ദില്ലി: കാനറ ബാങ്കിന്റെ നേതൃത്വത്തിലുള്ള കൺസോർഷ്യം നൽകിയ 7926 കോടി രൂപ വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട് ഹൈദരാബാദ് ആസ്ഥാനമായ ട്രാൻസ്സ്ട്രോയ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിനെതിരെ സിബിഐ കേസെടുത്തു. നീരവ് മോദിക്കെതിരായ വായ്പാ തട്ടിപ്പ് തുകയിലും വലിയ വായ്പാ തട്ടിപ്പ് കേസാണിത്. 

ഇന്ന് കമ്പനിയുടെ ഓഫീസിലും ചുറ്റുവട്ടത്തും പ്രതിസ്ഥാനത്തുള്ള ഡയറക്ടർമാരുടെ ഓഫീസിലും മറ്റുമായി സിബിഐ റെയ്ഡ് നടത്തി. വായ്പയുമായി ബന്ധപ്പെട്ട രേഖകൾ കണ്ടെത്തിയിട്ടുണ്ട്. കമ്പനിയുടെ ചെയർമാനും മാനേജിങ് ഡയറക്ടറുമായ ചെറുകുറി ശ്രീധർ, അഡീഷണൽ ഡയറക്ടർമാരായ റായാപടി സാംബശിവ റാവു, അക്കിനേനി സതീഷ് എന്നിവർക്കെതിരെയാണ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.

സിബിഐ രജിസ്റ്റർ ചെയ്ത കേസ് പ്രകാരം നീരവ് മോദി ആറായിരം (6000) കോടി രൂപയുടെ വായ്പാ തട്ടിപ്പാണ് നടത്തിയത്. ഇദ്ദേഹത്തിന്റെ അമ്മാവനായ മെഹുൽ ചോക്സി 7080.86 കോടിയുടെ വായ്പാ തട്ടിപ്പാണ് നടത്തിയത്. ഇതുമായി തുലനം ചെയ്യുമ്പോൾ ഏറ്റവും വലിയ വായ്പാ തട്ടിപ്പ് കേസാണ് ഹൈദരാബാദ് കമ്പനിക്കെതിരെ ചുമത്തിയിരിക്കുന്നത്.