കൃത്യമായി തയ്യാറാക്കിയ ലൊക്കേഷനുകള്‍, അതിര്‍ത്തിക്കപ്പുറത്തെ ഭീകരക്യാമ്പുകളുടെ വിശദവിവരങ്ങള്‍ അറിഞ്ഞ് തയ്യാറാക്കിയ ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ തുടങ്ങിയ ഉപയോഗിച്ചാണ് കൃത്യമായ ലക്ഷ്യസ്ഥാനം ഉറപ്പിച്ചത്. 

ലക്ഷ്യ സ്ഥാനങ്ങള്‍ കൃത്യമായി ഉറപ്പിച്ച് അതീവ സൂക്ഷ്മതയോടെ നടത്തിയതായിരുന്നു ഓപ്പറേഷന്‍ സിന്ദൂറിലെ വ്യോമാക്രമണങ്ങളെന്ന് വ്യോമസേനയില്‍നിന്ന് വിരമിച്ച എയര്‍ മാര്‍ഷല്‍ വിപിന്‍ ഐ പി പറഞ്ഞു. ഓപ്പറേഷന്‍ സിന്ദൂറിന്റെ പശ്ചാത്തലത്തില്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ തയ്യാറാക്കിയ 'വാര്‍ ആന്റ് പീസ്' അഭിമുഖ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അതിര്‍ത്തിക്ക് അപ്പുറത്തുള്ള ഭീകരകേന്ദ്രങ്ങളില്‍ ലക്ഷ്യം തെറ്റാതെ കൃത്യമായി ചെന്നു പതിക്കുകയായിരുന്നു സ്‌ഫോടക വസ്തുക്കള്‍. കൃത്യമായി തയ്യാറാക്കിയ ലൊക്കേഷനുകള്‍, അതിര്‍ത്തിക്കപ്പുറത്തെ ഭീകരക്യാമ്പുകളുടെ വിശദവിവരങ്ങള്‍ അറിഞ്ഞ് തയ്യാറാക്കിയ ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ തുടങ്ങിയ ഉപയോഗിച്ചാണ് കൃത്യമായ ലക്ഷ്യസ്ഥാനം ഉറപ്പിച്ചത്. 

YouTube video player

വാര്‍ ആന്റ് പീസ്: അഭിമുഖത്തിന്റെ പൂര്‍ണ്ണരൂപം ഇവിടെ കാണാം:

ബാലരാമപുരത്തിനടുത്ത് വെണ്‍പകല്‍ ഗ്രാമത്തിലാണ് എയര്‍ മാര്‍ഷല്‍ വിപിന്‍ ഐ പി ജനിച്ചത്. കഴക്കൂട്ടം സൈനിക് സ്‌കൂളിലായിരുന്നു പ്രാഥമിക പഠനം. പിന്നീട്, ഇന്ത്യന്‍ എയര്‍ഫോഴ്സ് ഫ്ളൈയിംഗ് ഡിവിഷനില്‍ ചേര്‍ന്നു. 40 വര്‍ഷം നീണ്ട കരിയറില്‍ ആറായിരത്തിലേറെ മണിക്കൂര്‍ ട്രാന്‍സ്പോര്‍ട്ട് എയര്‍ ക്രാഫ്റ്റുകള്‍, പരിശീലന വിമാനങ്ങള്‍, ഗ്ലൈഡറുകള്‍ എന്നിവ പറത്തി. 


പുനെ നാഷനല്‍ ഡിഫന്‍സ് അക്കാദമി, പ്രയാഗ് രാജിലെ ബേസിക് ഫ്ളൈയിംഗ് ട്രെയിനിംഗ് സ്‌കൂള്‍, ബംഗളുരു യെലഹങ്കയിലെ ഫിക്സഡ് വിംഗ് ട്രെയിനിംഗ് ഫാക്കല്‍റ്റി എന്നിവിടങ്ങളില്‍ പരിശീലകനായിരുന്നു. വിംഗ് കമാന്‍ഡര്‍ എന്ന നിലയില്‍ ജോധ്പൂര്‍ 41 സ്‌ക്വാഡ്രന്‍ കമാന്‍ഡിംഗ് ഓഫീസറായി പ്രവര്‍ത്തിച്ചു. ഗ്രൂപ്പ് ക്യാപ്റ്റന്‍ എന്ന നിലയില്‍ സുലൂര്‍ 33 സ്‌ക്വാഡ്രന്‍ കമാന്‍ഡിംഗ് ഓഫീസറായിരുന്നു.

എയര്‍ കമഡോര്‍ എന്ന നിലയില്‍ ഓപ്പറേഷന്‍സ്, ട്രാന്‍സ്പോര്‍ട്ട്, ഹെലികോപ്റ്റര്‍ ചുമതലയുള്ള പ്രിന്‍സിപ്പല്‍ ഡയരക്ടറായി പ്രവര്‍ത്തിച്ചു. പിന്നീട് ദില്ലിയിലെ 3 വിംഗ് എയര്‍ ഓഫീസര്‍ കമാന്‍ഡിംഗ്. സ്പേസ് ഓപ്പറേഷന്‍ പ്രിന്‍സിപ്പല്‍ ഡയരക്ടറായും പ്രവര്‍ത്തിച്ചു. എയര്‍ വൈസ് മാര്‍ഷല്‍ എന്ന നിലയില്‍ ദില്ലി നാഷനല്‍ ഡിഫന്‍സ് കോളജില്‍ സീനിയര്‍ ഡയരക്ടിംഗ് സ്റ്റാഫ് (എയര്‍) ആയി പ്രവര്‍ത്തിച്ചു. 

എയര്‍ മാര്‍ഷല്‍ പദവിയില്‍ എത്തിയശേഷം 2019 ഡിസംബര്‍ 15 വരെ നാഷനല്‍ ഡിഫന്‍സ് അക്കാദമി കമാന്‍ഡന്റ് ആയും പ്രവര്‍ത്തിച്ചു. പിന്നീട് എയര്‍ മാര്‍ഷല്‍ റിച്ചാര്‍ഡ് ജോണ്‍ ഡക്വര്‍തില്‍നിന്നും സെന്‍ട്രല്‍ എയര്‍ കമാന്‍ഡ് സീനിയര്‍ എയര്‍ സ്റ്റാഫ് ഓഫീസര്‍ ചുമതല ഏറ്റെടുത്തു. എയര്‍ഫോഴ്സ് അക്കാദമിയില്‍ കമാന്‍ഡന്റ് ആയും പ്രവര്‍ത്തിച്ചു. 

2021 ജുലൈ 31-ന് വിരമിച്ച ശേഷം തിരുവനന്തപുരത്ത് വിശ്രമജീവിതം നയിക്കുകയാണ് അദ്ദേഹം.