ആപ്പിൾ ഉൽപ്പന്നങ്ങളുടെ പേരിന് മുന്നിലുള്ള 'i' എന്ന അക്ഷരത്തിന്റെ തുടക്കം 1998-ൽ പുറത്തിറങ്ങിയ ഐമാക് കമ്പ്യൂട്ടറിലൂടെയാണ്. സ്റ്റീവ് ജോബ്സ് ആദ്യം 'മാക്മാൻ' എന്ന് പേരിടാൻ ആഗ്രഹിച്ചെങ്കിലും കെൻ സെഗാളിന്റെ നിർദ്ദേശപ്രകാരമാണ് 'iMac' എന്ന പേര് സ്വീകരിച്ചത്. ഇന്റർനെറ്റ്, ഇൻഡിവിജ്വൽ തുടങ്ങിയ അർത്ഥങ്ങളാണ് ഈ ചെറിയ അക്ഷരത്തിന് പിന്നിലുള്ളത്.
സാങ്കേതികവിദ്യ അടക്കി ഭരിക്കുന്ന ഈ ലോകത്ത് നമുക്കേറ്റവും പരിചിതമായ ചിഹ്നങ്ങളിലൊന്നാണ് ആപ്പിൾ ഉൽപ്പന്നങ്ങളുടെ പേരിന് മുന്നിലുള്ള 'i' എന്ന ചെറിയ അക്ഷരം. എന്നാൽ ആദ്യത്തെ ഐഫോൺ പുറത്തിറങ്ങുന്നതിനും ഏകദേശം പത്ത് വർഷം മുമ്പ് ഇറങ്ങിയ ഒരു കമ്പ്യൂട്ടറിൽ നിന്നാണ് ഈ പേരിന്റെ തുടക്കമെന്ന് നിങ്ങൾക്കറിയാമോ? സ്റ്റീവ് ജോബ്സ് പോലും ആദ്യ ഘട്ടത്തിൽ വേണ്ടെന്നുവെച്ച ആ സ്മോൾ ലെറ്റർ എങ്ങനെയാണ് ഒരു ആഗോള ബ്രാൻഡിന്റെ ഐഡന്റിറ്റിയായി മാറിയതെന്ന് നോക്കാം.
1998-ലാണ് ഈ കഥയുടെ തുടക്കം. ഇന്റർനെറ്റ് ഉപയോഗം എളുപ്പമാക്കുന്നതിനായി ഒരു പുതിയ കളർഫുൾ ഡെസ്ക്ടോപ്പ് കമ്പ്യൂട്ടർ വിപണിയിലെത്തിക്കാൻ ഒരുങ്ങുകയായിരുന്നു ആപ്പിൾ (Apple). ആപ്പിൾ സഹസ്ഥാപകനായ സ്റ്റീവ് ജോബ്സ് അന്ന് ഈ കമ്പ്യൂട്ടറിന് ഇടാൻ ആഗ്രഹിച്ച പേര് 'മാക്മാൻ' (MacMan) എന്നായിരുന്നു. എന്നാൽ ആപ്പിളിന്റെ പരസ്യ ഏജൻസിയിൽ പ്രവർത്തിച്ചിരുന്ന കെൻ സെഗാളിന്റെ തലയിൽ ഉദിച്ചത് മറ്റൊരു ആശയമായിരുന്നു. അദ്ദേഹം 'ഐമാക്' (iMac) എന്ന പുതിയൊരു പേര് നിർദ്ദേശിച്ചു.
ആദ്യ ഘട്ടത്തിൽ സ്റ്റീവ് ജോബ്സിന് 'iMac' എന്ന പേര് ഒട്ടും ഇഷ്ടപ്പെട്ടില്ല. 'MacMan' എന്നതിനേക്കാൾ മികച്ച മറ്റൊരു പേര് കണ്ടെത്താൻ അദ്ദേഹം സെഗാളിന്റെ ടീമിനോട് ആവശ്യപ്പെട്ടു. എന്നാൽ കെൻ സെഗാളും ടീമും 'iMac' എന്ന പേരിൽ തന്നെ ഉറച്ചുനിന്നു. പിന്നീട് കമ്പ്യൂട്ടറിന്റെ മോഡലിൽ ഈ പേര് ചേർത്തപ്പോൾ ലഭിച്ച മികച്ച പ്രതികരണമാണ് സ്റ്റീവ് ജോബ്സിന്റെ മനസ്സ് മാറ്റിയത്.
പിന്നീട് 1998 മേയ് 6-ന് ഐമാക് ലോകത്തിന് മുന്നിലേക്ക് പരിചയപ്പെടുത്തുമ്പോൾ പേരിന് പിന്നിലെ ആ രഹസ്യവും ജോബ്സ് വ്യക്തമാക്കി. പ്രധാനമായും 'ഇന്റർനെറ്റ്' എന്നതിനെയാണ് ഈ 'i' സൂചിപ്പിക്കുന്നത്. അതോടൊപ്പം തന്നെ Individual, Instruct, Inform, Inspire എന്നീ ആശയങ്ങളും ഈ ഒരു ചെറിയ അക്ഷരത്തിൽ അടങ്ങിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
പിന്നീട് 2007 ജനുവരിയിൽ സ്റ്റീവ് ജോബ്സ് ആദ്യത്തെ ഐഫോൺ ലോകത്തിന് മുന്നിൽ അനൌൺസ് ചെയ്തപ്പോഴും, ഐമാക്കിലൂടെ ജനപ്രിയമായ ഈ നാമകരണ ശൈലി തന്നെയാണ് ഉപയോഗിച്ചത്. 2007 ജൂണിലാണ് ഐഫോൺ ഔദ്യോഗികമായി പുറത്തിറക്കിയത്. തുടർന്ന് ഐപോഡ്, ഐപാഡ് തുടങ്ങിയ ആപ്പിളിന്റെ ജനപ്രിയ ഉൽപ്പന്നങ്ങളിലെല്ലാം ഈ 'i' സ്ഥാനം പിടിച്ചു. കാലക്രമേണ ആപ്പിൾ വാച്ച്, ആപ്പിൾ വിഷൻ പ്രോ എന്നിങ്ങനെ മുന്നിൽ 'i' ഇല്ലാത്ത പേരുകളിലേക്കും കമ്പനി മാറിയെങ്കിലും, സാങ്കേതികവിദ്യാ ലോകത്ത് വൻ വിപ്ലവം സൃഷ്ടിച്ച ഈ ഒരു സിരീസിന്റെ തുടക്കം കെൻ സെഗാൽ നിർദ്ദേശിച്ച ആ ഒറ്റ ചെറിയ അക്ഷരത്തിൽ നിന്നായിരുന്നു.
അന്ന് സ്റ്റീവ് ജോബ്സ് തന്റെ നിലപാടിൽ മാത്രം ഉറച്ചുനിൽക്കുകയും 'മാക്മാൻ' എന്ന പേര് തിരഞ്ഞെടുക്കുകയും ചെയ്തിരുന്നെങ്കിൽ, ഇന്ന് നമ്മൾ ഉപയോഗിക്കുന്ന ഐഫോണും ഐപാഡുമെല്ലാം മറ്റൊരു പേരിൽ അറിയപ്പെടുമായിരുന്നു. ഉൽപ്പന്നങ്ങളുടെ ഡിസൈനിൽ മാത്രമല്ല, പേരിടലിൽ പോലും ആപ്പിൾ പുലർത്തുന്ന ഈ ക്രിയേറ്റിവിറ്റി ലോകത്തെ മാർക്കറ്റിംഗ് കമ്പനികൾക്കും ബ്രാന്റിംഗിനും മുന്നിലുള്ള മികച്ച ഉദാഹരണങ്ങളിൽ ഒന്നാണ്.


