ചെന്നൈ: ഇലക്ട്രിക് സ്കൂട്ടറുകൾക്കായി തമിഴ്നാട്ടിൽ ഫാക്ടറി സ്ഥാപിക്കാൻ 2,400 കോടി രൂപ നിക്ഷേപിക്കാൻ പദ്ധതിയിട്ടിട്ടുണ്ടെന്ന് ഓല അറിയിച്ചു.

ഇന്ത്യയെ ഇലക്ട്രിക് വാഹനങ്ങളുടെ നിർമാണ കേന്ദ്രമാക്കി മാറ്റുകയാണ് സോഫ്റ്റ്ബാങ്ക് പിന്തുണയുള്ള ഓലയുടെ ലക്ഷ്യം. ഈ സൗകര്യത്തിനായി ഓല തമിഴ്നാട് സർക്കാരുമായി ധാരണാപത്രം ഒപ്പിട്ടു. നിർമാണം പൂർത്തിയാകുന്നതോ‌ടെ ഫാക്ടറി പതിനായിരത്തോളം തൊഴിലവസരങ്ങൾ സൃഷ്ടിക്കും. ലോകത്തിലെ ഏറ്റവും വലിയ ഇലക്ട്രിക് സ്കൂട്ടർ നിർമ്മാണ കേന്ദ്രമായിരിക്കും ഇത്, തുടക്കത്തിൽ 2 ദശലക്ഷം യൂണിറ്റ് വാർഷിക ശേഷി നിർമാണ കേന്ദ്രത്തിനുണ്ടായിരിക്കും.

"ലോകത്തിലെ ഏറ്റവും വലിയ സ്കൂട്ടർ ഫാക്ടറി സ്ഥാപിക്കാനുള്ള ഞങ്ങളുടെ പുതിയ പദ്ധതി പ്രഖ്യാപിക്കുന്നതിൽ ഞങ്ങൾ സന്തുഷ്ടരാണ്. ഓലയെ സംബന്ധിച്ചിടത്തോളം ഇത് ഒരു സുപ്രധാന നാഴികക്കല്ലാണ്, സുസ്ഥിര മൊബിലിറ്റി സൊല്യൂഷനുകളിലേക്ക് ലോകത്തെ മാറ്റുകയെന്ന ഞങ്ങളുടെ കാഴ്ചപ്പാട് അതിവേഗം പുരോഗമിക്കുമ്പോൾ നമ്മുടെ രാജ്യത്തിനും അഭിമാനകരമായ നിമിഷമാണിത്, ”ഓല ചെയർമാനും ഗ്രൂപ്പ് സിഇഒയുമായ ഭവിഷ് അഗർവാൾ പറഞ്ഞു. 

"ലോകത്തിലെ ഏറ്റവും നൂതനമായ ഉൽപാദന സൗകര്യങ്ങളായിരിക്കും ഫാക്ടറിയിൽ ഒരുക്കുക. ആഗോള വിപണികൾക്ക് വേണ്ടിയുളള ലോകോത്തര ഉൽപന്നങ്ങൾ നിർമ്മിക്കാനുള്ള ഇന്ത്യയുടെ കഴിവും ഈ ഫാക്ടറിയിൽ പ്രദർശിപ്പിക്കും, ”അദ്ദേഹം പറഞ്ഞു.