ശുഭ്മാന്‍ ഗില്‍, കെ എല്‍ രാഹുല്‍, സൂര്യകുമാര്‍ യാദവ്, സഞ്ജു സാംസണ്‍ എന്നിവരെയൊന്നും ഒന്നോ രണ്ടോ ഓവറുകളെങ്കിലും എറിയാന്‍ കഴിയുന്ന പാര്‍ട്ട് ടൈം ബൗളര്‍മാരാക്കി മാറ്റാനും ഇന്ത്യക്കായിട്ടില്ല.

മുംബൈ: ഏകദിന ലോകകപ്പ് പടിവാതിലില്‍ നില്‍ക്കെ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നേരിടുന്ന പ്രധാന വെല്ലുവിളി മൂന്നോ നാലോ ഓവറുകള്‍ എറിയാന്‍ കഴിയുന്ന പാര്‍ട്ട് ടൈം ബൗളര്‍മാരില്ല എന്നതാണ്. ബാറ്റര്‍മാരെല്ലാം സ്പെഷലിസ്റ്റ് ബാറ്റര്‍മാരും ബൗളര്‍മാരെല്ലാ സ്പെഷലിസ്റ്റ് ബൗളര്‍മാരുമാകുമ്പോള്‍ ടീമിന്‍റെ സന്തുലനം തന്നെ താളം തെറ്റാനും ഇത് കാരണമാകുന്നുണ്ട്. 2011ല്‍ ഇന്ത്യ ഏകദിന ലോകകപ്പില്‍ കിരീടം നേടിയപ്പോള്‍ 15 വിക്കറ്റുമായി തിളങ്ങിയത് യുവരാജ് സിംഗെന്ന പാര്‍ട്ട് ടൈം സ്പിന്നറായിരുന്നു.

ഒപ്പം വീരേന്ദര്‍ സെവാഗും സുരേഷ് റെയ്നയും സച്ചിന്‍ ടെന്‍ഡുല്‍ക്കറുമെല്ലാം പാര്‍ട്ട് ടൈം ബൗളര്‍മാരായി ഉപയോഗിക്കാന്‍ കഴിയുന്നവരായിരുന്നു. ടീമിലെ ഏതെങ്കിലും ഒരു പ്രധാന ബൗളര്‍ക്ക് മോശം ദിവസമായാല്‍ പകരം ഇവരെ ഉപയോഗിച്ച് ഓവറുകള്‍ പൂര്‍ത്തീകരിക്കാമെന്ന ഗുണവും ഇതിനുണ്ടായിരുന്നു. വിരാട് കോലി കരിയറിന്‍റെ തുടക്കകാലത്ത് മീഡിയം പേസ് എറിഞ്ഞിരുന്നെങ്കിലും പിന്നീട് തുടര്‍ന്നില്ല. ക്യാപ്റ്റന്‍ രോഹിത് ശര്‍മയും തുടക്കകാലത്ത് ഐപിഎല്ലില്‍ അടക്കം പന്തെറിഞ്ഞിരുന്നു. ശുഭ്മാന്‍ ഗില്‍, കെ എല്‍ രാഹുല്‍, സൂര്യകുമാര്‍ യാദവ്, സഞ്ജു സാംസണ്‍ എന്നിവരെയൊന്നും ഒന്നോ രണ്ടോ ഓവറുകളെങ്കിലും എറിയാന്‍ കഴിയുന്ന പാര്‍ട്ട് ടൈം ബൗളര്‍മാരാക്കി മാറ്റാനും ഇന്ത്യക്കായിട്ടില്ല.

ഈ സാഹചര്യത്തില്‍ യുവതാരങ്ങളില്‍ രണ്ട് താരങ്ങളെ പാര്‍ട്ട് ടൈം ബൗളര്‍മാരായി വളര്‍ത്താനുള്ള ശ്രമത്തിലാണ് ഇന്ത്യന്‍ ബൗളിംഗ് പരിശീലകനായ പരസ് മാംബ്രെ. യുവതാരം യശസ്വി ജയ്സ്വാളിനെയും തിലക് വര്‍മയെയുമാണ് പാര്‍ട്ട് ടൈം ബൗളര്‍മാരായി ഉപയോഗിക്കാന്‍ മാംബ്രെ ശ്രമിക്കുന്നത്. ഇവര്‍ക്ക് ഒരു ഓവര്‍ വീതമെങ്കിലും നല്‍കി പരീക്ഷിക്കാനാണ് ശ്രമം. അണ്ടര്‍ 19 കാലത്ത് ഇരുവരും ബൗള്‍ ചെയ്യുന്നത് കണ്ടിട്ടുണ്ടെന്നും അതുകൊണ്ടുതന്നെ ഇവരുടെ ബൗളിംഗ് മികവില്‍ സംശയമില്ലെന്നും മാംബ്രെ പറയുന്നു.

നാലാം ടി20യില്‍ സൂര്യകുമാറും പുരാനും എത്ര റണ്‍സടിക്കും, വമ്പന്‍ പ്രവചനവുമായി മുന്‍ ഇന്ത്യന്‍ താരം

ഇരുവരും വൈകാതെ പന്തെറിയുന്നത് കാണാമെന്നും വരും മത്സരങ്ങളില്‍ ഒരോവറെങ്കിലും ഇരുവരും എറിയുമെന്നും വിന്‍ഡീസിനെതിരായ നാലാം ടി20 മത്സരത്തിന് മുന്നോടിയായുള്ള വാര്‍ത്താസമ്മേളനത്തില്‍ മാംബ്രെ വ്യക്തമാക്കി. വിന്‍ഡീസിനെതിരായ പരമ്പരയില്‍ അരങ്ങേറിയ പേസര്‍ മുകേഷ് കുമാറിന്‍റെ വളര്‍ച്ചയില്‍ സന്തോഷമുണ്ടെന്നും മികച്ച പ്രകടനാണ് ടെസ്റ്റ്, ഏകദിന, ടി20 പരമ്പരകളിലും അവസരം കിട്ടിയ മുകേഷ് നടത്തിയതെന്നും മാംബ്രെ പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക