എംഡിഎച്ച് മസാല കമ്പനിയുടെ ഉടമ ധരംപാൽ ഗുലാഠി അന്തരിച്ചു. 98-കാരനായ ഈ വയോധികൻ ഹൃദയാഘാതത്തെ തുടർന്ന് ദില്ലിയിൽ ചികിത്സയിലായിരുന്ന  ഗുലാഠി ബുധനാഴ്ച രാവിലെ 5.30 -നാണ് അന്ത്യശ്വാസം വലിച്ചത്. കഴിഞ്ഞ മൂന്നാഴ്ചയായി അദ്ദേഹം ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. ഇന്ന് ഉച്ചക്ക് ശേഷം അദ്ദേഹത്തിന്റെ അന്തിമകർമങ്ങൾ നടത്തപ്പെടും. ബിസിനസ് രംഗത്തെ സംഭാവനകളുടെ പേരിൽ കഴിഞ്ഞ കൊല്ലം അദ്ദേഹത്തെ രാജ്യം പദ്മ വിഭൂഷൺ നൽകി ആദരിച്ചിരുന്നു. 

 

 

ഒരു കാലത്ത് ദില്ലിയിലെ നിരത്തുകളിൽ കുതിരവണ്ടി ഓടിച്ചു നടന്നിരുന്ന ധരംപാൽ ഗുലാഠിയുടെ, കോടികൾ ആസ്തിയുള്ള ഒരു ബിസിനസ് ടൈക്കൂൺ എന്ന നിലയിലേക്കുള്ള വളർച്ച, ആരെയും അതിശയിപ്പിക്കുന്ന ഒന്നാണ്. അദ്ദേഹത്തിന്റെ കുടുംബം പാകിസ്താനിലെ സിയാൽ കോട്ടിലായിരുന്നു കഴിഞ്ഞിരുന്നത്. പഠിക്കാൻ വളരെ മോശമായിരുന്ന ധരംപാൽ ആ പേരും പറഞ്ഞ് അച്ഛൻ ചുന്നിലാലയിൽ നിന്ന് നിത്യം വഴക്ക് വാങ്ങിക്കൂട്ടുമായിരുന്നു. 1933 -ൽ അഞ്ചാം ക്‌ളാസ് തോറ്റ ശേഷം ഗുലാഠി പഠിത്തത്തോട് സുല്ല് പറഞ്ഞ് സ്‌കൂളിൽ നിന്ന് ഇറങ്ങി. പഠിപ്പു നിർത്തിയ മകനെ അച്ഛൻ ഒരിടത്ത് ജോലിക്കു കയറ്റി. ആ പണി പക്ഷെ ഗുലാഠിക്ക് ബോധിച്ചില്ല. രണ്ടു ദിവസം പോയി അതും നിർത്തി. അതോടെ അച്ഛന് മകന്റെ ഭാവിയെപ്പറ്റിയുള്ള ഉത്കണ്ഠ വർധിച്ചു. അദ്ദേഹം മകന് സിയാൽകോട്ടിൽ ഒരു മസാലക്കട ഇട്ടു കൊടുത്ത് അവിടെ ഇരുത്തി. അവർ തലമുറകളായി മസാല വ്യാപാരികളായിരുന്നു. പഠിക്കാൻ പിന്നിലായിരുന്നെങ്കിലും, ധരംപാലിന് നല്ല ബിസിനസ് സെൻസ് ഉണ്ടായിരുന്നു. കട നല്ല ലാഭത്തിൽ നടത്താൻ അയാൾക്ക് കഴിഞ്ഞു. പഞ്ചാബിൽ അദ്ദേഹത്തിന്റെ കടയുടെ പേര് 'മഹാശിയാം ദി ഹഡ്‌ഡി' അഥവാ 'മഹാശയന്റെ കട' എന്നായിരുന്നു.  തന്റെ സവിശേഷ മസാലക്കൂട്ടിനെ അദ്ദേഹം അതിന്റെ ചുരുക്കപ്പേരായ MDH എന്ന ട്രേഡ്മാർക്കിൽ അടയാളപ്പെടുത്തി.ത്. 

 

 

എല്ലാം സിയാൽകോട്ടിൽ നന്നായി പൊയ്ക്കൊണ്ടിരിക്കെ 1947 -ൽ ഇന്ത്യാ പാക് വിഭജനം നടക്കുന്നു. സിയാൽ കൂട്ടിലെ സമ്പത്തുകളെല്ലാം ഉപേക്ഷിച്ച് ധരംപാലിന്റെ കുടുംബത്തിന് ഇന്ത്യയിലേക്ക് പലായനം ചെയ്യേണ്ടി വന്നു. ധരംപാൽ ഉദരപൂരണാർത്ഥം എത്തിപ്പെട്ടത് ദില്ലിയിലായിരുന്നു.  അപ്പോൾ അവന്റെ പ്രായം വെറും ഇരുപതു വയസ്സുമാത്രമായിരുന്നു. വിഭജനത്തിന്റെ എല്ലാവിധ സംഘർഷങ്ങളും നേരിട്ടനുഭവിച്ച, അതിന്റെ വേദനകളും മുറിവുകളും ഉള്ളിൽ പേറിയ ഒരു യൗവ്വനമായിരുന്നു ധരംപാലിന്റേത്. ഇന്ത്യയിൽ എത്തിയപ്പോൾ ധരംപാലിന്റെ കീശയിൽ വെറും 1500 രൂപ മാത്രമാണുണ്ടായിരുന്നത്. അതിൽ നിന്ന് 650 രൂപ ചെലവിട്ട് അയാൾ ദില്ലിയിൽ നിന്ന് ഒരു സെക്കൻഡ് ഹാൻഡ് കുതിരവണ്ടി വിലക്ക് വാങ്ങി. അതുമായി ദില്ലിയിലെ നിരത്തുകളിൽ വാടകയ്ക്ക് ആളുകളെ സവാരി ചെയ്യിച്ച് അന്നത്തിനുള്ള വക കണ്ടെത്തി. ട്രിപ്പൊന്നിന് രണ്ടാനയായിരുന്നു അന്നത്തെ സവാരിക്കാശ്. 

 

 

രണ്ടേരണ്ടുമാസമേ ധരംപാലിന് കുതിരവണ്ടി ഓടിച്ചു നടക്കാൻ സാധിച്ചുള്ളൂ. മനസ്സിൽ മസാലക്കച്ചവടം തന്നെ ആയിരുന്നു. ഒടുവിൽ ധരംപാൽ കുതിരവണ്ടി വിറ്റു. എന്നിട്ട് വീട്ടിൽ തന്നെ മസാലപ്പൊടികൾ നിർമിച്ച് വിൽക്കുന്ന ബിസിനസ് തുടങ്ങി. ദില്ലിയിലെ കീർത്തി നഗറിലാണ് പലതും വിറ്റുപെറുക്കി ധരംപാൽ എംഡിഎച്ചിന്റെ ആദ്യത്തെ  ഫാക്ടറി തുടങ്ങുന്നത്. ഇന്ന് എംഡിഎച്ച് എന്ന സ്‌പൈസസ് സ്ഥാപനം ലോകത്തിന്റെ വിവിധ കോണുകളിൽ വ്യാപാരം നടത്തുന്ന ശതകോടികൾ അറ്റാദായമുള്ള ഒരു വൻ ബിസിനസ് സ്ഥാപനമാണ്. ലണ്ടൻ, ഷാർജ, അമേരിക്ക, ദക്ഷിണാഫ്രിക്ക, ഹോങ്കോങ്, ന്യൂസിലാൻഡ്, സിംഗപ്പൂർ എന്നിങ്ങനെ പലയിടത്തും അവർക്ക് വില്പനശാലകളുണ്ട്. ആയിരത്തിലധികം വിതരണക്കാരും 4 ലക്ഷത്തിൽ പരം ചില്ലറ വില്പനക്കാരും

 ഇന്ന് MDH ന് ഇന്ത്യയിൽ മാത്രമുണ്ട്. കമ്പനിയുടെ അത്യാധുനിക നിർമാണ ശാലകളിൽ പ്രതിദിനം 30 ടൺ മസാലപ്പൊടികളാണ് നിർമിച്ച്  പാക്ക് ചെയ്യപ്പെടുന്നത്. മഹാശയ് എന്നറിയപ്പെട്ടിരുന്ന ധരംപാലിന്റെ അച്ഛൻ ചുന്നിലാലിന്റെ ജീവിതം ദുരിതങ്ങൾ നിറഞ്ഞതായിരുന്നു. ആ അച്ഛന്റെ ഓർമക്കായി ധരംപാൽ ഗുലാഠി മഹാശയ് ചുന്നിലാൽ ട്രസ്റ്റിന് രൂപം നൽകി. അതിന്റെ കീഴിൽ നിരവധി ആശുപത്രികളും, അനാഥാലയങ്ങളും, വൃഥാശ്രമങ്ങളും, സ്‌കൂളുകളുമൊക്കെ ഇന്ത്യയുടെ വിവിധഭാഗങ്ങളിലായി നടത്തപ്പെടുന്നുണ്ട്.