കൊച്ചി: പ്രമുഖ വ്യവസായിയായിരുന്ന രാജന്‍ പിള്ളയുടെ ജന്മദിനം പ്രമാണിച്ച് രാജന്‍പിള്ള ഫൗണ്ടേഷന്‍ 25 സ്റ്റാര്‍ട്ടപ്പ് കമ്പനികളെ സഹായിക്കുന്ന ' ബീറ്റ പ്രോജക്ട് 25' എന്ന പദ്ധതി ആരംഭിക്കുന്നു. ഇന്ത്യയിലെ പ്രമുഖ മള്‍ട്ടി നാഷണല്‍ ഗ്രൂപ്പുകളിലൊന്നായ ബീറ്റ ഗ്രൂപ്പ് ഇതിനോടകം അറുപതിലധികം സ്റ്റാര്‍ട്ടപ്പ് സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കുകയും പ്രമോട്ട് ചെയ്യുകയും ചെയ്തിട്ടുണ്ട്. രാജന്‍ പിള്ളയുടെ 25-ാം ചരമ വാര്‍ഷികം പ്രമാണിച്ചാണ് ബീറ്റ പ്രോജക്ട് 25-ന് രൂപം നല്‍കിയിരിക്കുന്നത്. 

പ്രധാനമായും ഐടി, സ്‌പോര്‍ട്‌സ്, ഭക്ഷ്യം, വാണിജ്യ, വ്യവസായം എന്നീ മേഖലകളില്‍ നൂതന ആശയങ്ങളും രാജ്യാന്തര തലത്തിലെത്തിക്കാന്‍ കഴിവുള്ള പ്രതിഭകളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുകയാണ് ഈ പദ്ധതിയുടെ പ്രധാന ഉദ്ദേശമെന്ന് ബീറ്റാ ഗ്രൂപ്പ് വ്യക്തമാക്കി. ഇതിനോടകം തന്നെ ബീറ്റ ഗ്രൂപ്പ് നൂറ് കോടിയിലധികം രൂപ ഈ മേഖലയില്‍ നിക്ഷേപിച്ചു കഴിഞ്ഞു. അവയെല്ലാം തന്നെ അന്താരാഷ്ട്ര നിലവാരം പുലര്‍ത്തുന്ന സ്ഥാപനങ്ങളായി ഉയര്‍ന്നുകഴിഞ്ഞു. ബീറ്റ പ്രോജക്ട് 25-ന്റെ ഭാഗമായി പ്രധാനമായി മൂന്ന് മേഖലകളിലുള്ള സ്റ്റാര്‍ട്ടപ്പ് സ്ഥാപനങ്ങളെയും ആശയങ്ങളെയുമാണ് പ്രൊമോട്ട് ചെയ്യാൻ ഉദ്ദേശിക്കുന്നതെന്നും അവർ പറയുന്നു. 

ബീറ്റ ഗ്രൂപ്പുമായി സഹകരിക്കാന്‍ താല്‍പര്യമുള്ള 25 സ്റ്റാര്‍ട്ടപ്പ് കമ്പനികളെ അന്താരാഷ്ട്ര തലത്തിലേക്കെത്തിക്കാനും അവരെ സഹായിക്കുന്നതിനും വേണ്ടിയാണ് ബീറ്റ പ്രോജക്ട് 25 കൊണ്ട് ഉദ്ദേശിക്കുന്നത്. അടുത്ത 25 വര്‍ഷം കൊണ്ട് ഈ സ്ഥാപനങ്ങളെ അതാത് മേഖലയിലെ ലീഡറാക്കാനാണ് ഉദ്ദേശിക്കുന്നത്. രാജന്‍ പിള്ളയുടെ ജന്മദിനമായ ഡിസംബര്‍ 21-ന് പദ്ധതി ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നത്. കൊല്ലം പോലെയുള്ള ഒരു ചെറിയ നഗരത്തില്‍ നിന്നും അന്താരാഷ്ട്ര തലങ്ങളിലേക്ക് വളര്‍ന്നുവന്ന കഠിനാധ്വാനിയായ വ്യവസായി ആയിരുന്നു രാജന്‍പിള്ള. പടിഞ്ഞാറന്‍ രാജ്യങ്ങളിലും ഏഷ്യയിലും അദ്ദേഹത്തിന്റെ ബ്രിട്ടാനിയ കമ്പനിയെ ഉന്നത നിലവാരമുള്ള ഫുഡ് പ്രോഡക്ട് കമ്പനിയായി മാറ്റാന്‍ അദ്ദേഹത്തിന് കഴിഞ്ഞു.