പ്രധാന ബാറ്റർമാർക്കെല്ലാം ക്രീസിൽ സമയം നൽകാനായി ടീം മാനേജ്‌മെന്‍റ് പലരെയും റിട്ടയർ ഔട്ട് ആക്കിയതോടെയാണ് സിറാജ് ക്രീസിലെത്തിയത്.
കൊളംബോ: ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയ്‌ക്ക് മുന്നോടിയായി നടന്ന ത്രിദിന സന്നാഹ മത്സരത്തിൽ അവിശ്വസനീയ ബാറ്റിങ് പ്രകടനവുമായി പേസർ മുഹമ്മദ് സിറാജ്. മൂന്നാം ദിനം ചായക്ക് ശേഷം 207 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യക്ക് അവസാന ഓവറില്‍ ജയിക്കാൻ 16 റൺസ് വേണ്ടപ്പോൾ, തുടർച്ചയായി മൂന്ന് പന്തുകൾ സിക്സിന് പറത്തിയാണ് സിറാജ് ഇന്ത്യയ്ക്ക് ആവേശജയം സമ്മാനിച്ചത്.
പ്രധാന ബാറ്റർമാർക്കെല്ലാം ക്രീസിൽ സമയം നൽകാനായി ടീം മാനേജ്‌മെന്‍റ് പലരെയും റിട്ടയർ ഔട്ട് ആക്കിയതോടെയാണ് സിറാജ് ക്രീസിലെത്തിയത്. ലങ്കൻ ഓഫ് സ്പിന്നർ കേശര നുവാന്ത എറിഞ്ഞ അവസാന ഓവറിൽ ഇന്ത്യക്ക് ജയിക്കാൻ 16 റൺസ് വേണമായിരുന്നു. ആദ്യ മൂന്ന് പന്തുകളും സിക്സിന് പറത്തി സിറാജ് ഇന്ത്യയെ അനായാസം ലക്ഷ്യത്തിലെത്തിച്ചു. തൊട്ടുമുൻപത്തെ ഓവറിലും ഒരു സിക്സർ നേടിയ സിറാജ് ആകെ 4 സിക്സറുകൾ ഉൾപ്പെടെ 15 പന്തിൽ 32 റൺസുമായി പുറത്താകാതെ നിന്നു. ?സസ്വി ജയ്സ്വാള്‍(46 പന്തില്‍ 61), ക്യാപ്റ്റൻ ശുഭ്മാൻ ഗില്‍(54 പന്തിൽ 44), റിഷഭ് പന്ത്(68 പന്തില്‍ 28), ധ്രുവ് ജുറെല്‍(20 പന്തില്‍ 17), രവീന്ദ്ര ജഡേജ(32 പന്തില്‍ 22), മാനവ് സുതാര്‍(4), ഗുര്‍നൂര്‍ ബ്രാര്‍(2), സാരാൻഷ് ജെയിന(2*) എന്നിവരാണ് രണ്ടാം ഇന്നിംഗ്സില്‍ സിറാജിന് പുറമെ ഇന്ത്യക്കായി ബാറ്റിംഗിനിറങ്ങിയത്.
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്‍റ് പട്ടികയിൽ നിലവിൽ അഞ്ചാം സ്ഥാനത്തുള്ള ഇന്ത്യക്ക് ഫൈനൽ പ്രതീക്ഷ നിലനിർത്താൻ ശ്രീലങ്കയ്‌ക്കെതിരായ പരമ്പര വിജയം അനിവാര്യമാണ്. ആദ്യ ടെസ്റ്റ് ഓഗസ്റ്റ് 15 മുതൽ ഗാലെയിലും രണ്ടാം ടെസ്റ്റ് ഓഗസ്റ്റ് 23 മുതൽ 27 വരെ കൊളംബോയിലൂമാണ് നടക്കുക.
ഇന്ത്യൻ ടെസ്റ്റ് ടീം:ശുഭ്മൻ ഗിൽ (ക്യാപ്റ്റൻ), കെ.എൽ. രാഹുൽ (വൈസ് ക്യാപ്റ്റൻ), യശസ്വി ജയ്‌സ്വാൾ, ഋഷഭ് പന്ത്, ധ്രുവ് ജൂറെൽ, രവീന്ദ്ര ജഡേജ, കുൽദീപ് യാദവ്, മാനവ് സുതാർ, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, ഗുർനൂർ ബ്രാർ, ദേവദത്ത് പടിക്കൽ, സാരനാഥ് ജെയിൻ, ആക്വിബ് നബി, സർഫറാസ് ഖാൻ.
