Asianet News MalayalamAsianet News Malayalam

സുപ്രീംകോടതിയുടെ അന്ത്യശാസനത്തില്‍ വിറച്ച് ടെലികോം കമ്പനികള്‍; കോടികളുടെ കുടിശ്ശിക വരിവരിയായി എത്തുന്നു

'ആരാണ് ഈ അസംബന്ധമൊക്കെ ചെയ്യുന്നത് എന്ന് ഞങ്ങള്‍ക്കറിയില്ല, ഈ രാജ്യത്ത് ഒരു നിയമവും നിലവില്‍ ഇല്ലേ..., കുടിശ്ശിക തീര്‍ക്കാത്തതിനെ വിമര്‍ശിച്ചു കൊണ്ട് സുപ്രീംകോടതി ജസ്റ്റിസ് അരുണ്‍ മിശ്ര ചോദിച്ചതിങ്ങനെയായിരുന്നു

telecom companies pay their agr dues after sc seek
Author
New Delhi, First Published Feb 17, 2020, 1:50 PM IST

ദില്ലി: കേന്ദ്രസര്‍ക്കാരിന് രാജ്യത്തെ മൊബൈല്‍ സേവനദാതാക്കള്‍ നല്‍കാനുള്ള കുടിശ്ശിക എത്രയും പെട്ടെന്ന് അടച്ചു തീര്‍ക്കണമെന്ന സുപ്രീംകോടതിയുടെ അന്ത്യശാസനം ഫലംകണ്ടു. സുപ്രീംകോടതിയുടെ അന്ത്യശാസനത്തിന് പിന്നാലെ ടെലിക്കോം കമ്പനികള്‍ കുടിശ്ശിക നല്കി തുടങ്ങി. എയർടെൽ 10000 കോടി ഇതിനകം അടച്ചു. വോഡഫോൺ ഐഡിയ കുടിശ്ശിക ഇനത്തില്‍ 2500 കോടി നല്കിയിട്ടുണ്ട്. ആകെ 147000 കോടി രൂപ കമ്പനികൾ സർക്കാരിന് അടയ്ക്കേണ്ടതുണ്ട്.

കഴിഞ്ഞ ദിവസം കുടിശ്ശിക അടയ്ക്കാനായി ടെലിക്കോം കമ്പനികള്‍ക്ക് സുപ്രീം കോടതി അന്ത്യശാസനം നല്‍കിയിരുന്നു. അതിരൂക്ഷ വിമര്‍ശനമാണ് ടെലികോ കമ്പനികള്‍ക്കെതിരെ കേസ് പരിഗണിക്കവേ സുപ്രീകോടതി നടത്തിയത്. കുടിശ്ശിക തീര്‍ക്കണമെന്ന സുപ്രീംകോടതിയുടെ മുന്‍ നിര്‍ദേശങ്ങള്‍ അവഗണിച്ച മൊബൈല്‍ കമ്പനികള്‍ക്കെതിരെ കോടതി സ്വമേധയാ കോടതിയലക്ഷ്യ നടപടികള്‍ സ്വീകരിച്ചു. എജിആര്‍ കുടിശ്ശിക തീര്‍ക്കാത്ത ടെലികോം കമ്പനികളുടെ മേധാവിമാര്‍ക്ക് നോട്ടീസ് അയച്ച കോടതി, കമ്പനി മേധാവിമാരോട് നേരിട്ട് കോടതിയില്‍ ഹാജരാവാന്‍ നിര്‍ദേശിച്ചിരുന്നു. കുടിശ്ശിക അടയ്ക്കാന്‍ കമ്പനികള്‍ക്ക് സാവകാശം നല്‍കിയ ഉദ്യോഗസ്ഥനും കോടതി നോട്ടീസ് അയച്ചിരുന്നു.

'ആരാണ് ഈ അസംബന്ധമൊക്കെ ചെയ്യുന്നത് എന്ന് ഞങ്ങള്‍ക്കറിയില്ല, ഈ രാജ്യത്ത് ഒരു നിയമവും നിലവില്‍ ഇല്ലേ..., കുടിശ്ശിക തീര്‍ക്കാത്തതിനെ വിമര്‍ശിച്ചു കൊണ്ട് സുപ്രീംകോടതി ജസ്റ്റിസ് അരുണ്‍ മിശ്ര ചോദിച്ചതിങ്ങനെയായിരുന്നു. മൊബൈല്‍ സര്‍വ്വീസ് സേവനദാതാക്കളായ ഭാരതി എയര്‍ടെല്‍,വോഡാഫോണ്‍, ബിഎസ്എന്‍എല്‍, റിലയന്‍സ് കമ്മ്യൂണിക്കേഷന്‍, ടാറ്റാ ടെലികമ്മ്യൂണിക്കേഷന്‍ എന്നീ കമ്പനികളുടെ മേധാവിമാരോട് മാര്‍ച്ച് 17-ന് കോടതിയില്‍ നേരിട്ട് ഹാജരാവാന്‍ സുപ്രീംകോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

എജിആര്‍ കുടിശ്ശിക തീര്‍ക്കണമെന്ന സുപ്രീംകോടതി ഉത്തരവില്‍ സമയം നീട്ടി ചോദിച്ച് ജനുവരിയിലാണ് മൊബൈല്‍ സേവനദാതാക്കള്‍ ഹര്‍ജി നല്‍കിയത്. എയര്‍ടെല്‍ - 23000 കോടി, വോഡാഫോണ്‍ - 19823 കോടി, റിലയന്‍സ് കമ്മ്യൂണിക്കേഷന്‍ - 16456 കോടി എന്നിങ്ങനെയാണ് വിവിധ മൊബൈല്‍ കമ്പനികള്‍ നല്‍കാനുള്ള കുടിശ്ശിക. എന്തായാലും സുപ്രീംകോടതിയുടെ അന്ത്യശാസനത്തില്‍ നടുങ്ങിയ ടെലിക്കോം കമ്പനികള്‍ കുടിശ്ശികയുമായി വരിവരിയായി എത്തുന്നുണ്ട്.

Follow Us:
Download App:
  • android
  • ios