തൊഴില്‍രംഗത്ത് പുതിയൊരു പ്രവണതയ്ക്ക് ഇപ്പോള്‍ തുടക്കമായിരിക്കുന്നു. 'ജോബ്-ഹഗ്ഗിങ്

കുറച്ചുകാലം മുന്‍പ് അമേരിക്കന്‍ തൊഴില്‍മേഖലയില്‍ ഒരു വലിയ മാറ്റം സംഭവിച്ചു. കോവിഡ് മഹാമാരിക്ക് ശേഷം, 'ഗ്രേറ്റ് റെസിഗ്‌നേഷന്‍' (വന്‍തോതിലുള്ള രാജിവെക്കല്‍) എന്നറിയപ്പെട്ട ഈ പ്രതിഭാസത്തില്‍ ദശലക്ഷക്കണക്കിന് ആളുകളാണ് കൂടുതല്‍ ശമ്പളം, മികച്ച തൊഴില്‍ സാഹചര്യങ്ങള്‍, സൗകര്യപ്രദമായ തൊഴില്‍ സമയം എന്നിവ തേടി ജോലി ഉപേക്ഷിച്ചത്. 2021-ല്‍ മാത്രം ഏകദേശം 4.7 കോടി ആളുകള്‍ രാജി വെച്ചപ്പോള്‍ 2022-ല്‍ ഇത് 5 കോടിയായി ഉയര്‍ന്നു. അവസരങ്ങള്‍ ധാരാളമുണ്ടെന്നും അത് എളുപ്പത്തില്‍ നേടാമെന്നും തൊഴിലാളികള്‍ വിശ്വസിച്ച ഒരു കാലഘട്ടമായിരുന്നു അത്. എന്നാല്‍, ആ സാഹചര്യം ഇപ്പോള്‍ പൂര്‍ണ്ണമായും ഇല്ലാതായിരിക്കുന്നു.

തൊഴില്‍രംഗത്ത് പുതിയൊരു പ്രവണതയ്ക്ക് ഇപ്പോള്‍ തുടക്കമായിരിക്കുന്നു. 'ജോബ്-ഹഗ്ഗിങ്' (ജോലിയെ ആശ്ലേഷിക്കുക) എന്ന് തൊഴില്‍ വിദഗ്ദ്ധര്‍ വിശേഷിപ്പിക്കുന്ന ഈ പ്രതിഭാസം, ഭാവിയിലെ അനിശ്ചിതത്വം കാരണം തൊഴിലാളികള്‍ നിലവിലെ ജോലി നഷ്ടപ്പെടാതിരിക്കാനുള്ള ശ്രമങ്ങളെയാണ് സൂചിപ്പിക്കുന്നത്. യു.എസ്. തൊഴില്‍ വകുപ്പിന്റെ കണക്കനുസരിച്ച് 2025-ല്‍ സ്വമേധയാ ജോലി ഉപേക്ഷിക്കുന്നവരുടെ നിരക്ക് 2 ശതമാനത്തിന് അടുത്തായി കുറഞ്ഞു. 2016-ന് ശേഷം ഇത്രയും താഴ്ന്ന നിരക്ക് ആദ്യമായാണ് രേഖപ്പെടുത്തുന്നത്. ചുരുങ്ങിയ വര്‍ഷങ്ങള്‍ മുന്‍പുണ്ടായിരുന്ന തൊഴില്‍ വിപണിയിലെ അതിവേഗ ചലനങ്ങള്‍ ഇന്ന് മന്ദഗതിയിലായി. പുതിയ നിയമനങ്ങളും രാജി വെക്കലും ഗണ്യമായി കുറഞ്ഞു.

എന്തുകൊണ്ട് 'ജോബ്-ഹഗ്ഗിങ്'?

ഈ മാറ്റത്തിന് പ്രധാന കാരണം രാജ്യത്തെ സാമ്പത്തിക സാഹചര്യവും തൊഴിലാളികളുടെ മനോഭാവവുമാണ്. ഉയര്‍ന്ന പലിശ നിരക്കുകള്‍ സംരംഭങ്ങളുടെ വികസന പദ്ധതികളെ മന്ദഗതിയിലാക്കി. കമ്പനികള്‍ പഴയ രീതിയില്‍ പുതിയ ജീവനക്കാരെ നിയമിക്കുന്നില്ല. ഇതോടെ തൊഴില്‍ അന്വേഷകര്‍ക്ക് തിരഞ്ഞെടുക്കാന്‍ കുറഞ്ഞ അവസരങ്ങള്‍ മാത്രമേയുള്ളൂ. ഈ വര്‍ഷം ജൂലൈയില്‍ യു.എസ്. സമ്പദ്വ്യവസ്ഥയില്‍ 73,000 പുതിയ ജോലികള്‍ മാത്രമാണ് ഉണ്ടായത്. ഇത് മുന്‍പ് പ്രതിമാസം 1,11,000 ആയിരുന്നു. തൊഴിലവസരങ്ങളും തൊഴിലില്ലാത്തവരുടെ എണ്ണവും തമ്മിലുള്ള അനുപാതവും ഗണ്യമായി കുറഞ്ഞു. 2022 മാര്‍ച്ചില്‍ ഓരോ തൊഴില്‍ അന്വേഷകനും രണ്ട് ഒഴിവുകള്‍ ഉണ്ടായിരുന്നെങ്കില്‍, 2025 ജൂണില്‍ ഇത് ഏകദേശം ഒന്നിനൊന്ന് എന്ന നിലയിലെത്തി. ഈ സാഹചര്യം തൊഴിലാളികളുടെ മനോഭാവത്തെ മാറ്റിമറിച്ചു. തൊഴിലവസരങ്ങള്‍ ധാരാളമുണ്ടെന്ന് കരുതുന്നില്ലെന്ന് 2025-ലെ സര്‍വേയില്‍ 38 ശതമാനം ആളുകളാണ് പറഞ്ഞത്. മൂന്ന് വര്‍ഷം മുന്‍പ് ഇത് 26 ശതമാനം മാത്രമായിരുന്നു. തൊഴില്‍രഹിതരായ യുവാക്കള്‍ക്കും പുതിയ ബിരുദധാരികള്‍ക്കും ഈ പ്രവണത വലിയ വെല്ലുവിളിയാണ് സൃഷ്ടിക്കുന്നത്. ആളുകള്‍ ജോലി ഉപേക്ഷിക്കാത്തതിനാല്‍ പുതിയ ഒഴിവുകള്‍ കുറയുകയും അത് പുതിയ തൊഴിലന്വേഷകരുടെ അവസരങ്ങളെ ഇല്ലാതാക്കുകയും ചെയ്യുന്നു.

'ജോബ്-ഹഗ്ഗിങ്' ഒഴിവാക്കണം: വിദഗ്ദ്ധര്‍

ജോലിയില്‍ തുടരുന്നത് ശമ്പള വളര്‍ച്ച നഷ്ടപ്പെടുത്തുമെന്ന് വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. ചരിത്രപരമായി പരിശോധിക്കുകയാണെങ്കില്‍, ജോലി മാറുമ്പോള്‍ കൂടുതല്‍ ശമ്പള വര്‍ദ്ധന ലഭിക്കുന്നതായി കാണാം. ജോലിയില്‍ അമിതമായി സുരക്ഷിതത്വം തോന്നുന്നത് തൊഴില്‍ വളര്‍ച്ചയെ തടസ്സപ്പെടുത്തുമെന്ന് വിദഗ്ധര്‍ പറയുന്നു. പുതിയ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കാനോ പുതിയ കഴിവുകള്‍ നേടാനോ ഇത് തടസ്സമാകും. ഇത് ഭാവിയില്‍ തൊഴില്‍ വിപണിയില്‍ അവരുടെ സാധ്യതകളെ ഇല്ലാതാക്കിയേക്കാം. നിലവില്‍ തൊഴില്‍ ഉപേക്ഷിക്കാത്തത് തൊഴിലാളികളുടെ സംതൃപ്തി കാരണമാണെന്ന് കരുതരുത്. മറിച്ച്, കൂടുതല്‍ നല്ലൊരു അവസരം വരുന്നതുവരെ കാത്തിരിക്കുന്ന മനോഭാവമാണ് ഇതിന് പിന്നില്‍.ഒരു സര്‍വേ പ്രകാരം, 65 ശതമാനം തൊഴിലാളികള്‍ക്കും തങ്ങള്‍ ജോലിയില്‍ 'അകപ്പെട്ടുപോയതായി' തോന്നുന്നുണ്ട്.