Asianet News MalayalamAsianet News Malayalam

കോർപ്പറേറ്റുകൾക്ക് ബാങ്ക് മുതലാളിയാകാൻ അവസരം, റിസർവ് ബാങ്ക് സമിതി നിർദ്ദേശങ്ങൾ രാജ്യത്തിന് ​ഗുണകരമോ?

ടെലികോം രംഗത്ത് സ്വകാര്യ കമ്പനികൾ കടന്നു വന്നതോടെ വിസ്മൃതിയിൽ ആയിക്കൊണ്ടിരിക്കുന്ന ബിഎസ്എൻഎൽ നെ പോലെയാകാതിരിക്കാൻ പൊതുമേഖല ബാങ്കുകൾ ഉണർന്നു പ്രവർത്തിക്കേണ്ടി വരുമെന്ന് ഓർമ്മപ്പെടുത്താനും ഈ നിർദ്ദേശം വഴിവെക്കും.
 

RBI internal committee recommends giving banking license to large corporate and industrial houses
Author
Thiruvananthapuram, First Published Nov 29, 2020, 7:34 PM IST

ച്ചവട കോർപ്പറേറ്റുകൾക്ക്  ബാങ്ക് തുടങ്ങാമെന്നും വലിയ ബാങ്കിതര ധനകാര്യ സ്ഥാപനങ്ങൾക്ക് ബാങ്കുകളാകാമെന്നും ഉളള പ്രസക്തമായ രണ്ടു നിർദേശങ്ങൾ ഇപ്പോൾ ധനകാര്യ രം​ഗത്ത് വലിയ ചർച്ചയാകുകയാണ്. റിസർവ് ബാങ്ക്, ആഭ്യന്തരമായി രൂപീകരിച്ച ഒരു സമിതിയുടെ പ്രാഥമിക നിർദേശം എന്ന നിലയിൽ  മുളയിലേ നുള്ളേണ്ട സാഹചര്യമില്ല. എന്നാൽ, വിഷയത്തിൽ കൂടുതൽ ചർച്ചകൾ പലതലങ്ങളിൽ ഉണ്ടാകേണ്ടിയിരിക്കുന്നു. 

ചില ഭക്ഷണ സാധനങ്ങൾ കൂട്ടികലർത്തി കഴിക്കാൻ പാടില്ല എന്ന് പറയുന്നത് പോലെ കച്ചവടവും ബാങ്കിങ്ങും ചേർന്ന് പോകില്ല. കച്ചവടം നടത്തുന്നവരുടെ താല്പര്യങ്ങൾ എന്നും ബാങ്കുകളുടെ താല്പര്യങ്ങൾക്ക് സമാനമാകില്ലെന്നു മാത്രമല്ല പരസ്പരം കൂട്ടി കലർത്താതെ വേറിട്ട് നിർത്തി 'ഫയർവാൾ' ചെയ്യപ്പെടേണ്ടവ തന്നെയാണ് എന്നതിൽ സംശയമില്ല. രത്ന വ്യാപാരം നടത്തുന്ന കോർപ്പറേറ്റ് സ്ഥാപനം ബാങ്ക് തുടങ്ങിയാൽ ബാങ്ക് വളരുമോ രത്‌നവ്യാപാരം കൊഴുക്കുമോ എന്നതിൽ സാധാരണക്കാർക്ക് പോലും രണ്ട്‌ അഭിപ്രായം ഉണ്ടാകില്ല.

നമ്മുടെ കേന്ദ്ര ബാങ്കിന്റെ നിയന്ത്രണങ്ങളും മേൽനോട്ടവും ലോകോത്തരമാണെന്ന് കരുതാനാകില്ല. ബാങ്കുകൾ പ്രവർത്തിക്കുന്നത് അവർ പറയുന്നതനുസരിച്ചാണെന്ന് വിശ്വസിക്കാൻ കഴിയാത്ത സാഹചര്യമാണ് രാജ്യത്തുളളത്. ദോഷം പറയരുതല്ലോ, ബാങ്കുകൾ പൊട്ടുന്നുണ്ടെങ്കിലും നിക്ഷേപകർക്ക് പണം നഷ്ട്ടപെട്ടിട്ടില്ല. പൊതുമേഖലാ ബാങ്കുകൾക്കുപോലും ഇടയ്ക്കിടെ ഫൈൻ അടിച്ചു കൊടുക്കേണ്ട നിലയിലാണ് നമ്മുടെ കേന്ദ്ര ബാങ്കിങ് നിയന്ത്രണ സംവിധാനം. ലോകമെമ്പാടും സ്വയം നിയന്ത്രിത സംവിധാനങ്ങൾക്ക് പ്രാമുഖ്യം നൽകുമ്പോൾ നമ്മുടെ പരിഷ്‌കാരങ്ങൾ കൂടുതൽ നിയന്ത്രണങ്ങളും നേരിട്ട ഇടപെടലുകളും ഒക്കെയായി വീണ്ടും കടുപ്പിക്കാനാണ് സാധ്യത. അപ്പോൾ ബാങ്കുകളുടെ കോർപ്പറേറ്റ് ഘടനക്കു മുൻപേ ചർച്ചയാവേണ്ടത് ഫലപ്രദമായ മേൽനോട്ടത്തെ കുറിച്ചാണല്ലോ?

ബ്രാൻഡ് ഇമേജും പ്രയോജനപ്പെടുത്താനായി താൽപര്യപ്പെട്ടേക്കാം

പരിചയമില്ലാത്ത വലിയ ലാഭ പ്രതീക്ഷയൊന്നും വേണ്ടാത്ത ബാങ്കിങ് മേഖലയിൽ പണം മുടക്കാൻ കാതലായ കച്ചവടത്തിൽ ശ്രദ്ധിക്കുന്ന സ്ഥാപനങ്ങൾ മുന്നോട്ടു വരുമോ എന്നെ കണ്ടറിയണം. ഉദാഹരണത്തിന് സ്വർണപ്പണയ കച്ചവടത്തിൽ കിട്ടുന്നതിനേക്കാൾ വരുമാനം ലഭിക്കാൻ സാധ്യതയെങ്കിലും കണ്ടാലല്ലേ അത്തരം ഒരു സ്ഥാപനം ബാങ്ക് തുടങ്ങാൻ മുന്നോട്ടു വരുകയുള്ളൂ? മറ്റുനിലയിലാലോചിച്ചാൽ, ബാങ്ക് വായ്‌പ തരപ്പെടുത്താനായി ഒരു ബാങ്ക് തന്നെ സ്ഥാപിക്കാമെന്നു കോർപ്പറേറ്റുകൾ തീരുമാനിക്കുമോ? പലിശ കുറവുള്ള സേവിങ്സ് കറന്റ് അക്കൗണ്ട് നിക്ഷേപങ്ങൾ മത്സരം കടുക്കുന്നതോടെ, കൂടുതൽ പ്രിയമുള്ളതാകും.

ഇത്രയൊക്കെ പറയുമ്പോളും കൂടുതൽ ബാങ്കുകൾ വന്നാൽ പ്രയോജനമുണ്ടാകുന്ന പല കാര്യങ്ങളുമുണ്ട്.

പേയ്മെന്റ് സിസ്റ്റത്തിന്റെ നട്ടെല്ല് എന്ന ഓമനപ്പേരിൽ രാജ്യം വളർത്തിയെടുത്ത സാങ്കേതിക മികവുറ്റ യുപിഐ, റുപേ, സാമ്പത്തിക ശൃംഖല  എന്ന അടിസ്ഥാന സൗകര്യ വികസനത്തിന്റെ സാദ്ധ്യതകൾ കൂടുതൽ ഉപയോഗപ്പെടുത്താം.

ഇപ്പോൾത്തന്നെ പ്രയാസപ്പെട്ടു മുന്നോട്ടു പൊയ്ക്കൊണ്ടിരിക്കുന്ന നിലവിലുള്ള ബാങ്കുകൾ ഏറ്റെടുക്കാനും സഹകരിപ്പിക്കാനും പുതിയ സംരംഭകർ, അവർ കച്ചവട കോർപ്പറേറ്റുകളായാലും മുന്നോട്ടുവന്നാൽ പ്രോത്സാഹിപ്പിക്കാം. ഇനി എങ്ങോട്ടെന്ന് വ്യക്തത നഷ്ടപെട്ട പേയ്മെന്റ് ബാങ്കുകൾ പോലുള്ള സ്‌ഥാപനങ്ങൾക്ക് പുതിയ നിർദേശങ്ങൾ പ്രതീക്ഷ ഉണർത്തുന്നു. പേരിനെങ്കിലും ബാങ്കിങ് സ്ഥാപനം സ്ഥാപിച്ച  പരിചയവും ഇതിനോടകം ഉണ്ടാക്കിയെടുത്ത ബ്രാൻഡ് ഇമേജും പ്രയോജനപ്പെടുത്താനായി പലരും താല്പര്യം പ്രകടിപ്പിക്കാൻ സാധ്യതയുണ്ട്. 

ബിഎസ്എൻഎൽ ആകാതെ നോക്കണം

ബാങ്കിങ് മേഖലയിൽ പുതിയ തൊഴിലവസരങ്ങൾ വർധിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. ധനകാര്യ- സാങ്കേതിക നൈപുണ്യമുളളവർക്ക് തൊഴിൽ രം​ഗത്ത് കൂടുതലായി കടന്നുവരാം. 

കുറെ നാളുകളായി ബാങ്കിതര ധനകാര്യസ്ഥാപങ്ങൾക്കൊരു വ്യക്തിത്വ നഷ്ടം നിലനിൽക്കുന്നുണ്ട്. ഇതിനോടനുബന്ധിച്ചും അല്ലാതെയുമുള്ള  പലപ്രശ്നങ്ങൾക്കും യഥാർത്ഥത്തിൽ പുതിയ നിർദ്ദേശം പരിഹാരമാകും.

ചുരുക്കി പറഞ്ഞാൽ ടെലികോം രംഗത്ത് സ്വകാര്യ കമ്പനികൾ കടന്നു വന്നതോടെ വിസ്മൃതിയിൽ ആയിക്കൊണ്ടിരിക്കുന്ന ബിഎസ്എൻഎൽ നെ പോലെയാകാതിരിക്കാൻ പൊതുമേഖല ബാങ്കുകൾ ഉണർന്നു പ്രവർത്തിക്കേണ്ടി വരുമെന്ന് ഓർമ്മപ്പെടുത്താനും ഈ നിർദ്ദേശം വഴിവെക്കും.

- സി എസ് രഞ്ജിത് (ലേഖകൻ, പ്രമുഖ വ്യക്തിഗത ധനകാര്യ വിദഗ്ധനാണ്)

Follow Us:
Download App:
  • android
  • ios