്കുമ്പോള്‍ വയറ്റില്‍ ബുദ്ധിമുട്ട്.

9. അകാരണമായി ശരീരഭാരം കുറയുന്നതും സൂക്ഷിക്കുക.

അള്‍സര്‍ സാധാരണയായി ചെറുകുടലിന്‍റെ ആരംഭത്തില്‍ കാണുന്നു. രണ്ടാമതായി ആമാശയത്തിലും കാണുന്നു. ഇതിനെ ഗാസ്റ്റിക് അള്‍സര്‍ എന്നു പറയുന്നു.

ഗ്യാസ്ട്രിക് അള്‍സര്‍: ആമാശയത്തിനകെത്ത ഭിത്തിയിലുണ്ടാകുന്നു. ഭക്ഷണം കഴിക്കുമ്പോള്‍ വേദന ഉണ്ടാവുന്നതാണ് ഗ്യാസ്ട്രിക് അള്‍സറിന്റെ പ്രധാന ലക്ഷണം. 

ഡുവാഡിനല്‍ അള്‍സര്‍: ചെറുകുടലിന്‍റെ ആദ്യ ഭാഗമായ ഡുവാഡിനത്തില്‍ ഉണ്ടാകുന്നു. രാത്രി ഉറങ്ങുന്നതിനിടെ ഇടവിട്ടുവരുന്ന കഠിനമായ വേദനയാണ് ഡുവാഡിന്ല‍ അള്‍സറിന്‍റെ പ്രധാന ലക്ഷണം.