സ്ത്രീകളില്‍ ഏറ്റവും അധികം കണ്ടുവരുന്ന ക്യാന്‍സര്‍ രോഗമാണ് ബ്രസ്റ്റ് ക്യാന്‍സര്‍ അഥവാ സ്തനാര്‍ബുദം. ലോകത്തില്‍ ഏറ്റവും അധികം സ്ത്രീകള്‍ ദുരിതത്തിലാകുന്നതും  സ്താനാര്‍ബുദം മൂലമാണ്. സാധാരണയായി നമ്മള്‍ കേട്ടിട്ടുളള ലക്ഷണങ്ങള്‍ മുലഞെട്ടുകളിലെ മാറ്റം അല്ലെങ്കില്‍ സ്തനങ്ങളില്‍ കണ്ടുവരുന്ന മുഴകള്‍, തടിപ്പ്, വീക്കം തുടങ്ങിയവയാണ്.  

എന്നാല്‍ ഇതിന് പുറമെ  മറ്റ് ചില ലക്ഷണങ്ങള്‍ കൂടിയുണ്ട്. ലോകാരോഗ്യ സംഘടന പ്രകാരമുളള ചില ലക്ഷണങ്ങള്‍ നോക്കാം. 

1. സ്തനങ്ങളിലെ ചെറിയ നിറം മാറ്റം പോലും ക്യാന്‍സറിന്‍റെ ലക്ഷണങ്ങളാവാം. ചര്‍മ്മം ചുവപ്പ് നിറമാവുകയോ, ഓറഞ്ചിന്റെ തൊലി പോലെ വരളുകയോ ചെയ്യുന്നതും ക്യാന്‍സര്‍ ലക്ഷണമാകാം. സ്തന ചര്‍മ്മത്തിന്  മാറ്റമുണ്ടാവുന്നെങ്കില്‍  അവ ശ്രദ്ധിക്കണം. 

2. ഒരു സ്തനത്തിന്  മാത്രമായി വലിപ്പം വെയ്ക്കുകയും, ഞരമ്പുകള്‍ തെളിഞ്ഞു കാണുകയും,  സ്തന ചര്‍മ്മത്തിന് മാറ്റമുണ്ടാവുകയും ചെയ്യുകയാണെങ്കില്‍ ഉടന്‍ ഡോക്ടറെ കാണുക. 

3. സ്തനങ്ങളില്‍ മാത്രമല്ല മറ്റ് ശരീരഭാഗത്തും ലക്ഷണങ്ങളും കാണാം. നെഞ്ചിന് മുകളിലെ മുറിവുകളും കാന്‍സറിന്‍റെ ലക്ഷണങ്ങളാകാം.

4. ആര്‍ത്തവ കാലങ്ങളില്‍ സ്ത്രീകള്‍ക്ക് സ്തനങ്ങളില്‍ വേദനയുണ്ടാവുന്നത് സാധാരണയാണ്. ഇത് തെറ്റിദ്ധരിക്കേണ്ടതില്ല. ആര്‍ത്തവ ആരംഭത്തിന് മുമ്പ് തന്നെ തുടങ്ങുന്ന ഇത്തരം വേദന അടുത്ത ആര്‍ത്തവചക്രം തുടങ്ങി ഉടന്‍ തന്നെ ഇല്ലാതാവും. എന്നാല്‍ ഇതല്ലാതെ മറ്റു തരത്തില്‍ വേദനയുണ്ടാവുന്നുണ്ടെങ്കില്‍ പരിശോധന ആവശ്യമാണ്.

5. സ്തനങ്ങളില്‍ നിന്ന്  എല്ലായിപ്പോഴും സ്രവം ഉണ്ടാവുന്നത് ക്യാന്‍സര്‍ ആവണമെന്നില്ല. അണുബാധകളുണ്ടാകുമ്പോഴും സാധാരണ മുലഞെട്ടുകളില്‍ നിന്ന് സ്രവം ഉണ്ടാവാറുണ്ട്. ചെറിയ മുറിവുകളും അപകടകരമല്ലാത്ത ട്യൂമര്‍ വളര്‍ച്ചയും സ്രവത്തിന് കാരണമാകാം.

6.  ആകൃതിയില്‍ വ്യത്യാസം തോന്നുകയും ചലിക്കുന്നുവെന്ന് തോന്നുകയും ചെയ്യുന്ന മുഴകള്‍ ശ്രദ്ധിക്കണം.  

7.  മുലഞെട്ടുകളിലെ മാറ്റവും സ്തനാര്‍ബുദ ലക്ഷണങ്ങളില്‍ പ്രധാനമാണ്. ഉള്ളിലേക്ക് നിപ്പിള്‍ തള്ളിയിരിക്കുകയോ വലിയുകയോ ചെയ്യുന്നതും ശ്രദ്ധിക്കണം.

8. മുലഞെട്ടിന് ചുറ്റുമുളള നിറമാറ്റം ശ്രദ്ധിക്കണം. അസ്വഭാവികമായി എന്തെങ്കിലും ശ്രദ്ധയില്‍ പെട്ടാല്‍ ഉടന്‍‌ ഡോക്ടറെ കാണുക.

മേല്‍പ്പറഞ്ഞ ലക്ഷണങ്ങള്‍ ഉള്ളവര്‍ രോഗം പിടിപെട്ടതായി കണക്കാക്കേണ്ടതില്ല. എന്നാല്‍ ഈ ലക്ഷണങ്ങളുള്ളവര്‍ വൈദ്യസഹായം തേടുകയും ആവശ്യമായ പരിശോധനകള്‍ നടത്താൻ തയ്യാറാകുകയും ചെയ്യണം. തുടക്കത്തിലേ കണ്ടെത്തിയാല്‍ രോഗം പൂര്‍ണമായും ചികിത്സിച്ച് ഭേദമാക്കാം. 

സ്താനാര്‍ബുദത്തെ കുറിച്ച് നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട മറ്റ് ചില കാര്യങ്ങള്‍ കൂടിയുണ്ട്. 

1. സ്താനാര്‍ബുദം ഒരിക്കലും പ്രായത്തെ ആശ്രയിച്ചിരിക്കുന്നതല്ല. 23 മുതല്‍ 50 വയസ്സ് വരെ പ്രായമുളള  ആര്‍ക്ക് വേണമെങ്കിലും ക്യാന്‍സര്‍ വരാം. 

2. കിമോതെറാപ്പിയെ കുറിച്ച് ഭയം വേണ്ട. ചിലരില്‍ മാത്രമേ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാവുകയുള്ളൂ. 

3. ശരിയായ രീതിയില്‍ രോഗം കണ്ടെത്തി ചികിത്സ നടത്തിയാല്‍ സ്താനാര്‍ബുദവും ചികിത്സിച്ച് മാറ്റാവുന്നതേയുള്ളൂ.