മുംബൈ: കൊവിഡിനെ തുടർന്ന് സാമ്പത്തിക നിലയിൽ തിരിച്ചടിയുണ്ടായെന്ന് രാജ്യത്തെ 12 ഓളം കമ്പനികൾ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയെ (സെബി) അറിയിച്ചു. ലിസ്റ്റ് ചെയ്യപ്പെട്ട ഭൂരിഭാഗം കമ്പനികളും ലോക്ക്ഡൗൺ കാലത്ത് തിരിച്ചടി നേരിട്ടവയാണെങ്കിലും മഹാമാരിയുടെ ഭാവിയെ കുറിച്ച് വ്യക്തതയില്ലാത്തതിനാൽ ആരും റിപ്പോർട്ട് സമർപ്പിച്ചിട്ടില്ല.

ഡിമാർട്ട്, ട്രെന്റ്, കൊച്ചിൻ ഷിപ്പ്‌യാർഡ്, ടൈറ്റൻ, ലീല ഹോട്ടൽസ് തുടങ്ങിയവയാണ് സെബിക്ക് ഇപ്പോൾ റിപ്പോർട്ട് സമർപ്പിച്ചവ. ഏപ്രിൽ - ജൂൺ മാസത്തിൽ വരുമാനം പൂജ്യമാണെന്നും 2021 സാമ്പത്തിക വർഷത്തിന്റെ മൂന്നാം പാദം വരെ ഈ സ്ഥിതി തുടരുമെന്നും ലീല ഹോട്ടൽസ് പറഞ്ഞു.

ഡിമാർട്ടിന്റെ വരുമാനം 45 ശതമാനത്തിലേക്ക് ഇടിഞ്ഞു. മെയ് 20 നാണ് കമ്പനികൾക്ക് സെബി നിർദ്ദേശം നൽകിയത്. നിക്ഷേപകർക്ക് കമ്പനിയുടെ നിലവിലെ സാമ്പത്തിക നില സംബന്ധിച്ച് വ്യക്തത വരുത്തണമെന്നായിരുന്നു നിർദ്ദേശം. ഇതിന്റെ ഭാഗമായാണ് റിപ്പോർട്ട് സമർപ്പിച്ചത്. 

ടിടികെ ഹെൽത്ത്കെയറിന്റെ ഭക്ഷ്യ ഉൽപ്പന്നങ്ങളുടെ വിൽപ്പന, ഏപ്രിൽ മാസത്തിൽ സാധാരണ ഉണ്ടാകുന്നതിന്റെ 50 ശതമാനമായിരുന്നു. മെയ് മാസത്തിൽ ഇത് കുറേക്കൂടി മെച്ചപ്പെടുമെന്ന് കമ്പനി അറിയിച്ചു. ടാറ്റാ ഗ്രൂപ്പിന്റെ സ്ഥാപനമായ ട്രെന്റ് കൊവിഡ് ലോക്ക്ഡൗണിൽ വലിയ തിരിച്ചടി നേരിട്ടുവെന്നാണ് അറിയിച്ചത്. സാമ്പത്തിക ആഘാതം സംബന്ധിച്ച് പരിശോധിക്കുകയാണെന്നും അവർ അറിയിച്ചു.