ഇന്റർനാഷണൽ ഫോട്ടോഗ്രഫി (IPA-2025) അവാർഡില്‍ 'ഇവന്റ് ഫോട്ടോഗ്രഫർ ഓഫ് ദി ഇയർ 2025 ആയി തെരഞ്ഞെടുക്കപ്പെട്ട സവാദുമായി നടത്തിയ അഭിമുഖ സംഭാഷണം
നൂറോളം രാജ്യങ്ങളിൽ നിന്നുള്ള ഫോട്ടോഗ്രാഫർമാരില്‍ നിന്നും 14000 ഓളം ഫോട്ടോകളിൽ നിന്നും തെരഞ്ഞെടുക്കുന്ന, ലോകത്തെ ഏതൊരു ഫോട്ടോഗ്രാഫറും സ്വപ്നംകാണുന്ന ഇന്റർനാഷണൽ ഫോട്ടോഗ്രഫി (IPA-2025) അവാർഡുകൾ പ്രഖ്യാപിച്ചിരിക്കുകയാണ്. അവാര്‍ഡ് പ്രഖ്യാപിച്ചപ്പോൾ പ്രൊഫഷണൽ ഫോട്ടോഗ്രഫി മത്സരത്തിലെ 11 വിഭാഗങ്ങളിൽ ഒന്നായ 'ഇവന്റ് ഫോട്ടോഗ്രാഫർ ഓഫ് ദി ഇയർ 2025' കാറ്റഗറിയിൽ അവാര്‍ഡ് നേടിയത് മലയാളിയായ ഫോട്ടോഗ്രാഫർ സവാദാണ് (Savad.monk). ഈ വർഷം നടന്ന കുംഭമേളയിലെ ഏറ്റവും വ്യത്യസ്തമായ ഒരു കാഴ്ച പകർത്തിയതിനാണ് സവാദിന് അന്തർദേശിയ പുരസ്‌കാരം ലഭിച്ചത്. ഒക്ടോബർ 5 ന് ഗ്രീസിൽ വെച്ച് നടക്കുന്ന ഗാല IPA 2025 ഇവന്റിൽ വെച്ച് സവാദ് അവാര്‍ഡ് ഏറ്റുവാങ്ങും. ഇവിടെ തന്‍റെ ക്യാമറ കണ്ണുകളിലൂടെ ലോകത്തിലെ വിവിധ കോണുകളില്‍ നിന്നുള്ള മനോഹര ദൃശ്യങ്ങൾ തന്‍റേതുമാത്രമായ ശൈലിയില്‍ ലോകത്തിന് മുന്നില്‍ അവതരിപ്പിക്കുന്ന സവാദുമായി ഒരു സംഭാഷണം നടത്തുകയാണ്.
സവാദ് പകര്‍ത്തിയ അവാര്‍ഡിന് അര്‍ഹമായ ചിത്രം ©
ഇന്‍റര്‍നാഷണൽ ഫോട്ടോഗ്രഫി അവാർഡ് (IPA2025) പ്രഖ്യാപിച്ചപ്പോൾ "ഇവന്റ് ഫോട്ടോഗ്രഫർ ഓഫ് ദി ഇയർ 2025" ന് താങ്കളെ (Savad.monk) തെരഞ്ഞെടുത്തിരിക്കുകയാണ്. ഈ അന്തർദേശിയ പുരസ്‌കാരം കരസ്ഥമാക്കിയ ആദ്യമലയാളി എന്ന നിലയിൽ സവാദിന് അഭിനന്ദനങ്ങൾ. ഇതൊരു സ്വപ്നസാക്ഷാത്കാരം കൂടിയാണല്ലോ. IPA-2025 ലേക്ക് എങ്ങനെയാണ് എത്തിച്ചേർന്നത് ? എന്താണ് അന്തർദേശിയ അവാർഡ് നിർണായത്തിന്റെ പ്രോസസ്സ് എന്ന് വിശദകരിക്കാമോ?
ഏറ്റവും മികച്ച ഫോട്ടോഗ്രഫർമാരെ നിർണയിക്കുന്ന, ലോകത്തിലെ അഞ്ച് അവാർഡുകളിൽ ഏറ്റവും സുപ്രധാനമായ ഒരു അവാർഡായാണ് ഇന്റർനാഷണൽ ഫോട്ടോഗ്രാഫി അവാർഡ് (IPA) പരിഗണിക്കപ്പെടുന്നത്. ഫോട്ടോഗ്രഫിയെ അത്രയും പാഷനേറ്റായി കൊണ്ടുനടക്കുന്ന ലോകത്തെ എല്ലാ ഫോട്ടോഗ്രഫർമാർക്കും വളരെ പരിചിതമായ ഒരവാർഡ് കൂടിയാണിത്. എന്നെ സംബന്ധിച്ച് ഇത് ഒരു സ്വപ്ന സാക്ഷാത്കാരം തന്നെയാണ്. IPA ആനുവൽ ബുക്ക് ഓഫ് ഫോട്ടോഗ്രഫിൽ എന്റെ ഫോട്ടോസ് പബ്ലിഷ് ചെയുക, ലോകത്തെ പ്രീമിയർ ഗാലറികളിൽ ഫോട്ടോ എക്സിബിഷൻ നടത്താൻ സാധിക്കുക, ഗാല ഇവന്റ്സ് പോലുള്ള ഒരു ഇന്റർനാഷണൽ ഓഡിയൻസിനു മുന്നിൽ നമ്മുടെ ചിത്രങ്ങൾ ക്യൂറേറ്റ് ചെയ്യപ്പെടുക, ലോകത്തെ തന്നെ ഏറ്റവും മികച്ച ഫോട്ടോഗ്രഫർമാര്‍ക്കൊപ്പം ഗാല ഇവന്റ്സിൽ പങ്കെടുക്കുക എന്നതൊക്കെ തിരുവില്വാമല പോലൊരു സ്ഥലത്ത് ജനിച്ചുവളർന്ന എന്നെ സംബന്ധിച്ച് ഒരു ഡ്രീം കം മൊമെന്റ് തന്നെയാണ്.
ഈ അവാർഡ് നിർണയത്തിന്റെ പ്രൊസസിനെ പറ്റി പറയുകയാണെങ്കില്‍, ഏകദേശം 6 മാസത്തോളം നീണ്ടു നിൽക്കുന്ന ഒരു മൾട്ടി ലെവൽ ജഡ്ജ്മെന്റ് പ്രോസസ്സ് ആണ് നടക്കുക. പ്രൊഫഷണൽ ഫോട്ടോഗ്രഫി അവാർഡ്സിനായി 11 കാറ്റഗറികളിലായി അവാർഡിന് നമ്മുടെ വര്‍ക്ക് സമര്‍പ്പിക്കാനുള്ള അവസരമുണ്ട്. ഓരോ കാറ്റഗറിയിലും ധാരാളം സബ് കാറ്റഗറികളുണ്ട്. ഇവന്റ് കാറ്റഗറിയിലെ കൾചർ ആൻഡ് ട്രെഡിഷൻ എന്ന സബ് കാറ്റഗറിയിൽ ആണ് ഇപ്പോൾ അവാർഡിന് അർഹമായ കുംഭ മേളയിലെ ഫോട്ടോ ഞാൻ സബ്‌മിറ്റ് ചെയ്തത്. അത്തരത്തിൽ ഇവന്റ് കാറ്റഗറിക്ക് കീഴിൽ മാത്രം തന്നെ മറ്റ് ആറോളം സബ് കാറ്റഗറിയിൽ നിന്ന് കൂടി ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നും സബ്‌മിറ്റ് ചെയ്ത നിരവധി ഫോട്ടോകളിൽ നിന്നാണ് കുംഭമേളയിലെ (മുകളില്‍ ചേര്‍ത്ത) ഫോട്ടോ ഇന്റർനാഷണൽ ഫോട്ടോഗ്രഫി അവാർഡിനായി തിരഞ്ഞെടുത്തത്.
ഒരു ഫോട്ടോഗ്രഫർ എന്ന നിലയിൽ ഈ പ്രൊഫഷനിൽ താങ്കളെ ഏറ്റവും എക്സൈറ്റ് ചെയ്യിക്കുന്ന കാര്യം എന്താണ്?
ഏതൊരു പാഷനേറ്റായ ഫോട്ടോഗ്രഫര്‍ക്കും ആഗ്രഹിക്കുന്ന ഔട്ട്പുട്ട് ലഭിക്കുമ്പോൾ ഉണ്ടാകുന്ന ഒരു 'ഹൈ' അല്ലെങ്കിൽ ഒരു 'കിക്ക്' ഉണ്ടല്ലോ, ആ ഹൈ അല്ലെങ്കിൽ കിക്കാണ് യഥാർത്ഥത്തിൽ ഓരോ ഫോട്ടോഗ്രാഫറും ചേസ് ചെയ്യുന്നത്. ചിലപ്പോൾ ഒരു ഫോട്ടോയ്ക്ക് മില്യൺ വ്യൂസ് ലഭിക്കുകയോ, വൈറൽ കോൺടന്‍റ് ആയി മാറുകയോ ചെയ്തേക്കാം. ആ വൈറൽ അൽഗോരിതത്തെ അല്ല ഞാൻ പിന്തുടരാറുള്ളത്. അത്തരം വൈറല്‍ കണ്ടന്‍റുകൾ പല തരത്തിലും എക്സ്‌പ്ലോർ ചെയ്യാനുള്ള ഒരു അവസരം തന്നെയാണ്, നല്ലതുമാണ്. പക്ഷെ, ഫോട്ടോഗ്രഫിയിൽ ലഭിക്കുന്ന ആ ഹൈ നമുക്ക് എല്ലായ്‌പ്പോഴും എല്ലാ ഫോട്ടോകളിലും പ്രതീക്ഷകാൻ പറ്റില്ല. എടുക്കുന്ന ചിത്രങ്ങളുടെ ഭംഗിയേക്കാൾ ആ ചിത്രം Convey ചെയ്യുന്ന ഇമോഷൻസിനാണ് ഞാന്‍ പ്രാധാന്യം നൽകാറുള്ളത്. ഒരു ചിത്രത്തിന് ഒരു കഥ പറയാനുണ്ടാകണം. പല ചിത്രങ്ങളും ക്ലിക്ക് ചെയ്യാൻ സാധിക്കുന്നത് കഠിനാധ്വാനത്തിന് പുറമേ ഭാഗ്യത്തിന്‍റെയും സാഹചര്യത്തിന്‍റെയും പിൻബലം ഉള്ളതുകൊണ്ട് കൂടിയാണ്. അതുകൊണ്ട് തന്നെയാണ് ചില ഫോട്ടോകളില്‍ മാജിക് സംഭവിക്കുന്നതും.
ഐഫോണ്‍ ഫോട്ടോഗ്രഫി അവാര്‍ഡ് നേടിയ ചിത്രം ©
Savad.monk എന്ന താങ്കളുടെ ഇൻസ്റ്റഗ്രാം പ്രൊഫൈൽ നോക്കിയാൽ ലോകത്തിന്റെ പല ഭാഗങ്ങളിലുള്ള ഫോട്ടോസ് കാണുവാൻ സാധിക്കും. ഈ വർഷം ലോകത്ത് പലയിടങ്ങളിലായി പല വ്യത്യസ്ത ഇവന്റുകൾ നടന്നു. പലതിലും താങ്കൾ പങ്കെടുക്കുകയും ഫോട്ടോ പകർത്തുകയും ചെയ്തിട്ടുണ്ട്. എന്നാൽ മഹാകുംഭമേളയിലെ ഒരു നിമിഷം IPA അവാർഡിനായി അയച്ചതിനു പിന്നിലെ കാരണം എന്താണ്?
IPA-2025 തെരഞ്ഞെടുപ്പിന്‍റെ ഭാഗമായി 'Top five image list'ല്‍ ഈ ചിത്രം ഉൾപെടുത്തുന്നതിന് മുന്നോടിയായി ജൂറി അംഗം അലക്സ് നടത്തിയ പരാമര്‍ശം ഈ ചോദ്യത്തിനുള്ള ഉത്തരം കൂടിയാണെന്ന് തോന്നുന്നു. അദ്ദേഹത്തിന്‍റെ വാക്കുകൾ ഏകദേശം ഇങ്ങനയാണ് ''ഈ ചിത്രം Top five image list ല്‍ ഉൾപെടുത്തുന്നതിനുള്ള തീരുമാനത്തിലേക്കെത്താന്‍ ഞാന്‍ കുറച്ച് സമയമെടുത്തു. ചിത്രത്തിന് പിന്നിലുള്ള കഥ മാത്രമല്ല, 144 വർഷത്തിൽ ഒരിക്കൽ നടക്കുന്ന മഹാ കുംഭമേള പോലുള്ള ഒരു വലിയ ഉത്സവം, അതുപോലെ ലോകത്തെ ഏറ്റവും വലിയ ജനപങ്കാളിത്തമുള്ള ഒരു ഇവന്റ് തന്നെ ഔട്ട്സ്റ്റാൻഡിങ് ആയ ഒരു സബ്ജെക്ട് ആണ്. ഈ ചിത്രത്തിന്റെ മികവ് എന്നത് ഫോട്ടോഗ്രഫർ അസാധാരണ നിമിഷം പകർത്താൻ അനുയോജ്യമായ സമയവും ഏറ്റവും മികച്ച ഫ്രെയിമും കണ്ടെത്തി എന്നതാണ്. കൂടാതെ ഈ ചിത്രത്തിന്റെ യൂണിക് കമ്പോസിഷനിലെയും ലൈറ്റിങ്ങിലെയും ഡീറ്റൈയിലിങ്ങിലെയും മികവ് കൂടിയാണ്''.
അതായത് മഹാ കുംഭമേള എന്ന ഒരു ഇവന്റ് 360°ആങ്കിളിലും പങ്കെടുക്കാവുന്ന തരത്തിൽ ഒട്ടനവധി ലെയറുകൾ ഉള്ള ഒരു മഹാത്ഭുതമാണ്. ഇനി ഈ ഫോട്ടോയെ പറ്റി പറയുമ്പോൾ, എന്റെ കൂടെ കുഭംമേളയിലേക്കുള്ള യാത്രയില്‍ രണ്ടു സുഹൃത്തുക്കൾ കൂടെയുണ്ടായിരുന്നു. ഞങ്ങൾ 2019 ല്‍ പ്രയാഗ് രാജിലെ അർദ്ധ കുംഭമേളയിലും പങ്കെടുത്തിരുന്നു. അന്നേ തീരുമാനിച്ചതാണ് 2025 ലെ മഹാകുംഭമേള ഒരിക്കലും മിസ്സ് ചെയ്യരുതെന്നുള്ളത്. കുംഭമേളയിൽ വലിയ പാലത്തിലൂടെ കൂട്ടമായി സന്യാസിമാർ നടന്നുവരുന്ന ഒരു ചിത്രം എടുക്കുകയായിരുന്നു എന്റെ പദ്ധതി. പക്ഷേ, തിരക്ക് കാരണം പല പാലങ്ങളും ആ സമയത്ത് അടച്ചുപൂട്ടിയിരുന്നു. അതോടെ ഞാൻ നിരാശനായി. എല്ലാദിവസങ്ങളിലും സൂര്യോദയ സമയത്തും സൂര്യാസ്തമയ സമയത്തും ഞങ്ങൾ കുംഭമേളയിലെ ജനങ്ങളോടൊപ്പം അലിഞ്ഞു ചേർന്നു. കുറെയേറെ ചിത്രങ്ങൾ എടുത്തു.
കുംഭമേളയില്‍ നിന്ന് ©
പക്ഷെ എനിക്ക് ഹൃദയത്തോട് ചേർത്തുപിടിക്കാനാവുന്ന ഒരു ചിത്രം ലഭിച്ചിരുന്നില്ല. എന്നാല്‍ ഒപ്പം ഉണ്ടായിരുന്ന സുഹൃത്തിന്‍റെ നിർദേശ പ്രകാരം സന്യാസിമാർ കൂട്ടത്തോടെ സ്നാനം ചെയ്യാൻ ഗംഗയിലേക്ക് ഇറങ്ങുന്ന ഒരു ചിത്രം എടുക്കാൻ തീരുമാനിച്ചു. എല്ലാവരും അത് ഡിജിറ്റൽ കാമറകളിലാണ് ഷൂട്ട് ചെയ്യുക. പക്ഷേ ഞാനത് ഡ്രോണിൽ ചിത്രീകരിക്കാൻ തീരുമാനിച്ചു. വൈകുന്നേരം നേരത്തെ തന്നെ ചെന്ന് ഒരു സ്ഥാനം ഉറപ്പിച്ച് മികച്ച ഒരു നിമിഷത്തിനു വേണ്ടി കാത്തിരുന്നു. നേരം ഇരുട്ടിയിട്ടും ഒരു നല്ല ചിത്രം കിട്ടിയില്ല. പിറ്റേന്ന് പുലർച്ചെവരെ ആ കാത്തിരിപ്പ് തുടർന്നു. പിന്നീട് ഒരസാധ്യ നിമിഷം കണ്ണിൽപ്പെട്ടു. സന്യാസിമാർ കൂട്ടത്തോടെ ഗംഗയിൽ ഇറങ്ങുകയാണ്. നല്ല ഫ്രെയിം. പക്ഷേ ഡ്രോൺ ഗംഗാസ്നാനത്തിന്‍റെ അടുത്തേക്ക് പോകുംതോറും സിഗ്നൽ നഷ്ടപ്പെടുന്നു. ഇത്രയും ആൾക്കാരുടെ സുരക്ഷയെ മുൻ നിർത്തി ഒരുപക്ഷേ ഡ്രോൺ സിഗ്നൽ ജാമറുകൾ അധികൃതർ സ്ഥാപിച്ചിട്ടുണ്ടാകാം. മൂന്നു നാലു തവണ ശ്രമിച്ചിട്ടും സിഗ്നൽ നഷ്ടപ്പെട്ട് ഡ്രോണ്‍ തിരിച്ചുവരികയാണ് ചെയ്തത്. സന്യാസിമാരുടെ ഗംഗ സ്നാനം എന്ന നിമിഷങ്ങൾ കൂടിയാണ് നഷ്ടപ്പെടുന്നത് എന്നത് നിരാശയോടെയാണെങ്കിലും തിരിച്ചറിഞ്ഞ നിമിഷങ്ങൾ കൂടിയാണത്. അങ്ങനെ ഒരു പ്രാവശ്യം ഡ്രോൺ നല്ല ഉയരത്തിൽ പോയി സിഗ്നൽ നഷ്ടപ്പെട്ട് തിരിച്ചുവരികയാണ്. അപ്പോഴാണ് അവിടെയുള്ള മറ്റൊരു പാലത്തിൽ കൂടി കുറെയധികം നാഗസന്യാസിമാർ നടന്നുവരുന്നത് കാണുന്നത്. ഞങ്ങൾ കരുതിയിരുന്നത് തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി എല്ലാ പാലങ്ങളും അടച്ചുപൂട്ടിയിരിക്കുകയാണ് എന്നാണ്. ഡ്രോൺ സിഗ്നൽ നഷ്ടപ്പെട്ട് തിരിച്ചുവരുമ്പോഴാണ് ഈ ദൃശ്യം കൺസോളിൽ കിട്ടുന്നത്. ഇതാണ് ഞാൻ കാത്തിരുന്ന നിമിഷം എന്ന് തോന്നിപോയി. ഞാൻ അവരെ ഡ്രോൺ കാമറ കൊണ്ട് പിന്തുടരാൻ തീരുമാനിച്ചു. കുറെ നേരം ഞാൻ അവരെ ഫോളോ ചെയ്തു. ഇടയ്ക്ക് ഡ്രോണിൻ്റെ ബാറ്ററി കഴിയുമ്പോൾ ഡ്രോൺ തിരിച്ചുവിളിച്ച് ബാറ്ററി മാറ്റിയശേഷം വീണ്ടും പിന്തുടരും.
കുംഭമേളയില്‍ നിന്ന് ©
സന്യാസിമാരുടെ യാത്ര കൺസോളിൽ കൂടി കാണുന്നത് വല്ലാത്ത ഒരു അനുഭവമായിരുന്നു. എന്താണ് ഇനി സംഭവിക്കുന്നത് എന്ന് നമുക്ക് ചിന്തിക്കാൻ കൂടി കഴിയാത്ത വിധം അത്ഭുതകരമായ ഒരു വരവായിരുന്നു അത്. ഓരോ മനുഷ്യരും ഓരോ അത്ഭുതങ്ങളാണ് എന്ന് ഉറപ്പു വരുത്തുന്ന വല്ലാത്ത ഒരു നടത്തം ആയിരുന്നു അത്. ഈ സന്യാസിമാരുടെ പുറകിലൂടെ ഒരു ജീപ്പ് വരുന്നുണ്ടായിരുന്നു. ജീപ്പിന് മുകളിലും സന്യാസിമാര്‍ ഉണ്ടായിരുന്നു. ഏതോ ഒരു നിമിഷത്തിൽ ഈ ജീപ്പ് നടന്നു നീങ്ങുന്ന സന്യാസിമാരുടെ മധ്യത്തിലേക്ക് വന്നുകയറി. അപ്പോൾ ജീപ്പിൻ്റെ മുകളിലുണ്ടായിരുന്ന ഒരു സന്യാസി ബോണറ്റിന്‍റെ മുകളിലേക്ക് കയറി നിന്ന് ആക്രോശിച്ചു. ഇതാണ് നിമിഷം. ഞാൻ ഫോട്ടോ ക്ലിക്ക് ചെയ്തു. ആ ചിത്രത്തിലെ ഓരോ മുഖവും വ്യക്തമാണ്. ഓരോ മുഖത്തിനും ഓരോ ഇമോഷൻസും ഉണ്ട്. എന്റെ ഹൃദയത്തോട് ചേർത്ത് പിടിക്കാവുന്ന അല്ലെങ്കിൽ ഫോട്ടോഗ്രഫർ എന്ന നിലയിൽ ഒരു എനർജി നൽകിയ ദൃശ്യം എന്ന നിലയിൽ കൂടിയാണ് ഈ ഫോട്ടോയെ ഞാൻ കാണുന്നത്.
കുംഭമേളയില്‍ നിന്ന് ©
ഇനി കേരളത്തിലെ ഫ്രെയിമിലേക്ക് വന്നാൽ നിങ്ങൾ പകർത്തിയതിൽ വെച്ച് ഏറ്റവും ഇഷ്ടപെട്ട ഒരു ചിത്രം ഏതാണ്. അതിന് പിന്നില്‍ എന്തെങ്കിലും സ്റ്റോറി ഉണ്ടോ?
കേരളം പ്രകൃതി ഭംഗി കൊണ്ട് അനുഗ്രഹിക്കപ്പെട്ട ഒരു സ്ഥലമല്ലേ, വെസ്റ്റേൺ ഘട്ടിലെ സൂര്യോദയങ്ങൾ തരുന്ന എനർജി വിവരണാതീതമല്ലേ. കേരളത്തിന്‍റെ ഈ പ്രത്യേകത കേരള ടൂറിസം ലോകത്തിന് മുന്നില്‍ വ്യത്യസ്ത രീതിയില്‍ അവതരിപ്പിക്കുന്നുമുണ്ട്. കേരളത്തിൽ നിന്നെടുത്ത എനിക്ക് ഇഷ്ടപ്പെട്ട ഒട്ടേറെ ചിത്രങ്ങൾ ഉണ്ട്. ജടായു പാറയിലുള്ള കൂറ്റൻ ജാടയുവിന്റെ ചിത്രം എനിക്ക് ഏറെ പ്രിയപ്പെട്ടതാണ്. അങ്ങനെ ഒരു കോൺസെപ്റ്റ്, അതിന്റെ അഡ്മിനിസ്ട്രേഷൻ ഒക്കെ ലോക നിലവാരത്തിൽ ഉള്ളതാണ്.
The giant sculpture of Jadayu ©
കേരളത്തിൽ ഇന്ട്രസ്റ്റിങ് ആയ കാര്യം ഓർത്തെടുക്കുകയാണെങ്കിൽ ഒരു ബ്രിട്ടീഷ് ഫോട്ടോഗ്രഫറുടെതായി മൂന്നാറിലെ തേയില തോട്ടങ്ങളില്‍ നിന്നെടുത്ത് ഫിംഗർ പ്രിന്റ് എന്നൊരു ഫോട്ടോ ഉണ്ടായിരുന്നു. അതിൽ ലൊക്കേഷൻ ടാഗ് ചെയ്തിരുന്നില്ല. വളരെ മനോഹരമായ ഒരു ചിത്രമായിരുന്നു അത്. നമ്മുടെ കേരളത്തിൽ, മൂന്നാറിൽ അത്ര മനോഹരമായ ഒരു ദൃശ്യമുണ്ടെങ്കില്‍ അത് പകർത്തണമെന്ന് എനിക്ക് തോന്നി. മൂന്നാറിലെ ആ ഹിഡൻ സ്പോട് കണ്ടു പിടിക്കാൻ ഒരു ശ്രമം നടത്തി. ആ ശ്രമങ്ങൾ വളരെ മനോഹരമായിരുന്നു. ഗൂഗിൾ മാപ്പിൽ ഏരിയൽ വ്യൂ വഴി ടീ പ്ലാന്റേഷൻസ് മുഴുവൻ സേർച്ച് ചെയ്തതിനു ശേഷമാണ് ഏകദേശം ആ ലൊക്കേഷൻ കണ്ടുപിടിച്ചത് തന്നെ.
അത് ഒരു പ്രൈവറ്റ് പ്രോപ്പർട്ടിയായതുകൊണ്ട് തന്നെ അങ്ങോട്ട് പ്രവേശനം ഉണ്ടായിരുന്നില്ല. എന്ന് മാത്രമല്ല ആ ലൊക്കേഷനിലേക്കുള്ള വഴി പലപ്പോഴും തെറ്റായ ഡയറക്ഷനിൽ ആണ് എത്തിച്ചത്.അങ്ങനെ തെറ്റി ചെല്ലുന്ന ഇടങ്ങളിലെല്ലാം തന്നെ ആനത്താരകൾ ആയിരുന്നുവെന്നുള്ള മുന്നറിയിപ്പ് ആയിരുന്നു അവിടത്തെ ആളുകൾ നൽകിയിരുന്നത്. മാത്രമല്ല അവിടെയുള്ള ആളുകൾക്ക് പോലും അങ്ങനെ ഒരു സ്പോട്ടിനെ പറ്റി അറിയുന്നുണ്ടായിരുന്നില്ല. അങ്ങനെ വഴിതെറ്റിപ്പോയാണ് ആ സ്ഥലത്തേക്ക് എത്തിച്ചേരനായത് തന്നെ. ശാന്തവും നിശബ്ദമായ ഒരു സ്ഥലമായിരുന്നത്. ചില സ്ഥലങ്ങളുടെ ആത്മാവ് അവിടെ നിലനിൽക്കുന്ന നിശബ്ദതയായിരിക്കും. അത് നഷ്ടപ്പെട്ടാൽ ആ സ്ഥലങ്ങളുടെ ഭംഗിയും നഷ്ടപ്പെട്ടുപോകുന്നു. അങ്ങിനെ ഒരു സ്ഥലമായിരുന്നു അത്.
Fingerprint - Munnar ©
വളരെ വെല്ലുവിളികൾ നിറഞ്ഞ പല അനുഭവങ്ങളും ഫോട്ടോഗ്രഫിയുമായി ബന്ധപ്പെട്ട് ജീവിതത്തിൽ ഉണ്ടായിട്ടുണ്ടാവാം. അതിൽ ഏതെങ്കിലും ഒരനുഭവം വായനക്കാർക്ക് വേണ്ടി പങ്കുവെക്കാമോ?
ധാരാളം അനുഭവങ്ങൾ അത്തരത്തിലുണ്ട്. ഐസ്‌ലാൻഡിൽ നിന്നും അപ്രതീക്ഷിതമായ കാലാവസ്ഥ വ്യതിയാനത്തില്‍ പറന്നു പോയേക്കാവുന്ന തരത്തിലുള്ള കാറ്റിൽ പിടിച്ചു നിന്നത്, നെതർലൻസിൽ നദിയിൽ വീണു പോയ ഡ്രോൺ എടുക്കാൻ റെസ്ക്യൂ ബോട്ടിൽ പോയത്, ജർമനിയിൽ നിന്നും സ്വിറ്റ്സർലന്‍റിലേക്ക് വളരെ എൻജോയ് ചെയ്തു വന്ന കാർ ഡ്രൈവിങ്ങിൽ തിരിച്ചു വന്നപ്പോൾ ഏകദേശം 2.5 ലക്ഷത്തോളം രൂപ ഫൈൻ അടച്ചത്, അങ്ങനെ പലതുണ്ട്.
The Great Pyramid - Egypt ©
എങ്കിലും ഈ മഹാ കുംഭമേളയുമായി ബന്ധപ്പെട്ട ഒരനുഭവം തന്നെ പറയാം. നേരത്തെ പറഞ്ഞുവല്ലോ 2019 ലെ അർദ്ധ കുംഭമേളയിൽ തന്നെ ഞാനും എന്റെ രണ്ട് സുഹൃത്തുക്കളും 2025 ലെ കുംഭമേള മിസ്സ് ചെയ്യരുതെന്ന് തീരുമാനിച്ചിരുന്നു. അത് കൊണ്ട് തന്നെ ഞങ്ങൾ 2019 ലെ അർദ്ധ കുംഭമേളയിൽ പറ്റിയ പിഴവുകൾ ഒഴിവാക്കുന്നതിന്‍റെ ഭാഗമായി ഇത്തവണ ആദ്യമേ ഹോട്ടൽ റൂം ബുക്ക് ചെയ്തിരുന്നു. ഞങ്ങൾക്ക് അവിടത്തെ തിരക്കിനെ കുറിച് ഒരു ഏകദേശ ധാരണയുണ്ടെന്ന വിചാരത്തില്‍ തന്നെയായിരുന്നു പുറപ്പാട്. ലക്നൗ എയർപോർട്ടിൽ നിന്നും ഏകദേശം 200 കിലോമീറ്റർ NH 30 ൽ കൂടി 3 മണിക്കൂർ യാത്ര കൊണ്ട് പ്രയാഗ് രാജിൽ എത്താം. പിന്നീട് ഹോട്ടലിലേക്ക് എങ്ങിനെയെങ്കിലും എത്താം എന്നുള്ള പ്ലാനിലായിരുന്നു എയർപോർട്ടിൽ രാവിലെ 6 മണിയോടെ കൂടി ഇറങ്ങിയത്. പക്ഷെ രാവിലെ ഞങ്ങൾ ലക്നൗ എയർപോർട്ടിൽ ഇറങ്ങിയതിന് ശേഷം യാത്ര വിചാരിച്ചതുപോലെ ആയിരുന്നില്ല. തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി പ്രയഗ് രാജിലേക്കുള്ള വഴികളെല്ലാം അധികൃതർ ബ്ലോക്ക് ചെയ്തിരുന്നു. NH 30 ല്‍ കൂടെയുള്ള യാത്ര സാധ്യമായിരുന്നില്ല. ഗൂഗിൾ മാപ് നോക്കി പോക്കറ്റ് റോഡ്സ് വഴി പ്രയാഗ് രാജിലേക്ക് എത്താന്‍ ശ്രമിക്കാം എന്ന് തീരുമാനിച്ചു. എന്തായാലും പോകുന്നത്ര പോവട്ടെ എന്ന് പറഞ്ഞ് ടാക്സിയിൽ കയറിയിരുന്നു. അങ്ങനെ ലക്നൗവിൽ നിന്നും കേവലം 3 മണിക്കൂർ മാത്രം യാത്ര ചെയേണ്ട ഞങ്ങൾ അവിടേക്കെത്തുവാൻ ഈ NH 30 ന്റെ ഇടത്തോട്ടും വലത്തോട്ടുമുള്ള പോക്കറ്റ് റോഡിലൂടെ സഞ്ചാരിച്ച് 12 മണിക്കൂറാണ് യാത്ര ചെയ്തത്. അങ്ങനെ എത്തിച്ചേര്‍ന്ന സ്ഥലത്തു നിന്നും ബൈക്കിൽ ഒരാൾക്ക് 5000 രൂപ വീതം നല്‍കി ഞങ്ങൾ മൂന്നുപേര്‍ ആ ആൾക്കൂട്ടത്തിനുള്ളിലൂടെ സഞ്ചരിച്ചു. റൂം എത്തുമ്പോഴേക്കും രാത്രി 12 മണിയെങ്കിലും ആയിട്ടുണ്ട്. പക്ഷെ ഉത്തർ പ്രാദേശിന്റെ ഗ്രാമീണവഴികളിലൂടെയുള്ള 12 മണിക്കൂർ യാത്ര എന്നത് ശരിക്കും ഞങ്ങൾ എൻജോയ് ചെയ്യുകയായിരുന്നു. ഉത്തരേന്ത്യയിലെ ഗ്രാമീണവഴികളിലൂടെ വളരെ പ്ലാൻ ചെയ്ത് ഒരു യാത്ര പോയാൽ പോലും നമുക്ക് ഇങ്ങനെ ഒരനുഭവം ഉണ്ടാവുകയില്ല. ലാ പതാ ലേഡീസിലും പഞ്ചായത്ത്, മിർസാപുർ, ജാംതാര സീരിസിലുമൊകെ നമ്മൾ കണ്ട ഉത്തരേന്ത്യൻ ഗ്രാമീണ ജീവിതങ്ങളുടെ ഒരു നേർകാഴ്ചയായിരുന്ന ആ യാത്രനുഭവം.

Anjaneya statue at Kundapura outskirts ©

