എന്‍റെ സമയം വരുമെന്ന് എനിക്ക് ഉറപ്പായിരുന്നു. അചഞ്ചലമായ ആ വിശ്വാസമാണ് പിന്നീട് സംഭവിച്ച എല്ലാ വിജയങ്ങളുടെയും അടിത്തറയായി മാറിയത്.
മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീമില്‍ അരങ്ങേറിയിട്ട് 10 വര്‍ഷമായെങ്കിലും ഇതുവരെ ഒരു ലോകകപ്പ് മത്സരത്തില്‍ കളിക്കാനാവാത്തതിന്‍റെ നിരാശ തുറന്നു പറഞ്ഞ് മലയാളി താരം സഞ്ജു സാംസണ്‍. 2024ലെ ടി20 ലോകകപ്പ് ടീമിലുണ്ടായിരുന്നെങ്കിലും ഒരു മത്സരത്തില്‍ പോലും സഞ്ജുവിന് പ്ലേയിംഗ് ഇലവനില്‍ അവസരം ലഭിച്ചിരുന്നില്ല. അടുത്ത മാസം തുടങ്ങുന്ന ടി20 ലോകകപ്പില്‍ ഇന്ത്യയുടെ പ്രധാന വിക്കറ്റ് കീപ്പറും ഓപ്പണറുമാണ് സഞ്ജു. ബിസിസിഐ ടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് കഴിഞ്ഞ 10 വര്‍ഷത്തെ തന്‍റെ കരിയറിലേക്ക് തിരിഞ്ഞുനോക്കിയത്.
ലോകകപ്പിലെ നിരാശ
കഴിഞ്ഞ 10 വർഷത്തിനിടയിൽ ഒരുപാട് പരാജയങ്ങളും അവിടെയവിടെയായി ചില വിജയങ്ങളും എനിക്കുണ്ടായിട്ടുണ്ട്. ഇന്ത്യൻ ടീമിനായി ഒരു ലോകകപ്പ് താരം ആകുക എന്നതിനായി എന്ത് വില നൽകണമെന്നും, അത് ഞാൻ എത്രത്തോളം ആഗ്രഹിക്കുന്നുവെന്നും മനസ്സിലാക്കാനായിരുന്നു ആ കാലമത്രയും ഞാൻ ശ്രമിച്ചത്. 2024 ലോകകപ്പ് ടീമിലുണ്ടായിരുന്നെങ്കിലും എനിക്ക് ഒരു മത്സരത്തില്‍ പോലും കളിക്കാൻ സാധിച്ചില്ല. ഉള്ളത് പറഞ്ഞാൽ, ഉയർച്ച താഴ്ചകളിലൂടെയാണ് എന്‍റെ കരിയര്‍ കടന്നുപോയത്. ഞാൻ പ്രതീക്ഷിച്ച രീതിയിലായിരുന്നില്ല പലപ്പോഴും കാര്യങ്ങൾ നടന്നത്. ഇതൊക്കെയാണെങ്കിലും, അടുത്ത മാസം തുടങ്ങുന്ന ടി20 ലോകകപ്പിനുള്ള 15 അംഗ ടീമിൽ ഇടം പിടിക്കാൻ കഴിഞ്ഞതിൽ ഞാൻ അങ്ങേയറ്റം കൃതജ്ഞനാണ്-സഞ്ജു പറഞ്ഞു.
വിമര്‍ശനങ്ങളെ നേരിടുന്നത്
ഇന്ത്യക്കായി കളിക്കുമ്പോൾ ചുറ്റുമുള്ള വിമർശനങ്ങളെയും ബഹളങ്ങളെയും അവഗണിക്കുക എന്നത് വളരെ പ്രയാസകരമായ കാര്യമാണ്. അതിനെ നേരിടാന്‍ ഞൻ എനിക്ക് ചുറ്റും എന്‍റേതായ ഒരു ലോകം തീര്‍ത്തു. ഒപ്പമുള്ളവരെ കൂടുതൽ കരുത്തുറ്റവരാക്കി. ചെറിയ കാര്യങ്ങളിൽ പോലും ശ്രദ്ധ കേന്ദ്രീകരിച്ചു. എന്‍റെ സമയം വരുമെന്ന് എനിക്ക് ഉറപ്പായിരുന്നു. അചഞ്ചലമായ ആ വിശ്വാസമാണ് പിന്നീട് സംഭവിച്ച എല്ലാ വിജയങ്ങളുടെയും അടിത്തറയായി മാറിയത്.
ഓപ്പണർ സ്ഥാനം
ഒട്ടും പ്രതീക്ഷിക്കാത്ത സമയത്താണ് ഞാൻ ഇന്നിംഗ്സ് ഓപ്പൺ ചെയ്യാൻ തുടങ്ങിയത്. ടി20 ടീമിൽ തിരിച്ചെത്തുമ്പോൾ ഞാൻ ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു സ്ഥാനമായിരുന്നു അത്. മൂന്നാമനായോ നാലാമനായോ അഞ്ചാമനായോ കളിക്കാനാണ് ഞാൻ ടീമിലെത്തിയത്. എന്നാൽ അവിടെ നിന്ന് ഓപ്പണിംഗ് സ്ഥാനത്തേക്ക് ഒരു വഴി തുറന്നു കിട്ടി. അങ്ങനെ പത്തോ പതിനൊന്നോ ഇന്നിംഗ്‌സുകളിൽ ബാറ്റ് ചെയ്യാൻ എനിക്ക് അവസരം ലഭിച്ചു. ആ അവസരത്തിൽ ഞാൻ പുറത്തെടുത്ത പ്രകടനം തന്നെ ഇന്ത്യൻ ടീമിന്‍റെ ഓപ്പണിംഗ് റോളിലേക്ക് എത്തിക്കുകയായിരുന്നുവെന്നും തനിനിക്ക് ലഭിച്ച ഏറ്റവും വലിയ അനുഗ്രഹമായാണ് ഇതിനെ കാണുന്നതെന്നും സഞ്ജു പറഞ്ഞു.
എനിക്ക് ഇന്ത്യൻ ടീമില്‍ തുടർച്ചയായ അവസരങ്ങൾ ലഭിക്കുന്നില്ല എന്ന് ചില ആളുകൾ പറയാറുണ്ട്; ചിലപ്പോൾ കളിക്കുന്നു, ചിലപ്പോൾ പുറത്തിരിക്കുന്നു. എന്നാൽ ഇതിലും ഒരു പോസിറ്റീവ് വശമുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു. അന്താരാഷ്ട്ര ക്രിക്കറ്റിൽ 10 വർഷം പിന്നിട്ടിട്ടും, ഇന്ത്യൻ ജേഴ്‌സി അണിയുമ്പോൾ എനിക്ക് ഇപ്പോഴും ഒരു പ്രത്യേക വികാരമാണ് തോന്നുന്നത്. ആ വികാരാമാണ് എന്നെ മുന്നോട്ട് നയിക്കുന്നത്, എന്റെ ഉള്ളിലെ പോരാട്ടവീര്യത്തെ അത് എപ്പോഴും ജ്വലിപ്പിച്ചു നിർത്തുന്നു. അതുകൊണ്ട് തന്നെ ഞാൻ വലിയ ഭാഗ്യവാനാണെന്ന് കരുതുന്നു- സഞ്ജു കൂട്ടിച്ചേർത്തു.
