Asianet News MalayalamAsianet News Malayalam

മുൻകൂർ വേതനവും, ലാപ്ടോപ്പും നൽകി നാലിലൊന്ന് ജീവനക്കാരെ ഊബർ പിരിച്ചുവിട്ടു !

ഇത് അത്യന്തം സങ്കടകരമായ ദിവസമാണെന്ന് ഊബർ പറഞ്ഞു.

uber cut employees 26 may 2020
Author
New Delhi, First Published May 26, 2020, 4:04 PM IST

ദില്ലി: ഇന്ത്യയിലെ ജീവനക്കാരിൽ നാലിലൊന്ന് ഭാഗത്തെയും പിരിച്ചുവിട്ട് ഊബർ ഇന്ത്യ. ആകെയുള്ള 2400 ജീവനക്കാരിൽ 600 പേർക്കാണ് തൊഴിൽ നഷ്ടമാകുന്നത്. കസ്റ്റമർ ആന്റ് ഡ്രൈവർ സപോർട്ട്, ബിസിനസ് ഡെവലപ്മെന്റ്, നിയമം, സാമ്പത്തികം, പോളിസി തുടങ്ങിയ വിഭാഗങ്ങളിൽ നിന്നുള്ള ജീവനക്കാർക്കാണ് ജോലി നഷ്ടമാവുക.

പിരിച്ചുവിടപ്പെടുന്നവർക്ക് പത്ത് മുതൽ 12 ആഴ്ചകൾ വരെയുള്ള വേതനം നൽകും. അടുത്ത ആറ് മാസത്തേക്ക് ആരോഗ്യ പരിരക്ഷയും ഉറപ്പുപറഞ്ഞിട്ടുണ്ട്. ഇതിന് പുറമെ മറ്റ് തൊഴിലുകൾ കണ്ടെത്താനുള്ള സഹായവും വാഗ്ദാനം ചെയ്തിട്ടുണ്ട്. നിലവിൽ ഇവർക്ക് കമ്പനി ഔദ്യോഗികമായി നൽകിയിരിക്കുന്ന ലാപ്ടോപ്പുകൾ സ്വന്തമായി നൽകുമെന്നും കമ്പനി അറിയിച്ചു.

ഇത് അത്യന്തം സങ്കടകരമായ ദിവസമാണെന്ന് ഊബർ പറഞ്ഞു. കൂടുതൽ ആത്മവിശ്വാസത്തോടെ പ്രവർത്തിക്കാൻ ലക്ഷ്യമിട്ടാണ് കമ്പനി ഒരു വിഭാഗം ജീവനക്കാരെ പിരിച്ചുവിടുന്നത്. പിരിച്ചുവിട്ട ജീവനക്കാരോട് മാപ്പ് ചോദിക്കുന്നുവെന്നും ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്ന് നന്ദി പറയുന്നുവെന്നും കമ്പനിയുടെ ഇന്ത്യയിലെയും ദക്ഷിണേഷ്യൻ രാജ്യങ്ങളിലെയും പ്രസിഡന്റ് പ്രദീപ് പരമേശ്വരൻ പറഞ്ഞു.

ഏപ്രിൽ മാസത്തിൽ ഊബറിന്റെ സാമ്പത്തിക നില കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 80 ശതമാനം ഇടിഞ്ഞിരുന്നു. ആഗോള തലത്തിൽ കൊറോണ വൈറസ് ബാധ സാമ്പത്തിക രംഗത്തുണ്ടാക്കിയ പ്രതിസന്ധിയാണ് കമ്പനിക്ക് തിരിച്ചടിയായത്. ലോകത്താകമാനമുള്ള 27000 ജീവനക്കാരിൽ 25 ശതമാനം പേരെയെങ്കിലും പിരിച്ചുവിടുമെന്ന് കമ്പനിയുടെ സിഇഒ പലതവണ പറഞ്ഞിരുന്നു.

Follow Us:
Download App:
  • android
  • ios