Asianet News MalayalamAsianet News Malayalam

Cannabis Business: കാനഡയില്‍ കാനബിസ് ബിസിനസിലിറങ്ങിയ മലയാളി യുവാക്കള്‍; അഭിമുഖം

മലയാളി എത്താത്ത ദേശമില്ല, മലയാളി ചെയ്യാത്ത ജോലിയില്ല... ഈ ചൊല്ലുകള്‍ മലയാളിയുടെ അധ്വാനബോധത്തെ തന്നെയാണ് പ്രതിനിധീകരിക്കുന്നത്. അത്തരമൊരു കഥയാണിത്. അങ്ങ് കാനഡയില്‍ രണ്ട് മലയാളി യുവാക്കള്‍ ചെയ്യുന്ന കാനബിസ് ബിസിനസിനെ കുറിച്ച് അറിയാം. 


 

kerala youth begins cannabis business in canada
Author
Thiruvananthapuram, First Published Mar 28, 2022, 3:28 PM IST


ന്ദ്രനില്‍ ആദ്യം കാലുകുത്തിയ നീല്‍ആംസ്ട്രോങ്ങിന്, സ്ട്രോങ്ങില്‍ ഒരു ചായ കൊടുത്തത് മലയാളിയായ ചായക്കടക്കാരന്‍ ആണെന്ന് ഒരു കഥയുണ്ട്. ലോകം മുഴുവനും വ്യാപിച്ച് കിടക്കുന്ന മലയാളിയെ കുറിച്ച് അതിശയോക്തിയോടെ വാമൊഴിയായി പ്രചരിപ്പിക്കപ്പെട്ടതാണ് ആ കഥയെങ്കിലും ചിലപ്പോഴൊക്കെ അതില്‍ കാര്യമുണ്ടോയെന്ന തോന്നലുണ്ടായാല്‍ തെറ്റ് പറയാന്‍ പറ്റില്ല. ഒത്തരമൊരു കഥയിലെ നായകരാണ് കിരണും അനന്തുവും. ഇരുവരും അങ്ങ് കാനഡയില്‍ ഒരു ബിസിനസ് സംരംഭം തുടങ്ങി വിജയിപ്പിച്ച രണ്ട് മലയാളി യുവാക്കളാണ്. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി കിരണ്‍ സേവ്യറും പത്തനംതിട്ട സ്വദേശി അനന്തു മോഹനും കാനഡയിലിരുന്ന് തങ്ങളുടെ ബിസിനസ് സംരംഭത്തെ കുറിച്ച് സംസാരിക്കുന്നു കേള്‍ക്കാം ആ കഥ. ഇരുവരുടെയും ബിസിനസിനെ കുറിച്ച് കേട്ടാല്‍ മലയാളി ഒന്ന് നെറ്റിചുളിക്കും, തീര്‍ച്ച. ഇന്ത്യയില്‍ ഇനിയും നിയമവിധേയമാക്കിയിട്ടില്ലാത്ത കാനബിസാണ് (Cannabis) ഇരുവരുടെയും ബിസിനസ് സംരംഭം. കാനഡയിലെ ഓന്‍റാരിയോ പ്രോവിന്‍സില്‍ ഡൗണ്‍ടൗണ്‍ സെന്‍റ്ഗാതറിന്‍സ് സിറ്റിയിലെ ആദ്യ കാനബിസ് ഷോപ്പിന്‍റെ ഉടമകളിലൊരാളായ കിരണ്‍ സേവ്യര്‍ തങ്ങളുടെ  'ദി ഹെമ്പയര്‍' (The Hempire) എന്ന കാനബിസ് ഷോപ്പിനെ കുറിച്ചും ബിസിനസിനെ കുറിച്ചും സംസാരിക്കുന്നു.  


ഏങ്ങനെയാണ് കാനഡയിലെത്തുന്നത്? 

കിരണ്‍: ഞാന്‍ തിരുവന്തപുരം നെടുമങ്ങാടിനടുത്തുള്ള ഒരു ഗ്രാമത്തില്‍ നിന്നാണ് വരുന്നത്. അനന്തുവും അത് പോലെ തന്നെ പത്തംതിട്ട ജില്ലയിലെ കിഴക്കന്‍ മേഖലയിലെ ഒരു ഗ്രാമത്തില്‍ നിന്നാണ് കാനഡയിലെത്തുന്നത്.  2015 ല്‍ പ്ലസ്ടു കഴിഞ്ഞ ഞങ്ങളിരുവരും ഒരു വര്‍ഷത്തോളം നാട്ടില്‍ നിന്ന ശേഷം 2016 സെപ്തംബറിലാണ് കാനഡയിലെത്തുന്നത്. ഒരേ സംസ്ഥാനത്ത് നിന്നാണ് വരുന്നതെങ്കിലും ഞങ്ങള്‍ പരസ്പരം പരിചയപ്പെടുന്നത് കാനഡയില്‍ വച്ചാണ്. അതും ഇവിടെയെത്തി നാല് മാസങ്ങള്‍ക്ക് ശേഷം. തുടര്‍ന്ന് ഞങ്ങള്‍ റൂമേറ്റ്സായി. നാട്ടിലെ വളരെ സാധാരണമായ മിഡില്‍ ക്ലാസ് കുടുംബങ്ങളില്‍ നിന്നാണ് ഞങ്ങളിരുവരും വരുന്നത്. കാനഡയിലെ ഒന്‍‌റാരിയോയിലെ (Ontario) നയാഗ്രാ കോളേജില്‍, ഞാന്‍ കമ്പ്യൂട്ടര്‍ എഞ്ചിനീയറിങ്ങിനും അനന്തു ബിസിനസ് സെയില്‍സ് ആന്‍റ് മാര്‍ക്കറ്റിങ്ങുമാണ് പഠിച്ചത്. അടുത്തകാലത്താണ് ഞങ്ങള്‍ക്കിരുവര്‍ക്കും വര്‍ക്ക് പെര്‍മിറ്റ് മാറി കനേഡിയന്‍ പെര്‍മനന്‍റ് റസിഡന്‍റ്ഷിപ്പ് ലഭിക്കുന്നത്.  


ഏങ്ങനെയാണ് കാനബീസ് ബിസിനസിലേക്ക് കടക്കുന്നത്? 

കിരണ്‍: ഇന്ത്യയില്‍ നിന്ന് വിദേശരാജ്യങ്ങളില്‍ പഠിക്കാനെത്തുന്ന വിദ്യാര്‍ത്ഥികളില്‍ മിക്കവര്‍ക്കും അതാത് രാജ്യങ്ങളിലെ ജീവിത ചെലവ് താങ്ങാന്‍ വലിയ ബുദ്ധിമുട്ടായിരിക്കും. പ്രത്യേകിച്ചും ഞങ്ങളെ പോലെ മിഡില്‍ ക്ലാസ് ഫാമിലിയില്‍ നിന്നും വരുന്നവര്‍ക്ക്. അപ്പോള്‍ ചെലവ് കണ്ടെത്താനായി പഠനത്തോടൊപ്പം ജോലി ചെയ്യുകയെന്നതാണ് പൊതുവായ രീതി. ഞങ്ങളും അത് തന്നെ ചെയ്തു. ഈ സമയങ്ങളില്‍ ആദ്യം കിട്ടുന്ന ജോലി റസ്റ്റോറന്‍റുകളിലെ ഡിഷ്‍വാഷറാണ്. 'സിഷാലെ റസ്റ്റോറന്‍റി'ലായിരുന്നു ഞങ്ങളിരുവരും ജോലി ചെയ്യാനാരംഭിക്കുന്നത്. അവിടെ നിന്ന് ക്ലീനര്‍, പിന്നെ കുക്ക്... അങ്ങനെ... അങ്ങനെ... കുടുതല്‍ ശമ്പളം കിട്ടുന്ന ജോലികളിലേക്ക് കടന്നു. ഇതിനിടെയിലാണ് ഞങ്ങളുടെ പഠനവും പുരോഗമിച്ചത്. പഠനത്തിന്‍റെ ഭാഗമായി ഞാന്‍ എഞ്ചിനീയറിങ്ങിലും അനന്തു ബിസിനസ് മേഖലയിലും ഇടക്കാലത്ത് വര്‍ക്ക് ചെയ്തിരുന്നു. ഈ സമയങ്ങളിലാണ് കാനഡയില്‍ മെഡിക്കല്‍ പര്‍പ്പസിനൊപ്പം റിക്രിയേഷണല്‍ പര്‍പ്പസിനും കാനബിസ് ഉപയോഗിക്കാന്‍ അനുവദിക്കണമെന്ന ആവശ്യമുയര്‍ത്തിയ ക്യാമ്പൈനുകള്‍ ശക്തമാകുന്നതും. ഞങ്ങള്‍ പഠനം കഴിഞ്ഞ് ഇറങ്ങുമ്പോഴേക്കും കാനഡയില്‍ കാനബീസ് ലീഗലൈസ് ചെയ്തു. തുടര്‍ന്ന് ഏറ്റവും പുതിയ ബിസിനസ് സംരംഭമെന്ന നിലയില്‍ ഞങ്ങളും ആ മേഖലയിലേക്ക് കടക്കുകയായിരുന്നു. 

 

kerala youth begins cannabis business in canada


പുതുതായൊരു ബിസിനസിലേക്ക് കടക്കുമ്പോള്‍ പ്രത്യേകിച്ച് വിദേശ രാജ്യത്ത്, ഏന്തൊക്കെയായിരുന്നു മുന്‍കരുതലുകള്‍? 

കിരണ്‍: 2016 ല്‍ ഞങ്ങള്‍ ഇവിടെ എത്തുന്ന സമയത്ത് തന്നെ കാനബീസ് റിക്രിയേഷണല്‍ പര്‍പ്പസിന് അനുവദിക്കണമെന്ന തരത്തിലുള്ള ക്യാംമ്പൈനുകള്‍ നടക്കുന്നുണ്ടായിരുന്നു. അറിയാല്ലോ, നാട്ടിലാണെങ്കില്‍ ഒരു ക്രിമിനല്‍ പശ്ചാത്തലത്തോടെയാകും ഇത്തരം ബിസിനസുകളില്‍ ഏര്‍പ്പെടുന്നവരെ ആളുകള്‍ പരിഗണിക്കുക. എന്നാല്‍, ഇവിടെ അതില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് കാര്യങ്ങള്‍. ആ സമയത്താണ് കാനബിസിനെ കുറിച്ച് കൂടുതല്‍ പഠിക്കാനായി ഞങ്ങള്‍ തീരുമാനിക്കുന്നത്. അതിന്‍റെ ഭാഗമായി ഞാന്‍ ഒരു ഓണ്‍ലൈന്‍ കോഴ്സ് ചെയ്യു. ഒപ്പം കാനബീസിനെ കുറിച്ചുള്ള സെമിനാറുകള്‍, പേപ്പര്‍ പ്രസന്‍റേഷനുകള്‍ എന്നിവ അറ്റന്‍റ് ചെയ്യുകയും നിരവധി റിസര്‍ച്ച് വര്‍ക്കുകളുടെ ഭാഗമാകുകയും ചെയ്തു. പുതിയൊരു വിപണി തുറക്കുന്നുവെന്ന സാധ്യതയായിരുന്നു ഞങ്ങളുടെ മുന്നിലുണ്ടായിരുന്നത്. മാത്രമല്ല, അക്കാലത്ത് ഞാന്‍ ഒരു സര്‍ക്കാര്‍ സര്‍ട്ടിഫൈഡ് കാനബീസ് ഫാമിലും ഡിസ്പെന്‍സറിയിലും ജോലി ചെയ്തിരുന്നു. ബിസിനസിലേക്ക് കടക്കുമ്പോഴേക്കും ഉത്പാദനം മുതല്‍ പ്രോസസിങ്ങ് വരെയുള്ള കാര്യങ്ങളില്‍ അത്യാവശ്യം നല്ല ധാരണയുണ്ടായിരുന്നു. ആയിടയ്ക്കാണ് 2018 ഒക്ടോബര്‍ 17 ന് പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ കാനബീസ് റിക്രിയേഷണല്‍ പര്‍പ്പസിനും ഉപയോഗിക്കാമെന്ന നിയമം കൊണ്ടുവരുന്നത്.  ഞങ്ങള്‍ ലൈസന്‍സിന് അപ്ലേ ചെയ്തത് 2020 ജനുവരിയിലാണ്. ഒന്നര വര്‍ഷം കഴിഞ്ഞിട്ടാണ് ലൈസന്‍സ് ലഭിക്കുന്നത്. അതിനിടെയില്‍ നാട്ടിലെ പൊലീസ് ക്ലിയറന്‍സ് അടക്കം കഴിഞ്ഞെന്ന് പറയുമ്പോള്‍ തന്നെ ലൈസന്‍സിനുള്ള കടമ്പകള്‍ മനസിലാക്കാമല്ലോ. ഒടുവില്‍ 2021  ഓഗസ്റ്റ് 13 നാണ് ഞങ്ങള്‍ ഒന്‍‌റാരിയോയില്‍ 'ദി ഹെമ്പയര്‍' (The Hempire) എന്ന റീട്ടേല്‍ഷോപ്പ് തുടങ്ങുന്നത്. ഇവിടെ മൂന്ന് കാറ്റഗറിയുലുള്ള ലൈസന്‍സാണുള്ളത്. ആദ്യത്തെ ലൈസന്‍സിന് അപ്ലേ ചെയ്ത് ആറ് മാസത്തിന് ശേഷമാണ് അത് അനുവദിക്കുന്നത്. അത് കഴിഞ്ഞ് രണ്ടാമത്തേതിന് അപ്ലൈ ചെയ്യണം. അതും ലഭിച്ചാല്‍ മാത്രമേ മൂന്നാമത്തെ ലൈസന്‍സിന് അപ്ലൈ ചെയ്യാന്‍ കഴിയൂ. ലൈസന്‍സുമായി ബന്ധപ്പെട്ട് ഇത്തരത്തില്‍ പല കടമ്പകള്‍ കടക്കുന്നതിനിടെ സര്‍ക്കാര്‍ വക്താക്കള്‍ നമ്മളുമായി നിരന്തരം ബന്ധപ്പെടും. മാത്രമല്ല, സെക്യൂരിറ്റി സിസ്റ്റമൊക്ക പക്കായാണെങ്കില്‍ മാത്രമേ ലൈസന്‍സ് ലഭിക്കൂ. പിന്നെ, ഇത് അത്യാവശം കാശിറങ്ങുന്ന ഒരു ഏരിയയാണ്. ഡൗണ്‍ടൗണിലെ സെന്‍റ്ഗാതറിന്‍സ് സിറ്റിയിലെ ആദ്യത്തെ കാനബിസ് ഷോപ്പ് ഞങ്ങളുടേതാണ്. അങ്ങനെ നോക്കിയാല്‍ ചരിത്രത്തിന്‍റെ ഭാഗം കൂടിയാണ് ദി ഹെമ്പയര്‍. ഷോപ്പ് ഉദ്ഘാടനത്തിന് ഡൗണ്‍ടൗണ്‍ മേയറടക്കം അഭിനന്ദിച്ചിരുന്നു. 


കാനബീസ് ബിസിനസിലേക്ക് കടക്കുകയാണെന്ന് അറിഞ്ഞപ്പോള്‍ നാട്ടില്‍ നിന്ന്, പ്രത്യേകിച്ച് വീട്ടില്‍ നിന്നുള്ള പ്രതികരണം? 

കിരണ്‍: തീര്‍ച്ചയായും, ഈ ബിസിനസിന് നാട്ടിലുള്ള പോപ്പുലാരിറ്റി വീട്ടില്‍ വലിയ പ്രശ്നമായിരുന്നു. വീട്ടുകാരെ കണ്‍വീന്‍സ് ചെയ്യിക്കാനും മറ്റും. നാട്ടില്‍ പൊലീസിന്‍റെ മിക്കവാറും ക്രിമിനല്‍ കേസ് റിക്കോഡുകളില്‍ 'മയക്ക് മരുന്ന് അടിമ' എന്ന വിശേഷണമുണ്ടാകും. അതായത്, അവിടെ പ്രതി കഞ്ചാവാണ്. അത് നമ്മുടെ പൊലീസിങ്ങിന്‍റെയും സോസൈറ്റിയുടെയും മനോഭാവത്തിന്‍റെ പ്രശ്നമാണ്. സമൂഹത്തില്‍ തുടര്‍ന്നുവരുന്ന ചില തെറ്റിധാരണകളാണ് ഇത്തരമൊരു പ്രയോഗത്തിന് തന്നെ കാരണം.  ഈയൊരു മനോഭാവം മാറി, ഇതെന്താണെന്ന് ശരിയായി മനസിലാക്കുക എന്നത് കുറച്ച് ശ്രമകരമായ കാര്യം തന്നെയാണ്. ഇന്ത്യയ്ക്ക് പുറത്ത് പ്രത്യേകിച്ച് കാനഡയിലൊക്കെ റിക്രിയേഷനായി കാനബീസ് ഉപയോഗിക്കാനെത്തുന്നത് ഓഫീസേഴ്സും ഡോക്ടേഴ്സും ലോയേഴ്സും പ്രോഫസര്‍മാരുമൊക്കയാണ്. അത് ലൈഫ് സ്റ്റൈലിന്‍റെ ഭാഗമാണ്. സത്യത്തില്‍ നമ്മുടെ പ്രശ്നം ഇത് ഏങ്ങനെ ഉപയോഗിക്കണമെന്ന് അറിയില്ലെന്നതാണ്. മദ്യത്തിന്‍റെ കാര്യത്തിലും ഈ പ്രശ്നമുണ്ട്. കുടിക്കുമ്പോള്‍ മൂക്കറ്റം കുടിക്കുകയെന്നതാണ് മലയാളിയുടെ ശീലം. എന്നിട്ട് "അധികമായാല്‍ അമൃതും വിഷം" എന്ന് നമ്മള്‍ തന്നെ പറയുകയും ചെയ്യും. അവിടെയാണ് കനേഡിയന്‍ സര്‍ക്കാര്‍ സംവിധാനങ്ങളുടെ കാര്യക്ഷമത. ഏങ്ങനെ ഉപയോഗിക്കണം? എത്ര ഉപയോഗിക്കാം? ഓവര്‍ഡോസായാലുള്ള പ്രശ്നങ്ങള്‍... തുടങ്ങി കാനബീസുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങള്‍ക്കും ഇവിടെ കൃത്യമായ മോണിറ്ററിങ്ങും അതിനായുള്ള സംവിധാനങ്ങളുമുണ്ട്. സര്‍ക്കാര്‍ ഈ ബിസിനസിനെ പ്രമോട്ട് ചെയ്യുന്നതെങ്ങനെയെന്ന് വീട്ടുകാരെ കണ്‍വീന്‍സ് ചെയ്തപ്പോള്‍ അവരും ഓക്കെ. ഇപ്പോള്‍, ഫാമിലിയുടെ നല്ല സപ്പോര്‍ട്ടാണ്. നമ്മുടെ അറിവില്ലായ്മയാണ് പ്രശ്നമെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. 

 

kerala youth begins cannabis business in canada
 

ബിസിനസില്‍ സര്‍ക്കാര്‍ ഇടപെടല്‍ ഏങ്ങനെയാണ്? 

കിരണ്‍: ആദ്യമേ തന്നെ പറയട്ടെ, ഇവിടെ സര്‍ക്കാര്‍ സംവിധാനം ഏറെ മെച്ചപ്പെട്ടതാണ്. സര്‍ക്കാറിന്‍റെ നിയന്ത്രണത്തിലായിരിക്കും കാര്യങ്ങളെല്ലാം. കാനബീസ് ഉദ്പാദിപ്പിക്കുന്നത് തന്നെ സര്‍ക്കാര്‍ സര്‍ട്ടിഫൈഡ് ഫാമുകളില്‍ മാത്രമാണ്. ഫാമുകളില്‍ നിന്ന് ശേഖരിക്കുന്ന കാനബീസിലെ ടിഎച്ച്സി കണ്ടന്‍റ് പരിശോധിച്ച ശേഷം സര്‍ക്കാര്‍ നേരിട്ടാണ് ഇവ റീട്ടൈല്‍ ഷോപ്പുകളിലെത്തിക്കുന്നത്. ഓരോ പാക്കറ്റിലും വസ്തുവിന്‍റെ ടിഎച്ച്സി , സിബിഡി, ടര്‍പ്പിങ്ങ്സ്, എന്നിവ എത്ര ശതമാനം അടങ്ങിയിട്ടുണ്ടെന്ന് രേഖപ്പെടുത്തിയിട്ടുണ്ടാകും. വിതരണവും സര്‍ക്കാര്‍ തന്നെയാകും. ഷോപ്പുടമകള്‍ ഏത് പ്രവിന്‍സില്‍ നിന്നുള്ള ഉത്പന്നമാണോ വാങ്ങാന്‍ ഉദ്ദേശിക്കുന്നത് , അതിനായി ആ പ്രോവിന്‍സിന്‍റെ ലൈസന്‍സ് എടുക്കേണ്ടതുണ്ട്. ഓരോ പ്രോവിന്‍സിനും ഓരോ ലൈസന്‍സാണുള്ളത്. കാരണം, ഓരോ പ്രോവിന്‍സില്‍ ഉത്പാദിപ്പിക്കുന്നതിനും വ്യത്യസ്ത ഗുണനിലവാരമായിരിക്കും. 19 വയസിന് മേലെയുള്ളവര്‍ക്ക് മാത്രമേ കാനബീസ് വില്‍ക്കാന്‍ അനുവാദമുള്ളൂ. അതുകൊണ്ട് തന്നെ പൊതു ഇടത്തിലെ പരസ്യങ്ങള്‍ക്കും നിയന്ത്രണമുണ്ട്. ഒരാള്‍ക്ക് ഒരു തവണ വാങ്ങാന്‍ പറ്റുന്ന അളവിന് (30g) പോലും നിയന്ത്രണങ്ങളുണ്ട്. കാനബിസ് ഉപയോഗിച്ച് വാഹനമോടിച്ച് പിടിക്കപ്പെട്ടാല്‍ ഡ്രൈവിങ്ങ് ലൈസന്‍സ് റദ്ദ് ചെയ്യും. മാത്രമല്ല, ഇന്‍ഷുറന്‍സില്‍ നിന്ന് വന്‍ തുക നഷ്ടമാകും. ഇത്തരത്തില്‍ കൃത്യമായ നിയന്ത്രണങ്ങളോടെയാണ് സ്റ്റേറ്റ് കാനബീസ് ബിസിനസ് ലീഗലൈസ് ചെയ്തത്. അതോടൊപ്പം കാനബിസിനെ കുറിച്ച് കൃത്യമായ അവയര്‍നസ് ജനങ്ങള്‍ക്ക് കൊടുക്കാനും സ്റ്റേറ്റ് തന്നെ മുന്നിലുണ്ട്. സ്റ്റേറ്റിന്‍റെ കൃത്യമായ മോണിറ്ററിങ്ങ് എല്ലായിടത്തുമുണ്ട്. ഈയെരു മേഖലയില്‍ ഗവേഷണം ചെയ്യുന്നതിനാല്‍ കസ്റ്റമേഴ്സിന് വേണ്ടി ഓണ്‍ലൈനായും ഓഫ്‍ലൈനായും നിരവധി പദ്ധതികള്‍ ഞങ്ങളും ചെയ്യുന്നുണ്ട്. ഏത് സ്ട്രെയിന്‍ ഏങ്ങനെ ഉപയോഗിക്കാമെന്നത് മുതല്‍ സെമിനാറുകള്‍, പേപ്പര്‍ പ്രസന്‍റേഷന്‍, ഫാമിങ്ങ് എന്നിവയും ഹെമ്പയര്‍ ഷോപ്പിന്‍റെ ഭാഗമായി ചെയ്യുന്നു. 


എന്തൊക്കെ ഉത്പന്നങ്ങളാണ് വില്‍ക്കുന്നത്? 

കിരണ്‍: പ്രധാനമായും ഇവിടെ കാനബീസ് ഡ്രൈ ഫ്ലവറാണ് വില്‍ക്കുന്നത്. അത് സ്മോക്ക് ചെയ്യാന്‍ ഉപയോഗിക്കുന്നു. നാട്ടിലൊക്കെ പറയുന്ന 'കഞ്ചാവ്' തന്നെ. എന്നാല്‍, കാനബീസ് ലീഗലൈസ് ചെയ്തതിന് ശേഷം, ഇപ്പോള്‍ പുതിയ കുറേയേറെ പ്രോഡക്റ്റുകള്‍ കാനബീസിനെ അടിസ്ഥാനമാക്കി വിപണിയിലെത്തുന്നുണ്ട്. അതിലൊന്നാണ് കാനബിസ് എഡിബിള്‍സ്. അതായത്, കാനബിസ് ഇന്‍ഫ്യൂസ്ഡ് ഫുഡ് പ്രോഡക്റ്റ്സും ഡ്രിംഗ്സ് ഐറ്റമൊക്കെ. അത് ചോക്ലേറ്റാകാം, ഗമ്മീസാകാം, കുക്കീസാകാം, പല ഫ്ലേവറിലുള്ള ഡ്രിംഗ്സാകാം. ഇപ്പോള്‍ കാനബിസ് വേപ്പറൈസറും ഇറങ്ങുന്നുണ്ട്. സ്മോക്ക് ചെയ്യാന്‍ താത്പര്യമില്ലാത്തവര്‍ക്ക് ഉപയോഗിക്കാന്‍ കഴിയുന്ന തരത്തില്‍ ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന കാനബീസ് ഓയില്‍ വേപ്പറൈസറാണിത്. അതോടൊപ്പം കാനബീസ് കോണ്‍സന്‍ട്രേറ്റ്സുമുണ്ട്. ഹാഷ്, കീവ്സ് തുടങ്ങിയ കാനബീസിലെ ഏറ്റവും കോണ്‍സെട്രേറ്റായുള്ള ഉത്പന്നങ്ങളും ഇവിടെ വില്‍ക്കുന്നുണ്ട്. കാനബീസ് ടോപ്പിക്കല്‍സിനാണ് ഇപ്പോള്‍ ആവശ്യക്കാര്‍ കൂടുതലുള്ളത്. ഒരുപാട് പേരാണ് അത്തരം സാധനങ്ങളന്വേഷിച്ച് വരുന്നത്. നമ്മുടെ ശരീരത്തില്‍ ഉപയോഗിക്കാന്‍ പറ്റുന്നതരത്തില്‍ ബോഡി ലോഷന്‍, ബോഡി ക്രീം, ലിംബാം തുടങ്ങിയ കാനബീസ് ഉത്പന്നങ്ങള്‍. ഇത്തരം പ്രോഡക്റ്റുകള്‍, സിബിഡി ഇന്‍ഫ്യൂസ് ചെയ്ത കാനബീസ് ഉപയോഗിച്ചാണ് നിര്‍മ്മിക്കുന്നത്.  സിബിഡി ഇന്‍ഫ്യൂസ് ചെയ്ത കാനബീസ് ഉപയോഗിച്ച് ഓരോ ദിവസവും പുതിയ പുതിയ ഉത്പന്നങ്ങളാണ് മാര്‍ക്കറ്റിലേക്കിറങ്ങുന്നത്. ഇത്തരത്തില്‍ ഏതാണ്ട് 5,000 ത്തില്‍ കൂടുല്‍ കാനബീസ് ഉത്പന്നങ്ങള്‍ ഇപ്പോള്‍ മാര്‍ക്കറ്റില്‍ ലഭ്യമാണ്. ഇവിടെയാണ് ഓരോ റീട്ടേല്‍ഷോപ്പും വ്യത്യസ്തമാകുന്നത്. ഷോപ്പിന്‍റെ ഡിസൈന്‍, കസ്റ്റമര്‍ സര്‍വ്വീസ്, ഷോപ്പ് ആംബിയന്‍സ് ഇതിലൊക്കയാകും വ്യത്യസ്തത നിലനിര്‍ത്താന്‍ കഴിയുക. ആളുകളില്‍ നിന്ന് അഭിപ്രായം തേടി പുതിയൊരു മെനു ഉണ്ടാക്കാം. അങ്ങനെ സ്വന്തമായി ഉത്പന്നങ്ങള്‍ ഉണ്ടാക്കുകയും അതിന് മാര്‍ക്കറ്റ് നേടിയെടുക്കുയും ചെയ്യുകയെന്നത് ഈ രംഗത്ത് ഏറെ മത്സരം നേരിടുന്ന ഒരു മേഖലയാണ്. പ്രധാനപ്പെട്ട മറ്റൊരു കാര്യം ഷോപ്പിന്‍റെ എല്ലാ കാര്യങ്ങളും ഞാനും അനന്തുവും മാത്രമാണ് ചെയ്തത്. ഷോപ്പില്‍ ഉത്പന്നങ്ങള്‍ വച്ചിരിക്കുന്ന രീതി മുതല്‍ ഉപയോഗിച്ചിരിക്കുന്ന പെയ്ന്‍റും മറ്റ് ഡിസൈനുകള്‍ അങ്ങനെ ഷോപ്പിന്‍റെ എ ടു സെഡ് വരെ എല്ലാം ഞങ്ങള്‍ ഇരുവരും മാത്രമാണ് ചെയ്തത്. അത് തന്നെയാണ് ഞങ്ങളുടെ ഷോപ്പിന്‍റെ ഏറ്റവും വലിയ വ്യത്യസ്തതയും. 

 

kerala youth begins cannabis business in canada


ഈ രംഗത്തുള്ള മത്സരം? 

കിരണ്‍: ലീഗലൈസ് ചെയ്തതിന് ശേഷം കാനബീസ് ബിസിനസ് ഗ്രോത്ത്, കുത്തനെയാണ്. ലീഗലൈസിന് മുമ്പ് സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ പ്രിസ്ക്രിപ്ഷനുണ്ടെങ്കില്‍ മാത്രമേ ഡിസ്പെന്‍സറികളില്‍ നിന്ന് സര്‍ക്കാര്‍ സര്‍ട്ടിഫൈഡ് പ്രോഡക്റ്റ് ലഭിക്കൂ. എന്നാല്‍, ലീഗലൈസ് ചെയ്തതിന് ശേഷം, സര്‍ക്കാര്‍  സര്‍ട്ടിഫൈഡ് പ്രോഡക്റ്റുകള്‍ റീട്ടേല്‍ഷോപ്പുകളില്‍ നിന്ന് നേരിട്ട് വാങ്ങാന്‍ കഴിയുന്നു. അതായത് ആളുകള്‍ക്ക് സര്‍ക്കാറിന്‍റെ ഉത്പന്നം തന്നെ വിശ്വാസ്യതയോടെ ഇടനിലകളില്ലാതെ ലഭിക്കുന്നു. ഈ 'വിശ്വാസ്യത' ഉണ്ടാക്കുന്ന മാര്‍ക്കറ്റ് വളരെ വലുതാണ്. മാത്രമല്ല, ഉപഭോക്താവിന് താന്‍ ഉപയോഗിക്കുന്ന വസ്തുവിലെ ടിഎച്ച്സി കണ്ടന്‍റ് എത്രയെന്ന് മനസിലാക്കാനും ഇതുവഴി സാധിക്കുന്നു. ശാസ്ത്രീയമായ ഉപയോഗമാണ് ഇവിടെ നടക്കുന്നത്. 2021 ല്‍ 90 ശതമാനത്തില്‍, 50 ശതമാനത്തിന് മേലെ മാര്‍ക്കറ്റും ലീഗലൈസ്ഡ് കാനബിസിനാണെന്ന് സര്‍ക്കാര്‍ കണക്കുകള്‍ പറയുന്നു. ബാക്കിയുള്ളത് ഇപ്പോഴും അനധികൃത ബിസിനസാണ്. അത് ശീലത്തിന്‍റേതാണ്. ഇതിനെ മറികടന്ന് ഉപഭോക്താക്കളുടെ വിശ്വാസ്യത നേടി മാര്‍ക്കറ്റ് പൂര്‍ണ്ണമായും പിടിക്കാനാണ് സര്‍ക്കാര്‍ ശ്രമം. ഇതിപ്പോള്‍ കാനഡ മാത്രമല്ല. അമേരിക്കയില്‍ 11 സംസ്ഥാനങ്ങളില്‍ കാനബിസ് ലീഗലൈസ് ചെയ്തിട്ടുണ്ട്. ഏറ്റവും ഒടുവിലായി ന്യൂയോര്‍ക്ക് സംസ്ഥാനവും കാനബീസ് ലീഗലൈസ് ചെയ്തു. പല രാജ്യങ്ങളിലും ഇപ്പോള്‍ കാനബീസ് നിയമവിധേയമാണ്. കൂടുതല്‍ രാജ്യങ്ങളില്‍ കാനബീസ് ലീഗലൈസ് ചെയ്യാനുള്ള ആലോചനകള്‍ നടക്കുന്നു. ഇപ്പോള്‍ തങ്ങളുടെ ഷോപ്പുള്ള ഒന്‍റാരിയോ പ്രോവിന്‍സില്‍ (Ontario)മാത്രം 1,300 ല്‍ കൂടുതല്‍ റീട്ടെല്‍ഷോപ്പുകളുള്ളതെന്ന് പറയുമ്പോള്‍ കാനബീസ് ബിസിനസിലെ മത്സരം മനസിലാക്കാമല്ലോ. പുതിയതും വളര്‍ന്നുവരുന്നതുമായ മാര്‍ക്കറ്റായതിനാല്‍ വലിയ വലിയ കമ്പനികള്‍ മത്സരത്തിനെത്തുന്നു എന്നതാണ് ഞങ്ങളെ പോലുള്ള ചെറുകിട കച്ചവടക്കാര്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. കാനാ കബാനാ (Canna Cabana), ടോക്കിയോ സ്മോക്ക് (Tokyo Smoke), ട്രോറോന്‍റോ കാനബീസ് (Toronto Cannabis) തുടങ്ങിയവര്‍ പത്തിരുപത് വര്‍ഷമായി ഈ ഇന്‍റസ്ട്രിയില്‍ നില്‍ക്കുന്നവരാണ്. ഇവരില്‍ പലര്‍ക്കും 150 ല്‍ കൂടുതല്‍ ഷോപ്പുകളുണ്ട്. ഇവര്‍ ഒരു നഗരത്തില്‍ പുതുതായി എത്തുമ്പോള്‍ ചെറുകിട ബിസിനസുകാര്‍ക്ക് വലിയ തിരിച്ചടിയാണ്. ഇവര്‍ക്ക് വില കുറച്ച് വന്‍ ഓഫറുകളോടെ ഉത്പന്നം വില്‍ക്കാന്‍ കഴിയുന്നു. ഇത് കൂടുതല്‍ കസ്റ്റമേഴ്സിനെ ആകര്‍ഷിക്കുന്നു.  കാനാ കബാനാ, പോലുള്ളവര്‍ ചെറുകിട ഷോപ്പുകളെ ഏറ്റെടുക്കുകയും ചെയ്യുന്നു. ഇത്തരത്തില്‍ കോര്‍പ്പറേറ്റ് സ്വഭാവത്തിലേക്ക് കാനബീസ് ബിസിനസ് മാറുകയാണ്. അതായത്, ഭാവിയില്‍ ലോക മാര്‍ക്കറ്റില്‍ തന്നെ വന്‍ ബിസിനസ് സാധ്യതയുള്ള ഒന്നാണ് കാനബീസ് ബിസിനസ്. 


കനേഡിയന്‍ സമൂഹം എങ്ങനെയാണ് ഈ ബിസിനസിനെ സമീപിക്കുന്നത്? 

കിരണ്‍: ആദ്യമേ പറഞ്ഞല്ലോ, 19 വയസിന് താഴെയുള്ളവര്‍ക്ക് ഉപയോഗിക്കാന്‍ നിയമപരമായ വിലക്കുണ്ട്. അതുകൊണ്ട് തന്നെ പൊതുസ്ഥലങ്ങളടക്കുള്ള സ്ഥലത്ത് പരസ്യം പോലും അനുവദനീയമല്ല. എങ്കിലും വളരെ പണ്ട് മുതലേ പ്രചാരത്തിലുള്ളതിനാല്‍ കാനബിസ് കമ്മ്യൂണിറ്റിക്ക് കാനഡയില്‍ ഏറെ സ്വീകാര്യതയുണ്ട്. ദിവസം മുഴുവന്‍ ജോലി കഴിഞ്ഞ് വീട്ടിലെത്തി ഒരു സ്മോക്കെടുത്ത് വിശ്രമിക്കാന്‍ ആഗ്രഹിക്കുന്നവരാണ് കാനഡയിലെ കാനബീസ് കമ്മ്യൂണിറ്റി. മാത്രമല്ല, നമ്മുടെ നാട് പോലെയല്ല. ഉപഭോഗത്തിന് വളരെ ശാസ്ത്രീയമായ രീതികളുണ്ടെന്നതിനാല്‍ പൊതുജനങ്ങള്‍ക്കിടയിലും  സ്വീകാര്യതയുണ്ട്. നിയമം കര്‍ക്കശമായി പാലിക്കുന്നതിനാല്‍ ജനങ്ങള്‍ക്കിടയില്‍ വലിയ വിശ്വാസ്യതയുമുണ്ട്.

 

kerala youth begins cannabis business in canada

Follow Us:
Download App:
  • android
  • ios