വാട്സ്ആപ്പിന് ബദലായി സോഹോയുടെ ഉടമസ്ഥതയിലുള്ള അരട്ടൈ ബിസിനസ് ഔദ്യോഗികമായി പുറത്തിറക്കി. സർക്കാർ, പൊതുസേവന സ്ഥാപനങ്ങൾക്ക് ഇത് സൗജന്യമായി ഉപയോഗിക്കാം. വാട്സ്ആപ്പ് ബിസിനസ് നിരക്കുകൾ വർദ്ധിപ്പിച്ച സാഹചര്യത്തിലാണ് സുരക്ഷിതമായ ഈ പുതിയ ഇന്ത്യൻ ആപ്പിന്റെ കടന്നുവരവ്.

വാട്‍സാപ്പിന് ഇന്ത്യൻ ബദലായി ശ്രദ്ധ നേടിയ അരട്ടൈ ബിസിനസ് രംഗത്തേക്കും ചുവടുവയ്ക്കുന്നു. സോഹോയുടെ ഉടമസ്ഥതയിലുള്ള അരട്ടൈയുടെ പുതിയ പതിപ്പായ അരട്ടൈ ബിസിനസ് ഔദ്യോഗികമായി പുറത്തിറക്കി. ഉപഭോക്താക്കളുമായും ജീവനക്കാരുമായും ആശയവിനിമയം നടത്താൻ ബിസിനസുകൾക്ക് ഇനി അരട്ടൈ ഉപയോഗിക്കാം. സോഹോ സ്ഥാപകൻ ശ്രീധർ വെമ്പുവാണ് പുതിയ സേവനത്തിന്റെ വരവ് എക്സിലൂടെ പ്രഖ്യാപിച്ചത്. ബിസിനസുകൾക്ക് ഉപഭോക്താക്കളുമായി നേരിട്ട് ആശയവിനിമയം നടത്താൻ അരട്ടൈ ബിസിനസ് സഹായിക്കുമെന്ന് അദ്ദേഹം അറിയിച്ചു.

സർക്കാർ, പൊതുസേവന സ്ഥാപനങ്ങൾക്ക് സൗജന്യം

അരട്ടൈ ബിസിനസിനൊപ്പം അരട്ടൈ ബിസിനസ് പ്ലാറ്റ്‌ഫോം എന്ന സംവിധാനവും സോഹോ അവതരിപ്പിച്ചിട്ടുണ്ട്. വിവിധ സോഫ്റ്റ്‌വെയർ സംവിധാനങ്ങളെ പരസ്പരം ബന്ധിപ്പിച്ച് സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ ഏകീകരിക്കാൻ ലക്ഷ്യമിട്ടുള്ളതാണ് പുതിയ പ്ലാറ്റ്‌ഫോം. സർക്കാർ സ്ഥാപനങ്ങൾക്കും പൊതുസേവനങ്ങൾക്കും അരട്ടൈ ബിസിനസ് പ്ലാറ്റ്‌ഫോം സൗജന്യമായി ഉപയോഗിക്കാമെന്നാണ് ശ്രീധർ വെമ്പു അറിയിച്ചത്. റെയിൽവേ പോലുള്ള പൊതുസേവന സ്ഥാപനങ്ങൾക്കും ഈ സൗകര്യം ലഭിക്കും.

പ്രത്യേക ആനുകൂല്യം

ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിലെ സ്ഥാപനങ്ങളെയും അരട്ടൈ ബിസിനസിലേക്ക് ആകർഷിക്കാൻ പ്രത്യേക ആനുകൂല്യമാണ് സോഹോ പ്രഖ്യാപിച്ചിരിക്കുന്നത്. ഇത്തരം സ്ഥാപനങ്ങൾക്ക് പ്രതിമാസം 1,000,000 സന്ദേശങ്ങൾ വരെ സൗജന്യമായി അയയ്ക്കാൻ കഴിയും. അതേസമയം, അരട്ടൈ ബിസിനസിന്റെ ഉപയോഗത്തിനുള്ള നിരക്ക് എത്രയായിരിക്കുമെന്ന് സോഹോ ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

സുരക്ഷിതമായ ആശയവിനിമയം

ഇന്ത്യയിൽ വികസിപ്പിച്ച് ഇന്ത്യൻ ബിസിനസുകൾക്കായി രൂപകൽപ്പന ചെയ്ത സേവനമാണ് അരട്ടൈ ബിസിനസെന്ന് സോഹോ പറയുന്നു. സന്ദേശങ്ങൾക്ക് പൂർണമായും സുരക്ഷ ഉറപ്പാക്കുന്ന എൻഡ്- ടു- എൻഡ് എൻക്രിപ്ഷൻ, വിവിധ ഉപകരണങ്ങളിലെ സുരക്ഷിത സംഭാഷണങ്ങൾ ഏകീകരിക്കുന്ന സംവിധാനം, വിവരങ്ങളുടെ ഉടമസ്ഥാവകാശം തുടങ്ങിയ സൗകര്യങ്ങൾ ഇതിലുണ്ട്. ബിസിനസുകൾക്ക് സ്ഥാപനത്തിനുള്ളിലെ ആശയവിനിമയത്തിനും ഉപഭോക്താക്കളുമായി ബന്ധപ്പെടുന്നതിനും ഒരേ വേദി ഉപയോഗിക്കാനാകുമെന്നതാണ് അരട്ടൈ ബിസിനസിന്റെ പ്രധാന സവിശേഷത.

വാട്സ്ആപ്പിന് വെല്ലുവിളി

കഴിഞ്ഞ വർഷം വാട്‍സാപ്പിന് ഇന്ത്യൻ ബദൽ എന്ന നിലയിൽ അരട്ടൈ വലിയ ശ്രദ്ധ നേടിയിരുന്നു. ഇന്ത്യയിലെ ആപ്പ് സ്റ്റോറുകളിൽ ഒന്നാം സ്ഥാനത്തേക്കും അരട്ടൈ എത്തിയിരുന്നു. തമിഴിലെ ‘അരട്ടൈ’ എന്ന വാക്കിന് സൗഹൃദ സംഭാഷണം എന്നാണ് അർഥം. വാട്‍സാപ്പ് ബിസിനസിന്റെ നിരക്കുകളിൽ മെറ്റ മാറ്റം വരുത്തിയതിന് പിന്നാലെയാണ് അരട്ടൈ ബിസിനസിന്റെ വരവ്. ഒക്ടോബർ 1 മുതൽ ഓർഡർ സ്ഥിരീകരണം, വിതരണ വിവരങ്ങൾ തുടങ്ങിയ ചില സേവന സന്ദേശങ്ങൾക്ക് വാട്സ്ആപ്പ് നിരക്ക് ഈടാക്കിത്തുടങ്ങിയിരുന്നു. ഈ സാഹചര്യത്തിൽ ഇന്ത്യൻ ബിസിനസുകൾക്ക് പുതിയൊരു ആശയവിനിമയ വേദി ഒരുക്കുകയാണ് അരട്ടൈയുടെ ലക്ഷ്യം.