ഉല്‍പ്പന്നങ്ങളില്‍ '100 ശതമാനം' എന്ന ലേബല്‍ ഉപയോഗിക്കുന്നത് വിലക്കിയ ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (FSSAI) നടപടിക്കെതിരെ ഡാബര്‍. ഈ വിലക്ക് കാരണം 150 കോടിയുടെ ഉല്‍പ്പന്നങ്ങള്‍ നശിക്കാന്‍ സാധ്യതയുണ്ടെന്നും, ഇത് എതിരാളികളെ സഹായിക്കാനാണെന്നും ഡാബര്‍ ആരോപിക്കുന്നു.
ഉല്‍പ്പന്നങ്ങളില്‍ '100 ശതമാനം' എന്നവകാശപ്പെടുന്ന ലേബലുകള്‍ വിലക്കിയ ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ നടപടിക്കെതിരെ എഫ്എംസിജി ഭീമനായ ഡാബര്‍. വിലക്ക് കാരണം 150 കോടി രൂപയുടെ ഉല്‍പ്പന്നങ്ങള്‍ നശിച്ചുപോകാന്‍ സാധ്യതയുണ്ടെന്നും എഫ്എസ്എസ്എഐ നടപടി തങ്ങളുടെ എതിരാളികളെ സഹായിക്കാന്‍ വേണ്ടിയുള്ളതാണെന്നും ഡാബര്‍ ആരോപിച്ചു.'100% ശുദ്ധം' എന്നൊക്കെയുള്ള അവകാശവാദങ്ങള്‍ മറ്റ് കമ്പനികളുടെ ഉല്‍പ്പന്നങ്ങളെ തരം താഴ്ത്തുന്നതാണെന്നാണ് എഫ്എസ്എസ്എഐയുടെ വാദം.
എന്നാല്‍ മറ്റ് ഉല്‍പ്പന്നങ്ങളുമായി യാതൊരു താരതമ്യവും നടത്താതെയുള്ള ഇത്തരം ലേബലുകള്‍ എങ്ങനെയാണ് മറ്റുള്ളവയെ മോശമായി ബാധിക്കുകയെന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നില്ല. '100%' എന്ന വാക്ക് വിപണിയില്‍ മറ്റ് പലരും ഉപയോഗിക്കുന്നുണ്ടെന്നും കമ്പനി ചൂണ്ടിക്കാട്ടുന്നു. ഈ വിലക്ക് പൊതുതാല്‍പ്പര്യാര്‍ത്ഥമല്ലെന്നും മറ്റ് കമ്പനികളുടെ ബിസിനസ് താല്പര്യങ്ങള്‍ സംരക്ഷിക്കാനാണെന്നും കാണിച്ച് ഓഗസ്റ്റ് 6-ന് ഡാബര്‍ ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. എന്നാല്‍ എഫ്എസ്എസ്എഐ ഇതിനോട് ഇതുവരെ പ്രതികരിച്ചിട്ടില്ല.
150 കോടിയുടെ ഉല്‍പ്പന്നങ്ങള്‍ പ്രതിസന്ധിയില്‍
ഡാബര്‍ ഹണി, ഡാബര്‍ വിര്‍ജിന്‍ കോക്കനട്ട് ഓയില്‍, റിയല്‍ ആക്റ്റീവ് കോക്കനട്ട് വാട്ടര്‍ തുടങ്ങി 11 പ്രധാന ഉല്‍പ്പന്നങ്ങള്‍ക്കെതിരെയുള്ള നടപടി കാരണം ഏകദേശം 150 കോടി രൂപയുടെ സ്റ്റോക്കാണ് കെട്ടികിടക്കുന്നത്. ലേബലുകള്‍ കൃത്യമായി പരിശോധിക്കാതെ തികച്ചും യാന്ത്രികമായാണ് എഫ്എസ്എസ്എഐ ഉത്തരവിറക്കിയതെന്നും കമ്പനി കുറ്റപ്പെടുത്തുന്നു. ഉദാഹരണത്തിന്, 'ഡാബര്‍ ഹോംമെയ്ഡ് കോക്കനട്ട് മില്‍ക്ക്', 'ഡാബര്‍ കോള്‍ഡ് പ്രസ്സ്ഡ് സെസമേ ഓയില്‍' എന്നിവയുടെ ലേബലില്‍ ഒരിക്കല്‍പ്പോലും '100%' എന്ന് രേഖപ്പെടുത്തിയിട്ടില്ല. എന്നിട്ടും അവയെയും വിലക്കിയത് യാതൊരു പരിശോധനയുമില്ലാതെയാണ് ഉത്തരവിറക്കിയത് എന്നതിന്റെ വ്യക്തമായ തെളിവാണെന്ന് കമ്പനി പറയുന്നു.
2018-ലെ ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് ചട്ടങ്ങള്‍ക്ക് വിരുദ്ധവും തെറ്റിദ്ധരിപ്പിക്കുന്നതുമാണ് ഡാബറിന്റെ അവകാശവാദം എന്നാണ് എഫ്എസ്എസ്എഐയുടെ നിലപാട്. എന്നാല്‍, എഫ്എസ്എസ്എഐയുടെ കത്ത് ലഭിച്ചതിന് പിന്നാലെ ഉല്‍പ്പന്നങ്ങളുടെ ലേബലുകളില്‍ നിന്നും പരസ്യങ്ങളില്‍ നിന്നും '100%' എന്ന് ഒഴിവാക്കുന്ന നടപടികള്‍ ഡാബര്‍ ആരംഭിച്ചിരുന്നു. ഒട്ടുമിക്ക ഉല്‍പ്പന്നങ്ങളുടെയും ലേബലുകളും പരസ്യങ്ങളും ഇതിനോടകം മാറ്റിക്കഴിഞ്ഞതായി കമ്പനി വ്യക്തമാക്കി.
ഹൈക്കോടതിയുടെ സ്റ്റേ
എഫ്എസ്എസ്എഐയുടെ ഉത്തരവ് ഓഗസ്റ്റ് 24 വരെ മരവിപ്പിച്ചുകൊണ്ട് കഴിഞ്ഞ ആഴ്ച ഡല്‍ഹി ഹൈക്കോടതി ഡാബറിന് താല്‍ക്കാലിക ആശ്വാസം നല്‍കിയിരുന്നു. ഇത്തരം ഒരു നിര്‍ദ്ദേശം നല്‍കുന്നതിന് മുന്‍പ് കമ്പനിയുടെ ഭാഗം കേള്‍ക്കേണ്ടതായിരുന്നു എന്ന് കോടതി നിരീക്ഷിച്ചു.


