പവര്‍ പ്ലേയില്‍ ഭുവനേശ്വര്‍ കുമാറിനെയും അഭിനന്ദൻ സിംഗിനെയും ജോഷ് ഹേസൽവുഡിനെയും ഒരേപോലെ കടന്നാക്രമിച്ച വൈഭവ് വെറും 15 പന്തിൽ നിന്ന് തന്‍റെ അർദ്ധ സെഞ്ച്വറി പൂർത്തിയാക്കി.
ഗുവാഹത്തി: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന് തുടര്‍ച്ചയായ നാലാം ജയം. 15കാരന്‍ വൈഭവ് സൂര്യവംശിയുടെയും ധ്രുവ് ജുറെലിന്‍റെയും ബാറ്റിംഗ് വെടിക്കെട്ടിന്‍റെ കരുത്തില്‍ പരാജയമറിയാതെ കുതിച്ച നിലവിലെ ചാമ്പ്യൻമാരായ റോയല്‍ ചലഞ്ചേഴ്സ് ബെംഗളുരുവിനെ ആറ് വിക്കറ്റിന് തകര്‍ത്താണ് രാജസ്ഥാന്‍ ഒന്നാം സ്ഥാനത്ത് ലീഡുയര്‍ത്തിയത്. ആദ്യം ബാറ്റ് ചെയ്ത് ആര്‍സിബിയ ഉയര്‍ത്തിയ 202 റണ്‍സ് വിജയലക്ഷ്യം രാജസ്ഥാന്‍ 18 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. വൈഭവ് 26 പന്തില്‍ 78 റണ്‍സടിച്ചപ്പോള്‍ 43 പന്തില്‍ 81 റണ്‍സുമായി പുറത്താകാതെ നിന്ന ധ്രുവ് ജുറെല്‍ രാജസ്ഥാന്‍റെ ടോപ് സ്കോററായി.
യശസ്വി ജയ്സ്വാള്‍(13), ഷിമ്രോണ്‍ ഹെറ്റ്മെയര്‍(0), ക്യാപ്റ്റൻ റിയാന്‍ പരാഗ്(3) എന്നിവര്‍ നിരാശപ്പെടുത്തിയപ്പോൾ 24 റണ്‍സുമായി രവീന്ദ്ര ജഡേജ വിജയത്തില്‍ ജുറെലിന് കൂട്ടായി. ആര്‍സിബിക്കായി ഹേസല്‍വുഡും ക്രുനാല്‍ പാണ്ഡ്യയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ജയത്തോടെ രാജസ്ഥാന്‍ നാലു കളികളില്‍ 8 പോയന്‍റുമായി ഒന്നാം സ്ഥാനത്ത് ലീഡുയര്‍ത്തിയപ്പോള്‍ മൂന്ന് കളികളില്‍ നാലു പോയന്‍റുമായി ആര്‍സിബി മൂന്നാം സ്ഥാനത്ത് തുടരുന്നു. സ്കോര്‍ ആര്‍സിബി 20 ഓവറില്‍ 201-8, രാജസ്ഥാന്‍ റോയല്‍സ് 18 ഓവറില്‍ 202-4.
ഭുവിയും ഹേസൽവുഡും നിഷ്പ്രഭർ; വൈഭവ് താണ്ഡവം
ആദ്യ ഓവർ എറിഞ്ഞ ഭുവനേശ്വർ കുമാറിനെ രണ്ട് തകർപ്പൻ ഫോറുകളിലൂടെ നേരിട്ടാണ് വൈഭവ് തുടങ്ങിയത്. മറുവശത്ത് യശസ്വി ജയ്‌സ്വാൾ (13) ജോഷ് ഹേസൽവുഡിനെ രണ്ട് വട്ടം സിക്സറിന് പറത്തിയെങ്കിലും അധികം വൈകാതെ പുറത്തായി. എന്നാൽ പിന്നീട് കണ്ടത് വൈഭവ് സൂര്യവംശിയുടെ താണ്ഡവമായിരുന്നു. അഭിനന്ദൻ സിംഗിനെയും ജോഷ് ഹേസൽവുഡിനെയും ഭുവനേശ്വര്‍ കുമാറിനെയും ഒരേപോലെ കടന്നാക്രമിച്ച വൈഭവ് വെറും 15 പന്തിൽ നിന്ന് തന്‍റെ അർദ്ധ സെഞ്ച്വറി പൂർത്തിയാക്കി. വൈഭവിനൊപ്പം പവര്‍പ്ലേയില്‍ അവസാന ഓവറില്‍ 24 റണ്‍സടിച്ച് ധ്രുവ് ജുറെലും കത്തി കയറിയതോടെ പവര്‍ പ്ലേ പിന്നിട്ടപ്പോള്‍ തന്നെ രാജസ്ഥാന്‍ 97 റണ്‍സിലെത്തി.
26 പന്തിൽ 78 റൺസെടുത്ത വൈഭവിനെ ക്രുനാല്‍ പാണ്ഡ്യയുടെ പന്തില്‍ വിരാട് കോലി ക്യാച്ചെടുത്ത് പുറത്താക്കുമ്പോള്‍ രാജസ്ഥാന്‍ സ്കോര്‍ 8 ഓവറില്‍ 129 റൺസിലെത്തിയിരുന്നു. വൈഭവ് പുറത്തായതിന് പിന്നാലെ തൊട്ടടുത്ത പന്തില്‍ ഷിമ്രോണ്‍ ഹെറ്റ്മെയര്‍ ഗോള്‍ഡന്‍ ഡക്കാവുകയും ക്യാപ്റ്റൻ റിയാന്‍ പരാഗ് പെട്ടെന്ന് പുറത്താവുകയും ചെയ്തതോടെ രാജസ്ഥാന്‍ 129-1ല്‍ നിന്ന് 134-4ലേക്ക് വീണെങ്കിലും ജുറെലും ജഡേജയും ചേര്‍ന്ന് രാജസ്ഥാനെ വിജയത്തിലെത്തിച്ചു.
പാട്ടിദാറിന്‍റെ പോരാട്ടം
മഴ മൂലം വൈകി തുടങ്ങിയ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത റോയൽ ചലഞ്ചേഴ്സ് ബംഗളൂരു നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിലാണ് 201 റൺസെടുത്തത്. നായകൻ രജത് പാട്ടിദാറിന്‍റെ (63) അർദ്ധ സെഞ്ച്വറിയും വെങ്കിടേഷ് അയ്യരുടെ (29*) വെടിക്കെട്ടുമാണ് ആർസിബിയെ 200 കടത്തിയത്. രാജസ്ഥാന് വേണ്ടി രവി ബിഷ്‌ണോയിയും ബ്രിജേഷ് ശർമ്മയും രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തി.
