ദില്ലി: ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിന്റെ (ബിപിസിഎൽ) ഓഹരി വാങ്ങുന്നതിന് സർക്കാരിന് മൂന്ന് പ്രാഥമിക ബിഡ്ഡുകൾ ലഭിച്ചതായി പെട്രോളിയം മന്ത്രി ധർമ്മേന്ദ്ര പ്രധാൻ പറഞ്ഞു.

മൈനിംഗ്-ടു-ഓയിൽ കോർപ്പറേറ്റായ വേദാന്ത ​ഗ്രൂപ്പ് നവംബർ 18 ന് ബിപിസിഎല്ലിലെ സർക്കാരിന്റെ 52.98 ശതമാനം ഓഹരി വാങ്ങുന്നതിന് താൽപര്യം പത്രം സമർപ്പിച്ചതായി പ്രമുഖ ദേശീയ മാധ്യമമായ ബിസിനസ് സ്റ്റാൻഡേർഡ് റിപ്പോർട്ട് ചെയ്യുന്നു. മറ്റ് രണ്ട് സ്ഥാപനങ്ങൾ ആഗോള ഫണ്ടുകളാണെന്നാണ് റിപ്പോർട്ടുകൾ, അപ്പോളോ ഗ്ലോബൽ മാനേജ്മെന്റാണ് അതിലെ ഒരു ബിഡ്ഡർ. 

ബിഡ്ഡുകളെ സംബന്ധിച്ച് കൂടുതൽ വിവരങ്ങളൊന്നും പുറത്തുവിടാൻ കേന്ദ്ര സർക്കാർ തയ്യാറായിട്ടില്ല. ബിഡ്ഡുകളുടെ കൂടുതൽ പരിശോധനയ്ക്ക് ശേഷം നടപടികളുടെ രണ്ടാം ഘട്ടത്തിലേക്ക് നീങ്ങുമെന്ന് തന്ത്രപരമായ ഓഹരി വിൽപ്പന കൈകാര്യം ചെയ്യുന്ന നിക്ഷേപ, പബ്ലിക് അസറ്റ് മാനേജ്മെന്റ് (ദിപാം) സെക്രട്ടറി തുഹിൻ കാന്ത പാണ്ഡെ കഴിഞ്ഞ ദിവസം വ്യക്തമാക്കി. 

വ്യവസായ രം​ഗത്ത് പ്രൊഫഷണലിസവും മത്സരവും കൊണ്ടുവരുന്നതിനായി സർക്കാർ ഉടമസ്ഥതയിലുള്ള ചില കമ്പനികളെ സ്വകാര്യവത്കരിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് ധർമ്മേന്ദ്ര പ്രധാൻ പറഞ്ഞു.

ബി എസ് ഇ ലിസ്റ്റുചെയ്ത വേദാന്ത ലിമിറ്റഡും ലണ്ടൻ ആസ്ഥാനമായുള്ള രക്ഷാകർതൃ സ്ഥാപനമായ വേദാന്ത റിസോഴ്സസും ചേർന്ന് പ്രത്യേക ഉദ്ദേശ്യ കമ്പനി വഴിയാണ് താൽപര്യ പത്രം സമർപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം നവംബറിൽ തന്ത്രപരമായ വിൽപ്പന അംഗീകരിച്ച അവസ്ഥയിൽ നിന്ന് ബിപിസിഎല്ലിന്റെ ഓഹരി വില ഇപ്പോൾ നാലിലൊന്നായി കുറഞ്ഞു.

ബുധനാഴ്ച ബി എസ് ഇയിൽ 385 രൂപയുടെ വ്യാപാര വിലയിൽ ബി പി സി എല്ലിലെ സർക്കാരിന്റെ 52.98 ശതമാനം ഓഹരി മൂല്യം 44,200 കോടി രൂപയാണ്. പൊതുജനങ്ങളിൽ നിന്നുളള 26 ശതമാനം ഓഹരി കൂടി കമ്പനി ഏറ്റെടുക്കുന്നയാൾ വാങ്ങേണ്ടതുളളതിനാൽ ഒരു ഓപ്പൺ ഓഫർ നൽകേണ്ടതുണ്ട്, ഏകദേശം 21,600 കോടി രൂപ ചിലവ് പ്രതീക്ഷക്കുന്നതാണിത്.