Asianet News MalayalamAsianet News Malayalam

സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ നെറ്റിപ്പട്ടം ചൂടി സാംസങ്, വില്‍പ്പനയില്‍ 32 ശതമാനം വര്‍ധന

2018 സെപ്തംബര്‍ പാദത്തിന് ശേഷം ആദ്യമായാണ് ഷവോമിക്ക് ഇന്ത്യന്‍ വിപണിയില്‍ ഒന്നാം സ്ഥാനം നഷ്ടമാകുന്നത്.
 

Samsung smart phone sale increase in India
Author
New Delhi, First Published Oct 28, 2020, 10:27 PM IST

ദില്ലി: ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ ഷവോമിക്കുണ്ടായിരുന്ന ഒന്നാം സ്ഥാനം നഷ്ടമായി. ഒരു വര്‍ഷത്തിനിടയില്‍ 32 ശതമാനം വളര്‍ച്ച നേടിയ സാംസങ് ഒന്നാമതെത്തി. സെപ്തംബറില്‍ അവസാനിച്ച പാദത്തില്‍ 24 ശതമാനമാണ് സാംസങിന്റെ മാര്‍ക്കറ്റ് ഷെയര്‍. ഷവോമിയുടേത് 23 ശതമാനവും. കൗണ്ടര്‍പോയിന്റ് റിസര്‍ചിന്റെ സാമ്പത്തിക അവലോകന റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ ഉള്ളത്.

2018 സെപ്തംബര്‍ പാദത്തിന് ശേഷം ആദ്യമായാണ് ഷവോമിക്ക് ഇന്ത്യന്‍ വിപണിയില്‍ ഒന്നാം സ്ഥാനം നഷ്ടമാകുന്നത്. വിതരണ ശൃംഖലയില്‍ വരുത്തിയ മാറ്റങ്ങളും ഓണ്‍ലൈന്‍ ചാനലുകളിലെ ഇടപെടലും പുതിയ ഉല്‍പ്പന്നങ്ങളുടെ ലോഞ്ചുമാണ് സാംസങിന് വന്‍ നേട്ടം നേടിക്കൊടുത്തത്. കൊവിഡ് കാലത്ത് ഷവോമിയുടെ വിതരണ ശൃംഖലയില്‍ വലിയ തടസം നേരിട്ടിരുന്നു.

കൗണ്ടര്‍പോയിന്റ് റിസര്‍ചിലെ വിദഗ്ദ്ധരുടെ വിലയിരുത്തല്‍ പ്രകാരം സാംസങിന്റെ ഈ മുന്നേറ്റം താത്കാലികമാണ്. ചൈനീസ് കമ്പനിയായ ഷവോമി പൂര്‍വാധികം ശക്തിയോടെ ഒന്നാം സ്ഥാനം തിരികെ പിടിക്കുമെന്നാണ് ഇവര്‍ വിലയിരുത്തുന്നത്. ഒക്ടോബര്‍-ഡിസംബര്‍ പാദത്തില്‍ തന്നെ ഈ മാറ്റം ഉണ്ടാകുമെന്നാണ് വിലയിരുത്തുന്നത്. 

ജൂണ്‍ പാദത്തില്‍ ശക്തമായിരുന്ന ഇന്ത്യാക്കാരുടെ ചൈനാ വിരുദ്ധ വികാരത്തില്‍ മാറ്റമുണ്ടായതായാണ് വിലയിരുത്തല്‍. ഇപ്പോഴിത് മുന്‍പത്തെ പോലെ ശക്തമല്ല. അതുകൊണ്ട് തന്നെ ഇന്ത്യാക്കാര്‍ ചൈനീസ് ബ്രാന്റ് ഫോണുകളെ ആശ്രയിക്കുന്നുവെന്നും കൗണ്ടര്‍പോയിന്റ് പറയുന്നു.
 

Follow Us:
Download App:
  • android
  • ios