Asianet News MalayalamAsianet News Malayalam

74 വർഷം മുമ്പ് നഷ്ടപ്പെട്ട വിമാനക്കമ്പനി തിരിച്ചു പിടിക്കാൻ ടാറ്റ വീണ്ടുമെത്തുമ്പോൾ


നിലവിൽ 60,000 കോടിയുടെ കടമാണ് എയർ ഇന്ത്യക്ക് ആകെയുള്ളത്.

when tata tries to recover the air line it lost to the government 74 years ago
Author
Delhi, First Published Dec 15, 2020, 10:45 AM IST

നഷ്ടത്തിൽ നിന്ന് നഷ്ടത്തിലേക്ക് കൂപ്പുകുത്തുന്ന പൊതുമേഖലാ വ്യോമയാന കമ്പനിയായ എയർ ഇന്ത്യയെ ഏറ്റെടുക്കാൻ താത്പര്യമുണ്ട് എന്നറിയിച്ച് ഇന്ന് ഔദ്യോഗികമായിത്തന്നെ രംഗത്തുവന്നിരിക്കുകയാണ് ടാറ്റ ഗ്രൂപ്പ്. ഇന്ന് കേന്ദ്ര ഓഹരിവിറ്റഴിക്കൽ മന്ത്രാലയത്തിന് തങ്ങളുടെ താത്പര്യ പത്രം നൽകിയ ടാറ്റാ ഗ്രൂപ്പ് പതിനഞ്ചു ദിവസങ്ങൾക്കുള്ളിൽ കൃത്യമായ ഒരു ഫിനാൻഷ്യൽ ബിഡ്‌ഡും സമർപ്പിക്കും. താത്പര്യ പത്രങ്ങൾ ക്ഷണിച്ചുകൊണ്ടുള്ള അറിയിപ്പിന്റെ കാലാവധി ഇന്നലെ വൈകുന്നേരം അഞ്ചുമണിയോടെ അവസാനിക്കുന്ന സാഹചര്യത്തിലാണ് തങ്ങൾ താത്പര്യ പത്രം സമർപ്പിച്ചത് എന്നും, ഫിനാൻഷ്യൽ ബിഡ് പിന്നാലെ നൽകുമെന്നും ടാറ്റ ഗ്രൂപ്പിന്റെ പ്രതിനിധികൾ അറിയിച്ചു. നിലവിൽ എയർ ഏഷ്യയിലും, സിംഗപ്പൂർ എയർലൈൻസിനോട് ചേർന്നുകൊണ്ട് വിസ്താരയിലും ആണ് ടാറ്റ ഗ്രൂപ്പിന്റെ വ്യോമയാനനിക്ഷേപങ്ങൾ ഉള്ളത്. എയർ ഏഷ്യ ഇന്ത്യ എന്ന സ്ഥാപനം വഴിയാണ് ടാറ്റാ സൺസ് തങ്ങളുടെ താത്പര്യപത്രം(EoI) സമർപ്പിച്ചിട്ടുള്ളത് എന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

നിലവിൽ 60,000 കോടിയുടെ കടമാണ് എയർ ഇന്ത്യക്ക് ആകെയുള്ളത്. പുതുതായി നിക്ഷേപം നടത്തുന്ന ബിസിനസ് ഗ്രൂപ്പ് ഏതായാലും അവർക്ക്   23,286 കോടിയുടെ കടം ഏറ്റെടുക്കേണ്ടി വരും. ബാക്കി കടം സർക്കാർ പുതുതായി രൂപീകരിച്ചിട്ടുള്ള എയർ ഇന്ത്യ അസെറ്റ്സ് ഹോൾഡിങ് എന്ന സ്ഥാപനത്തിന്റെ കണക്കിലേക്ക് മാറ്റപ്പെടും. 

എയർ ഇന്ത്യയുടെ വിപണിമൂല്യം, ഹ്രസ്വകാല, ദീർഘകാല കടങ്ങൾ, ബാലൻസ് ഷീറ്റിൽ ഉള്ള കാഷ് എന്നിങ്ങനെ പലതും കണക്കിലെടുത്ത് അതിന്റെ എന്റർപ്രൈസ് മൂല്യം കണക്കാക്കി ആകും അതിന്റെ ഓഹരികൾ വിറ്റഴിക്കപ്പെടുന്നത്. 2018 -ൽ ഇതിനു മുമ്പും എയർ ഇന്ത്യയുടെ ഓഹരികൾ വിറ്റഴിക്കാൻ ഒരു ശ്രമം കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായിരുന്നു എങ്കിലും, അന്ന് ആരും താത്പര്യം പ്രകടിപ്പിക്കാതിരുന്നതിനാൽ അത് നടന്നില്ല. 

ടാറ്റയും എയർ ഇന്ത്യയും തമ്മിലുള്ള ബന്ധത്തിന് ചുരുങ്ങിയത് 88 വർഷത്തെയെങ്കിലും പഴക്കമുണ്ട്. ഈ വിമാനക്കമ്പനി തുടങ്ങുന്നത്‌ 1932 -ൽ ജെആർഡി ടാറ്റ ടാറ്റ എയർ സർവീസസ് എന്നപേരിൽ ഒരു വിമാനക്കമ്പനി തുടങ്ങുന്നതോടെയാണ്. അത് അധികം താമസിയാതെ ടാറ്റ എയർലൈൻസ് എന്ന് പേരുമാറ്റുന്നു. പ്രസ്തുത കമ്പനിയുടെ ആദ്യത്തെ യാത്ര ബോംബെയിൽ നിന്ന് തിരുവനന്തപുരത്തേക്കായിരുന്നു. 1946 -ൽ ഈ കമ്പനി ദേശസാൽക്കരിക്കപ്പെടുന്നു, ഗവണ്മെന്റ് ഇതിന്റെ പേര് 'എയർ ഇന്ത്യ' എന്നാക്കി മാറ്റുന്നു. 

 എയർ ഇന്ത്യ നഷ്ടത്തിൽ നിന്ന് നഷ്ടത്തിലേക്ക് അധഃപതിച്ചതും,  പതിറ്റാണ്ടുകൾക്ക് ശേഷം ടാറ്റ സൺസ് ഒരിക്കൽ തങ്ങളുടേതായിരുന്ന ഈ വിമാനക്കമ്പനിയെ ഏറ്റെടുക്കാൻ താത്പര്യം പ്രകടിപ്പിച്ചിരിക്കുന്നതും ഒക്കെ ചേർന്ന് വല്ലാത്തൊരു ചരിത്ര സന്ധിയിലേക്കാണ് കാര്യങ്ങൾ നീക്കുന്നത്. എയർ ഇന്ത്യയിൽ നിക്ഷേപം നടത്താൻ സാധിച്ചാൽ അത് ടാറ്റയ്ക്ക് ഇന്ത്യയിലെ ആഭ്യന്തര റൂട്ടുകളിൽ 23 ശതമാനത്തോളം ബിസിനസ്സും, വിദേശ റൂട്ടുകളിൽ സമഗ്രാധിപത്യവും നൽകും. ഇന്ത്യൻ വ്യോമയാന മേഖലയിൽ ഇന്നുവരെ കാര്യമായ നിക്ഷേപങ്ങൾ നടത്താൻ സാധിച്ചിട്ടില്ലാത്ത ടാറ്റ എന്തുകൊണ്ടും ഇത്തരത്തിൽ ഒരവസരത്തെ പരമാവധി പ്രയോജനപ്പെടുത്തും എന്നുവേണം കരുതാൻ. 

Follow Us:
Download App:
  • android
  • ios