ആപ്പിളില്‍ നിന്ന് വിരമിക്കുന്നതിന് മുന്‍പായി, ഷി രഹസ്യമായി കമ്പനിയുടെ ആരോഗ്യസെന്‍സിംഗ് സാങ്കേതികവിദ്യകളെക്കുറിച്ചുള്ള രേഖകള്‍ ചോര്‍ത്തിയെന്ന് പരാതി

ആഗോള സ്മാര്‍ട്ട്ഫോണ്‍ ഭീമനായ ആപ്പിള്‍, ചൈനീസ് കമ്പനിയായ ഒപ്പോക്കെതിരെ ഗുരുതരമായ ആരോപണങ്ങളുമായി കോടതിയിലേക്ക്. ആപ്പിള്‍ വാച്ച് ടീമിലെ പ്രധാനിയായിരുന്ന ഡോ. ചെന്‍ ഷി, കമ്പനിയിലെ രഹസ്യവിവരങ്ങള്‍ ഒപ്പോയ്ക്ക് ചോര്‍ത്തി നല്‍കി എന്നാണ് ആപ്പിളിന്റെ പരാതി. ജൂണില്‍ ആപ്പിളില്‍ നിന്ന് വിരമിക്കുന്നതിന് മുന്‍പായി, ഷി രഹസ്യമായി കമ്പനിയുടെ ആരോഗ്യസെന്‍സിംഗ് സാങ്കേതികവിദ്യകളെക്കുറിച്ചുള്ള രേഖകള്‍ ചോര്‍ത്തിയെന്ന് പരാതിയില്‍ പറയുന്നു. ഈ രഹസ്യങ്ങള്‍ ഉപയോഗിച്ച് ഒപ്പോ ആപ്പിള്‍ വാച്ചിന് സമാനമായ ഒരു ഉപകരണം വികസിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും ആപ്പിള്‍ ആരോപിക്കുന്നു. കാലിഫോര്‍ണിയയിലെ സാന്‍ ജോസ് ഫെഡറല്‍ കോടതിയിലാണ് ആപ്പിള്‍ കേസ് ഫയല്‍ ചെയ്തത്.

ചാരപ്രവര്‍ത്തിയുടെ നാള്‍വഴികള്‍

ഓപ്പോയില്‍ ജോലിക്ക് ചേരാന്‍ പോകുകയാണെന്ന കാര്യം മറച്ചുവെച്ചുകൊണ്ട്, ഡോ. ഷി ആപ്പിള്‍ വാച്ച് ടീമിലെ മറ്റ് അംഗങ്ങളുമായി നിരവധി കൂടിക്കാഴ്ചകള്‍ നടത്തി. അവരുടെ ഗവേഷണങ്ങളെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ മനസ്സിലാക്കുകയായിരുന്നു ഇതിലൂടെ ഷിയുടെ ലക്ഷ്യം. കൂടാതെ, കമ്പനി വിടുന്നതിന് മൂന്ന് ദിവസം മുന്‍പ് രാത്രി വൈകിയും ഷി രഹസ്യരേഖകള്‍ അടങ്ങിയ 63 ഫയലുകള്‍ ഡൗണ്‍ലോഡ് ചെയ്തു. വിരമിക്കുന്നതിന് ഒരു ദിവസം മുന്‍പ് ഈ വിവരങ്ങളെല്ലാം ഒരു യുഎസ്ബി ഡ്രൈവിലേക്ക് മാറ്റിയെന്ന് ആരോപണത്തില്‍ പറയുന്നു. ഷി ഒപ്പോയിലേക്ക് ചേക്കേറുന്നുണ്ടെന്ന കാര്യം സഹപ്രവര്‍ത്തകരില്‍ നിന്ന് മറച്ചുവെച്ചു. മാതാപിതാക്കളെ പരിചരിക്കാനായി ചൈനയിലേക്ക് മടങ്ങുന്നു എന്ന് പറഞ്ഞാണ് ഷീ പോയത്.

ഒപ്പോയുടെ പ്രതികരണം

കേസിനെക്കുറിച്ച് അറിയാമെന്നും ആപ്പിളിന്റെ ആരോപണങ്ങള്‍ പരിശോധിച്ചുവരികയാണെന്നും ഒപ്പോ പ്രതികരിച്ചു. എല്ലാ കമ്പനികളുടെയും വ്യാപാര രഹസ്യങ്ങളെ ബഹുമാനിക്കുന്നുവെന്നും , ആപ്പിളിന്റെ വ്യാപാര രഹസ്യങ്ങള്‍ ദുരുപയോഗം ചെയ്തിട്ടില്ലെന്നും ഒപ്പോ വ്യക്തമാക്കി. ഒപ്പോ വൈസ് പ്രസിഡന്റിന് ഷി അയച്ച സന്ദേശങ്ങളും ആപ്പിള്‍ പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. വിവിധ ഇന്റേണല്‍ ഫയലുകള്‍ പരിശോധിച്ചുകൊണ്ടിരിക്കുകയാണെന്നും കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുന്നതിനായി നിരവധി കൂടിക്കാഴ്ചകള്‍ നടത്തിയെന്നും ഇതെല്ലാം പിന്നീട് പങ്കുവെക്കാം എന്നും ഷി ചൈനീസ് ഭാഷയില്‍ അയച്ച സന്ദേശമാണ് ആപ്പിള്‍ ഹാജരാക്കിയത്. ഇതിന് 'ശരി' എന്ന് ഒപ്പോ എക്‌സിക്യൂട്ടീവ് മറുപടി നല്‍കിയതായും പരാതിയില്‍ പറയുന്നു.

കമ്പനി വിട്ട ശേഷം ഷി, ഒപ്പോയുടെയും ഇന്നോപീക്ക് ബ്രാന്‍ഡിന്റെയും കീഴില്‍ പ്രവര്‍ത്തിക്കുന്ന സിലിക്കണ്‍ വാലിയിലെ ഒപ്പോ റിസര്‍ച്ച് സെന്ററില്‍ ചേര്‍ന്നു. മുന്‍പ് ആപ്പിളിന്റെ ഓട്ടോണമസ് ഡ്രൈവിംഗ് പദ്ധതിയില്‍ പ്രവര്‍ത്തിച്ചിരുന്ന മൂന്ന് എന്‍ജിനീയര്‍മാര്‍ ചൈനയിലേക്ക് രഹസ്യങ്ങള്‍ കടത്തിയതിന് ക്രിമിനല്‍ കേസുകള്‍ നേരിട്ടിരുന്നു. ഇതിനുപുറമെ, 2020 മുതല്‍ സ്മാര്‍ട്ട് വാച്ച് സാങ്കേതികവിദ്യ സംബന്ധിച്ച് മസിമോ കോര്‍പ്പറേഷനുമായും ആപ്പിള്‍ നിയമപോരാട്ടത്തിലാണ്.