കൊല്‍ക്കത്ത: ഓസ്‌ട്രേലിയയില്‍ രണ്ട് ഡേ ആന്‍ഡ് നൈറ്റ് ടെസ്റ്റുകള്‍ ടീം ഇന്ത്യ കളിക്കുന്നത് വലിയ കടുപ്പമാകുമെന്ന അഭിപ്രായവുമായി ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലി. കൊല്‍ക്കത്തയില്‍ ഇന്ത്യന്‍ ടുഡേ കോണ്‍ക്ലേവില്‍ സംസാരിക്കുകയായിരുന്നു ഗാംഗുലി. 

'ഓസ്‌ട്രേലിയയില്‍ ടീം ഇന്ത്യ രണ്ട് പകല്‍-രാത്രി ടെസ്റ്റുകള്‍ കളിക്കുമെന്ന് ഉറപ്പായിട്ടില്ല. നാല് മത്സരങ്ങളില്‍ രണ്ടെണ്ണം പിങ്ക് പന്തില്‍ കളിക്കുന്നത് അല്‍പം കടുപ്പമാണ്. അതിനാല്‍ മത്സരങ്ങളെ കുറിച്ച് പരിശോധിക്കും. രാവിലെ പത്രത്തില്‍ നിന്നാണ് ഇക്കാര്യം അറിഞ്ഞത്. ഇതു സംബന്ധിച്ച് ക്രിക്കറ്റ് ഓസ്‌ട്രേലിയയില്‍ നിന്ന് ഔദ്യോഗിക വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. പരമ്പരയെ കുറിച്ച് ചര്‍ച്ചകള്‍ നടക്കുന്ന മുറയ്‌ക്ക് കാര്യങ്ങള്‍ തീരുമാനിക്കും'-ഗാംഗുലി പറഞ്ഞു. 

രണ്ട് പകല്‍-രാത്രി ടെസ്റ്റുകള്‍ കളിക്കാന്‍ ബിസിസിഐയെ സമീപിക്കുമെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ ചീഫ് എഡിങ് പറഞ്ഞതായാണ് വാര്‍ത്തകള്‍ വന്നത്. 'ഇന്ത്യ ആദ്യമായി കളിച്ച പിങ്ക് ടെസ്റ്റില്‍ വിജയിക്കാനായി. ഒരു പകല്‍-രാത്രി മത്സരം കളിക്കാന്‍ ടീം തയ്യാറായിരിക്കും എന്ന കാര്യത്തില്‍ സംശയമില്ല. ചിലപ്പോള്‍ ഒന്നിലേറെ മത്സരങ്ങള്‍ കളിച്ചേക്കാം. എന്നാല്‍ ജനുവരിയില്‍ മാത്രമേ അന്തിമ തീരുമാനമാകൂ' എന്നും ദാദ കൂട്ടിച്ചേര്‍ത്തു. 

കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡനില്‍ ബംഗ്ലാദേശിനെതിരെ ചരിത്രത്തിലാദ്യമായി ഇന്ത്യ പകല്‍-രാത്രി ടെസ്റ്റ് കളിച്ചിരുന്നു. ഈ മത്സരത്തില്‍ ഇന്ത്യ വിജയിച്ചതും കാണുകളുടെ വലിയ പിന്തുണ ലഭിച്ചതും ഗുണകരമാണ് എന്ന വിലയിരുത്തല്‍ ബിസിസിഐക്കും ഇന്ത്യന്‍ ടീമിനുമുണ്ട്. എന്നാല്‍ കൂടുതല്‍ ഡേ ആന്‍ഡ് നൈറ്റ് ടെസ്റ്റുകള്‍ വേണോ എന്ന് തീരുമാനിക്കേണ്ടത് ബിസിസിഐ ഒറ്റക്കെട്ടായാണ് എന്ന് സൗരവ് ഗാംഗുലി നേരത്തെ വ്യക്തമാക്കിയിരുന്നു.